TopTop
Begin typing your search above and press return to search.

പിന്നെയും ഒരു തട്ടിക്കൂട്ട് സിനിമ; വിമര്‍ശനവുമായി ഡോ. ബിജു

പിന്നെയും ഒരു തട്ടിക്കൂട്ട് സിനിമ; വിമര്‍ശനവുമായി ഡോ. ബിജു

അഴിമുഖം പ്രതിനിധി

അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം 'പിന്നെയും' നിരാശപ്പെടുത്തുന്ന സിനിമയാണെന്നു സംവിധായകന്‍ ഡോ. ബിജു. ലോകനിലവാരമുള്ള ഒരു സംവിധായകന്റെ പക്കല്‍ നിന്നും കിട്ടിയ തട്ടിക്കൂട്ട് സിനിമായാണ് പിന്നെയും എന്നാണ് ബിജു പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ബിജു ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ബിജുവിന്റെ വാക്കുകള്‍

പിന്നെയും കണ്ടു... അടൂരിലെ തിയറ്ററില്‍ തന്നെയാണ് കണ്ടത്. കൂടുതലൊന്നും പറയാനില്ല 2009 ല്‍ അടൂരിനെപ്പറ്റി എഴുതിയ ലേഖനം 7 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രസക്തം എന്ന് മാത്രം. അതിലെ ചില വരികള്‍ വീണ്ടും ഓര്‍ക്കുന്നു.

യാഥാര്‍ഥ്യത്തിലൂന്നിയ വസ്തുതാനിഷ്ഠമായ വിശകലനങ്ങള്‍ മലയാള സിനിമയില്‍ അപൂര്‍വമായേ സംഭവിക്കാറുള്ളൂ കപട സ്തുതികളും വാഴ്ത്തുകളും കൊണ്ട് വ്യാജ ചരിത്ര നിര്‍മിതികള്‍ക്ക് നമ്മള്‍ ഇടം നല്‍കുന്നു.

വിധേയന്‍ എന്ന സിനിമയ്ക്ക് ശേഷം അടൂര്‍ ചെയ്തു കൊണ്ടിരിക്കുന്നത് മലയാളത്തിലെ സമാന്തര സിനിമകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തലാണ്. ലോകമെമ്പാടുമുള്ള സമാന്തര സിനിമാ സങ്കല്‍പ്പം പ്രമേയപരമായും ആഖ്യാനപരമായും ഒട്ടേറെ മാറിയിട്ടും ലോക സിനിമയുടെ മാറ്റത്തോടൊപ്പം മാറാന്‍ സ്വയം കഴിയാതെ പോയ ഒരു മാസ്റ്റര്‍ സംവിധായകനാണ് അടൂര്‍. സിനിമ എന്ന മാധ്യമം ഉപയോഗിച്ച് യാതൊരു പരീക്ഷണങ്ങള്‍ക്കും മുതിരാത്ത, പഴയ കാലത്തിന്റെ തടവറയിലും നാടകീയതയിലും സ്വയം അഭിരമിക്കുന്ന ചലച്ചിത്രകാരനാണ് അടൂര്‍.

ഒരു മാസ്റ്റര്‍ ഫിലിം മേക്കര്‍ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന അടൂരിന്റെ കഴിഞ്ഞ മൂന്ന് നാല് സിനിമകള്‍ ലോകത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര മേളകളിലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതും കൂട്ടി വായിക്കേണ്ടതുണ്ട്. വിഗ്രഹങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ മറച്ച് വെക്കുന്നു. വിഗ്രഹങ്ങളെ നില നിര്‍ത്തുവാന്‍ വിധേയന്മാരും ഭക്തരും വല്ലാതെ പാട് പെടുന്ന കാഴ്ച പിന്നെയും പിന്നെയും ഇതാ ഇപ്പോള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു. ഏതായാലും അടൂരിനെ പോലെയുള്ള ഒരു സംവിധായകനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാവുന്ന ഒരു സിനിമയല്ല പിന്നെയും. സാങ്കേതികമായി പോലും ഏറെ മോശമായ ഒരു സിനിമയാണിത്. അതിനാടകീയത, കൃത്രിമത്വം, അസ്വാഭാവികമായ സംഭാഷണങ്ങള്‍, ബാലിശമായ രംഗങ്ങള്‍ തുടങ്ങി മൊത്തത്തില്‍ പത്തിരുപത് വര്‍ഷം മുന്‍പുള്ള ചില മോശം അമച്വര്‍ സ്‌കൂള്‍ നാടകങ്ങള്‍ കാണുന്ന ഒരു തോന്നല്‍. ദുബായിയില്‍ എത്തുന്ന നായകനെ ഒരു ഫ്രെയിമില്‍ പോലും കാട്ടാതെ ദുബായിയുടെ സ്‌റ്റോക്ക് ഷോട്ട് കാട്ടി വോയിസ് ഓവറില്‍ കഥ പറയുന്ന എളുപ്പത്തിലുള്ള തട്ടിപ്പ് പരിപാടികള്‍ സിനിമയില്‍ ധാരാളം.

സത്യജിത് റായി 1983-ല്‍ ഒരു ഹാര്‍ട്ട് അറ്റാക്ക് വന്നതിനു ശേഷവും 1990-ല്‍ അറുപത്തി ഒന്‍പതാമത്തെ വയസ്സില്‍ ചെയ്ത ഗണശത്രുവും (ചിത്രം കാന്‍ ചലച്ചിത്ര മേളയില്‍ ആണ് ആദ്യ പ്രദര്‍ശനം), എഴുപത്തി ഒന്നാമത്തെ വയസ്സില്‍ ചെയ്ത അഗാന്തുക്കും നമുക്ക് മുന്‍പിലുണ്ട്. ലോക സിനിമയിലെ മറ്റൊരു മാസ്റ്ററായ ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിയാരോസ്തമി എഴുപത്തി രണ്ടാമത്തെ വയസ്സില്‍ ചെയ്ത ലൈക്ക് സം വണ്‍ ഇന്‍ ലവ് (2012) എന്ന സിനിമയും നമുക്ക് മുന്നിലുണ്ട്. അതും കാന്‍ ചലച്ചിത്ര മേളയില്‍ ആണ് ആദ്യ പ്രദര്‍ശനം. പ്രശസ്ത സംവിധായകന്‍ റോമന്‍ പൊളാന്‍സ്‌കി 2013-ല്‍ തന്റെ എണ്‍പതാമത്തെ വയസ്സില്‍ ചെയ്ത ചിത്രമാണ് വീനസ് ഇന്‍ ഫര്‍. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാന്‍ മേളയില്‍. പ്രശസ്ത പോളിഷ് ചലച്ചിത്രകാരന്‍ ആന്ദ്രേ വൈദ തന്റെ എണ്‍പത്തി ഏഴാമത്തെ വയസ്സില്‍ ചെയ്ത ചിത്രമാണ് വലേസ മാന്‍ ഓഫ് ഹോപ്പ്. ചിത്രം ആദ്യ പ്രദര്‍ശനം വെനീസ് ചലച്ചിത്ര മേളയില്‍. ആ വര്‍ഷത്തെ പോളണ്ടിന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയും ആന്ദ്രേ വൈദയുടെ ചിത്രം ആയിരുന്നു. അകിരാ കുറസോവയുടെ അവസാന ചിത്രം എണ്‍പത്തി മൂന്നാമത്തെ വയസ്സിലായിരുന്നു. 1993-ല്‍ പുറത്തിറങ്ങിയ മടാടയോ എന്ന ആ ചിത്രമായിരുന്നു ജപ്പാന്റെ ആ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനായുള്ള ഔദ്യോഗിക എന്‍ട്രി . ഇനിയും ഉണ്ട് അത്തരത്തില്‍ ഒട്ടേറെ മാസ്റ്റര്‍ ഫിലിം മേക്കേഴ്‌സ്.

ലോകത്തെ പല മാസ്റ്റര്‍ ഫിലിം മേക്കേഴ്‌സിന്റെയും എഴുപതും എണ്‍പതും കഴിഞ്ഞ പ്രായത്തിലും അവര്‍ ചെയ്ത സിനിമകള്‍ പുതു തലമുറയെ അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത സിനിമകള്‍ ആയിരുന്നു, ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്ര മേളകളിലും വേദികളിലും മാസ്‌റ്റേഴ്‌സ് എന്ന റിസര്‍വേഷനില്‍ അല്ലാതെ തന്നെ ലോകത്തെ മറ്റ് ഏതൊരു സിനിമകളോടും മത്സരിക്കാവുന്ന തരത്തില്‍ കരുത്തുറ്റ സൃഷ്ടികള്‍ ആയിരുന്നു. ഇതാ ഇപ്പോള്‍ അടൂര്‍ എന്ന മാസ്റ്റര്‍ ഫിലിം മേക്കറും തന്റെ എഴുപത്തി അഞ്ചാമത്തെ വയസ്സില്‍ ഒരു സിനിമ ചെയ്തിരിക്കുന്നു . ലോകത്തെ പ്രശസ്തമായ ഒരു മേളകളിലേക്ക് പോലും തിരഞ്ഞെടുക്കപ്പെടാന്‍ പോലും യോഗ്യത ഇല്ലാതെ പോകുന്ന ഒരു സിനിമ. (ടോറോണ്ടോ മേള എന്നത് ലോകത്തെ പ്രധാന മേളകളില്‍ ഒന്നല്ല . ആദ്യത്തെ 15 മേളകളുടെ ലിസ്റ്റില്‍ ഇല്ലാത്ത ടോറോണ്ടോ മേളയിലാണ് പിന്നെയും പ്രദര്‍ശിപ്പിക്കാന്‍ മാസ്‌റ്റേഴ്‌സ് എന്ന സ്‌പെഷ്യല്‍ കാറ്റഗറിയില്‍ തിരഞ്ഞെടുത്തത്). ഒരു ലോക മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കുന്ന സംവിധായകന്റെ പക്കല്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാനാകാത്തത്ര നിലവാരം കുറഞ്ഞ ഒരു തട്ടിക്കൂട്ട് അമച്വര്‍ സിനിമ ആണിത്.

അമിത ഭക്തിയും വിധേയത്വവും ഭയവും കൊണ്ട് ഈ സിനിമ മഹത്തരം ആണെന്ന് സമര്‍ത്ഥിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരെ നിങ്ങള്‍ മലയാള സിനിമയുടെ വര്‍ത്തമാനത്തോടും ഭാവിയോടും ചെയ്യുന്ന അക്ഷന്തവ്യമായ കുറ്റ കൃത്യത്തിനാണ് കൂട്ട് നില്‍ക്കുന്നത്. പിന്നെയും മലയാള സിനിമയെ എല്ലാ തരത്തിലും പിന്നോട്ട് മാത്രം നയിക്കുന്ന ഒരു ഉത്പന്നം ആണ്. പിന്നെയും പിന്നെയും അത് മാത്രമാണ്. അടൂരിനോടുള്ള ആദരവും സ്‌നേഹവും സ്വയംവരത്തില്‍ തുടങ്ങി വിധേയനില്‍ എത്തി നില്‍ക്കുന്നു. അവിടെ നില്‍ക്കുകയാണ്... പിന്നെ അങ്ങോട്ട് ഒരടി പോലും മുന്നിലേക്കില്ല. പിന്നെയും പിന്നെയും പിന്നോട്ട് മാത്രം....

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories