TopTop
Begin typing your search above and press return to search.

ഇതൊരു കഥയാണ്; എന്നാല്‍ ഭാഗിയമ്മയുടെ ജീവിതത്തെ കഥയെന്ന്‍ വിളിക്കാമോ?

ഇതൊരു കഥയാണ്; എന്നാല്‍ ഭാഗിയമ്മയുടെ ജീവിതത്തെ കഥയെന്ന്‍ വിളിക്കാമോ?

രാജലക്ഷ്മി ലളിതാംബികഭാഗിയമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് രാവിലെ അഞ്ചുമണിയോടെയാണ്. പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ നേരെ അടുക്കളയിലേക്ക്; മരുമകളെ മര്യാദ പഠിപ്പിക്കലാണ് അവിടെ പണി. അത് കഴിഞ്ഞാല്‍ ഉറങ്ങിക്കിടക്കുന്ന ചെറുമക്കളെ മര്യാദ പഠിപ്പിക്കല്‍. രാവിലെ ഉണരേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി എന്നും കാലത്ത് ഒരു പ്രസംഗം കാച്ചിയ ശേഷം കക്ഷി പുറത്തേക്കിറങ്ങും. വഴിയിലൂടെ പോകുന്ന പാല്‍ക്കാരന്‍, പത്രക്കാരന്‍, വെള്ളം കോരാന്‍ പോകുന്ന പെണ്ണുങ്ങള്‍, സ്‌കൂളിലും കോളേജിലും ജോലിക്കും പോകുന്ന ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവരും ഭാഗിയമ്മയുടെ നിശിതമായ വിര്‍ശനങ്ങള്‍ക്ക് പാത്രമാകും. വീടിനു പുറത്ത് സെക്യൂരിറ്റി പണി നടത്തുമ്പോഴും സമയാസമയം ആഹാരം കഴിക്കാനും മരുമക്കളെ ചീത്ത വിളിക്കാനും വീട്ടിനുള്ളിലേക്ക് പോകും. സ്‌കൂളില്‍ പോകുന്ന ചെറുമകളുടെ വസ്ത്രധാരണം, മുടികെട്ടുന്ന രീതി, ഇതിലൊന്നും കുഴപ്പമില്ലെന്ന് ഭാഗിയമ്മ ഉറപ്പുവരുത്തും.വീണ്ടും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി ആ റോഡ് വഴി പോകുന്ന കാക്കയോടും പൂച്ചയോടും മനുഷ്യരോടും നാലു ന്യായം പറയും. വൈകുന്നേരം വിളക്കുവച്ചു കഴിഞ്ഞാലും ആ നില്‍പ്പു തുടരും. ഭാഗിയമ്മയുടെ ന്യായം കേള്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രം റോഡുവഴി പോകാതെ വയലുചാടി കടന്നുപോകുന്നവരുണ്ട്. രാത്രി 11 മണിക്ക് മദ്യപിച്ച് ആടിയാടി വരുന്ന മകനോടൊപ്പം ഭാഗിയമ്മയും ഒരു ദിവസത്തെ റോഡ് ഡ്യൂട്ടി കഴിഞ്ഞ് അകത്തേക്ക് കയറും. പിന്നത്തെ ഡ്യൂട്ടി മുഴുവന്‍ വീട്ടിനുള്ളിലാണ്. ആ ഒരു ദിവസം മരുമകള്‍ കാണിച്ച തെറ്റുകള്‍ മുഴുവന്‍ ബോധമില്ലാതെ നില്‍ക്കുന്ന മകനോട് പറഞ്ഞു കേള്‍പ്പിച്ച് ആ സ്ത്രീക്ക് തല്ലുവാങ്ങി കൊടുക്കും.അവരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ഭാഗിയമ്മയുടെ ചില ഡയലോഗിങ്ങനെയാണ്. 'നീ എന്തു കരുതിയെടി, എന്റെ മോന്‍ എന്റെ വാക്കു കേള്‍ക്കില്ലെന്നോ. ഇപ്പോയെങ്ങനെയുണ്ട്. എടാ മോനേ, ഇവളു പറയുവാണ് നമ്മളിവള്‍ടെ വീട്ടുകാരെ പറ്റിച്ചാണീ കല്യാം നടത്തിയതെന്ന്. അവള്‍ക്കെത്ര അഹങ്കാരം ഉണ്ടെന്ന് നോക്കടാ...' ഇതൊക്കെ കൂടി ആകുമ്പോള്‍ അങ്ങേര് ഭാര്യയെ വീണ്ടും പൊതിരെ തല്ലും. മകന്റെ കല്യാണം വന്ന സമയത്ത് അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവിന്റെ ടെറസ്സ് വീട്ടില്‍ നിന്നുകൊണ്ട് ഭാഗിയമ്മ പറഞ്ഞത്രേ അതാണവരുടെ വീടെന്ന്. കല്ല്യാണവും നിശ്ചയവുമെല്ലാം അവിടെ വച്ച് നടത്തിയതുകൊണ്ട് അന്വേഷിച്ച് വന്നവര്‍ കൂടുതല്‍ തിരക്കിയുമില്ല. കല്യാണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പെണ്ണിനു മനസ്സിലായത് ഇതല്ല വീടെന്നും ആ വീടിന്റെ പിറകില്‍ കുറച്ചുമാറി ഓടിട്ട ചെറിയ വീടാണ് ഇവരുടെ ശരിക്കുള്ള വീടെന്നും. ബി.കോം വരെ പഠിച്ച ആ സ്ത്രീ ശേഷജീവിതം പുകയുന്തിയും അടികൊണ്ടും ജീവിച്ചു. ഇതൊക്കെയാണ് ഭാഗിയമ്മ. എന്നാല്‍ ഇതുമാത്രമല്ല ഭാഗിയമ്മ.

ഭാഗിയമ്മ നാട്ടില്‍ എന്റെ അയല്‍വാസിയാണ്. 75-80 അടുപ്പിച്ച് പ്രായമുണ്ടെങ്കിലും പയറുപോലെ നടക്കും. ഏഷണി, നുണ, കുശുമ്പ്, അസൂയ ഇതില്‍ പിഎച്ച്ഡി എടുത്ത സ്ത്രീരത്‌നം. 'ട്ട' പോലത്തെ തന്റെ നാട്ടിലെ പരിസരപ്രദേശങ്ങളല്ലാതെ മറ്റെങ്ങും ഒരു യാത്ര പോകാത്ത, ലോകം കാണാത്ത, ആ നാടിനപ്പുറവും കുറച്ചു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയാത്ത സ്ത്രീ. ഭാഗിയമ്മയെ വ്യത്യസ്തയാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. എന്റെ അറിവില്‍ ഏറ്റവും കൂടുതല്‍ തവണ ഹാര്‍ട്ട് അറ്റാക്ക് വന്ന വ്യക്തിയും ഭാഗിയമ്മയാണ്. മൂന്നു പ്രാവശ്യത്തില്‍ കൂടുതല്‍ അറ്റാക്ക് അതിജീവിച്ച ആരും എന്റെ അറിവിലില്ല. എന്നാല്‍ ഭാഗിയമ്മയ്ക്ക് അതൊരു എട്ട് തവണയെങ്കിലും വന്നു കാണും. നാട്ടില്‍ പൊതുവേ ഒരു പറച്ചിലുണ്ട്. 'ആ കിഴവിക്ക് തലവേദന വരുമ്പോലാണ് അറ്റാക്ക് വരുന്നത്. കംപ്ലീറ്റ് നമ്പരാണ്.'ഭാഗിയമ്മ്യ്ക്ക് ആദ്യം അറ്റാക്ക് വന്നത് തന്റെ ഏകമകള്‍ മറ്റൊരുത്തനെ സ്‌നേഹിക്കുന്നു എന്നറിഞ്ഞപ്പോഴാണ്. പെണ്ണിനെ ഇടിക്കേം തല്ലുകയും ഒക്കെ ചെയ്തു. പക്ഷെ അവള്‍ ഒരു തരിമ്പും വിട്ടുകൊടുത്തില്ല. അങ്ങനെ ഭാഗിയമ്മയ്ക്ക് അറ്റാക്ക് വന്ന ദിവസം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും ഭാഗിയമ്മ മകളോട് പിന്‍മാറാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഭാഗിയമ്മ മൂന്നുദിവസത്തിനുള്ളില്‍ തിരിച്ചെത്തി. പക്ഷേ പിന്നെ ഒരു മാസത്തേയ്ക്ക് മകളെ ആ പരിസരത്തെങ്ങും കണ്ടില്ല. ഭാഗിയമ്മ ഏതോ ബന്ധുവീട്ടിലേക്ക് മകളെ നാടുകടത്തി. ഒരു മാസത്തിനുശേഷം തിരിച്ചെത്തിയ മകള്‍ ഭാഗിയമ്മ നിശ്ചയിച്ച വിവാഹത്തിന് സമ്മതിച്ച് വിവാഹിതയായിപ്പോയി. അവര്‍ക്ക് രണ്ട് കുഞ്ഞുങ്ങള്‍ ആയതിനുശേഷവും ആ കാമുകന്‍ അവിവാഹിതനായി തുടര്‍ന്നു. ആ ഒരു വിഷയത്തെക്കുറിച്ച് നാലാള്‍ കൂടുന്ന സദസ്സിലൊക്കെ ഭാഗിയമ്മ വീമ്പിളക്കി. ''എന്റെ കൈയ്യില്‍ എന്തെല്ലാം മന്ത്രവിദ്യകളുണ്ടെന്ന് അവള്‍ക്കറിയില്ലല്ലോ. അവളെയല്ല അവള്‍ടെ അപ്പുറത്തുള്ളവളെ അനുസരിപ്പിക്കാന്‍ എനിക്കറിയാം. ആ എന്നോടാ അവളുടെ കളി.''ആ നാട്ടില്‍ എവിടെ വഴക്കുണ്ടായാലും അവിടെ ഭാഗിയമ്മ എത്തും. പ്രശ്‌നം പരിഹരിക്കാനല്ല, അത് ഇരട്ടിയാക്കാന്‍. ആ കാര്യത്തില്‍ അവര്‍ക്കുള്ള വൈഭവം മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. ഭാഗിയമ്മയുടെ വീടിനു താഴെയുള്ളൊരു വീട്ടിലെ നായര് പെണ്‍കുട്ടി അവിടെ പറമ്പില്‍ പണിക്കുവന്ന ഒരു പുലയച്ചെക്കനുമായി സ്‌നേഹത്തിലായി. ആയിടയ്ക്ക് ചെക്കനെ നാടുകടത്തിയിട്ട് അച്ഛനും അമ്മയും പെണ്‍കൊച്ചിന് കണക്കിനുകൊടുത്ത് മുറിയിലിട്ടടച്ചു. ഒരു ദിവസം രാവിലെ മുറിയില്‍ മകളെ കാണാത്ത അമ്മയുടെ നിലവിളി കേട്ട് നാട്ടുകാരു മൊത്തം ആ വീട്ടിലേക്ക് പാഞ്ഞു. റോഡ് കാവലുള്ള ഭാഗിയമ്മയാണ് ആദ്യം അവിടെയെത്തിയത്. അവിടെ പെണ്‍കൊച്ചിന്റെ അമ്മയെ സമാധാനപ്പെടുത്താന്‍ ആളുകള്‍ മത്സരിക്കുമ്പോള്‍ അതാ വരുന്നു ഭാഗിയമ്മയുടെ റോള്‍: ''എടീ മോളേ, അവള്‍ അവന്റെ കൂടെ ഒന്നും പോയതാവില്ല. വല്ല റെയില്‍വേ പാളത്തിലും വണ്ടീടെ മുന്നില്‍ ചാടിക്കാണുമോ എന്നാണ് എന്റെ സംശയം.''

നിലവിളിച്ചുകൊണ്ടിരുന്ന പെണ്‍കൊച്ചിന്റെ അമ്മയുള്‍പ്പെടെ എല്ലാ മനുഷ്യരും ഒരു മിനിറ്റ് നേരത്തേക്ക് നിശ്ചലരായിപ്പോയി. അതിനുശേഷം നാട്ടുകാര്‍ ഐക്യപ്പെട്ട് ഭാഗിയമ്മയെ അവിടുന്ന് ഓടിച്ചുവിട്ടു. പെണ്ണും ചെറുക്കനും വിവാഹം കഴിഞ്ഞ് ഇപ്പോഴും സുഖമായി ജീവിക്കുന്നു.ആയിടയ്ക്ക് ഭാഗിയമ്മയുടെ നാലാമത്തെ അറ്റാക്ക് വന്നത് ഇത്തിരി കടുപ്പത്തിലായിരുന്നു. ഓരോ അറ്റാക്കു വരുമ്പോഴും നാട്ടുകാര്‍ അല്‍പ്പം സന്തോഷത്തോടെയാണ് ആംബുലന്‍സ് വരെ അനുയാത്ര ചെയ്യുക. മൂന്നെണ്ണം കഴിഞ്ഞതോടെ ഇത് ഇരട്ടച്ചങ്ക് ആണെന്ന് മനസ്സിലായ നാട്ടുകാര്‍ അനുയാത്ര നിര്‍ത്തിവച്ചിരുന്നു. പക്ഷെ നാലാമത്തെ അറ്റാക്കില്‍ നിന്നും പുറത്തുവരാന്‍ രണ്ട് മാസത്തോളം പിടിച്ചു. അതിന് കാരണമിതായിരുന്നു. മന്ത്രവാദം നടത്തി കെട്ടിച്ചുവിട്ട മകള്‍ കെട്ടിയോനെ ഉപേക്ഷിച്ച് രണ്ട് കുട്ടികളുമായി, അക്കാലം വരെയും അവിവാഹിതനായി തുടര്‍ന്ന കാമുകന്റെ ഒപ്പം പോയി. അതുവരെ നാട്ടിലും വീട്ടിലുമുള്ള സകലമാന മനുഷ്യരെയും മര്യാദ പഠിപ്പിച്ച ഭാഗിയമ്മയുടെ മകളുതന്നെ ഇത്ര വലിയൊരു തെറ്റു ചെയ്തു എന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അമ്മയ്ക്ക് താന്‍ കാരണമുണ്ടായ ഈ അറ്റാക്കിന് മകളും വലിയ വില നല്‍കിയില്ല. ഇപ്പോഴും ആ പഴയ കാമുകനോടൊപ്പം മൂന്നാമതൊരു കുഞ്ഞുമായി അവര്‍ സുഖമായി ജീവിക്കുന്നു.നാട്ടില്‍ നിന്നുവരുന്ന എല്ലാ ഫോണ്‍വിളിയിലും ഞാന്‍ മറക്കാതെ അന്വേഷിക്കുന്ന വ്യക്തിയാണ് ഭാഗിയമ്മ. പഴയപോലെ മരുമോളേയും നാട്ടുകാരേയും മര്യാദ പഠിപ്പിച്ച്, പറന്നുപോകുന്ന ഈച്ചയോടുപോലും വഴക്കടിച്ച്, ഇടയ്ക്കിടയ്ക്ക് അറ്റാക്ക് വന്ന് ഭാഗിയമ്മ മുന്നേറിക്കൊണ്ടിരിക്കുന്നു. എന്റെ അറിവില്‍ എ്ട്ട് പ്രാവശ്യമെങ്കിലും ഭാഗിയമ്മയ്ക്ക് അറ്റാക്ക് വന്നുകാണും. എട്ടാമത്തെ അറ്റാക്ക് വന്ന ദിവസം നാട്ടില്‍ നിന്നും കസിന്‍ വിളിച്ചു. 'ചേച്ചി ഭാഗിയമ്മ മരിച്ചു'. എനിക്കാദ്യം ചിരിയാണ് വന്നത്. നീ ചുമ്മാതിരിക്ക് നാളെ രാവിലെ പറന്നുവരും ആള്. 'ഇല്ല ചേച്ചീ, ശരിക്കും ആളു പോയി.' ഭാഗിയമ്മയെ കാണാന്‍ നേരം വെളുത്തയുടനെ വണ്ടി കയറി എത്തിയത് കൃത്യസമയത്തായിരുന്നു. ഭാഗിയമ്മയെ ചിതയിലേക്കെടുക്കുന്നു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം മകള്‍ എല്ലാവരോടും ചിരിച്ചും വിശേഷം തിരക്കിയും നടക്കുന്നു. ബന്ധുക്കളും ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു. ഭാഗിയമ്മ തല്ല് മാത്രം വാങ്ങിക്കൊടുത്ത മരുമകള്‍ മാത്രം നിര്‍ത്താതെ കരഞ്ഞുകൊണ്ടേയിരുന്നു.(അധ്യാപികയാണ് രാജലക്ഷ്മി)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories