TopTop

വാലന്റൈന്‍ ദിനം ഭഗത് സിംഗ് രക്തസാക്ഷി ദിനമാക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ തട്ടിപ്പ്-ഹരീഷ് ഖരെ എഴുതുന്നു

വാലന്റൈന്‍ ദിനം ഭഗത് സിംഗ് രക്തസാക്ഷി ദിനമാക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ തട്ടിപ്പ്-ഹരീഷ് ഖരെ എഴുതുന്നു
പ്രത്യേക ഒളിമ്പിക്സിന്‍റെ ഭാരത്-ചണ്ഡീഗഡ് മേഖല ഏകോപനചുമതലയുള്ള നീലു സരിന്‍ സഹായിച്ച് എനിക്കു കഴിഞ്ഞ വെള്ളിയാഴ്ച്ച വളരെ മനസില്‍ തട്ടിയ അനുഭവങ്ങളുണ്ടായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ വാര്‍ഷിക കായികമേള ഉദ്ഘാടനം ചെയ്യാന്‍ സരിന്‍ എന്നെ ക്ഷണിച്ചിരുന്നു. ഇങ്ങനെയുള്ള കുട്ടികള്‍ക്കായി 1993 മുതല്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് അവര്‍.

അതൊരു ഹൃദയഭേദകവും ഒപ്പം ഹൃദയം കുളിര്‍ക്കുന്നതുമായ പ്രഭാതമായിരുന്നു. നാം സ്നേഹിക്കുന്നവര്‍ക്ക് എത്ര മാത്രം ശാരീരിക, ബൌദ്ധിക പ്രശ്നങ്ങള്‍ പ്രകൃതി നല്‍കുമെന്ന കാഴ്ച്ചയായിരുന്നു ഹൃദയഭേദകം. ആ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി എത്ര മാത്രമാണു മാനുഷികത ഒഴുകുന്നത് എന്നതായിരുന്നു ഹൃദയം കുളിര്‍പ്പിച്ച കാഴ്ച്ച. ചില മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച്ച വേദനാജനകമായിരുന്നു. അംഗപരിമിതിയുള്ള ഒരു കുട്ടിയുടെ അച്ഛനും അമ്മയും ഓരോ ദിവസവും അനുഭവിക്കുന്ന വേദന മനസിലാക്കാന്‍ സാധ്യമല്ല. ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്ത തങ്ങളുടെ കുട്ടിയെക്കുറിച്ച് സാധാരണ പോലെ തോന്നുക എന്നത് കടുപ്പമേറിയതും മടുപ്പേറിയതുമായ ഒരു അനുഭവമാണ്. ഈ കുട്ടികളെ പരിചരിക്കുന്നതിനുള്ള വിഷമവും മടുപ്പും മാറ്റാന്‍ ഓരോ ദിവസവും അവര്‍ക്ക് തങ്ങളുടെ ക്ഷമയും സ്നേഹവും അടുപ്പവും ഉള്ളില്‍ നിന്നും വീണ്ടും വീണ്ടും എടുക്കണം.

പൌരസമൂഹത്തിന്റെ പ്രത്യേക ഒളിമ്പിക്സ് പോലുള്ള ഇടപെടലുകളും നീലു സരിനെ പോലുള്ള സാമൂഹ്യ പ്രവര്‍ത്തകരുമാണ് ഈ വേദന കുറയ്ക്കുന്നത്. അത്തരം ഐക്യദാര്‍ഢ്യങ്ങളില്‍ ആശ്വാസവും ആശ്രയവുമുണ്ട്. പ്രത്യേക സ്കൂളുകള്‍ ഇതിന് വിദഗ്ധ സഹായം നല്‍കുന്നവയാണ്. അത്തരം 8 സ്ഥാപനങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ഈ കായിക മേളയില്‍ പങ്കെടുത്തു. ഏതാണ്ട് 400 ആണ്‍കുട്ടികളും  പെണ്‍കുട്ടികളും.

ഇത്തരമൊരു പരിപാടി നടത്തുന്നത് എത്ര ദുഷ്കരമാണെന് സരിനുമായി സംസാരിച്ചപ്പോള്‍ എനിക്കു മനസിലായി. അവരെപ്പോലുള്ള സ്ത്രീകളും പുരുഷന്മാരും തളരാതെ, നിരാശരാകാതെ ഇതൊക്കെ ചെയ്യുന്നു എന്നത് സന്തോഷകരമാണ്. അവരുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു. ചണ്ഡീഗഡ് കുറച്ചുകൂടി ഉദാരത കാണിക്കണം.കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ലുധിയാനയിലെ ഒരു പ്രമുഖനായ എസ്കെ റായ്, അന്നാട്ടിലെ യുകെ ഷാര്‍ദ എന്ന മനുഷ്യനുവേണ്ടി അല്പസമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടു. റായ് സാഹിബിനോടു പറ്റില്ല എന്ന് പറയാന്‍ എനിക്കാവില്ല. എന്നാല്‍ ആഴ്ച്ചകളോളം ഷാര്‍ദക്കു ചണ്ഡീഗഡിലേക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഞങ്ങള്‍ കഴിഞ്ഞയാഴ്ച്ച കണ്ടു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി The Egalitarian Fortnightly എന്ന പ്രസിദ്ധീകരണം നടത്തുകയാണ് അദ്ദേഹം. ഒരു ‘സാമൂഹ്യ ഉത്പ്രേരകം’ എന്നാണ് സ്വയം വിളിക്കുന്നത്. മനുഷ്യരുടെ ആത്മാഭിമാനത്തിന്റെയും ജനങ്ങളുടെ ശാക്തീകരണത്തിന്റെയും ശബ്ദമാകാനാണ് The Egalitarian രൂപം കൊടുത്തിട്ടുള്ളത്. അതിന്റെ നിര്‍മ്മാണത്തിലെ പോരായ്മകള്‍ പത്രാധിപരുടെ ഉത്സാഹവും ആത്മാര്‍ത്ഥതയും കൊണ്ട് മറികടക്കുന്നു. ഷര്‍ദയുടെ ഒറ്റയാള്‍ ദൌത്യം അധികാരികളെ അവരുടെ ആലസ്യങ്ങളില്‍ നിന്നും അവഗണനയില്‍ നിന്നും എഴുന്നേല്‍പ്പിക്കാറുണ്ട്. ഭിക്ഷാടന നിരോധനം, ദരിദ്രര്‍ക്ക് ആരോഗ്യ രക്ഷ, ശുചീകരണതൊഴിലാളികള്‍ക്ക് ആരോഗ്യവും സുരക്ഷയും, വീട്ടുവേലക്കാരികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍, ജല സംരക്ഷണം എന്നിവയിലെല്ലാം ഒരു സാമൂഹ്യ ഉത്പ്രേരകത്തിന്റെ പങ്ക് വഹിച്ചത് ഷാര്‍ദ അഭിമാനത്തോടെ പറയുന്നു.

ഇത്തരം ആത്മാര്‍ത്ഥമായ ശബ്ദങ്ങള്‍ ഉള്ളതില്‍ ലുധിയാന ഭാഗ്യം ചെയ്യുന്നു. ഷാര്‍ദ തന്റെ ചുമലുകളില്‍ പൌരസമൂഹത്തിന്റെ ഭാരം പെറുകയാണെന്നു എന്ന് എനിക്കു തോന്നി. ഷാര്‍ദയ്ക് അധികം രക്ഷാധികാരികള്‍ ഇല്ലാത്തതില്‍ അത്ഭുതമില്ല. സാധാരണക്കാര്‍ക്കുവേണ്ടി സംസാരിക്കുന്നതിനുള്ള ആവേശം അദ്ദേഹത്തിന് അധികം സുഹൃത്തുക്കളെ നേടിക്കൊടുക്കുന്നില്ല. അദ്ദേഹം സര്‍ക്കാരില്‍ നിന്നും ധനസഹായം വാങ്ങില്ല. പക്ഷേ ഇന്ത്യ മാറുകയാണെന്നും മികച്ച ഭരണനിര്‍വ്വഹണത്തിന് വേണ്ടി നമ്മുടെ പൌരന്‍മാര്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങുകയാണെന്നും ശാക്തീകരണവും ആത്മാഭിമാനവും ആവശ്യപ്പെട്ടു തുടങ്ങിയെന്നും ഞാന്‍ കരുതുന്നു. ഷാര്‍ദയോടു എനിക്കു പറയാനുള്ളതിതാണ്: നല്ല കര്‍മ്മം തുടരുക, അതിനുള്ള അംഗീകാരവും, സംതൃപ്തിയും പിറകെ വരും.

ഒരു ‘ചീത്ത’ രാഷ്ട്രീയക്കാരന് ഒരു ഉദ്യോഗസ്ഥന്റെ സജീവമായ സഹായമില്ലാതെ അയാളുടെ ചീത്തത്തങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുമോ? ഉത്തരവാദപ്പെട്ട, സത്യസന്ധനായ ഒരു IAS, IPS ഉദ്യോഗസ്ഥന് മന്ത്രിയോട് നിയമത്തിന്റെയും ധാര്‍മികതയുടെയും പരിധികള്‍ ലംഘിക്കാന്‍ പറയാന്‍ കഴിയുമോ? അത്തരം ചോദ്യങ്ങള്‍ നമ്മുടെ രാജ്യത്തെ ഭരണനിര്‍വ്വഹണത്തിന്റെ പ്രതിസന്ധിയുടെ കേന്ദ്രമാണ്.

അത്തരത്തിലൊരു സന്ദേശം 2012-ല്‍ അന്തരിച്ച അബിദ് ഹുസൈന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും കിട്ടിയേക്കും. ആകര്‍ഷകമായ, സുതാര്യമായ വ്യക്തിത്വമുള്ള ഒരാള്‍. പൊതുക്ഷേമത്തിന്റെ പ്രശ്നങ്ങളോട് അവസാനനിമിഷം വരെയും പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു ആബിദ് സാഹബ്. തന്റെ വ്യക്തിത്വവും പ്രതിബദ്ധതയും ബുദ്ധിശക്തിയും കൊണ്ടാണ് അദ്ദേഹം ആദരവ് പിടിച്ചുപറ്റിയത്. അതുകൊണ്ടാണ് നിരവധി ആദരണീയരായ വ്യക്തികള്‍ ആബിദ് ഹുസൈന്റെ അനുസ്മരണമായ  Shaping India’ s Future  എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനെത്തിയത്.രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ മാറുന്ന ബന്ധങ്ങളെക്കുറിച്ച് ഇതിലെ ഴുതിയവര്‍ സംസാരിക്കുന്നു. നമ്മുടെ റിപ്പബ്ലിക്കിന്റെ സ്ഥാപക പിതാക്കള്‍- നെഹ്രുവും പട്ടേലും ആസാദും പോലുള്ളവര്‍- ഉദ്യോഗസ്ഥരെ പ്രചോദിപ്പിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. നിതിന്‍ ദേശായ് പറയുന്നതു പോലെ ‘പാതിരാത്രിയുടെ മുതിര്‍ന്നവരാ'യിരുന്നു ആബിദ് ഹുസൈന്‍, ലോവ്രാജ് കുമാര്‍, ജോര്‍ജ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍. സ്വാതന്ത്ര്യത്തില്‍ 20 വയസ് പ്രായമായ ഇവര്‍ ‘നെഹ്റുവിന്റെ മതേതര, യുക്തിഭദ്ര, ജനാധിപത്യ ഇന്ത്യ’ എന്ന സങ്കല്‍പ്പത്തില്‍ ആകൃഷ്ടരായി പൊതു ജീവിതത്തില്‍ ചേര്‍ന്നവരായിരുന്നു.

ആ തലമുറയിലെ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ മഹാമേരുക്കള്‍ക്കൊപ്പം നിന്നു ‘ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുക’ എന്ന വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. ആബിദ് ഹുസൈന്റെ ഈ പുസ്തകത്തിലെ അധ്യായം തന്നെ ദേശീയ ഐക്യത്തിന് ഈ പങ്കാളിത്തം എങ്ങനെ ക്ഷയിച്ചു എന്ന് കാണിക്കുന്നു. ‘മുന്‍കാലത്ത് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ച അതേ ഭരണ സംവിധാനത്തിന്റെയും  പൊലീസിന്റെയും ‘ രൂപം നിലനിര്‍ത്താന്‍ നെഹ്രുവും പട്ടേലും ‘യുക്തിയും പ്രായോഗിക ബുദ്ധിയും’ കാണിച്ചു. വിഭജനാനന്തരമുള്ള സംഘര്‍ഷവും കലാപങ്ങളും എല്ലാ ആദര്‍ശങ്ങളെയും താളം തെറ്റിച്ചു. സ്ഥിരതയും നിയന്ത്രണവും ഒന്നിച്ചുചേരലുമായിരുന്നു നമുക്കപ്പോള്‍ വേണ്ടിയിരുന്നത്. ഉദ്യോഗസ്ഥവൃന്ദം മാത്രമായിരുന്നു കയ്യിലുള്ള ഏക ഉപകരണം.

ഉദ്യോഗസ്ഥരും ദൌത്യബോധവും ദേശീയയാത്രയുടെ ബോധവും ആദ്യകാലങ്ങളില്‍ പ്രകടിപ്പിച്ചു. മികച്ച ഉദ്യോഗസ്ഥര്‍- പി എന്‍ ഹക്സര്‍, ആബിദ് ഹുസൈന്‍- മറ്റുള്ളവരെ പ്രചോദിപ്പിച്ചു. വിജയ് കെല്‍ക്കര്‍, യോഗീന്ദര്‍ അലഗാ, നിതിന്‍ ദേശായ്, മൊണ്ടെക് സിങ് അഹ്ലൂവാലിയ തുടങ്ങിയവര്‍ സര്‍ക്കാരിലെത്തി. ഈ പുസ്തകം ഹുസൈന്റെ കാഴ്ച്ചപ്പാടിന്റെ വ്യക്തതയെ പുകഴ്ത്തുന്നു. ലൈസന്‍സ് രാജിന്റെ കാലം കഴിഞ്ഞെന്നു ആദ്യം മനസിലാക്കിയ ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം. സര്‍ക്കാര്‍, മാധ്യമങ്ങള്‍, വ്യവസായം, വിദ്യാഭ്യാസമേഖല, സമൂഹം എന്നിവയുമായെല്ലാം ഇടപെടാന്‍ കഴിയുന്ന ഒരാളായിരുന്നു.

ചൌതാലയുടെ ഹരിയാനയിലോ, പ്രകാശ് സിങ് ബാദലിന്റെ പഞ്ചാബിലോ ഒരു ആബിദ് ഹുസൈന് നിലനിന്നു പോകാനാകുമോ? ഒരുപക്ഷേ ഇല്ല. കാരണം ആബിദ് സാഹിബ് വ്യക്തമായി പറയുന്നുണ്ട്,"ഉദ്യോഗസ്ഥര്‍ അവരുടെ മനഃസാക്ഷി പറയുന്നതും കേള്‍ക്കണം. ആഡം സ്മിത് പറഞ്ഞപോലെ ധാര്‍മിക യുക്തിയുടെ ശബ്ദം ഇല്ലെങ്കില്‍ ഒരാള്‍ ആലോചനയില്ലാത്ത ഏത് അനീതിയും ചെയ്യുന്ന ഒരാളാകും.”

വിപി സിംഗ് ആബിദ് ഹുസൈന് യുഎസിലെ നയതന്ത്ര പ്രതിനിധി പദം വാഗ്ദാനം ചെയ്തപ്പോള്‍ അദ്ദേഹം പുതിയ പ്രധാനമന്ത്രിയോട് പറഞ്ഞു, താന്‍ പഴയ പ്രധാനമന്ത്രിയെ രാജീവ് ഗാന്ധിയെ ഇഷ്ടപ്പെടുന്നു എന്നും ബന്ധം തുടരുമെന്നും. അതംഗീകരിക്കാന്‍ വിപി സിംഗിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ കടുത്ത കക്ഷിഭേദത്തിന്റെ നാളുകളാണ്. വിപി സിംഗുമാരില്ല. ആബിദ് ഹുസൈന്‍മാരുമില്ല.

ജെ എന്‍ യുവിലെ പ്രൊഫസര്‍ ചമന്‍ലാല്‍, ഫെബ്രുവരി 14 മഹാനായ രക്തസാക്ഷി ഭഗത് സിംഗിന്റെ വധശിക്ഷ അനുസ്മരണ ദിനമാക്കണമെന്ന് ആവശ്യപ്പെടുന്ന ചില സംഘ പരിവാര്‍ കുബുദ്ധികളുടെ വങ്കത്തരം വെളിവാക്കുന്നു. ചില സംഘടനകള്‍ക്ക് നാം വാലന്റൈന്‍ ദിനം (ഫെബ്രുവരി 14) ആഘോഷിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. അന്ന് ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം പുതുക്കിയെടുക്കുന്നു.

ഭഗത് സിംഗിനെക്കുറിച്ച് ഏറെ ഗവേഷണം നടത്തിയ ചമന്‍ലാല്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നത്, 1931 മാര്‍ച്ച് 23-നാണ് ലാഹോറിലെ പഞ്ചാബ് ഹൈക്കോടതി ഭഗത് സിംഗിന്റെ ഹര്‍ജി തള്ളിയത് എന്നാണ്. ഭഗത് സിംഗ്, രാജ് ഗുരു , സുഖദേവ് എന്നിവരുടെ വധശിക്ഷ 1931 മാര്‍ച്ച് 24-നു രാവിലെ നടന്നു.

സത്യാനന്തര ലോകത്തിലാണ് നമ്മളെന്ന് സമ്മതിച്ചുകൊടുക്കാമെങ്കിലും ചരിത്രത്തെ പൂര്‍ണമായും വളച്ചൊടിക്കാനാകില്ല. ചെറുപ്പക്കാരെ വാലന്റൈന്‍ ദിനം ആഘോഷിക്കുന്നതില്‍ നിന്നും തടയാന്‍ വലതുപക്ഷ തീവ്രവാദികള്‍ ഇനി വേറെ വല്ല തട്ടിപ്പുമായി വരണം.

അപ്പോള്‍, അത്ര സുഖമുള്ള വര്‍ത്തമാനങ്ങളല്ല പറഞ്ഞത്. ഒന്നുഷാറാകാന്‍, ഒരു കാപ്പിക്ക് സമയമായി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories