Top

മഹാസഖ്യം തകര്‍ന്ന ബിഹാറില്‍ ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയ വിത്തുകള്‍ മുളക്കുന്നു

മഹാസഖ്യം തകര്‍ന്ന ബിഹാറില്‍ ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയ വിത്തുകള്‍ മുളക്കുന്നു
ബിഹാറിലെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന അരേരിയ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ച് ഒരു പശുവിനെ മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ കശാപ്പ് ചെയ്തതായി ആരോപിച്ച് ഹിന്ദു വര്‍ഗീയവാദികളുടെ സംഘം അക്രമം അഴിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് മുപ്പതോളം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഗോഹത്യയുടെ പേരിലും കലാപമുണ്ടാക്കിയതിന്റെ പേരിലും ഹിന്ദുക്കളും മുസ്ലീങ്ങളുമായ 13ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിതീഷ് കുമാര്‍ മഹാസഖ്യം പൊളിച്ച് രാജി വയ്ക്കുകയും ബിജെപിയുമായി ചേര്‍ന്ന് വീണ്ടും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ബിജെപിയും അതിന്റെ വര്‍ഗീയ അജണ്ടകളും എങ്ങനെയാണ് സംസ്ഥാനത്ത് പിടിമുറുക്കുന്നത് എന്നത് വ്യക്തമാക്കുകയാണ് അരേരിയയിലെ സംഭവങ്ങള്‍.

സംഘപരിവാര്‍ സംഘടനകളിലൊന്നായ ബജ്രംഗ്ദള്‍ ബിഹാറില്‍ ശക്തമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് - പ്രത്യേകിച്ചും യാദവ ഇതര സമുദായങ്ങള്‍ക്കിടയില്‍. ബിജെപിയുമായി വീണ്ടും കൂട്ടുകൂടിയ നിതീഷിന് തന്റെ പിന്നോക്ക സമുദായ പിന്തുണ നിലനിര്‍ത്താനാകുമോ അതോ ആ പിന്തുണ ബിജെപിക്ക് പോകുമോ എന്നാണ് അറിയാനുള്ളതെന്ന് Muslim Politics in Bihar: Changing Contours എന്ന പുസ്തകത്തിന്റെ രചയിതാവും അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ അധ്യാപകനുമായ പ്രൊഫ.മൊഹമ്മദ് സജ്ജാദ് പറയുന്നു.

ബജ്രംഗ്ദള്‍ കൊടിയുമായെത്തിയവര്‍ പശുഹത്യ നടത്തിയവരെ തങ്ങള്‍ക്ക് വിട്ടുതരണമെന്നാണ് ആവശ്യപ്പെട്ടത്. പ്രകടനം നടത്തിയ ബജ്രംഗ് ദളുകാര്‍ പൊലീസിനെ കല്ലെറിയുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. അരേരിയയില്‍ ബ്ജ്രംഗ്ദളുകാര്‍ ആദ്യമായി നടത്തിയ പ്രകടനമായിരുന്നു അത്. കലാപമുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അരേരിയ മേഖലയില്‍ ബജ്രംഗ്ദള്‍ അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് താരതമ്യേന സ്വാധീനം കുറവായിരുന്നതിനാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു.

ഇത്തരം സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ വഴി വലിയ ആള്‍ക്കൂട്ടങ്ങളെ തെരുവിലിറക്കാന്‍ സാധിക്കുന്നു. എന്താണ് കാശ്മീരില്‍ സംഭവിക്കുന്നത്, എന്താണ് ചൈന ചെയ്തുകൊണ്ടിരിക്കുന്നത് എന്നെല്ലാം ഇവര്‍ ചോദിക്കും. പിന്നെ ഇത്തരം കാര്യങ്ങളെ അരേരിയയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കും. കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ സുശാന്ത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ ഞെട്ടലോടെയാണ് ബാങ്ക് കളക്ഷന്‍ ഏജന്റ് അനില്‍കുമാര്‍ നോക്കിക്കാണുന്നത്. ഒരു തരത്തിലുള്ള സാമുദായിക സംഘര്‍ഷവും ഉണ്ടാവാന്‍ പാടില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു. ബജ്‌റംഗ് ദള്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ സുശാന്ത് പങ്കെടുത്തിരുന്നു. 2014ന് ശേഷം ഇത്തരം റാലികള്‍ കൂടിവരുന്നുണ്ട്. ആദ്യമായി ഗണപതി സ്തുതികളുമായി ഒരു ഘോഷയാത്ര ഇവിടെ നടത്തി. പശുവിനെ ആരെങ്കിലും കൊന്നാല്‍ അത് പൊലീസ് നോക്കട്ടെ. ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ തന്റെ മകന്‍ കരാര്‍ വല്ലതും എടുത്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും അനില്‍കുമാര്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്കൊന്നും ഒരു പണിയുമില്ല. വെറുതെ മൊബൈല്‍ ഫോണില്‍ എപ്പോഴും നോക്കിയിരുന്ന് സമയം കളയുന്നവരാണവര്‍ - അനില്‍കുമാര്‍ പറയുന്നു.

Next Story

Related Stories