TopTop
Begin typing your search above and press return to search.

ഭാര്‍ഗവിയെ നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷങ്ങള്‍

ഭാര്‍ഗവിയെ നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷങ്ങള്‍

വി കെ അജിത് കുമാര്‍


നിലാവുള്ള രാത്രി.

നീലവിശാലമായ ആകാശം.

പ്രപഞ്ചം അത്ഭുതസ്തബ്ദമായി രൂപരഹിതമായ കിനാവില്‍ മുഴുകി നില്‍ക്കുകയായി. ഒന്നും ഒരിലപോലും അനങ്ങുന്നില്ല. ഭയാനകമായ നിറഞ്ഞ നിശബ്ദത.

ഉയര്‍ന്ന കല്‍മതിലുകളാല്‍ ചുറ്റപ്പെട്ട വലിയ ഒരു പറമ്പ് നിറയെ വൃക്ഷങ്ങള്‍ . നടുക്കൊരു ചെറിയ രണ്ടുനില മാളിക. അതില്‍ വെളിച്ചമില്ല. ജനാലകളെല്ലാം അടഞ്ഞു കിടക്കുന്നു.

ഇലപ്പടര്‍പ്പുകളുടെ ഇടയിലൂടെ ദൂരെ റോഡില്‍ തെളിഞ്ഞു നില്‍ക്കുന്ന വിളക്കുകള്‍ അവ്യക്തതയോടെ മൂകമായ ഇരുളില്‍ ഭാര്‍ഗവീനിലയം.

'ഭാര്‍ഗവീനിലയ'ത്തിന്‍റെ തിരക്കഥ ആരംഭിക്കുന്നതിങ്ങനെയാണ്. നാടും നഗരവും ഭുഗോളവും കഴിഞ്ഞ് പ്രപഞ്ചം മുഴുവന്‍ അത്ഭുതസ്തബ്ദമായി രൂപരഹിതമായ കിനാവില്‍. വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന അതുല്യ സാഹിത്യകാരന്‍ സൃഷ്ടിച്ച ഈ രൂപരഹിതമായ കിനാവിനെ ‘ച്ചിരിപിടിയോളം’ വരുന്ന സിനിമ മാധ്യമത്തിലൂടെ സ്വാര്‍ത്ഥകമാക്കുകയായിരുന്നു എ. വിന്‍സെന്‍റ് എന്ന സംവിധായകന്‍. സുല്‍ത്താന്‍റെ ഭാവനയെ എങ്ങനെ ദൃശ്യവല്‍ക്കരിക്കും എന്നാദ്യമായി കാണിച്ചുതരികയായിരുന്നു ഭാര്‍ഗവീനിലയം.

‘പൊട്ടാത്ത പൊന്നിന്‍ കിനാവ് കൊണ്ട്’സ്ക്രീനില്‍ തലങ്ങും വിലങ്ങും കിഴ്മേലും ഉഞ്ഞാലാടി ഒരു തലമുറയെ സംഭ്രമിപ്പിച്ച ‘വിഷാദ മധുര മോഹനകാവ്യമായ’ ഭാര്‍ഗവി എന്ന യക്ഷിയെ മലയാളികള്‍ സ്നേഹിക്കാന്‍ തുടങ്ങിയിട്ട്, ‘ഏകാന്തതയുടെ അപാരതീരം പോലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളെ നമ്മള്‍ ഭാര്‍ഗവിനിലയം എന്ന് വിളിക്കാന്‍ തുടങ്ങിയിട്ട്, ‘താമസമെന്തേ വരുവാന്‍’ എന്ന് കാമുകന്‍ പാടാന്‍ തുടങ്ങിയിട്ട്, അന്‍പതു വര്‍ഷങ്ങളാകുന്നു. മലയാളത്തിലെ ആദ്യത്തെ സംഭ്രമ സിനിമ (Horror Film) കാഴ്ചയായിരുന്നു ഭാര്‍ഗവീനിലയം. അത് പിന്നിട് വന്ന ആ മാതിരി സിനിമകള്‍ക്ക്‌ ഒരു എന്‍സൈക്ലോപീഡിയയുമായി.
ഡ്രാക്കുള വായനയില്‍ ഭയത്തിന്‍റെ ഒരു ഗ്രാഫിനെപ്പറ്റി പറയാറുള്ളത് അത് ഒരിക്കലും കൂടുതല്‍ ഉയരുകയോ താഴുകയോ ചെയ്യുന്നില്ല എന്നാണ് അത് വിറപ്പിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ഭയത്തിന്‍റെ ഈയൊരവസ്ഥയ്ക്ക് പകരം സംഭ്രമവും ഉത്കണ്ഠയും, പ്രണയം പോലെ ക്രമാനുഗതമായി വളരുന്ന കാഴ്ചയാണ് ഭാര്‍ഗവീനിലയം നല്‍കിയത്.

നീലക്കുയില്‍ എന്ന റിയലിസ്റ്റിക് സിനിമ പുറത്തുവന്ന് പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ 1964ല്‍ ഒരുഗ്രന്‍ സിനിമ പ്രേക്ഷകര്‍ക്ക് നല്കണം എന്ന ചന്ദ്രതാര കമ്പനിയുടെ ആഗ്രഹത്തില്‍ രൂപപ്പെട്ടതായിരുന്നു 'ഭാര്‍ഗവീനിലയം'.

മദ്രാസില്‍ ചന്ദ്രതാര ഓഫിസില്‍ താമസിച്ചുകൊണ്ട് 'ഭാര്‍ഗവീനിലയം' എഴുതുമ്പോള്‍ അവിടെ ആ കാലത്തെ പ്രശസ്ത സിനിമപ്രവര്‍ത്തകരായിരുന്ന ശോഭന പരമേശ്വരന്‍ നായര്‍, അടൂര്‍ഭാസി ആര്‍ എസ് പ്രഭു, ടി കെ പരീക്കുട്ടി (ചന്ദ്രതാര) എന്നിവര്‍ കൊച്ചിയില്‍ നിന്നും എത്തുമായിരുന്നെന്ന്‍ ബഷീര്‍ അനുസ്മരിക്കുന്നുണ്ട്.

പി അബ്ദുള്ള 'ഭാര്‍ഗവീനിലയം' എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നതിങ്ങനെയാണ്.

‘സൗന്ദര്യാരാധകരും ചെറുപ്പക്കാരുമായ ഒരുകൂട്ടം ഫിലിം പ്രൊഫഷണലുകള്‍, വിദഗ്ദ്ധര്‍. അവര്‍ക്ക് വേണ്ടത് നീലക്കുയിലിനെ വെല്ലുന്ന തിരക്കഥ. സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന ജീനിയസ് അവരുടെ ഇടയില്‍ വന്നുപെട്ടിരിക്കുന്നു. ബഷീറില്‍ സിനിമയുടെ രോഗാണുക്കളെ കുത്തിവയ്ക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. ‘കടഞ്ഞില്‍’ ജ്വരമായതുകൊണ്ടായിരിക്കണം ഫലം 'ഭാര്‍ഗവീനിലയം' എന്ന ഉജ്ജ്വല തിരക്കഥ ബഷീറിന്‍റെ ആദ്യത്തെ ഉദ്യമം വിന്‍സെന്റിന്‍റെ ആദ്യത്തെ സംവിധാനം.

കലാകാരനായ ശശികുമാറിനോട് കലാരസികയും കലാകാരിയുമായ ഭാര്‍ഗ്ഗവിക്കുണ്ടാകുന്ന അടുപ്പം, പ്രേമം പിന്നെ വില്ലന്‍റെ ആഗമനം ഭാര്‍ഗ്ഗവിയുടെ കിണറ്റില്‍ ചാടിയുള്ള ‘ആത്മഹത്യ’. അതിന്‍റെ പൊരുള്‍ തേടുന്ന സാഹിത്യകാരന്‍. ബഷീറിന്‍റെതന്നെ നീലവെളിച്ചം എന്ന കഥയായിരുന്നു ഇതിന്‍റെ ആധാരം സത്യാന്വേഷകനായ സാഹിത്യകാരനിലും ശശികുമാറിലും ഒരുപോലെ തെളിഞ്ഞു നില്‍ക്കുന്നത് ബഷീറിന്‍റെ വ്യക്തിരൂപവും (self portrait). അനുരാഗത്തിന്‍റെ ദിനങ്ങളും നീലവെളിച്ചവും ഇതിന് സാക്ഷിയാകുന്നു. പിന്നിട് മലയാളത്തിന്‍റെ വെള്ളിത്തിരയിലെത്തിയ പല യക്ഷി കഥകളിലും ഈ കലാകാരന്‍- ആരാധിക ബന്ധം ആവര്‍ത്തിച്ചു വന്നു. 'മണിച്ചിത്രത്താഴി'ല്‍ പോലും. ഇവിടെയാണ് ബഷീറിന്‍റെ അനന്യത.

നല്ല ഫോട്ടോ ഗ്രാഫര്‍ എന്ന ഖ്യാതിയുണ്ടായിരുന്ന വിന്‍സെന്‍റ് തന്നെ ചിത്രം സംവിധാനം ചെയ്‌താല്‍ മതിയെന്ന നിര്‍ദ്ദേശം ബഷീറിന്റേതു തന്നെയായിരുന്നു.

‘ശോഭന പരമേശ്വരന്‍ നായരായിരുന്നു സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍. പാട്ടുകള്‍ എഴുതിയത് പി ഭാസ്കരന്‍ എന്ന അനുഗൃഹീത കവി തന്നെ. ഭാസ്കരനും വളരെ ശ്രദ്ധിച്ചു. അനര്‍ഘ നിമിഷം എന്ന എന്‍റെ പുസ്തകത്തിലുള്ള ചില ഗദ്യ കവിതകള്‍ പി ഭാസ്കരന്‍ പാട്ടാക്കിയിട്ടുണ്ട്. ഏകാന്തതയുടെ മഹാതീരം ....ഏകാന്തതയുടെ അപാരതീരം മനോഹരങ്ങളായ പാട്ടുകളാണ് പി ഭാസ്കരന്റെത്' (അവാര്‍ഡിനു നന്ദി-ലേഖനം- –ബഷീര്‍)

മധുര സുന്ദരമായ ഭാസ്കര കവനത്തിന് ഈണം പകര്‍ന്നത് ബാബുരാജും. താമസമെന്തേ വരുവാന്‍.... ഇന്നും പാടാന്‍ ആഗ്രഹിക്കാത്ത ഗായകര്‍ ഈ ഭൂമി മലയാളത്തില്‍ കാണുകയില്ല. ഏകാന്തതയുടെ അപാരതീരം പാടി കമുകറ പുരുഷോത്തമന്‍ അദ്ദേഹത്തിന്‍റെ പാട്ടിന്‍റെ ശൈലിയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നെ പി സുശീലയും യേശുദാസും ചേര്‍ന്ന് ആലപിച്ച ‘അറബിക്കടലൊരു മണവാളന്‍’ എന്ന ഗാനവും ശ്രദ്ധേയമായെങ്കിലും എസ് ജാനകിയുടെ 'വാസന്ത പഞ്ചമി നാളിലും' 'പൊട്ടാത്ത പൊന്നിന്‍ കിനാവ്‌ കൊണ്ടൊരു' എന്ന ഗാനവും നല്‍കിയ അനുഭവം തികച്ചും വ്യത്യസ്തമാണ്. ഉരുകി തെളിയും പോലെ രാവെട്ടത്തില്‍ തെളിഞ്ഞ കറുപ്പും വെളുപ്പും നിറഞ്ഞ സുന്ദര മുഖവുമായെത്തിയ വിജയ നിര്‍മ്മലയുടെ സാന്നിധ്യവും ജാനകിയുടെ ശബ്ദവും നല്‍കിയ നെഞ്ചിടിപ്പ് ഏറ്റു വാങ്ങാത്തവരില്ല. ഹിന്ദുസ്ഥാനിയില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് പൂര്‍വ മാതൃകകള്‍ ഉണ്ടായിരുന്നുവെങ്കിലും പാട്ടിന്‍റെ വശ്യതയിലും ഭാവത്തിലും അവയെപ്പോലും പിന്നിലാക്കാന്‍ ബാബുരാജിന്‍റെ മെലഡികള്‍ക്ക് കഴിഞ്ഞു.

അനുരാഗത്തിന്‍റെ ദിനങ്ങളിലൊന്നില്‍ കാമുകനായ ശശികുമാറും കാമുകി ഭാര്‍ഗ്ഗവിയും

ശശികുമാര്‍: പരമ സുന്ദരിയായ എന്‍റെ രാജകുമാരി പൊന്‍ കിനാവേ
ഭാര്‍ഗ്ഗവി: വല്ലതും പറഞ്ഞോ?
ശശികുമാര്‍: എന്‍റെ സുന്ദരിയായ രാജകുമാരി നിന്നെ ഞാന്‍ ആരാധിക്കുന്നു.എന്‍റെ സ്വപ്ന സുന്ദരി(രണ്ടുപേരും ആനന്ദ തുന്ദിലരായി അങ്ങനെ നോക്കിയിരുന്നു.)
ഭാര്‍ഗ്ഗവി: (പതുക്കെ) ഞാമ്മാന്തിയത് നൊന്തോ?
ശശികുമാര്‍: (ആവേശത്തോടെ) ച്ഛേ! നൊന്തില്ല ഒട്ടും (നെഞ്ചത്തടിച്ച് കൊണ്ട്) ഇപ്പോള്‍ പരമ സുഖം സുന്ദരമായൊരു നീറ്റല്‍..

സുന്ദരമായൊരു നീറ്റലായി പ്രണയത്തെ വരച്ച് കാണിക്കാന്‍ അതുവരെ മലയാള സിനിമ കാത്തിരിക്കുകയായിരുന്നു. പ്രണയത്തിന്‍റെ ഓര്‍മ്മയ്ക്കായി നായികയുടെ ചുരുള്‍ മുടി വെട്ടിയെടുത്ത് കവറിലാക്കി മരണം വരെ കൊണ്ടുനടക്കും എന്നുപറഞ്ഞ കാമുകനെ അന്നാദ്യമായി മലയാള സിനിമ കണ്ടു.’ശബ്ദങ്ങളില്‍’ ഒരിടത്ത് പറയുമ്പോലെ മൂത്രമൊഴിക്കുന്നതും ചൊറി മാന്തുന്നതുമായ സുഖം പോലെ തീവ്രമായ പ്രണയത്തിനിടയിലുണ്ടായ മാന്തലിന്റെ സുഖവും ഈ ലോകത്ത് മറ്റൊരിടത്തും കാണില്ല.
പ്രേംനസീറും മധുവും പി ജെ ആന്റണിയും അടൂര്‍ഭാസിയും കുതിരവട്ടം പപ്പുവും വിജയനിര്‍മ്മലയും 'ഭാര്‍ഗവീനിലയ'ത്തിലെ അന്തേവാസികളായെത്തിയപ്പോള്‍ അവിടെ വിരിഞ്ഞിറങ്ങിയത് ആ അഭിനേതാക്കളുടെ തന്നെ വ്യതിരിക്തമായ ഭാവങ്ങളായിരുന്നു.

പൊതുധാരയില്‍ നിന്നും അകന്നു നില്‍ക്കുകയും എന്നാല്‍ പൊതു വിഭാഗവുമായി അങ്ങേയറ്റം സംവദിക്കുകയും ചെയ്ത 'ഭാര്‍ഗവീനിലയം' അക്കാലത്തെ പുതു ശൈലി ചിത്രമായിരുന്നു.

'ഭാര്‍ഗവീനിലയ'ത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് ഒരിക്കല്‍ ബഷീര്‍ എഴുതിയത് ഭാര്‍ഗവിയെ വായിച്ച് യക്ഷി പേടി മാറിയ ഒരു പെണ്‍കുട്ടിയെ പറ്റിയായിരുന്നു. അവള്‍ കഥ കേള്‍ക്കാനായി അരൂപിയായ യക്ഷിയെ കാത്തിരിക്കുന്ന രസകരമായ കഥ.

ശരിയാണ്, കടമറ്റത്ത് കത്തനാരും കൊടുങ്ങല്ലൂര്‍ മാഹാത്മ്യവും വായിച്ച് ഭയന്നിരുന്ന മലയാളിയുടെ മനസ്സില്‍ കുടുകെട്ടുകയായിരുന്നു വശ്യ മോഹന സൗന്ദര്യമായ ഭാര്‍ഗവി. വേണമെങ്കില്‍ യക്ഷിയെ ഒന്ന് പ്രേമിക്കാം എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ അതായിരുന്നു 'ഭാര്‍ഗവിനിലയം'. പ്രതിഭാധനന്മാരുടെ ഒത്തുചേരല്‍ എന്ന് വിലയിരുത്തുമ്പോള്‍ പോലും ഇമ്മിണി ബല്യ സ്ഥാനം ആ വലിയ എഴുത്തിന്‍റെ ഉടമയ്ക്കാണ് “എഴുത്തുകൊണ്ട് ഞാന്‍ ജീവിക്കും എന്നൊരു ദൃഢനിശ്ചയത്തോടുകൂടിയാണ്‌ പേന കൈയിലെടുത്തത്‌. പേനയും ചുട്ടുനീറുന്ന കുറേയധികം അനുഭവങ്ങളും ലേശം ബുദ്ധിയും ഭാവനയും മറ്റൊന്നുമുണ്ടായിരുന്നില്ല “ -(അനുരാഗത്തിന്‍റെ ദിനങ്ങള്‍) എന്ന്‍ ശക്തമായി സുചിപ്പിച്ച ബേപ്പൂര്‍ സുല്‍ത്താന്‍. അതിന്‍റെ തെളിവാണ് ഭാര്‍ഗവിനിലയം.

(ഐ എച്ച് ആര്‍ ഡിയില്‍ ഉദ്യോഗസ്ഥനാണ് ലേഖകന്‍)


Next Story

Related Stories