UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ സമരം നിങ്ങള്‍ക്കുവേണ്ടി കൂടിയാണ്- വയലാര്‍ വിപ്ലവ സ്മരണകളിലൂടെ സഖാവ് ഭാഗീരഥിയമ്മ

Avatar

1946 ഒക്ടോബര്‍ 27
(കൊല്ലവര്‍ഷം 1112 തുലാം 10)

സര്‍ സിപിയുടെ പട്ടാളത്തോക്കുകള്‍ വയലാറിന്റെ മണ്ണില്‍ കമ്യൂണിസ്റ്റുകാരുടെ ഇടനെഞ്ചു നോക്കി ഗര്‍ജ്ജിച്ചിത് അന്നായിരുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലും മരാരിക്കുളത്തും പട്ടാളത്തിന്റെ വെടിവയ്പ്പ് കഴിഞ്ഞ് മൂന്നാം പക്കമായിരുന്നു വയലാറില്‍ വെടിവയ്പ്പ് നടന്നത്. കായലിന്റെയും കയറിന്റെയും നാട് അതോടെ കലാപത്തിന്റെ നാടുകൂടിയായി. രക്തം കൊണ്ട് മണ്ണിനെ ചെങ്കൊടി പുതപ്പിച്ച സഖാക്കന്മാരുടെ നാടായി. വയലാര്‍ ചരിത്രത്തിന്റെ ഭാഗമായി.

ചരിത്രമന്വേഷിച്ചു നടക്കുന്നവര്‍ ഈ സമരത്തെ പലതരത്തിലാണ് വ്യാഖാനിക്കുന്നത്. ചരിത്രപണ്ഡിതര്‍ കൂട്ടം തിരിഞ്ഞ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗത്തും, ജന്മി-കുടിയാന്‍ സമരത്തിന്റെ ഭാഗത്തും ഈ സമരത്തെ എഴുതി ച്ചേര്‍ത്തു. എംജിഎസ് നാരായണനെപ്പോലുള്ളവര്‍ക്ക്, സ്വന്തം അണികളെ തോക്കുകള്‍ക്ക് ഒറ്റുകൊടുത്ത ക്രൂരതയാണ് ഈ സമരം! വയലാര്‍ വെടിവപ്പിന്റെ നേരവകാശികള്‍ ഇന്ന് വിരലിലെണ്ണാവുന്നവര്‍മാത്രമാണ്. അവര്‍ക്കു പക്ഷേ ഈ സമരത്തിന് ഒറ്റവ്യാഖ്യാനമേയുള്ളൂ-പുലാരാനുള്ളൊരു നല്ല നാളെയ്ക്കുവേണ്ടി നടത്തിയ ത്യാഗം.

വയലാര്‍ സമരത്തെ അടുത്തറിഞ്ഞതില്‍ ബാക്കിയാകുന്നവരിലൊരാളാണ് ഭാഗീരഥിയമ്മ. നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഈ വയോധികയുടെ മനസ്സില്‍ വെടിവയ്പ്പും കമ്യൂണിസവും ഇന്നും കനലാറാതെ കിടക്കുകയാണ്.വയലാര്‍ വെടിവയ്പ്പിന്റെ അറുപത്തിയെട്ടാം വാര്‍ഷികാചരണത്തിന്റെ പശ്ചാത്ത ലത്തില്‍ ഭാഗീരഥിയമ്മയുടെ മനസ്സില്‍ ആ കാലം ഒരു മുദ്രാവാക്യംപോലെ ജ്വലിച്ചുയരുന്നു. (തയാറാക്കിയത് – രാകേഷ് നായര്‍)

വയലാര്‍ വെടിവയ്പ്പ് നടക്കുമ്പോള്‍ ഞാന്‍ സ്ഥലത്തില്ല. അമ്മ ഞങ്ങള്‍ രണ്ടു പെണ്‍മക്കളെയും കൊണ്ട് കളവംകോടത്തുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വെടിവപ്പ്. ഒരു ദിവസം സ്‌കൂള്‍ വിട്ടുവരുമ്പോഴാണ് അമ്മ പറയുന്നത്- ‘എങ്ങാണ്ടൊക്കെ (പുന്നപ്രയിലും മരാരിക്കുളത്തും) വെടിവപ്പ് നടക്കുന്നുണ്ട്. നമുക്ക് തല്‍ക്കാലം ഇവിടെ നിന്ന് മാറിനില്‍ക്കാം’ എന്ന്. ആ പോക്ക് പിന്നീട് തിരിച്ചെത്തുന്നത് ജനുവരി 21 നാണ്. വെടിവപ്പ് ഒക്ടോബറില്‍ കഴിഞ്ഞെങ്കിലും കമ്യൂണിസ്റ്റ് കുടുംബമായതിനാല്‍ പട്ടാളത്തിന്റെ നോട്ടം ഞങ്ങള്‍ക്കുമേലുണ്ടായിരുന്നു. അതാണ് തിരിച്ചു വയലാറിലേക്ക് വരാന്‍ വൈകിയത്. എന്റെ നേര്‍ സഹോദരന്‍ ചക്കമാംചിറ രാമന്‍കുട്ടിയും മറ്റുരണ്ടു ബന്ധുക്കളും വെടിവയ്പ്പില്‍ പങ്കെടുത്തിരു ന്നു. ബന്ധുക്കളായ സഹോദരന്മാര്‍ വെടിവപ്പില്‍ അപകടമൊന്നും സംഭവിക്കാതെ വൈകിട്ടോടെ തിരികെ വന്നെങ്കിലും ചേട്ടനെ കണ്ടില്ല. അതോടെ എല്ലാവര്‍ക്കും ഭയമായി. ചേട്ടന്‍ കൊല്ലപ്പെട്ടെന്നുതന്നെ കരുതി. ആരൊക്കെ മരിച്ചു എന്നതിന് ഒരുകണക്കുമില്ലല്ലോ.ശവങ്ങളെല്ലാം പട്ടാളക്കാര്‍ എടുത്ത് കുളത്തിലിട്ടു മൂടുകയും ചെയ്തു. എന്നാല്‍ ചേട്ടന് ഒന്നും സംഭവിച്ചിരുന്നില്ല. അതിനുകാരണം ഒരു വീട്ടമ്മയാണ്. പട്ടാളത്തിന്റെ തോക്കിന്‍ മുനയില്‍ നിന്ന് ചേട്ടനെ രക്ഷിച്ച് അവര്‍ സ്വന്തം വീടിനകത്ത് അടച്ചിട്ടിരുന്നു. പിറ്റേദിവസം ബന്ധുക്കള്‍ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ചേട്ടനെ അവര്‍ പുറത്തുവിടുന്നത്. ഇതൊക്കെ ഞാനറിയുന്നത് കളവംകോടത്തുവച്ചാണ്. വെടിവപ്പിനെക്കുറിച്ച് പിന്നെയും പലതും ഞാന്‍ കേട്ടു.

സഖാക്കളെ ഇൗ സമരം നിങ്ങള്‍ക്കുംകൂടി വേണ്ടിയാണ്
തോക്കിന്‍കുഴല്‍ നീട്ടിപ്പിടിച്ചു നില്‍ക്കുന്ന പട്ടാളക്കാരോടും സമരസഖാക്കള്‍ വിളിച്ചു പറഞ്ഞത്- സഖാക്കളെ… ഈ സമരം ഞങ്ങള്‍ക്കുമാത്രല്ല, നിങ്ങള്‍ക്കു കൂടിവേണ്ടിയാണ്. പട്ടിണിയും അടിമത്വവുമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരു തലമുറയ്ക്ക് വേണ്ടിയാണ്. അതായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ്കാരന്റെ ചങ്കൂറ്റം. അവന്റെ വര്‍ഗ്ഗബോധം. പക്ഷേ പട്ടാളത്തിന് വെടിവയ്ക്കാനായിരുന്നു ഓഡര്‍ കിട്ടിയിരുന്നത്. അവര്‍ നാലുപാടും വെടിവച്ചു. കണക്കില്ലാത്ത ആളുകളാണ് ജീവിതം ആ കുന്നില്‍ ഹോമിച്ചത്. പലരും പറയുന്ന കണക്കല്ല, അതിലേറെപ്പേര്‍ അന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ന് രക്തസാക്ഷി മണ്ഡപം നില്‍ക്കുന്ന സ്ഥലത്ത് അന്നൊരു കുളമുണ്ടായിരുന്നു. ആ കുളത്തിലിട്ടാണ് ശവങ്ങള്‍ മൂടിയത്. അതിലാരൊക്കെ ഉണ്ടായിരുന്നുവെന്ന് ആര്‍ക്കറിയാം!

വയലാര്‍ വിപ്ലവത്തെ ഇന്ന് ചിലരൊക്കെ അപഹാസ്യമാംവിധത്തിലാണ് അവതരിപ്പിക്കുന്നത്. അവര്‍ ചരിത്രം കേട്ടറിഞ്ഞവര്‍ മാത്രമാണ്. അനുഭവിച്ചിട്ടുണ്ടാകില്ല. ആ കാലത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാരും സഖാക്കളുടെ പോരാട്ടത്തെ അവേശത്തോടെമാത്രമെ ഓര്‍ക്കൂ. തോക്കില്‍ നിന്ന് ഉപ്പും മുതിരയുമാണ് വരുന്നതെന്ന് വിശ്വസിച്ച മണ്ടന്മാരാണ് സഖാക്കളെന്നു ചിലരൊക്കെ കളിയാക്കുന്നുണ്ട്; വാരിക്കുന്തം കൊടുത്ത് സഖാക്കളെ ചാകാന്‍ പറഞ്ഞുവിട്ട നേതാക്കന്മാരുടെ കാപട്യത്തെക്കുറിച്ചും പറയാറുണ്ട് പലരും. വിദ്യാഭ്യാസം കുറവാണെങ്കിലും സഖാക്കളാരും അത്ര മണ്ടന്മാരൊന്നും ആയിരുന്നില്ല. പട്ടാളത്തിന്റെ കൈയില്‍ തോക്കുണ്ടെന്നും അതിനകത്തു നിന്നു വരുന്നത് മുതിരയല്ലെന്നും മനസ്സിലാക്കാനുള്ള ബോധം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പകരം തോക്കെടുക്കാന്‍ അന്ന് പാവം സഖാക്കന്മാര്‍ക്ക് എങ്ങിനെ കഴിയും? അവരുടെ അന്നത്തെ ആയുധം ചെത്തികൂര്‍പ്പിച്ച വാരിക്കുന്തമായിരുന്നു. ഒന്നോര്‍ക്കണം, ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടയെ ഭയക്കാതെ വാരുക്കുന്തം കൈയിലേന്തി രണഭൂമിയില്‍ നില്‍ക്കാന്‍ ചങ്കൂറ്റം വേണം. ആ ചങ്കൂറ്റമായിരുന്നു കമ്യൂണിസ്റ്റിനുണ്ടായിരുന്നത്.

സികെ കുമാരപ്പണിക്കരെ തേടിയെത്തുന്ന പട്ടാളം
വയലാറില്‍ പട്ടാളമിറങ്ങുമ്പോള്‍ അവരുടെ പ്രധാന ലക്ഷ്യം വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടുന്ന സി കെ കുമാരപ്പണിക്കരായിരുന്നു (അന്തരിച്ച സിപി ഐ നേതാവ് സികെ ചന്ദ്രപ്പന്റെ പിതാവ്). എന്നാല്‍ സികെയെ പട്ടാളത്തിന് കിട്ടിയില്ല. അദ്ദേഹം അതിനു മുമ്പ് മാറിക്കളഞ്ഞിരുന്നു. ചിലര്‍ പറയുന്നു, സികെയെ കിട്ടാത്തതുകൊണ്ടാണ് പട്ടാളം വെടിവപ്പ് നടത്തിയതെന്ന്. അത് തെറ്റാണ്. വെടിവയ്ക്കാന്‍ തന്നെയാണ് പട്ടാളം അന്ന് വയലാറില്‍ എത്തിയത്. പുന്നപ്രയില്‍ വെടിവയ്പ്പ് കഴിഞ്ഞയുടനെ പാര്‍ട്ടി ഒരു മെസഞ്ചര്‍ വശം ടി വി തോമസിന് ഒരു കത്ത് കൊടുത്തിവിട്ടിരുന്നു. വയലാറില്‍ വെടിവയ്പ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നും ക്യാമ്പ് പിരിട്ടുവിടണമെന്നും കാണിച്ചായിരുന്നു കത്ത്. കത്ത് ടിവിക്ക് കിട്ടിയില്ല. അതിനു മുമ്പേ മെസഞ്ചറെ പോലീസ് പിടിച്ചു. വെടിവയ്പ്പിന് പട്ടാളത്തിന് ഒത്താശ ചെയ്തുകൊടുക്കാനായി ചേര്‍ത്തലക്കാരനായൊരു സ്വര്‍ണ്ണക്കച്ചവടക്കാരന്‍, എന്‍ ഡി തോമസ് ഉണ്ടായിരുന്നു. ഈ തോമസിന് കുമാരപ്പണിക്കരോട് ശത്രുതയായിരുന്നു. ചേര്‍ത്തലയില്‍ തോമസിന്റെ വീടിനോട് ചേര്‍ന്നുള്ളൊരു കെട്ടിടം കപ്പ കച്ചവടത്തിനെന്ന പേരില്‍ കുമാരപ്പണിക്കര്‍ വാടകയ്‌ക്കെടുത്തു. അതുപക്ഷേ തൊഴിലാളികളെ സംഘടിപ്പിക്കാനായിരുന്നു. വൈകുന്നേരമാകുമ്പോള്‍ അവിടെ മുഴുവന്‍ തൊഴിലാളികളും ഒത്തുകൂടും. ഇത് തോമസിന് ഒട്ടും രസിച്ചിരുന്നില്ല. ആ വൈരാഗ്യം അയാള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. പാട്ടാളത്തെ കൊണ്ട് കുമാരപ്പണിക്കാരെ വകവരുത്താനായിരുന്നു അയാളുടെ ലക്ഷ്യം. കുമാരപ്പണിക്കരെ കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പട്ടാളം അദ്ദേഹത്തിന്റെ വീട് അടിച്ചു തകര്‍ത്തു. വീട്ടുസാധനങ്ങളെല്ലാം നാട്ടുകാര്‍ക്ക് പെറുക്കിക്കൊടുത്തു (പിന്നീട് ഇവയെല്ലാം നാട്ടുകാര്‍ സികെയുടെ വീട്ടില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തതു).

വെടിവപ്പിന് ശേഷം
വെടിവയ്പ്പിന്റെ അന്നു വൈകുന്നേരം തന്നെ പട്ടാളം വയലാറില്‍ നിന്ന് പോയെങ്കിലും ചേര്‍ത്തലയില്‍ തങ്ങി. ഒരാഴ്ച്ചയോളം ഇവിടെ വന്നു റോന്തു ചുറ്റുമായിരുന്നു. കമ്യൂണിസ്റ്റുകാര്‍ പലരും ഒളിവാലായിരുന്നല്ലോ. അവരെ തിരക്കിയിറങ്ങുന്നതാണ്. എന്നാല്‍ പറഞ്ഞുകേള്‍ക്കുന്നതുപോലെ പട്ടാളം ആരെയും ഉപദ്രവിച്ചിട്ടൊന്നുമില്ല. വീടുകളില്‍ കയറിനോക്കും. ചിലപ്പോള്‍ ഭീഷണിപ്പെടുത്തും, അത്രയേയുള്ളൂ. ഒരു സംഭവം കേട്ടിട്ടുണ്ട്. വെടിവപ്പിന്റെ അന്ന് പട്ടാളം റോന്തു ചുറ്റുന്നതിനിടയില്‍ ഒരു വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയും അവരുടെ അമ്മയും പേടിച്ചിരിക്കുന്നതുകണ്ടു. പട്ടാളക്കാര്‍ അവരെ ആശ്വസിപ്പിക്കുകയും കൈയിലുണ്ടായിരുന്ന ഭക്ഷണം അവര്‍ക്ക് കഴിക്കാന്‍ കൊടുക്കുകയും ചെയ്തു. ആ സ്ത്രീ അന്ന് തന്നെ പ്രസവിച്ചു. പക്ഷേ, പ്രസവത്തോടെ അവര്‍ മരിച്ചു. പാണ്ടിക്കരി എന്നൊരു വലിയ തറവാട് വയലാറിലുണ്ട്. പട്ടാളം അവിടെവച്ച് നാട്ടുകാര്‍ക്ക് അരിയും മറ്റും വിതരണം ചെയ്തിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധരൊക്കെ അതു ചെന്നു വാങ്ങുമായിരുന്നു.

വയലാറിലെ അഞ്ചു കമ്യൂണിസ്റ്റുകാര്‍
വയലാറില്‍ അന്ന് പാര്‍ട്ടി അംഗത്വമുള്ളത് അഞ്ചുപേര്‍ക്കാണ്. കെ സി വേലായുധന്‍, നാരപ്പന്‍, എന്‍ ഡി വര്‍ക്കി, അമ്മാവന്‍ മാധവന്‍, ചക്കമംചിറ രാമന്‍കുട്ടി (എന്റെ സഹോദരന്‍). ഇന്ന് അയ്യായിരത്തിലേറെക്കാണും ഇവിടെ കമ്യൂണിസ്റ്റൂകാര്‍. പക്ഷേ ആ അഞ്ചുപേര്‍ ചെയ്തതൊന്നും ഇപ്പോഴുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. തൊഴിലാളി വര്‍ഗ്ഗത്തിന്റെ കമ്യൂണിസമായിരുന്നു അന്ന്. തൊഴിലാളി ഒരാവലാതി പറഞ്ഞാല്‍ അതിന് പരിഹാരം കണ്ടിട്ടേ അന്നത്തെ കമ്യൂണിസ്റ്റുകാരന്‍ ഉറങ്ങത്തുള്ളായിരുന്നു. അതുകൊണ്ട് അടിസ്ഥാനവര്‍ഗം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കീഴില്‍ ഉറച്ചുനിന്നു. എന്റെ കുടുംബം തുടക്കംതൊട്ട് അടിയുറച്ച പാര്‍ട്ടി വിശ്വാസികളായിരുന്നു. പലപ്പോഴും പാര്‍ട്ടി മീറ്റിംഗുകള്‍ കൂടുന്നത് ഞങ്ങളുടെ വീട്ടില്‍വച്ചാണ്. പലനേതാക്കളും അന്നവിടെ വന്നുപോകുമായിരുന്നു. പിന്നീട് കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന കാലത്ത് പലരും ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിട്ടുണ്ട്. അതാരൊക്കെയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ചേട്ടന്‍ ഒന്നും ഞങ്ങളോട് പറയുകയുമില്ല. എന്നാല്‍ വീട്ടിലെ തട്ടിന്‍പുറത്ത് ഒളിവിലുരുന്ന ഒരു സഖാവിനെ പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ആ പേര് കേട്ടപ്പോള്‍ ഉണ്ടായ തരിപ്പ് ഇന്നും എന്നില്‍ നിന്ന് വിട്ടുപോയിട്ടില്ല-സഖാക്കന്മാരുടെ സഖാവ് പി കൃഷ്ണപിള്ളായിയിരുന്നു അത്. ഒരു ദിവസം വീട്ടില്‍ പാര്‍ട്ടി മീറ്റിംഗ് കൂടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരാള്‍ വന്ന് അറിയിക്കുന്നത്; കൃഷ്ണപിള്ള സഖാവ് മുഹമ്മയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ചെന്ന്. അപ്പോഴാണ് ചേട്ടന്‍ ഞങ്ങളോട് പറയുന്നത്- നമ്മുടെ വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്നയാളാണ് കൃഷ്ണപിള്ളയെന്ന്.

വീട്ടിലെ തട്ടിന്‍പുറം അന്നത്തെ കമ്യൂണിസ്റ്റുകരുടെ പ്രധാന ഒളിത്താവളം ആയിരുന്നു. എന്റെ അമ്മയ്ക്ക് നല്ല ധൈര്യമാ യിരുന്നു. പട്ടാളമോ പോലീസോ വീട്ടില്‍ തിരക്കിവന്നാല്‍ അമ്മ അവരോട് തട്ടിക്കയറും. പിന്നീട് പട്ടാളം വീട്ടില്‍ കയറി അക്രമം കാണിച്ചിട്ടുണ്ടെങ്കിലും ഒളിച്ചിരുന്ന ഒരാളെയും ഞങ്ങളുടെ വീട്ടില്‍ നിന്ന് പിടികൂടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒളിവിലിരിക്കുന്നവര്‍ക്ക് കഞ്ഞി വിളമ്പി കൊടുക്കുന്നത് എന്റെ ചുമതല യാണ്. ഞങ്ങളുടെ വീടിന് ചുറ്റും അന്ന് ക്രിസ്ത്യാനികളാണ്. അവരൊക്കെ ബ്രിട്ടീഷ് പക്ഷമാണ്. അതുകൊണ്ട് കഞ്ഞികൊടുക്കുന്ന സമയമാകുമ്പോള്‍ അമ്മ പുറത്ത് വേലിക്കലിറങ്ങി നില്‍ക്കും. ആരെങ്കിലും വരുന്നുണ്ടോയെന്നറിയാന്‍. ഈ സമയം ഞാന്‍ കഞ്ഞി കൊടുക്കും. ഒരു ദിവസം അമ്മ വീട്ടില്‍ ഇല്ലാതിരുന്നപോള്‍ ഒരു സഖാവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ട ചുമതല എനിക്കായിരുന്നു. ഞാന്‍ ഉണ്ടാക്കിയ കഞ്ഞിയും കൂട്ടാനും അദ്ദേഹം സ്വാദോടെ കുടിച്ചു. കുറച്ചു കഴിഞ്ഞ് ചേട്ടന്‍ വന്നു. കൂട്ടാനെടുത്ത് വായില്‍ വച്ചപ്പോഴാണ് ചേട്ടന്‍ പറയുന്നത് ഇതിനൊട്ടും ഉപ്പില്ലല്ലോടിയെന്ന്. ഞാന്‍ പെട്ടെന്ന് തട്ടിലിരിക്കുന്ന സഖാവിനെ നോക്കി- അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. സാരമില്ലെന്ന് തലയാട്ടി.

വിറകു കീറുന്ന എകെജി
വെടിവപ്പിനുശേഷം ഒരിക്കല്‍ എകെജിയും വയലാറില്‍ ഒളിവില്‍ താമസിക്കാനെത്തിയിരുന്നു. അന്നദ്ദേഹം ഒളിവിലിരുന്നത് വയലാര്‍ രവിയുടെ വീട്ടിലാണ്. രവിയുടെ അമ്മ ദേവകി ചേച്ചിയും അച്ഛന്‍ കൃഷ്ണന്‍ ചേട്ടനും അന്ന് കമ്യൂണിസ്റ്റുകാരായിരുന്നു. എകെജിയെ തേടി ഒരു ദിവസം അവിടെ പോലീസ് എത്തി. ദേവകി ചേച്ചി ഉടന്‍ തന്നെ അകത്തിരുന്ന കോടാലിയെടുത്ത് എകെജിയുടെ കൈയില്‍ കൊടുത്തിട്ട് പുറത്തി കിടക്കുന്ന വിറക് കീറിക്കോളാന്‍ പറഞ്ഞു. പോലീസ് വീട്ടിലെത്തിയപ്പോള്‍ ഒരു കൂസലുമില്ലാതെ അകത്തുകേറി പരിശോധിച്ചോളാന്‍ പറഞ്ഞു. പോലീസുകാര്‍ക്ക് ആരെയും വീടിനകത്ത് നിന്ന് കിട്ടിയില്ല. പോകാാന്‍ നേരത്താണ് വിറകുകീറുന്നയാളെ കാണുന്നത്. എന്നാല്‍ ആയാളെക്കൂടി ഒന്നു ചോദ്യം ചെയ്‌തേക്കാമെന്ന് പോലീസുകാര്‍ പറഞ്ഞു. ഉടനെ കൂട്ടത്തിലുണ്ടായിരുന്ന എസ് ഐ അവരെ തടഞ്ഞു. നിങ്ങള്‍ പുറത്തേക്കു പോയ്‌ക്കോളൂ ഞാന്‍ പോയി അയാളോട് സംസാരിക്കാമെന്ന് എസ് ഐ. എസ് ഐ അടുത്തേക്ക് വരുന്നത് കണ്ട് എകെജി കരുതലോടെ നില്‍ക്കുകയാണ്. അടുത്തെത്തിയ ആ പോലീസുകാരന്‍ ശബ്ദം താഴ്ത്തി പറഞ്ഞു- ‘സഖാവേ…കഴിവതും വേഗം ഇവിടെ നിന്ന് രക്ഷപ്പെട്ടോളണം’. എകെജിയെ സ്‌നേഹിക്കുന്നവരില്‍ ഒരാളായിരുന്നു ആ എസ്‌ഐയും.

എകെജിയുടെയും ഇംഎസ്സിന്റെയുുമൊക്കെ പ്രസംഗമുണ്ടെന്ന് കേട്ടാല്‍ ഞങ്ങളെല്ലാവരും പോകും. ഉത്സവത്തിന് പോകുന്നപോലെയാണത്. ഒരിക്കല്‍ വയലാറിനടുത്തുള്ള കൊല്ലപ്പള്ളിയില്‍ എകെജിയുടെ പ്രസംഗമുണ്ടായിരുന്നു. ഇന്നും ഞാനോര്‍ക്കുന്നുണ്ട്. ‘പാഠം ഒന്ന് പശു നമുക്ക് പാലു തരും, പാലു കുടിക്കാഞ്ഞാല്‍ അമ്മ കരയും അമ്മ കരഞ്ഞാല്‍ ഞാന്‍ പാലു കുടിക്കും. ഇതുവായിച്ചു പഠിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക്പാലിന്റെ നിറം എന്താണെന്നുപോലും അറിയില്ല”-അദ്ദേഹത്തിന്റെ വാക്കുകളാണിത്.

പലരും അന്നു പറയുമായിരുന്നു എകെജിയുടെ കാലം കഴിഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുമെന്ന്. അന്നൊക്കെ ഞങ്ങള്‍ പറയും, ഒരിക്കലുമില്ല, അദ്ദേഹം കൊളുത്തിതന്നിട്ടുള്ള ജ്വാല കെടാതെ സൂക്ഷിക്കാന്‍ പതിനായിരങ്ങള്‍ പുറകിലുണ്ടെന്ന്. എന്നാല്‍ ഇന്നത്തെ കമ്യൂണിസം കാണുമ്പോള്‍ മനസ്സിലാകുന്നൂ, എകെജിയും ഇഎമ്മുമൊന്നും ഇല്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി വേറെ എന്തൊക്കെയോ ആയിരിക്കുന്നൂ. ആര്‍ക്കുവേണ്ടിയാണ് ഇന്ന് നേതാക്കന്മാര്‍ കമ്യൂണിസം പ്രവര്‍ത്തിക്കുന്നത്? മുതലാളിമാര്‍ക്കുവേണ്ടി. തൊഴിലാളിയേയും പാവപ്പെട്ടവനേയും നോക്കാന്‍ നേരമില്ല. മാറിയ ലോകത്ത് പ്രസ്ഥാനത്തിനും മാറ്റം സംഭവിച്ചിരിക്കുന്നു. ആ മാറ്റം പാര്‍ട്ടിയ്ക്കുമേലുള്ള ജനങ്ങളുടെ വിശ്വാസത്തിനാണ് ദോഷം വരുത്തിയത്. കൃഷ്ണപിള്ള സഖാവ് പറഞ്ഞത്- സഖാക്കളെ മുന്നോട്ടെന്നാണ്. ഇപ്പോള്‍ എന്നെപ്പോലെ പലരും പിന്നോട്ട് കാലുവച്ചുപോവുകയാണ്. അതിനു ഞാനൊരിക്കലും പ്രസ്ഥാനത്തെ കുറ്റപ്പെടുത്തില്ല, അതിനെ നയിക്കുന്നവരെയാണ് എതിര്‍ക്കുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

സമരഭൂമിയില്‍
ഞാന്‍ കുറ്റപ്പെടുത്തുക ഇടതുപക്ഷത്തെയാണ് – ഡോ.കെ ശാരദാമണി
എന്‍റെ ഞരമ്പുകളിലോടുന്നത് കമ്യൂണിസ്റ്റ് രക്തം- കെ കെ രമ
അച്യുതാനന്ദന്‍റെ ഇമേജിനെക്കുറിച്ച് ആര്‍ക്കാണ് വേവലാതി?

 

 

എന്നാലും പാര്‍ട്ടിയില്‍ നിന്ന് മാറി ജീവിക്കാന്‍ വയ്യ. കമ്യൂണിസത്തെ തള്ളിപ്പറയാനും ആവില്ല. ലോകത്തിന് എന്നും കമ്യൂണിസം ആവശ്യമാണ്. മാര്‍ക്‌സ് എഴുതിയതിലും മുകളില്‍ ആരും ഈ ലോകത്തിനുവേണ്ടി ഒന്നുമെഴുതിയിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒന്നുറപ്പുണ്ട്, ഈ ലോകത്തെ തിരിച്ചുപിടിക്കാന്‍ കമ്യൂണിസം വീണ്ടും ഉണര്‍ന്നെഴുന്നേല്‍ക്കും. അതിവിടെയും സംഭവിക്കും. അതു കാണാന്‍ ഞാനുണ്ടാവില്ലായിരിക്കും. എനിക്കതില്‍ വിഷമമില്ല. ഇവിടെ വെടിയേറ്റുവീണ ഓരോരുരത്തരും തങ്ങള്‍ക്കൊരു നല്ലകാലം വരാനല്ല ആഗ്രഹിച്ചത്, വരുന്ന തലമുറയ്ക്കുവേണ്ടിയാണ് അവര്‍ സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയത്.

സെമിത്തേരിയിലെ കുരിശിലും പാറിയ ചെങ്കൊടി
വെടിവയ്പ്പ് കഴിഞ്ഞുള്ള ആദ്യ വര്‍ഷങ്ങളില്‍ അതിന്റെ ആചരണം നടത്താന്‍ കമ്യൂണിസ്റ്റുകാരെ അനുവദിച്ചിരുന്നില്ല. പിന്നീട് ഉണ്ണിത്താന്‍ ദിവാനാണ് അനുമതി നല്‍കുന്നത്. ആദ്യ വര്‍ഷം വാര്‍ഷികാചരണം കളവംകോടത്തുവച്ചായിരുന്നു. പിന്നീടാണ് വയലാറിലേക്ക് മാറ്റിയത്. അന്ന് തൊട്ട് ഒരുകൊല്ലവും ആ മണ്ണിലേക്ക് ഞാന്‍ പോകാതിരുന്നിട്ടില്ല. അന്നൊക്കെ ഇതിലും വലിയ ആവേശമാണ്. തുലാം ഒമ്പതിന് രാത്രി വീട്ടിലുണ്ടെങ്കില്‍ ചേട്ടന്‍ പുലര്‍ച്ചെ വിളിച്ചേക്കാന്‍ അമ്മയെ ചട്ടം കെട്ടും. അമ്മയ്ക്കറിയാം എവിടെ പോകാനാണെന്ന്. ഉറങ്ങാതെ കാത്തിരുന്ന് അമ്മ ചേട്ടനെ വിളിച്ചുണര്‍ത്തും. ആ സഖാക്കന്മാര്‍ പുലരും മുമ്പേ വയലാറിനെ അന്നേ ദിവസം ചെങ്കൊടി കൊണ്ട് മൂടും. കായലില്‍ ഒതളങ്ങയില്‍ ചെങ്കൊടി കുത്തി ഒഴുക്കും. വയലാറിലെ കായലിന് അന്നു ചുവപ്പും നിറമാണ്. അവിടെ മാത്രമല്ല, പള്ളി സെമിത്തേരിയിലെ കുഴിമാടങ്ങില്‍ കുത്തിയിരിക്കുന്ന കുരിശുകളില്‍പോലും അവര്‍ ചെങ്കൊടി കുത്തും. ഈ കാര്യമൊക്കെ ചേട്ടന്‍ വീട്ടില്‍ വന്നു അമ്മയോടു പറയും. അമ്മ ചേട്ടനെ ആവേശത്തോടെ ചേര്‍ത്തു പിടിക്കും.

ഇന്നും ആ മണ്ണിലേക്ക് കയറി ചെല്ലുമ്പോള്‍ ശരീരം കത്തുന്നതുപോലെ തോന്നും. പുറത്തെ ആരവങ്ങളെ നിശബ്ദമാക്കി കൊണ്ട്, ആ മണ്ണിനടിയില്‍ കിടക്കുന്ന എന്റെ സഖാക്കളുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങും

സഖാക്കളെ… ഈ സമരം ഞങ്ങള്‍ക്കുമാത്രല്ല, നിങ്ങള്‍ക്കുകൂടിവേണ്ടിയാണ്.
ശരീരത്തിന് എന്തവശതയുണ്ടെങ്കിലും ഞാനതെല്ലാം മറക്കും- കൈയുയര്‍ത്തി ഉറക്കെയൊരു മുദ്രാവാക്യം വിളിക്കും- രക്തസാക്ഷികള്‍ സിന്ദാബാദ്…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍