TopTop
Begin typing your search above and press return to search.

നോട്ട് നിരോധനത്തിന് തയാറെടുപ്പ് നടത്തിയിരുന്നോ? ഉത്തരം ഈ ഉത്തരവുകള്‍ പറയും

നോട്ട് നിരോധനത്തിന് തയാറെടുപ്പ് നടത്തിയിരുന്നോ? ഉത്തരം ഈ ഉത്തരവുകള്‍ പറയും

അഴിമുഖം പ്രതിനിധി

നോട്ടു നിരോധനം വലിയ പ്രതിസന്ധിയിലേക്കും ആശയക്കുഴപ്പങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചിട്ട് 23 ദിവസങ്ങള്‍ കഴിയുമ്പോഴും അനിശ്ചിതത്വത്തിനും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും കുറവൊന്നുമുണ്ടായിട്ടില്ല. മാത്രമല്ല, നവംബര്‍ എട്ടിന് ശേഷമുള്ള ഓരോ ദിവസവും പരസ്പര വിരദ്ധമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും രംഗത്തെത്തുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ എട്ട് മുതല്‍ 29 വരെ ഇക്കാര്യത്തില്‍ ഇറങ്ങിയിട്ടുള്ള ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പരിശോധിക്കുകയാണിവിടെ. 100-ലേറെതീരുമാനങ്ങളാണ് അതിനുശേഷം കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും കൈക്കൊണ്ടിട്ടുള്ളത്.


നവംബര്‍ 8, 2016:
നിരോധിച്ച ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍, 2016 ഡിസംബര്‍ 30 വരെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലോ അല്ലെങ്കില്‍ ആര്‍ബിഐയുടെ കൗണ്ടറുകളിലോ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും അവസരമുണ്ടാകും.


4000 രൂപ മൂല്യം വരെയുള്ള ഉയര്‍ന്ന നോട്ടുകള്‍ ആര്‍ബിഐ നിഷ്‌കര്‍ഷിച്ചിരിക്കുന്ന അപേക്ഷ ഫോറവും തിരിച്ചറിയല്‍ കാര്‍ഡും സമര്‍പ്പിച്ച് ബാങ്കുകളില്‍ നിന്നോ ആര്‍ബിഐ കൗണ്ടറുകളില്‍ നിന്നോ മാറ്റിയെടുക്കാവുന്നതാണ്. പോസ്റ്റാഫീസുകളിലും ഇതിനുള്ള സൗകര്യം ഉണ്ടാവും.
4000 രൂപ എന്ന ഈ പരിധി 15 ദിവസങ്ങള്‍ക്ക് ശേഷം പുന:പരിശോധിക്കുകയും ആവശ്യമെങ്കില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും.


ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന നിരോധിത കറന്‍സികള്‍ക്ക് പരിധിയുണ്ടാവില്ല. എന്നാല്‍, കെവൈസി ചട്ടങ്ങള്‍ പൂര്‍ത്തിയാക്കാത്ത അക്കൗണ്ടുകളെ സംബന്ധിച്ചിടത്തോളം പരമാവധി 50,000 രൂപയുടെ നോട്ടുകള്‍ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂ. മതിയായ രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം ഈ നിക്ഷേപങ്ങള്‍ അക്കൗണ്ടുള്ള ആളിന്റെ ക്രെഡിറ്റിലേക്ക് മാറ്റാവുന്നതാണ്. കൃത്യമായി ചുമതലപ്പെടുത്തുന്ന പക്ഷം ഒരു മൂന്നാം കക്ഷിക്ക് മറ്റെ കക്ഷിയുടെ അക്കൗണ്ടില്‍ നോട്ട് നിക്ഷപിക്കാവുന്നതാണ്. പക്ഷെ നിക്ഷേപിക്കുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തിലും നിലവിലുള്ള ബാങ്കിംഗ് നിക്ഷേപ ചട്ടങ്ങള്‍ക്ക് അനുസൃതവുമായിരിക്കണം ഈ നിക്ഷേപങ്ങള്‍.


രണ്ട് ആഴ്ചത്തേക്ക് അതായത് 2016 നവംബര്‍ 24 വരെ ഒരു ബാങ്കിന്റെ കൗണ്ടറില്‍ നിന്നും പിന്‍വലിക്കാവുന്ന തുക പതിനായിരമായും ഒരു ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20,000 ആയും നിജപ്പെടുത്തിയിരിക്കുന്നു.


ചെക്കുകള്‍, ഡിമാന്റ് ഡ്രാഫ്റ്റുകള്‍, ഡെബിറ്റ്/കെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വഴിയുള്ള വിനിമയങ്ങള്‍, ഇക്ട്രോണിക് ഫണ്ട് വിനിമയ സംവിധാനം എന്നിവ ഉപയോഗിച്ചുള്ള പണ വിനിമയത്തിന് ഒരു നിയന്ത്രണവും ഉണ്ടായിരിക്കുകയില്ല.


2016 നവംബര്‍ 18 വരെ പ്രതിദിനം എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 2000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. നവംബര്‍ 19 മുതല്‍ ഈ പരിധി 4000 ആയി ഉയര്‍ത്തും.


2016 ഡിസംബര്‍ 30-നോ അതിന് മുമ്പ് ബാങ്കുകളില്‍ നിന്നും നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കാത്തവര്‍ക്ക്, ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് ആര്‍ബിഐയുടെ കൗണ്ടറുകളില്‍ നിന്നും പണം മാറ്റിയെടുക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും.


2016 നവംബര്‍ 9-ന് ബാങ്കുകളും സര്‍ക്കാര്‍ ട്രഷറികളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എടിഎമ്മുകള്‍, പണം നിക്ഷേപിക്കുന്ന യന്ത്രങ്ങള്‍ തുടങ്ങി പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്ന ഒരു സംവിധാനങ്ങളും നവംബര്‍ 9, 10 തീയതികളില്‍ പ്രവര്‍ത്തിക്കില്ല.
ആദ്യത്തെ 72 മണിക്കൂറില്‍ പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികള്‍, ഫാര്‍മസികള്‍, റെയില്‍വേ ബുക്കിംഗ് കൗണ്ടറുകള്‍, സര്‍ക്കാര്‍/പൊതുമേഖല ഉടമസ്ഥതയിലുള്ള ബസുകള്‍, വിമാനടിക്കറ്റ് ബുക്കിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കും. ഉപഭോക്തൃ സഹകരണസംഘങ്ങള്‍, പാല്‍ ബൂത്തുകള്‍, ശ്മശാനങ്ങള്‍, പൊതുമേഖല എണ്ണ വിതരണ കമ്പനികളുടെ പെട്രോള്‍/ഡീസല്‍/ഗ്യാസ് പമ്പുകള്‍ എന്നിവിടങ്ങളിലും ഇവ സ്വീകരിക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങിലെ കൗണ്ടറുകളില്‍ ഒരു നിശ്ചിത തുകയ്ക്ക് വരെയുള്ള പഴയ നോട്ടുകള്‍ മാറ്റി നല്‍കും.


നവംബര്‍ 9, 2016
എല്ലാ പൊതു, സ്വകാര്യ, വിദേശ, സഹകരണ, പ്രാദേശിക ഗ്രാമീണ, പ്രേദേശിക മേഖല ഷെഡ്യൂള്‍ഡ്, നോണ്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളും നവംബര്‍ 12 ശനിയാഴ്ചയും നവംബര്‍ 13 ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും. ഇവിടെ ഈ ദിവസങ്ങളില്‍ എല്ലാ വാണീജ്യങ്ങളും സാധാരണപോലെ കൈകാര്യം ചെയ്യും.


ദേശീയ പാതകളിലും ടോള്‍ പ്ലാസകളിലും ടോള്‍ പിരിക്കുന്നത് നവംബര്‍ 11, 2016 മുതല്‍ നിരോധിച്ചിരിക്കുന്നു. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 500, 1000 രൂപ നോട്ടുകളുടെ നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.


നവംബര്‍ 10, 2016
മുന്‍സിപ്പല്‍, പ്രദേശിക സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും അടയ്ക്കാനുള്ള നികുതികള്‍, ഫീസുകള്‍, ചാര്‍ജ്ജുകള്‍, പിഴകള്‍ എന്നിവ നിരോധിച്ച 500, 1000 നോട്ടുകളായി അടയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ജല, വൈദ്യുത ബില്ലുകള്‍ അടയ്ക്കാനും നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാം. എന്നാല്‍ നവംബര്‍ 11, 2016 അര്‍ദ്ധരാത്രി വരെയെ ഈ ഇളവ് അനുവദിക്കൂ.


നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രാലയം താഴെ പറയുന്ന നടപടികള്‍ സ്വീകരിച്ചിരിക്കുന്നു:

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഒരു അഡീഷണല്‍ അംഗത്തിന്റെ നേതൃത്വത്തില്‍ റയില്‍ ഭവനില്‍ ഒരു നിരീക്ഷണ സെല്‍ തുടങ്ങുകയും റെയില്‍വേ ശൃംഖലയില്‍ ഉടനീളം വിനിമയം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സോണല്‍, ഡിവിഷണല്‍ റെയില്‍വേകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകുയും ചെയ്തിട്ടുണ്ട്.

വിശ്രമ മുറികള്‍, ലഘുഭക്ഷണശാലകള്‍, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ പാന്‍ട്രികള്‍ എന്നിവിടങ്ങളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് കൃത്യമായ ബില്ലുകള്‍ നല്‍കുകയും പണം കൈമാറുന്ന ആളിന്റെ വിശദവിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യണം.


500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് അവ വ്യാജമല്ലെന്ന് ഉറപ്പാക്കുന്നതില്‍ അങ്ങേയറ്റത്തെ ശ്രദ്ധ പുലര്‍ത്തണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 50,000 രൂപയില്‍ കൂടുതലുള്ള ഏതൊരു വിനിമയത്തിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പുതിയ ബുക്കിംഗ് രീതികള്‍ കൃത്യമായി അവലോകനം ചെയ്യാന്‍ സിആര്‍ഐഎസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 9, 10, 11 ദിവസങ്ങളില്‍ ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് പണത്തിന് പകരം ടിക്കറ്റ് ഡെപ്പോസിറ്റ് രസീതുകള്‍ നല്‍കും. 10,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് ചെക്ക്/ഇസിഎസ് സംവിധാനം വഴിയേ തുക മടക്കി നല്‍കൂ.


നവംബര്‍ 11, 2016
വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യങ്ങള്‍ മാനിച്ച് നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ നവംബര്‍ 14 വരെ തുടരും. താഴെ പറയുന്ന കാര്യങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്:


കോടതി ഫീസുകള്‍ പുതിയ ഇളവുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്തൃ സഹകരണ സംഘങ്ങളിലെ വിനിമയങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നിലവിലുള്ളതോ കുടിശ്ശികയായതോ ആയ ഉപയുക്തതാ ബില്ലുകള്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇവിടങ്ങളില്‍ മുന്‍കൂര്‍ പണമടവ് അനുവദിക്കില്ല. റോഡ്, ഗതാഗത, ഉപരിതല ഗതാഗതം ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനാല്‍ ടോളുകളില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ പിന്‍വലിച്ചിരിക്കുന്നു.


നവംബര്‍ 13, 2016
എടിഎമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കലിന്റെ പരിധി പ്രതിദിനം 2500 ആയി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇനിമുതല്‍ നിരോധിത നോട്ടുകള്‍ മാറി നല്‍കുന്ന തുകയുടെ പരിധി പ്രതിദിനം 4500 ആയി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. എടിഎം മെഷീനുകള്‍ റീകാലിബ്രേറ്റ് ചെയ്യാനും അതുവരെ എടിഎം വഴി 100, 50 രൂപ നോട്ടുകള്‍ വിതരണം ചെയ്യാനും ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നും ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആയി ഉയര്‍ത്തിയിരിക്കുന്നു. പ്രതിദിനം 10,000 രൂപ എന്ന പരിധി പിന്‍വലിച്ചിരിക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുടെയും വിതരണം ഊര്‍ജ്ജിതപ്പെടുത്താനും ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട വാര്‍ഷീക ആജീവനാന്ത സര്‍ട്ടിഫിക്കറ്റുകള്‍ വിതരം ചെയ്യേണ്ട തീയതി നവംബറില്‍ നിന്നും 2017 ജനുവരി 15 ആയി ദീര്‍ഘിപ്പിച്ചിരിക്കുന്നു.

നവംബര്‍ 14, 2016
സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കളുടെ വിനിമയത്തിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാത്തരം എടിഎം ചാര്‍ജ്ജുകളും ഒഴിവാക്കാന്‍ ഇന്ന് ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിലവിലുള്ള ഫീസുകളും റദ്ദാക്കും. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഇടപാടുകള്‍ക്കാണ് ഈ ഇളവ്.


ബാങ്കിംഗ് കറസ്‌പോണ്ടന്ട്സുകളുടെ (BCs) പണം കൈവശം വെക്കല്‍ പരിധി കുറഞ്ഞപക്ഷം 50,000 രൂപയായെങ്കിലും വര്‍ദ്ധിപ്പിക്കണം. പ്രത്യേക കേസുകളില്‍ ഇത് വര്‍ദ്ധിപ്പിച്ച് നല്‍കാവുന്നതാണ്. ബിസികളുടെ ആവശ്യമനുസരിച്ച് ദിവസത്തില്‍ പല തവണ പണം നിറച്ചു നല്‍കേണ്ടതാണ്.


പോസ്റ്റല്‍ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുന്ന രീതിയില്‍ പോസ്‌റ്റോഫീസുകളിലേക്കുള്ള പണവിതരണം വര്‍ദ്ധിപ്പിക്കണം.


എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യുന്നതിനായി ഒരു ദൗത്യസേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. പുതിയ 500, 2000 നോട്ടുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കത്തക്ക രീതിയില്‍ എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യുന്ന ജോലികള്‍ക്ക് ഇവര്‍ കര്‍മ്മപദ്ധതി തയ്യാറാക്കും. അതേസമയം, ചെറുകിട എടിഎമ്മുകളുടെ പ്രവര്‍ത്തനം വ്യാപകമാക്കും. റീകാലിബ്രേഷന്‍ പൂര്‍ത്തിയാവുന്ന എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാവുന്ന പരിധി പ്രതിദിനം 2,500 രൂപയായി വര്‍ദ്ധിപ്പിക്കും. അല്ലാത്ത എടിഎമ്മുകളുടെ പരിധി 2000 രൂപയായി തുടരും.


കഴിഞ്ഞ മൂന്ന് മാസത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന കറണ്ട് അക്കൗണ്ടുകളില്‍ നിന്നും പ്രതിവാരം 50,000 രൂപ വരെ പിന്‍വലിക്കാന്‍ സാധിക്കും. ഇത് ഒരു ഇടപാടിലൂടെയോ വിവിധ ഇടപാടുകളിലൂടെയോ നടത്താവുന്നതാണ്. നിലവിലുള്ള അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഉതകുന്ന തരത്തില്‍ ജില്ല കേന്ദ്ര സഹകരണ ബാങ്കുകള്‍ക്ക് ആവശ്യമായ പണം വിതരണം ചെയ്യും. ബാങ്കുകള്‍ക്ക് നിര്‍ദ്ദേശിക്കുന്ന പരിധി ഇവയ്ക്കും ബാധകമായിരിക്കും.


ഇ-പണമടവ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാങ്കുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ഉപഭോക്താക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം ക്യൂകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചില ആവശ്യങ്ങള്‍ക്ക് പണം 500, 1000 രൂപയുടെ നോട്ടുകളായി നല്‍കാം എന്ന ഇളവ് നവംബര്‍ 14ല്‍ നിന്നും 24-ആയി ദീര്‍ഘിപ്പിച്ചിരിക്കുന്നു.
ദേശീയപാതകളിലെ ടോള്‍ ഇളവുകള്‍ 18-11-2016 വരെ നീട്ടിയിട്ടുണ്ട്.

നവംബര്‍ 15, 2016
കള്ളപ്പണം മാറുന്നതിനായി ദരിദ്രരും നിരപരാധികളുമായ ആളുകളെ ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നവരുടെ കൈയില്‍ മഷിയടയാളം രേഖപ്പെടുത്താന്‍ തീരുമാനിച്ചു. അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോ പിന്‍വലിക്കുന്നതിനോ ഇത് ബാധകമായിരിക്കുകയില്ല. വിവിധ കൗണ്ടറുകളില്‍ നിന്നും പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്ന ബോര്‍ഡുകള്‍ ബാങ്കുകളില്‍ പ്രദര്‍ശിപ്പിക്കും. പോസ്റ്റാഫീസുകളിലേക്കും ജില്ല സഹകരണബാങ്കുകളിലേക്കും ആവശ്യത്തിന് പണം എത്തിക്കുന്നതിനുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടുള്ള ആരാധനാലയങ്ങളെ സമീപിച്ച് അവരുടെ വഞ്ചികളില്‍ വീഴുന്ന ചില്ലറകളും കുറഞ്ഞ മൂല്യമുള്ള നോട്ടുകളും ശേഖരിക്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഴ്ന്ന മൂല്യമുള്ള നോട്ടുകളുടെ പ്രചാരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.


നിരവധി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപങ്ങളില്‍ വലിയ കുതിച്ചുചാട്ടം നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമായി ദരിദ്രരെ ദുരുപയോഗം ചെയ്യുന്നതായാണ് വിവരം. മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാതെ നോക്കണമെന്ന് ജന്‍ധന്‍ അക്കൗണ്ട് ഉടമകളോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ നിയമപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജന്‍ധന്‍ അക്കൗണ്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് വ്യക്തമാക്കുന്നു.


നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും കുമിഞ്ഞ് കൂടുകയാണ്. ഇവ നീക്കം ചെയ്ത് പുതിയ നോട്ടുകള്‍ സംഭരിക്കുന്നതിന് ഇവിടങ്ങളില്‍ സ്ഥലം ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കള്ളനോട്ടുകളുടെ നീക്കം നിരീക്ഷിക്കുന്നതിനായി ഒരു ഉന്നതതല ദൗത്യസേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.


നവംബര്‍ 17, 2016
റാബി കൃഷിയിറക്കുന്നതിന് കര്‍ഷകര്‍ക്ക് കൂടുതല്‍ പണം ആവശ്യമായതിനാല്‍ കെവൈസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുള്ള അക്കൗണ്ടുകളില്‍ നിന്നും കര്‍ഷകര്‍ക്ക് പ്രതിവാരം 25,000 രൂപ പിന്‍വലിക്കുന്നതിന് അനുമതി നല്‍കുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ഈ തുക പിന്‍വലിക്കാവുന്നതാണ്. ഖരീഫ് വിളകള്‍ വിറ്റു കിട്ടുന്ന തുകകള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്ന കര്‍ഷകര്‍ക്കും പ്രതിവാരം 25,000 രൂപ തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം. ഈ അക്കൗണ്ടുകള്‍ കെവൈസി നിബന്ധനകള്‍ പാലിക്കുന്നവയായിരിക്കണം.


കാര്‍ഷിക പ്രാഥമിക സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട മണ്ഡി/കമ്പോളങ്ങളിലെ വ്യാപാരികള്‍ക്ക് തങ്ങളുടെ കെവൈസി പിന്തുണയുള്ള അക്കൗണ്ടുകളില്‍ നിന്നും പ്രതിവാരം 50,000 രൂപ പിന്‍വലിക്കാന്‍ അനുമതി നല്‍കുന്നു. കാര്‍ഷീക ഇന്‍ഷ്വറന്‍സ് പ്രീമിയം അടക്കേണ്ട ദിവസം അവസാന തീയതിയില്‍ നിന്നും 15 ദിവസം കൂടി നീട്ടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


വിവാഹാവശ്യങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 2,50,000 രൂപ വരെ പിന്‍വലിക്കാം. ഇവയ്ക്ക് കെവൈസി ഉണ്ടായിരിക്കണം. വിവാഹം കഴിക്കുന്ന ആളുകള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ തുക പിന്‍വലിക്കാം. വധുവിന്റെ കുടുംബത്തിനും വരന്റെ കുടുംബത്തിനും പ്രത്യേകം പ്രത്യേകം പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പണം പിന്‍വലിക്കുമ്പോള്‍ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണം. ഒരു സത്യവാങ്മൂലവും ഇതോടൊപ്പം സമര്‍പ്പിക്കണം.

നവംബര്‍ 18 മുതല്‍ ബാങ്ക് കൗണ്ടറില്‍ നിന്നും മാറ്റി വാങ്ങാവുന്ന നിരോധിച്ച 500, 1000 രൂപ നോട്ടുകളുടെ പരിധി 2000 ആയി കുറച്ചിരിക്കുന്നു. ഒരാള്‍ക്ക് ഒരു തവണയെ പണം മാറ്റിവാങ്ങാന്‍ സാധിക്കൂ.


കേന്ദ്ര സര്‍ക്കാരിലെ ഗ്രൂപ്പ് 'സി' തലത്തിലുള്ള ജീവനക്കാര്‍ക്ക് നവംബറിലെ ശമ്പളത്തില്‍ നിന്നും 10,000 മുന്‍കൂറായി ഏറ്റുവാങ്ങാവുന്നതാണ്. സൈനിക, അര്‍ദ്ധ സൈനിക, റെയില്‍വേ, പൊതുമേഖല സ്ഥാപങ്ങളിലെ തത്തുല്യ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ദേശീയപാതകളിലെ ടോള്‍ നിരോധനം നവംബര്‍ 24 വരെ തുടരും.


നവംബര്‍ 18, 2016
വാണീജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എടിഎം വിനിമയങ്ങള്‍ക്കുള്ള ഉപഭോക്തൃ ചാര്‍ജ്ജുകളും 2016 ഡിസംബര്‍ 30 വരെ എടുത്തുകളയാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


നവംബര്‍ 21 2016
നോട്ട് നിരോധനം നടപ്പിലാക്കിയതിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സന്ദര്‍ശിച്ച് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി/ഡയറക്ടര്‍ തലത്തിലുള്ള സംഘങ്ങളെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാവും സന്ദര്‍ശനങ്ങള്‍. താഴെ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥ സംഘം വിലയിരുത്തും:
1) ബാങ്കുകള്‍, എടിഎമ്മുകള്‍, പോസ്റ്റാഫീസുകള്‍ വഴി സംസ്ഥാനത്തുള്ള പണത്തിന്റെ ലഭ്യത
2) നിക്ഷേപം/പിന്‍വലിക്കല്‍/പണം മാറ്റിവാങ്ങള്‍ എന്നിവയ്ക്ക് ബാങ്കിലും പോസ്റ്റ് ഓഫീസിലുമുള്ള സൗകര്യങ്ങള്‍
3) പുതിയ 2000, 500 നോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്തതിന്റെ അവസ്ഥ
4) കുടുംബങ്ങള്‍, കര്‍ഷകര്‍, കൂലിത്തൊഴിലാളികള്‍, വ്യാപാരികള്‍, ഗതാഗതം, വ്യവസായം, അനൗപചാരിക മേഖലകള്‍, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളില്‍ തീരുമാനം ഉളവാക്കിയിട്ടുള്ള ആഘാതം.
5) പ്രശ്‌നം നേരിടുന്നതിന്റെ സ്വഭാവം ഉള്‍പ്പെടെ സംഘത്തിന് പ്രധാനം എന്ന് തോന്നുന്ന മറ്റ് വിഷയങ്ങള്‍.


2016 നവംബര്‍ 25നകം തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പിന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

റാബി കൃഷിക്കായി വിത്തുവാങ്ങുന്ന കര്‍ഷകര്‍ക്ക് പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയ-സംസ്ഥാന വിത്ത് കോര്‍പ്പറേഷനുകള്‍, കേന്ദ്ര-സംസ്ഥാന കാര്‍ഷീക സര്‍വകലാശാലകള്‍, ഐസിഎആര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുകയും വേണം.

2016 നവംബപ്ഡ 23
റാബി കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന മറ്റ് ചില നടപടികളും സ്വീകരിക്കാന്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ തീരുമാനിച്ചു. റാബി കൃഷി പ്രവര്‍ത്തനങ്ങള്‍ക്കായി 21,000 കോടി രൂപ നബാര്‍ഡ്, സംസ്ഥാന സഹകരണ ബാങ്ക് വഴി ജില്ല കേന്ദ്ര സഹകരണ ബാങ്കുകള്‍ക്ക് വിതരണം ചെയ്യും. ഇത് കര്‍ഷകര്‍ക്ക് പ്രഥമിക സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യും.


കൂടാതെ ഒരു കോടി രൂപ വരെയുള്ള കാര്‍ഷിക, ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ളവയുടെ തിരച്ചടവ് കാലാവധി 60 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കുള്‍പ്പെടെ നല്‍കിയിരിക്കുന്ന റുപേ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 30 കോടി കഴിഞ്ഞിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡുകളുടെ വിനിമയ ചാര്‍ജ്ജുകള്‍ 2016 ഡിസംബര്‍ 31 വരെ ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യബാങ്കുകളും ഈ ചാര്‍ജ്ജുകള്‍ എടുത്ത് കളയാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഇ-സംവിധാനങ്ങള്‍ വഴി പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാസ വിനിമയ പരിധി 10,000 ത്തില്‍ നിന്നും 20,000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. ഇ-ടിക്കറ്റുകളുടെ ബുക്കിംഗിനുള്ള സര്‍വീസ് ചാര്‍ജ്ജായ 20 രൂപയും 40 രൂപയും 2016 ഡിസംബര്‍ 31വരെ വേണ്ടെന്ന് വയ്ക്കാന്‍ റയില്‍വേയും തീരുമാനിച്ചിട്ടുണ്ട്. ബാങ്കിംഗുകള്‍ക്കും പണമടവുകള്‍ക്കുമുള്ള യുഎസ്എസ്ഡി ചാര്‍ജ്ജുകള്‍ നിലവിലുള്ള ഒന്നര രൂപയില്‍ നിന്നും 50 പൈസയായി കുറയ്ക്കാന്‍ ട്രായി തീരുമാനിച്ചിട്ടുണ്ട്.


നവംബര്‍ 24 2016
24-11-2016 മുതല്‍ ബാങ്കുകളില്‍ നിന്നും പഴയ 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ മാറിനല്‍കുന്നതല്ല. നിരോധി നോട്ടുകള്‍ വിനിമയം നടത്തുന്നതിന് ചില പ്രത്യേക സ്ഥലങ്ങളില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് 15-12-2016 വരെ തുടരും. കൂടാതെ താഴെ പറയുന്ന ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.


ഇത്തരം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്ന എല്ലാ സ്ഥലങ്ങളിലും ഇനിമുതല്‍ പഴയ 500 രൂപ നോട്ടുകള്‍ മാത്രമേ സ്വീകരിക്കൂ: അവ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മുന്‍സിപ്പാലിറ്റികള്‍, പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് 2000 വരെയുള്ള ഫീസുകള്‍ പഴയ നോട്ടുകളുടെ രൂപത്തില്‍ അടയ്ക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള കോളേജുകള്‍,

പ്രീപെയ്ഡ് കാര്‍ഡുകള്‍ ഒരു സമയത്ത് ഇനിമുതല്‍ 500 രൂപയ്ക്ക വരെ മാത്രമേ ചര്‍ജ്ജ് ചെയ്യാന്‍ സാധിക്കൂ.

ഉപഭോക്തൃ സഹകരണ സംഘങ്ങളില്‍ നിന്നുള്ള വാങ്ങല്‍ പരിധി ഒരു സമയം 5000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.

ഇപ്പോഴുള്ളതും കുടിശ്ശികയായതുമായ ഉപയുക്തതാ അടവുകള്‍ ഇനി ജല-വൈദ്യുത ബില്ലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും തുടര്‍ന്നും ഈ സൗകര്യം ഉപയോഗിക്കാം.

ദേശീയപാതകളിലെ ടോള്‍ 02-12-2016 വരെ സൗജന്യമായിരിക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 03-12-2016 മുതല്‍ പഴയ 500 രൂപ നോട്ടുകളായി ടോളുകള്‍ അടയ്ക്കാന്‍ സാധിക്കും.

വിദേശ പൗരന്മാര്‍ക്ക് പ്രതിവാരം 5000 രൂപയ്ക്ക് തത്തുല്യമായ വിദേശനാണ്യം മാറാനുള്ള അനുമതി നല്‍കുന്നു. ആവശ്യമായ വിവരങ്ങള്‍ ഇവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതാണ്.


നവംബര്‍ 25 2016
നിരോധിച്ച നോട്ടുകള്‍ ആര്‍ബിഐ ശാഖകളില്‍ മാറാവുന്നതാണ്. ഇപ്പോള്‍ വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി ഇവിടെയും ബാധകമായിരിക്കും.

നവംബര്‍ 28, 2016
പണം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ബാങ്കുകളില്‍ വീണ്ടും പണം നിക്ഷേപിക്കുന്നതിന് ജനങ്ങള്‍ മടി കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നവംബര്‍ 29-നു ശേഷം നിക്ഷേപിക്കുന്ന നിരോധിക്കാത്ത നോട്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള പരിധി എടുത്തുകളയുന്നു.

നവംബര്‍ 29, 2016
പ്രാധാനമന്ത്രി ജന്‍ധന്‍ യോജന അക്കൌണ്ടുള്ള ഉപയോക്താക്കളുടെ അക്കൌണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും ബിനാമി ഇടപാടുകള്‍ക്കുമായി ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഇത്തരം അക്കൌണ്ടുകളില്‍ നിന്ന് മാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 10,000 രൂപാ ആയിരിക്കും. ആവശ്യങ്ങള്‍ ന്യായമാണെന്ന് ബാങ്ക് മാനേജര്‍മാര്‍ക്ക് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ തുക അനുവദിക്കാം. കെവൈസി ഇല്ലാത്ത, പഴയ നോട്ടുകള്‍ നിക്ഷേപിച്ചവര്‍ക്ക് പിന്‍വലിക്കാവുന്ന തുക 5000 മാത്രമായിരിക്കും.


Next Story

Related Stories