Top

ഒരു സോപ്പ് കൊണ്ട് എന്തൊക്കെ ചെയ്യാനാവും? ബിജുവിനെ പരിചയപ്പെടുക

ഒരു സോപ്പ് കൊണ്ട് എന്തൊക്കെ ചെയ്യാനാവും? ബിജുവിനെ പരിചയപ്പെടുക

വി ഉണ്ണികൃഷ്ണന്‍

ഒരു സോപ്പ് കൊണ്ട് എന്തുണ്ടാക്കാനാ?

കുളിക്കാം അല്ലാതെന്താ, ബാര്‍ സോപ്പ് ആണേല്‍ തുണി കഴുകാം. അല്ലാതെ ഒന്നും പറ്റില്ല.മുകളിലെ ചോദ്യം നമ്മളില്‍ ആരോടെങ്കിലുമാണെങ്കില്‍ പ്രതീക്ഷിക്കാവുന്ന ഉത്തരമാണ് പറഞ്ഞത്. എന്നാല്‍ ചോദ്യം ദോഹയില്‍ താമസിക്കുന്ന മലയാളി ബിജുവിനോട് ആണെങ്കില്‍ മറുപടി മറ്റൊന്നായിരിക്കും. ബിജുവിനെ അടുത്തറിയുന്നവര്‍ ആരും ആ ചോദ്യമൊട്ടു ചോദിക്കുകയുമില്ല. 15 വര്‍ഷത്തോളം എക്സ്പീരിയന്‍സ് ഉള്ള ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് സ്പെഷ്യലിസ്റ്റ് ആണ് ബിജു എങ്കിലും ഒരു കലാകാരന്‍ എന്ന നിലയില്‍ ആണ് കൂടുതല്‍ പേര്‍ അറിയുക.

കുളിക്കാന്‍ ഉപയോഗിക്കുന്നതൊഴികെ ഒരു സോപ്പിനെയും ബിജു വെറുതേ വിടാറില്ല. നമ്മളെപ്പോലെ പതപ്പിച്ചു കളയുകയല്ല ബിജു ചെയ്യുക. ബിജുവിന്റെ കൈയ്യില്‍ കിട്ടുന്ന സോപ്പുകഷ്ണം പിന്നീട് നമ്മള്‍ കാണുക വിസ്മയിക്കുന്ന ചെറു ശില്‍പ്പങ്ങളായാണ്. ചെറുതെങ്കിലും ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങള്‍.

ദൈവങ്ങള്‍, മഹാത്മാക്കള്‍, ചരിത്രസ്മാരകങ്ങള്‍ എന്നു തുടങ്ങി ഗായകര്‍, സിനിമാതാരങ്ങള്‍, പക്ഷിമൃഗാദികള്‍ വരെ ബിജുവിന്റെ സോപ്പ് ശില്‍പ്പശേഖരത്തിലുണ്ട്. മണല്‍, കളിമണ്‍, സ്പോഞ്ച് എന്നിവയിലും ബിജു തന്റെ കരവിരുത് തെളിയിച്ചിട്ടുണ്ട്. കൂടാതെ കഴിവു തെളിയിച്ച ഒരു ഫോട്ടോഗ്രാഫറുമാണ്.

തിരുവനന്തപുരം ശംഖുമുഖം സ്വദേശിയാണ് ബിജു. എങ്ങനെയാണ് സോപ്പിനെ തന്റെ കലയ്ക്ക് മാധ്യമം ആക്കിയത് എന്ന് ബിജു തന്നെ പറയട്ടെ.

'ചെറുപ്പത്തില്‍ തന്നെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ചിത്രരചനയിലായിരുന്നു തുടക്കം. എന്നേക്കാൾ നന്നായി വരയ്ക്കാൻ കഴിവുള്ള കുട്ടികൾ കൂടെയുണ്ടായിരുന്നതിനാൽ എനിക്ക് വരയിൽ അധികം ശ്രദ്ധ ചെലുത്താനായില്ല. പിന്നെ വാട്ടർകളർ പരീക്ഷിച്ചു. അപ്പോളൊക്കെ ഏന്റെ മനസ്സിൽ മറ്റുള്ളവർ ചെയ്യാത്തതെന്ത് എനിക്ക് ചെയ്യാനാകും എന്ന പരീക്ഷണത്തിലായിരുന്നു. അച്ഛന് ഒരു ചെറിയ ഷോപ്പ് ഉണ്ടായിരുന്നു ആ സമയം. കെട്ടായി കൊണ്ടുവരുന്ന ന്യൂസ് പേപ്പറുകള്‍ക്കിടയില്‍ വലിയ ഷീറ്റ് ബ്ലാങ്ക് പേപ്പര്‍ ഉണ്ടാവും. ഏതെങ്കിലും ഒരു ചെറിയ ചിത്രം തെരഞ്ഞെടുത്ത് ആ വൈറ്റ് പേപ്പറില്‍ വലുതായി വരയ്ക്കും. ഫുള്‍ ഷീറ്റിനെ ഗ്രിഡുകള്‍ ആയി തിരിക്കും. ഓരോ ഗ്രിഡിലും ഓരോ പോര്‍ഷന്‍ വരച്ച് ചെറിയ ചിത്രം വലുതാക്കും. അങ്ങനെയാണ് തുടക്കം.

അങ്ങനെയിരിക്കെയാണ് സ്പോഞ്ചും, തെർമൊക്കോളിലും ശില്പങ്ങൾ ചെയ്തു പരീക്ഷിച്ചത്‌. ഒരു പരിധിവരെ വിജയകരമായിരുന്നുവെങ്കിലും അതിലെ പൊടിയും മറ്റും ശരീരത്തിനു ദോഷമുണ്ടാക്കുന്നതിനാൽ ആ ശ്രമവും ഉപേക്ഷിച്ചു. പിന്നീടാണ് മണൽശില്പകലയിലേക്ക് വരാനുള്ള അവസരം കിട്ടിയത്. മണൽ ശില്പകലയിലെ ഒരു വിദഗ്ധനെ പരിചയപ്പെടാനും അദ്ദേഹവുമായി ചേർന്ന് ഇരുപതോളം മണൽശില്പങ്ങൾ ചെയ്യുകയും ചെയ്തു. സ്വന്തമായി കോഴിക്കോട് കടപ്പുറത്ത് ഒരു വലിയ ശിൽപം ചെയ്തതോടുകൂടി മനുഷ്യനാൽ ചെയ്യാനാകാത്ത ഒന്നുമില്ല എന്ന ദൃഢവിശ്വാസം വന്നുചേർന്നു. ആ സമയത്ത് ഒരു കമ്പ്യൂട്ടർ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ മണൽ ശില്പം ചെയ്തുകഴിഞ്ഞാൽ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ എന്നെ അതിൽ നിന്നും കുറെയേറെ പിന്തിരിപ്പിച്ചു. എന്നിരുന്നാലും മറ്റെതിനെക്കാളും പ്രചോദനം മണൽ ശിൽപം ചെയ്യുമ്പോൾ കിട്ടുന്നതിനാൽ അവസരം കിട്ടുമ്പോളൊക്കെ ചെയ്യുന്നുണ്ട്.

സ്ഥിരമായി ചെയ്യുന്ന ജോലിക്കിടയിൽ കുറെയേറെ സമയം വീട്ടിലും യാത്രാസമയങ്ങളിലും നഷ്ടപ്പെടുന്നതായി തോന്നി. ഈ സമയങ്ങളിൽ എന്തുചെയ്യാമെന്ന ചിന്തയില്‍ നിന്നുമാണ് കുളിക്കാനുപയോഗിക്കുന്ന സോപ്പിൽ നിന്നും ശില്പം ചെയ്യാമെന്ന ആശയം രൂപം കൊണ്ടത്‌. ഒരു ബ്ലേഡും ഒരു ചെറിയ സ്ക്രൂഡ്രൈവറും ഉണ്ടെങ്കിൽ ഏതുസമയത്തും ശില്പം ചെയ്യാമെന്ന് മനസ്സിലാക്കി. സോപ്പ് ശില്പങ്ങൾ ലളിതവും ചിലവുകുറഞ്ഞതുമാണ്. സേഫ് ആണ്, ലഭ്യത, സമയം കുറച്ചു മതി എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ എന്നെ സോപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ അതിനു പ്രശ്നങ്ങളും ഏറെയുണ്ട്. സിംഗിള്‍ പീസ്‌ ആയതിനാല്‍ ഒരു ചെറിയ പിഴവ് വന്നാല്‍പ്പോലും പിന്നീട് അത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഒരല്‍പം ബലം കൂടുതല്‍ കൊടുത്താല്‍ സോപ്പ് നശിച്ചുപോവുകയും ചെയ്യും’-ബിജു പറഞ്ഞു.

ബിജു പറഞ്ഞ പ്രശ്നങ്ങള്‍ ഒക്കെത്തന്നെയാണ് സോപ്പ് ശില്‍പ്പങ്ങളെ വ്യത്യസ്തമാക്കുന്നത്. ഒരിക്കല്‍ നിര്‍മ്മിച്ചാല്‍ പിന്നെ ആള്‍ട്ടര്‍ ചെയ്യാന്‍ പറ്റാത്തതിനാല്‍ത്തന്നെ ബിജുവിന്റെ ശില്‍പ്പങ്ങള്‍ യുനീക് ആകുന്നു. 3 മുതല്‍ 9 സെന്റിമീറ്റര്‍ വരെ പൊക്കമുള്ള ശില്‍പ്പങ്ങളാണ് സാധാരണയായി നിര്‍മ്മിക്കുക. എന്നാല്‍ 2.8 സെമി നീളമുള്ള കഥകളി ശില്‍പ്പം വരെ ബിജു നിര്‍മ്മിച്ചിട്ടുണ്ട്.

ശില്‍പ്പങ്ങള്‍ കൊത്തിയെടുക്കാന്‍ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത് ഒരു സ്ക്രൂഡ്രൈവര്‍ ആയിരുന്നു. ജോലി കൂടുതല്‍ എളുപ്പമാക്കുന്ന തരത്തിലുള്ള ടൂളുകള്‍ പിന്നീടുപയോഗിക്കാന്‍ തുടങ്ങിയെങ്കിലും ആ സ്ക്രൂഡ്രൈവര്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട് ബിജു.

ബിജുവിന്റെ ശില്‍പ്പ നിര്‍മ്മാണ രീതികളും അല്‍പ്പം വ്യത്യസ്തമാണ്. ഒരു ഡിസൈന്‍ മനസ്സില്‍ വന്നാല്‍ എപ്പോള്‍ ഒരല്‍പം സമയം ഫ്രീ ആകുന്നോ അപ്പോള്‍ത്തന്നെ അതിനു ജീവന്‍ നല്‍കുക എന്നതാണ് ബിജു ചെയ്യുക.

'ആദ്യമായി ഞാനുണ്ടാക്കിയത് ഒരു കുഞ്ഞിന്റെ ശില്‍പ്പമാണ്. അതു കണ്ടവരെല്ലാം പ്രോത്സാഹിപ്പിച്ചു. ഒരെണ്ണം കമ്പ്ലീറ്റ് ആക്കാന്‍ 30-90 മിനിറ്റ് എടുക്കും. പ്രത്യേകിച്ച് സമയം മാറ്റി വച്ചിട്ടില്ല. വര്‍ക്കിന്റെ ചിത്രം മനസ്സില്‍ വന്നാല്‍ പിന്നെ നിര്‍മ്മാണത്തിലേക്ക് തിരിയും, അതാണ്‌ പതിവ്. ഏറ്റവും കൂടുതല്‍ സമയം എടുത്ത് ഉണ്ടാക്കിയത് കൊത്താന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു മൂര്‍ഖന്റെ ശില്‍പ്പമാണ്. അഞ്ചു മണിക്കൂര്‍ എടുത്തു' –ബിജു പറയുന്നു.

ഓരോ സന്ദര്‍ഭങ്ങള്‍ക്ക്‌ അനുസരിച്ച് ബിജു ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കും. ക്രിസ്തുമസിനു മുന്‍പ് യേശുദേവന്‍, ഒക്ടോബര്‍ രണ്ടിന് നിര്‍മ്മിച്ച മഹാത്മജിയുടെ ശില്‍പ്പം, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയം പാര്‍ട്ടി ചിഹ്നങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് നിര്‍മ്മിച്ച ശില്‍പ്പവും വിഷുവിന് ആലിലയില്‍ കിടക്കുന്ന കൃഷ്ണനും എന്നിങ്ങനെ പട്ടിക നീളുന്നു. ചലച്ചിത്ര നടി കല്‍പ്പന മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജു നിര്‍മ്മിച്ച ശില്‍പ്പം ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ ജന്മസിദ്ധമായ ഒന്നല്ല തന്റെ ഉള്ളിലെ കല. ഒരു തരത്തിലുള്ള കലാപാരമ്പര്യവും തനിക്ക് അവകാശപ്പെടാനുമില്ല. എന്നാല്‍ മരിച്ചു പോയ അച്ഛന്‍ ഗംഗാധരനാണ് തന്‍റെ വിജയത്തിനു പിന്നില്‍ എന്ന് ബിജു പറയുന്നു.

'കല ജന്മസിദ്ധമായി ലഭിക്കുന്നതാണ് എന്ന കേട്ടുകേൾവി എന്നെ കുട്ടിക്കാലം മുതൽക്കു തന്നെ അലട്ടുന്നുണ്ടാരുന്നു. അതുകൊണ്ടാവാം ഞാൻ കുട്ടിയായിരിക്കുമ്പോൾ തന്നെ കലാപരമായ കാര്യങ്ങളിൽ ഇടപെട്ടിട്ടും അതിനൊരു വിജയം കൈവരിക്കാൻ സാധിക്കാതിരുന്നത്. പക്ഷെ മറ്റുള്ള കലാകാരന്മാർ ചെയ്യുന്നതുപോലെ എനിക്കും ചെയ്യണമെന്ന താൽപര്യത്തിൽ നിന്നും ഞാൻ ഒരു കലാകാരനായി മാറുകയായിരുന്നു. അച്ഛന്‍ ആണ് ഇക്കാര്യത്തില്‍ എന്റെ മാതൃക. കഠിനാധ്വാനി ആയിരുന്നു അദ്ദേഹം. ഒന്നും അസാധ്യമല്ല എന്ന് ഞാന്‍ പഠിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയാണ്. വേറിട്ടു ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും അത് തന്നെ'- ബിജു ഓര്‍ക്കുന്നു.

ഭാര്യ സൂര്യയും മകന്‍ ദേവര്‍ശ്, അമ്മ ചന്ദ്രിക, സഹോദരി ബിന്ദു എന്നിവരുടെ പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ ബിജുവിനുണ്ട്. ബിജുവിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ബിസിനസ് അല്ല. നിര്‍മ്മിച്ച ഒരു ശില്‍പ്പം പോലും ബിജു വിറ്റിട്ടുമില്ല. ചില പ്രമുഖര്‍ക്ക് സമ്മാനിച്ചതല്ലാതെ.

കഠിനപ്രയത്നവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കില്‍ നമ്മളിലുള്ള കലാമൂല്യം പുറത്തുകൊണ്ടുവരാനാകുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. മറ്റാര്‍ക്കെങ്കിലും നമ്മുടെ ജീവിതം ഒരു മാതൃക ആവുകയാണെങ്കില്‍ അതാണ് എന്റെ വിജയം- ബിജു പറയുന്നു.

തന്റെ കലാസൃഷ്ടികള്‍ ചേര്‍ത്ത് ഒരു എക്സിബിഷന്‍ നടത്തണം എന്നത് ബിജുവിന്റെ ഒരു സ്വപ്നമായിരുന്നു. അതും ഉടന്‍ പൂവണിയുകയാണ്. ശഹാനിയയിലെ അല്‍ ദോസരി പാര്‍ക്കില്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ അതിന് അവസരമൊരുങ്ങും.(അഴിമുഖം ട്രെയ്നി ജേര്‍ണലിസ്റ്റാണ് ഉണ്ണികൃഷണന്‍ വി)


Next Story

Related Stories