ന്യൂസ് അപ്ഡേറ്റ്സ്

ഭോപ്പാല്‍: ചോദ്യങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍

രമാ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്) 

ഭീകരവാദക്കുറ്റം ചുമത്തപ്പെട്ട എട്ട് വിചാരണതടവുകാര്‍ മധ്യപ്രദേശിലെ ഭോപ്പാലിലെ തടവറയില്‍ നിന്നും തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു കാവല്‍ക്കാരന്റെ കഴുത്തറുത്തുകൊന്ന് വമ്പന്‍ മതിലുകള്‍ ചാടി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ കുറച്ചു മൈലുകള്‍ക്കകലെയുള്ള ഒരു ഗ്രാമത്തില്‍ അവരെ കണ്ടെത്തിയ പൊലീസ്, തുടര്‍ന്നു നടന്ന വെടിവെപ്പില്‍ അവരെ എല്ലാവരെയും വധിച്ചു.

പക്ഷേ, യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് നിരവധി സംശയങ്ങളും ചോദ്യങ്ങളും ഇപ്പോള്‍ ഉയരുന്നു. ഇത്രയും ഉയരമുള്ള തടവറ മതില്‍ എങ്ങനെയാണ് വെറും കിടക്കവിരി ഉപയോഗിച്ച് അവര്‍ ചാടിക്കടന്നത്? പിന്നീടവര്‍ പോലീസിന് കീഴടങ്ങാന്‍ തയ്യാറായിരുന്നുവോ? അവര്‍ സായുധരായിരുന്നോ? അത് നിരായുധരെ നേരിട്ടു വെടിവെച്ചുകൊന്നതാണോ?

സംഭവത്തിന്റെ ദൃക്സാക്ഷിയായ ഒരാള്‍ എടുത്ത ദൃശ്യത്തില്‍-ടെലിവിഷന്‍ ചാനലുകള്‍ പിന്നീട് കാണിക്കുന്നതിലും- ഒരു കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന അവരില്‍ ചിലര്‍ കൈകള്‍ പൊക്കുന്നത് കാണാം.

ഒരു പൊലീസുകാരന്‍ അപ്പോള്‍ പറയുന്നു,“നില്‍ക്കൂ, അവര്‍ നമ്മളോട് സംസാരിക്കാന്‍ ശ്രമിക്കുകയാണ്.”

മറ്റൊരു ദൃശ്യത്തില്‍ പൊലീസുകാരന്‍ നിലത്തു വീണുകിടക്കുന്ന ആളുകളുടെ ശരീരങ്ങള്‍ നോക്കുന്നു: “അവന് ജീവനുണ്ട്, കൊല്ലവനെ!” എന്നയാള്‍ പറയുന്നു. മറ്റൊരു പൊലീസുകാരന്‍ അനങ്ങാത്ത ആ ശരീരത്തിലേക്ക് വെടിവെക്കുന്നു. ഇതെല്ലാം ഇന്ത്യന്‍ ഭാരണകൂടത്തിന്റെ എക്സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളുടെ മോശം ചരിത്രത്തെക്കുറിച്ച് മാത്രമല്ല, ഭീകരവാദ വിരുദ്ധ നടപടികളെക്കുറിച്ചുള്ള പൊതുജന പരിശോധനയില്‍ സര്‍ക്കാരിനുള്ള അസഹിഷ്ണുതയിലേക്കും വിരല്‍ ചൂണ്ടുന്നു.

“അധികൃതരെയും പൊലീസിനെയും ചോദ്യം ചെയ്യുന്ന ഈ ശീലം നാം നിര്‍ത്തണം. ഇത് നല്ല സംസ്കാരമല്ല,” കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറയുന്നു. “പക്ഷേ ഇവിടെ ഇന്ത്യയില്‍ ആളുകള്‍ അനാവശ്യ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ശീലം വളര്‍ത്തുന്നത് നാം കാണുകയാണ്. ചില ദൃശ്യങ്ങള്‍ വെച്ചുകൊണ്ടു മാത്രം നിങ്ങള്‍ക്ക് അപകടമണി മുഴക്കാനാവില്ല.”

2011-ല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരോധിക്കപ്പെട്ട സ്റ്റുഡന്‍റ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവര്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, രാജ്യദ്രോഹം, കൊള്ള എന്നിവക്കാണ് അവര്‍ വിചാരണ നേരിട്ടിരുന്നത്.

“അവരെ കൊല്ലുകയല്ലാതെ പൊലീസിന് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. അവര്‍ കൊടും ഭീകരരായിരുന്നു,” മധ്യപ്രദേശ് സര്‍ക്കാരിലെ മന്ത്രി ഭൂപെന്ദ്ര സിങ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ നിന്നും നാല് തോക്കുകളും മൂന്നു മൂര്‍ച്ചയുള്ള ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഇത്തരം കൊലപാതകങ്ങള്‍ ഇന്ത്യയില്‍ എന്നും വിവാദമായിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ പിന്തുടര്‍ന്ന് വെടിവെച്ചു കൊല്ലുന്നതിനെ പൊലീസ് “ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍” എന്നാണ് വിളിക്കുന്നത്. പക്ഷേ പൌരാവകാശ പ്രവര്‍ത്തകര്‍ അതിനെ ‘വ്യാജ ഏറ്റുമുട്ടല്‍/നിയമബാഹ്യ കൊലപാതകങ്ങള്‍’ എന്നു വിശേഷിപ്പിക്കുന്നു.

തിങ്കളാഴ്ച്ചത്തെ കൊലപാതകങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടും സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കില്ലെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആവശ്യപ്പെടുന്നു.

“പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. കൊല്ലപ്പെട്ട പൊലീസുകാരനുവേണ്ടി രണ്ടുതുള്ളി കണ്ണീരുപോലും അവര്‍ക്കില്ല,” ചൊവ്വാഴ്ച്ച, കൊല്ലപ്പെട്ട പൊലീസുകാരന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ പറഞ്ഞു. “ഭീകരവാദികള്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ടതിന് ശേഷം അവര്‍ എന്തു ചെയ്യുമായിരുന്നു എന് ആര്‍ക്കറിയാം. പക്ഷേ അത്തരക്കാര്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം ആകാശം ഇടിഞ്ഞുവീണപോലെ സംസാരിക്കുന്നത്.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍