TopTop
Begin typing your search above and press return to search.

ഭാരതരത്നം: വാജ്പേയിക്കല്ല, ഇത് മാളവ്യക്കുള്ള ഗുരുവന്ദനം

ഭാരതരത്നം: വാജ്പേയിക്കല്ല, ഇത് മാളവ്യക്കുള്ള ഗുരുവന്ദനം

ശ്രീജിത് ദിവാകരൻ

ഭാരതരത്‌നം എന്ന ഏര്‍പ്പാടിനെ തമാശയാക്കി മാറ്റിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഭാരതരത്‌നം ശുപാര്‍ശ ചെയ്യേണ്ടത് പ്രധാനമന്ത്രിയാണ്. 1955-ല്‍ ജവഹര്‍ ലാല്‍ നെഹ്രുവും 1971-ല്‍ ഇന്ദിരാ ഗാന്ധിയും പ്രധാനമന്ത്രിയായിരിക്കേ സ്വയം ശുപാര്‍ശ ചെയ്ത് ഭാരതരത്‌നം ഏറ്റുവാങ്ങി. എന്നാല്‍ ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ ആഹ്ലാദത്തില്‍ രാഷ്ട്രപതി വി.വി.ഗിരി പ്രധാനമന്ത്രി ഇന്ദിരക്ക് ഭാരതരത്‌നം നല്‍കാന്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ഭാഷ്യം. എന്തായാലും അടുത്ത ഭാരതരത്‌നം വി.വി.ഗിരിയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബ്രാഹ്മണ-ബനിയ-കായസ്ഥ കുടംബങ്ങളില്‍ പെട്ടവര്‍ക്കും മാത്രമായിരുന്നു ആദ്യ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭാരതരത്‌ന വിതരണം. തെലുഗു, തമിഴ് ബ്രാഹ്മണര്‍ ആദ്യ മൂന്ന് ഭാരതരത്‌നങ്ങളായത് യാദൃശ്ചികമാകാം. തുടര്‍ന്നെന്തായാലും ഭാരതരത്‌ന പുരസ്‌കാരങ്ങള്‍ തേടിയെത്തിയതില്‍ ഭൂരിപക്ഷവും ബ്രാഹ്മണരായിരുന്നു.

ഇതുവരെ പ്രഖ്യാപിച്ച 45 ഭാരതരത്‌നങ്ങളില്‍ സ്ത്രീകള്‍ നാലു പേരാണ്. ഇന്ദിരഗാന്ധി, മദര്‍ തെരേസ, എം.എസ്.സുബ്ബലക്ഷ്മി, അരുണഗാംഗുലി അഥവാ അരുണഅസഫലി. ദളിത്, ആദിവാസി സമൂഹത്തില്‍ പെട്ട ഒരേയൊരാള്‍ക്ക്. ആര്‍ക്ക്? സാക്ഷാല്‍ ഭീംജി റാവു അബേദ്കര്‍ക്ക്. എപ്പോള്‍? 1990-ല്‍. ഇന്ദിരാഗാന്ധിക്ക് പുരസ്‌കാരം ലഭിച്ച് 19 വര്‍ഷത്തിന് ശേഷം. ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവില്‍ നിന്ന് പ്രഭു പട്ടം വാങ്ങിയിട്ടുള്ള എഞ്ചിനീയറിങ് വിദ്വാനായ തെലുഗു ബ്രാഹ്മണന്‍ മോക്ഷഗുണ്ടം വിശ്വേശരയ്യര്‍ക്കും മഹാരാഷ്ട്രയിലെ സാമൂഹ്യ-വിദ്യാഭ്യാസ പ്രവര്‍ത്തകനായ ചിത്പവന്‍ ബ്രാഹ്മണ്‍ മഹര്‍ഷി കേശവ് കാര്‍വേയ്ക്കും സംസ്‌കൃത പണ്ഡിതനും മറ്റൊരു ചിത്പവന്‍ ബ്രാഹ്മണനുമായ ഡോ.പാണ്ഡുരംഗ് വാമന്‍ കാനെയ്ക്കും എന്തിന് എം.ജി.രാമചന്ദ്രന് വരെ ഭാരതരത്‌നം നല്‍കി കഴിഞ്ഞ ശേഷമാണ് ഡോ.അംബേദ്കറിന് ഭാരതരത്‌നം പ്രഖ്യാപിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരല്ല, വി.പി.സിങ്ങ് സര്‍ക്കാരാണ് ഇത് പ്രഖ്യാപിച്ചതും. നെല്‍സണ്‍ മണ്ടേലക്കൊപ്പം. 1989-ലെ പൊതുതിരഞ്ഞെടുപ്പിനായുള്ള രാജീവ് ഗാന്ധിയുടെ ചീപ് പൊളിറ്റിക്‌സായിരുന്നു എം.ജി.ആറിന്റെ മരണാനന്തര ഭാരതരത്‌നമെന്നത് കോണ്‍ഗ്രസുകാര്‍ പോലും സമ്മതിക്കും.

മദന്‍ മോഹന്‍ മാളവ്യയക്ക് ബി.ജെ.പി നല്‍കുന്ന ഭാരതരത്‌നം ഗുരുവന്ദനമാണ്. ആര്‍.എസ്.എസിനെ ഇപ്പോഴുള്ള രൂപത്തിലേയ്ക്ക് വളര്‍ത്തിയ മാധവ് സദാശിവ് ഗോള്‍വാള്‍ക്കറിന്റെ രാഷ്ട്രീയ ഗുരുവാണ് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ എന്ന പഴയ എ.ഐ.സി.സി അധ്യക്ഷന്‍. കോണ്‍ഗ്രസ് ഹൈന്ദവവിരുദ്ധമാണെന്ന് കണ്ടെത്തി ഹിന്ദുമഹാസഭ രൂപവത്‌രിക്കാന്‍ മുന്‍ കൈയ്യെടുത്തയാള്‍. പിന്നീട് ഹൈന്ദവ ചിന്താധാരയ്ക്ക് വെളിച്ചം പകര്‍ന്ന ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകന്‍.

എം.എസ്.ഗോള്‍വാള്‍ക്കര്‍ ഇവിടെ പ്രത്യക്ഷത്തില്‍ അധ്യാപകനായും പരോക്ഷത്തില്‍ മാളവ്യയുടെ ശിഷ്യനായും ജീവിച്ചിരിക്കേയാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുക്കാനെത്തിയ കേശവബലറാം ഹെഡ്‌ഗേവാര്‍, എം.എസ് ഗോള്‍വാള്‍ക്കറിനെ കണ്ടെത്തുന്നത്. പിന്നീട് സംഭവിച്ചതെല്ലാമാണ് സംഘചരിത്രം. അതുകൊണ്ട് തന്നെ നരേന്ദ്രമോദിയെ ഒരുകാലത്തും താത്പര്യമുണ്ടായിരുന്നിട്ടാല്ലാത്ത അടല്‍ ബിഹാരി വാജ്‌പേയിക്കുള്ള ഭാരതരത്‌നം അല്ല, ഇവിടെ പ്രധാനം; മറിച്ച് ഇത് മാളവ്യക്കുള്ളതാണ്.

(ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ് ലേഖകൻ)

*Views are personal


Next Story

Related Stories