TopTop
Begin typing your search above and press return to search.

തീവ്രദേശീയതാ കാലത്ത് ദാരിയോ ഫോയെ വീണ്ടും വായിക്കുമ്പോള്‍

തീവ്രദേശീയതാ കാലത്ത് ദാരിയോ ഫോയെ വീണ്ടും വായിക്കുമ്പോള്‍

ഷഹല്‍ കെ.കെ

വ്യാജ നോട്ട് പ്രതിരോധിക്കാനായി പുറത്തിറക്കിയ നോട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് രാജ്യത്തുടനീളം. ഒപ്പം നോട്ടു മാറ്റിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് രാജ്യവാസികളൊന്നടങ്കം. ഇതിനിടെ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഭോപ്പാല്‍ ഏറ്റുമുട്ടല്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ മറന്നു തുടങ്ങിയിരിക്കുന്നു. മക്കള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെയും അടുത്ത ചില ബന്ധുക്കളുടെയും ഇന്നും നിലച്ചിട്ടില്ലാത്ത കണ്ണുനീരിലേക്ക് ആ ഓര്‍മ്മകള്‍ ഒതുങ്ങി എന്നിടത്തേക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍. എന്നാല്‍ ഈ ബഹളങ്ങള്‍ അവസാനിക്കുന്നേടത്ത് മറ്റൊരു ഏറ്റുമുട്ടല്‍ നമ്മളില്‍ പലരെയും കാത്തിരിക്കുന്നുവെന്ന കാര്യം എത്രപേര്‍ ഗൗരവത്തിലെടുക്കുന്നു. ഇന്നലെ ഭോപ്പാലിലെങ്കില്‍ നാളെ മറ്റൊരിടത്ത്... മറ്റന്നാള്‍... ഈ വസ്തുതകളിലേക്കു വിരല്‍ ചൂണ്ടുന്നതാണ് ഈയിടെ അന്തരിച്ച ഇറ്റാലിയന്‍ നാടകകൃത്ത് ദാരിയോ ഫോയുടെ 'ആക്‌സിഡന്റല്‍ ഡെത്ത് ഓഫ് ആന്‍ അനാര്‍ക്കിസ്റ്റ് 'എന്ന നാടകം.

രാഷ്ട്രീയനാടകങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ഫോ. ഭരണകൂടത്തിന്റെ അക്രമാസക്തയെയും അനീതിയെയും ചോദ്യംചെയ്യാന്‍ കലയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു കാണിച്ചു തന്ന അനശ്വര കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മിക്ക രചനകളും സാമൂഹിക, രാഷ്ട്രീയ വിഷയ കേന്ദ്രീകൃതമായിരുന്നു. ഇത് അദ്ദേഹത്തെ തന്റെ സാമകാലീനകരില്‍ നിന്നും വേറിട്ട് നിറുത്തുകയും ചെയ്തിട്ടുണ്ട്. ഫോയുടെ 'ആക്‌സിഡന്റല്‍ ഡെത്ത് ഓഫ് ആന്‍ അനാര്‍ക്കിസ്റ്റ്' എന്ന സാമൂഹിക രാഷ്ട്രീയ പ്രതിപാദ്യ നാടകം എക്കാലത്തേയും ശ്രദ്ധേയമായ രചയാണ്. ഇതോടെ ഒരു നാടക രചയിതാവ് എന്നതിലുപരി ജനകീയനായ ഒരു അഭിനേതാവായും നാടകാവതാരകനായും അദ്ദേഹം മാറി.


ഒരു രാഷ്ട്രം അതിന്റെ അധികാരവും ശക്തിയും പൗരന്റെ അവകാശ ധ്വംസനത്തിനും അവനെ അപായപ്പെടുത്തുന്നതിനും എത്രകണ്ട് ഉപയോഗപെടുത്തുന്നുവെന്ന സത്യം ഈ നാടകം തുറന്നു കാട്ടുന്നു. ഗാസിപ്പോ പിനെലി എന്ന റെയില്‍വേ ജീവനക്കാരനെ കേന്ദ്രീകരിച്ചതാണ് ഈ നാടകം രചിക്കപെട്ടിരിക്കുന്നത്. റയില്‍വേ ട്രാക്കില്‍ ബോംബ് വെച്ചു എന്ന് ആരോപിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് പോലീസ് സ്‌റ്റേഷനടുത്ത് മരിച്ചനിലയില്‍ കാണപ്പെടുന്നു. 1960-70 കളിലെ ഇറ്റാലിയന്‍ രാഷ്ട്രീയസാമൂഹിക രംഗത്തുണ്ടായ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് ഈ നാടകം രചിക്കപ്പെട്ടിരിക്കുന്നത്.


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരലബ്ധിയില്‌നിന്നും മാറ്റി നിറുത്താന്‍ നവഫാസിസ്‌റ് ശക്തികള്‍ പലശ്രമങ്ങളും നടത്തിവരുന്ന ഒരു സമയമായിരുന്നു അത്. ഇതിന്റെ ഭാഗമായി പല അട്ടിമറിശ്രമങ്ങളും അവര്‍ നടത്തുകയും ചെയ്തു. ഇതെല്ലാം പരാജയപ്പെടുക മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയും ചെയ്തു. പല ശ്രമങ്ങളും പരാജയത്തില്‍ അവസാനിച്ചപ്പോള്‍, നവഫാസിസ്റ്റുകള്‍ സ്‌റ്റേറ്റിന്റെ ഒത്താശയോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ബോംബ്‌ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്‌റ്റേറ്റിനെതിരെ പ്രക്ഷോഭം ചെയ്തിരുന്ന 'അനാര്‍ക്കിസ്റ്റു'കളുടെ ചുമലില്‍കെട്ടിവെക്കുകയുംചെയ്തു. ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാജ്യസുരക്ഷ അപകടത്തിലാണെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ നിലവിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന് ജനകീയ പിന്തുണ കിട്ടുമെന്ന് അവര്‍ കണക്കുകൂട്ടി.

ഫോ മുന്നോട്ടുവച്ച രാഷ്ട്രീയ നാടകത്തിന് എക്കാലത്തും അതീവ പ്രസ്‌കതിയാണുള്ളത്. പ്രത്യേകിച്ചും ഇന്ത്യയില്‍ സമീപകാലത്ത് നടന്ന ഇസ്രത് ജഹാന്‍, സൊഹ്‌റാബുദീന്‍, ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പാശ്ചാത്തലത്തില്‍ പലരുമത് പുനര്‍വായന നടത്തിയതുമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായി മാറിയ നവദേശീയത ഫാസിസത്തിന്റെ ഇന്ത്യന്‍ മുഖമാണ്. കാരണം, തീവ്രദേശീയതയായിരുന്നു ഹിറ്റ്‌ലറെയും മുസ്സോളിനിയെയും ജൂതവിരോധത്തിലേക്കും തുടര്‍ന്ന് നടന്ന കൂട്ടക്കൊലയിലേക്കുമെല്ലാം നയിച്ചത്. അവരുടെ കാഴ്ച്ചപാടിനെതിരെ കരവും പേനയും ചലിപ്പിച്ചവര്‍ക്കെതിരെ തങ്ങളുടെ രഹസ്യ പോലീസിനെ ഉപയോഗിച്ച് ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കുകയും, വഴങ്ങാത്തവരെ നിഷ്‌കാസനം ചെയ്യുകയും ചെയ്തു.

അള്‍ത്തൂസര്‍ അഭിപ്രായപെട്ടതുപോലെ ഇത്തരം അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ച രാഷ്ട്രങ്ങള്‍ തങ്ങളുടെ നയനിലപാടുകളുടെയും അധികാരസ്ഥാനമാനങ്ങളുടെയും നിലനില്‍പിനായി രാജ്യത്തെ നിയമത്തെയും, പോലീസിനെയും സൈനികരെയും എല്ലാം ഇഷ്ടാനുസരണം ഉപയോഗപെടുത്തുന്നു. ഫാസിസ്‌റ് ഭരണകൂടങ്ങള്‍ ഇതിനായി എപ്പോഴും ഏറ്റുമുട്ടലുകളുടെയും അറസ്റ്റിന്റെയും കഥകള്‍ ഒരുക്കുകയും ചെയ്യും. കാശ്മീരും ഗുജറാത്തും മണിപ്പൂരുമെല്ലാം നമുക്ക് മുന്നിലുള്ള ഉദാഹരങ്ങളാണ്. ലഭ്യമായ വിവരാടിസ്ഥാനത്തില്‍ ഇവിടങ്ങളിലെ ഏറ്റുമുട്ടലുകളെ വിശകലനം ചെയ്യുമ്പോള്‍ സംശയലേശമന്യേ രാജ്യത്തെ മുസ്ലിങ്ങളും ദളിതുകളും ആദിവാസികളുമായിരുന്നു ഇരയുടെ പക്ഷത്തെന്ന് വ്യക്തമാണ്. തീവ്രവാദ വേട്ടയുടെ പേരില്‍ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആയിരുന്നു അവര്‍. ഭരണാധികാരികള്‍ അവരുടെ ഈ ലക്ഷ്യസാക്ഷാത്കാരത്തിനായ് UAPA, AFSPA പോലുള്ള നിയമങ്ങളെ കൂട്ടുപിടിക്കുകയായിരുന്നു. NCRB-യുടെ കണക്കുപ്രകാരം ഇത്തരം കേസുകളില്‍ ജയിലിലായവരില്‍ 55 ശതമാനത്തിലേറെയും മുസ്ലിം, ദളിത്, ആദിവാസി വിഭാഗക്കാരായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. തടവിലാക്കപ്പെട്ട ഇത്തരക്കാരുടെ കേസുകള്‍ പഠിക്കുമ്പോള്‍ പലതും പത്തും ഇരുപതും വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിരപരാധികളാണെന്ന് കണ്ടത്തി വിട്ടയക്കുകയായിരുന്നു. ബംഗളൂരു, മാലേഗാവ്, ഹൈദരാബാദ്, സൂറത്ത് തുടങ്ങി ഒട്ടനവധി സ്‌ഫോടന കേസുകളില്‍ പ്രതികളാക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളാണെന്ന് കണ്ടെത്തി കോടതികള്‍ വെറുതെ വിട്ടത് നാം കണ്ടതാണ്. ഇതിനിടയില്‍ വിലപ്പെട്ട തങ്ങളുടെ നാളുകള്‍ ജയിലിനകത്തെ നാലു ചുവരുകള്‍ക്കിടയില്‍ ജീവിച്ചു തീര്‍ക്കേണ്ടി വന്നു ഇവര്‍ക്ക്.


വ്യാജ ഏറ്റുമുട്ടലുകളെ വ്യത്യസ്ത തലങ്ങളായിട്ടാണ് വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. മനീഷ സേഥി ഇക്കാര്യം തന്റെ 'കാഫ്കാലാന്റ്' എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ആയുധ വ്യാപാരത്തിലെ കമ്മീഷനും ലാഭവും വരെ ഇതിലൂടെ വായിച്ചെടുക്കാമെന്ന് അവര്‍ അഭിപ്രായപെടുന്നു. കാരണം, സൈനിക ആവിശ്യങ്ങള്‍ക്കായുള്ള ആയുധങ്ങള്‍ ശേഖരിക്കുന്നതിനായി പ്രത്യേക തുക വകയിരുത്തി, അതിന്റെ കമ്മീഷന്‍ ലക്ഷ്യമിടുന്ന ഭരണകൂടം തങ്ങളുടെ രാഷ്ട്രീയനേട്ടം കൂടി അതിലൂടെ ലക്ഷ്യം വെക്കുന്നു. ഇതിനായി രാജ്യത്ത് ഒരു പൊതുശത്രുവിനെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയും ഇതിനു സമാന്തരമായി (തീവ്ര)ദേശീയതയുടെ പേരില്‍ ഭരണകൂടത്തിന്റെ ഏതൊരു കൊള്ളരുതായ്മയെയും ദേശസ്‌നേഹം എന്ന പരിചവെച്ച് സംരക്ഷിച്ചുനിറുത്തി തങ്ങള്‍ ചെയ്യുന്നതെല്ലാം പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമാണെന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.

ഇത്തരമൊരു നവദേശീയതയുടെ പാശ്ചാത്തലത്തിലാണ് ദാരിയോ ഫോയുടെ നാടകങ്ങള്‍ വീണ്ടും വായിക്കപ്പെടേണ്ടത്, പ്രത്യേകിച്ചും 'ആക്‌സിഡന്റല്‍ ഡെത്ത് ഓഫ് ആന്‍ അനാര്‍ക്കിസ്റ്റ്' എന്ന കൃതി. കാരണം, അദ്ദേഹം ഈ നാടകം 1968 ഡിസംബര്‍ 12നു നടന്ന ഫൊന്റാന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് രചിച്ചിരിക്കുന്നത്. ഈ ആക്രമത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ചിലര്‍ 'ചുവന്ന ഭീകരത' എന്ന പേരില്‍ രാജ്യത്തുടനീളം ലഘുലേഖകള്‍ വിതരണം ചെയ്തു. ഇതിലൂടെ ഇടതുപക്ഷ രാഷ്ട്രീയകക്ഷികളെ ഭീകരരായും ദേശദ്രോഹികളായും ചിത്രീകരിക്കുന്നതില്‍ ഭരണകൂടവും അവരുടെ സ്വകാര്യപോലീസും ഏറെക്കുറെ വിജയിച്ചു. ഇതിനു ചുവടു പിടിച്ചുകൊണ്ട് മിലാനില്‍ കമ്മ്യൂണിസ്റ്റുകാരേയും സോഷ്യലിസ്റ്റ് വിപ്ലവകാരികളെയും തുടച്ചുനീക്കാന്‍ പോലീസ് നടപടി ആരംഭിക്കുകയും ചെയ്തു. ഇക്കൂട്ടത്തില്‍ അറസ്റ്റിലായ ഗിസേപ്പേ പിനോ പിനെലി എന്ന റെയില്‍വേ ജീവനക്കാരന്‍ മൂന്ന് ദിവസത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ബോംബ് സ്‌ഫോടനം താനാണ് നടത്തിയതെന്ന് കുമ്പസാരിച്ചതിനു ശേഷം തങ്ങളുടെ കണ്ണുവെട്ടിച്ച് ജനലിലൂടെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ കുറ്റം സമ്മതിക്കുന്നതിന്റെ ഭാഗമായുള്ള മര്‍ദ്ദനത്തിനിടെയാണ് പിനെലി മരിച്ചത് എന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇതിനു ശേഷവും ഭരണകൂടത്തിന്റെ അറിവോടെ രാജ്യത്തുടനീളം പല സ്‌ഫോടനങ്ങളും നടന്നു. ഇതിനു പലതിനും അമേരിക്കയുടെയും ഗ്രീസിന്റെയും ഒത്താശയും ഉണ്ടായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഭീതിവിതച്ച് കള്ളക്കഥകള്‍ മെനഞ്ഞുകൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഫാസിസ്റ്റ് രാഷ്ട്രീയതന്ത്രം തന്നെയായിരുന്നു ഇറ്റലിയിലും നടന്നത്.


ഇന്ത്യയിലെ സാഹചര്യങ്ങളിലേക്ക് വീണ്ടും വരികയാണെങ്കില്‍ തീവ്രവാദത്തിന്റെ പേരില്‍ കള്ളക്കേസില്‍ അറസ്റ്റു ചെയ്യുകയോ അല്ലെങ്കില്‍ വ്യാജ ഏറ്റുമുട്ടലികളിലൂടെ ചിലരെ കൊലപ്പെടുത്തി രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയും അതിലൂടെ ഏകീകരിക്കപ്പെടുന്ന വര്‍ഗീയ വോട്ടുകള്‍ മുന്നില്‍ കണ്ട് ഭിന്നിപ്പിച്ച് ഭരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഇതിനെതിരെ ശബ്ദിക്കുന്നവരെ പലതരത്തിലും വേട്ടയാടുകയും ചെയ്യും. ബിനായക്‌ സെന്നും ടീസ്റ്റ സെറ്റ്ല്‍വാതുമെല്ലാം ഇതിന്റെ ഇരകളാണ്. ഇസ്രാത്ത് ജഹാനിലും സൊഹ്‌റാബുദീനിലും ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ ഭോപ്പാല്‍ ഏറ്റുമുട്ടലിന്റെ തുടര്‍ചര്‍ച്ചകളിലും ഇതേ സ്വരം തന്നെ നമ്മള്‍ കേട്ടു .ആ അര്‍ത്ഥത്തില്‍ ദാരിയോ ഫോയുടെ പുലരുന്ന പ്രവചനം കണക്കെ ഭോപ്പാല്‍ വായിക്കപ്പെടുന്നു. അതിനിനിയും ആവര്‍ത്തനങ്ങളുമുണ്ടായേക്കാം.

(ഹൈദരാബാദ് ഇഫ്ലുവില്‍ വിദ്യാര്‍ഥിയാണ് ഷഹല്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories