TopTop

ടീ ഷര്‍ട്ടിലും പോസ്റ്ററുകളിലുമൊതുങ്ങേണ്ടയാളല്ല സോഷ്യലിസ്റ്റ് വിപ്ലവത്തിനാഗ്രഹിച്ച ഭഗത് സിംഗ്

ടീ ഷര്‍ട്ടിലും പോസ്റ്ററുകളിലുമൊതുങ്ങേണ്ടയാളല്ല സോഷ്യലിസ്റ്റ് വിപ്ലവത്തിനാഗ്രഹിച്ച ഭഗത് സിംഗ്
ചരിത്ര പുസ്തകങ്ങളില്‍ പലതും സിനിമകളുമെല്ലാം ഭഗത് സിംഗിനെ ചിത്രീകരിച്ചത് ഒരു തീവ്ര വിപ്ലവകാരിയായ ദേശാഭിമാനി എന്ന നിലയ്ക്കാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷ് ഭരണകൂടത്തോട് പൊരുതി, രക്തസാക്ഷിത്വം വരിച്ച വ്യക്തി. അത് മാത്രമാണോ ഭഗത് സിംഗ്? 1930 ജനുവരി 21ന് ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതികളായ ഭഗത് സിംഗ് അടക്കമുള്ളവര്‍ എത്തിയത് ചുവന്ന ഷാളുകള്‍ ധരിച്ചാണ്. ജഡ്ജി കസേരയില്‍ വന്നിരുന്നപ്പോള്‍ കോടതി മുറിയില്‍ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. സോഷ്യലിസ്റ്റ് വിപ്ലവം നീണാല്‍ വാഴട്ടെ. തുടര്‍ന്ന് ഭഗത് സിംഗ് ഒരു ടെലിഗ്രാം വായിച്ചു. അത് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന് അയച്ചുകൊടുക്കണമെന്ന് ഭഗത് സിംഗ് ആവശ്യപ്പെട്ടു. ലെനിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട സന്ദേശമായിരുന്നു അത്.

സന്ദേശം ഇങ്ങനെ പറയുന്നു. ലെനിന്‍ ദിനമായ ഇന്ന് മഹാനായ ലെനിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍. റഷ്യ നടത്തുന്ന മഹത്തായ പരീക്ഷണത്തിന് എല്ലാ വിജയാശംസകളും. ലോക തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ശബ്ദത്തിനൊപ്പം ഞങ്ങളുടേതും ചേര്‍ത്ത് വയ്ക്കുന്നു. തൊഴിലാളി വര്‍ഗം വിജയിക്കും. മുതലാളിത്തത്തെ പരാജയപ്പെടുത്തും. സാമ്രാജ്യത്വം തുലയട്ടെ.

വിപ്ലവകാരികളുടെ ഈ സന്ദേശം വായിച്ച ഭഗത് സിംഗ് ഒരു മാര്‍ക്‌സിസ്റ്റ് ആയിരുന്നു. എന്നാല്‍ ഈ ഭഗത് സിംഗ് ഇന്ത്യയില്‍ അധികം എടുത്ത് കാട്ടപ്പെടുന്നില്ല. ഭഗത് സിംഗിന്റെ ജയില്‍ നോട്ട് പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ലെനിനെ കുറിച്ച് പല തവണ പരാമര്‍ശിക്കുന്നതായി കാണാം.

ഇന്ത്യയില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവം നടക്കണമെന്നും അത് സാംസ്‌കാരികമായി കൂടി സംഭവിക്കണമെന്നും ഭഗത് സിംഗ് താല്‍പര്യപ്പെട്ടിരുന്നു. ജാതി വിവേചനത്തെ കുറിച്ചും മതപരിവര്‍ത്തനത്തെ കുറിച്ചും ഭഗത് സിംഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം താല്‍പര്യപ്രകാരം മതപരിവര്‍ത്തനം നടത്തുന്നതില്‍ തെറ്റില്ലെന്ന് 1928 ജൂണില്‍ എഴുതിയ ലേഖനത്തില്‍ ഭഗത് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങള്‍ മറ്റൊരു മനുഷ്യന് കുടിക്കാനുള്ള വെള്ളം പോലും നിഷേധിക്കുകയും സ്‌കൂളില്‍ പോകുന്നത് തടയുകയുമൊക്കെ ചെയ്യുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് അവകാശങ്ങളെ പറ്റി സംസാരിക്കാന്‍ കഴിയുക എന്ന് ഭഗത് സിംഗ് ചോദിക്കുന്നു. മറ്റൊരാളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന നിങ്ങള്‍ക്ക് എങ്ങനെയാണ് രാഷ്ട്രീയ സ്വാതന്ത്ര്യവും അവകാശങ്ങളും ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ടാവുക. നിങ്ങള്‍ ഈ രാജ്യത്തെ താഴ്ന്ന ജാതിക്കാരെ മൃഗങ്ങളേക്കാള്‍ മോശമായി പരിഗണിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളെ മനുഷ്യരായി പരിഗണിക്കുന്ന മതങ്ങളിലേയ്ക്ക് സ്വാഭാവികമായും അവര്‍ പോകും. അതിന് ക്രിസ്ത്യാനികളേയോ മുസ്ലീങ്ങളേയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

ദളിതര്‍ക്കായുള്ള പ്രത്യേക നിയോജകമണ്ഡലങ്ങള്‍ എന്ന ഡോ.അംബേദ്കറുടെ ആശയത്തെ എംകെ ഗാന്ധി എതിര്‍ത്ത് തോല്‍പ്പിച്ചത് അനിശ്ചിതകാല നിരാഹാര സമരത്തിലൂടെയാണ്. എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്ന കീഴ്ജാതിക്കാര്‍ക്ക് പ്രത്യേക പ്രാതിനിധ്യം വേണമെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ ഭഗത് സിംഗ് എഴുതിയിട്ടുണ്ട്. കീഴ്ജാതിക്കാര്‍ അവകാശങ്ങള്‍ക്കും തുല്യനീതിക്കുമായി സംഘടിപ്പിക്കുന്നത് വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന കാര്യമാണ്. ജാതി വിവേചനം അവസാനിപ്പിക്കുന്നതായി ഉറപ്പ് വരുത്താന്‍ ജനപ്രതിനിധി സഭകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സ്‌കൂളുകളും കോളേജുകളും പൊതുകിണറുകളുമെല്ലാം ഉപയോഗിക്കാന്‍ ജാതിഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും സാധിക്കണം. ഇതെല്ലാം വെറും ഉറപ്പുകളായി അവസാനിക്കരുത്. ദളിതരുടെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന്‍ അവരുടെ തന്നെ പ്രതിനിധികള്‍ വേണം. ഭഗത് സിംഗ് ആരായിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ടീ ഷര്‍ട്ടിലും പോസ്റ്ററുകളിലും ഒതുങ്ങുന്ന ആളല്ല ഭഗത് സിംഗ്. പുനര്‍വായനകളും പുനര്‍വിചിന്തനങ്ങളുമാണ് കാലം ആവശ്യപ്പെടുന്നത്.

ഒപ്പം ചരിത്രത്തെ കീഴ്മേല്‍ മറിച്ച് ഭഗത് സിംഗിനെയും തങ്ങളുടെ അക്കൌണ്ടില്‍ ചേര്‍ക്കാനുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ശ്രമം അതിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഭഗത് സിംഗ് എന്തിനെയൊക്കെ എതിര്‍ത്തോ അതിനെ മുഴുവന്‍ നിരാകരിച്ച് ആ വിപ്ലവ ഓര്‍മകള്‍ക്ക് മേല്‍ കാവിക്കൊടി പുതപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടിയാണ് പുതിയകാല ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.

Next Story

Related Stories