TopTop
Begin typing your search above and press return to search.

മാണിക്ക് കോഴ കൊടുത്തതിന്റെ കൂടുതല്‍ തെളിവുകളുമായി ബിജു രമേശ്

മാണിക്ക് കോഴ കൊടുത്തതിന്റെ കൂടുതല്‍ തെളിവുകളുമായി ബിജു രമേശ്


അഴിമുഖം പ്രതിനിധി

ബാര്‍ കോഴ വിവാദത്തില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നിന്നു കൊണ്ട് കൂടുതല്‍ തെളിവുകളുമായി ബാറുടമകളുടെ സംഘടനയുടെ ഭാരവാഹി ബിജു രമേശ് ഇന്ന് വീണ്ടും മാധ്യമങ്ങളുടെ മുന്നിലെത്തി. രണ്ട് ഘട്ടങ്ങളിലായി മൂന്ന് കോടി രൂപ സംസ്ഥാന ധന-നിയമ മന്ത്രിയായ കെ എം മാണിക്ക് കൈക്കൂലി നല്‍കിയത് സംബന്ധിച്ച് ബാറുടമകളുടെ അസോസിയേഷന്റെ സ്റ്റിയിറിംഗ് കമ്മറ്റിയില്‍ നടന്ന ചര്‍ച്ചകളുടെ ശബ്ദരേഖയാണ് ബിജു രമേശ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാലാരിവട്ടത്തെ ഹോട്ടലില്‍ ഡിസംബര്‍ 31ന് നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ബാര്‍ വിഷയത്തില്‍ ആദ്യം പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ സഹായിക്കുന്നതിനാണ് മൂന്ന് തവണയായി ഒരു കോടി രൂപ കൈമാറിയത്. എന്നാല്‍ കെ എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന് നേരത്തെ ബിജു രമേശ് വ്യക്തമാക്കിയിരുന്നു. ഇത് കൈമാറിയത് മാണിയുടെ പാല, തിരുവനന്തപുരം വീടുകളില്‍ വച്ചാണെന്ന് ചര്‍ച്ചകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ബാര്‍ വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കളികള്‍ക്കും ഇടയായതോടെ 418 ബാറുകള്‍ തുറക്കില്ല എന്ന നിലവന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 312 ബാറുകള്‍ നിലനിര്‍ത്താനും 418 തുറക്കാതിരിക്കാനും വേണ്ടി ഒരു വിഭാഗം ബാറുടമകള്‍ നെടുമ്പാശ്ശേരിയില്‍ വച്ച് രണ്ട് കോടി രൂപ കൈമാറിയതായും ഉടമകളുടെ ചര്‍ച്ചയില്‍ വ്യക്തമാകുന്നു.

പിന്നീട് 312 ബാറുകളും പൂട്ടുകയും ചതുര്‍നക്ഷത്ര ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തതിനെ തുടര്‍ന്ന് ബാക്കിയുള്ള ത്രിനക്ഷത്ര ബാറുകള്‍ തുറക്കുന്നതിനായി മറ്റൊരു അഞ്ച് കോടി രൂപയുമായി ബാറുടമകള്‍ രാത്രി ഒരു മണിക്ക് പാലയിലെ വീട്ടില്‍ എത്തിയതായും സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ കെ എം മാണി തയ്യാറാവാത്തതിനെ തുടര്‍ന്ന് അവര്‍ പണം കൈമാറാതെ തിരികെ കൊണ്ടു പോരുകയായിരുന്നു. ഇതിനിടെ ആദ്യം നല്‍കിയ ഒരു കോടി കൂടാതെ വാഗ്ദാനം ചെയ്ത ബാക്കി അഞ്ച് കോടി എവിടെ എന്ന് മാണി അന്വേഷിക്കുകയും അപ്പോള്‍ സ്വന്തം കൈയില്‍ നിന്നും പത്ത് ലക്ഷം കൈമാറുകയും ചെയ്തതായി അനിമോന്‍ എന്ന ബാറുടമ സംഭാഷണങ്ങളുടെ ഇടയില്‍ പറയുന്നുണ്ട്. മാത്രമല്ല മന്ത്രി മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് വരെ ഉടമകള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.

ഇപ്പോള്‍ തന്നെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും മാണിക്കെതിരെ ആരോപണം ഉന്നയിച്ചതിന് ശേഷം കേരള കോണ്‍ഗ്രസുകാര്‍ പച്ചത്തെറിയാണ് പറയുന്നതെന്നും ബിജു രമേശ് റിപ്പോര്‍ട്ടര്‍ ചാനലിനോട് വ്യക്തമാക്കി. അതിനാല്‍ കൂടുതല്‍ പേരുകള്‍ പറയാന്‍ ഇപ്പോള്‍ തയ്യാറാവുന്നില്ല. ആദ്യം ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ തരത്തിലുള്ള ഭീഷണികളാണ് തനിക്ക് ലഭിക്കുന്നതെന്നും ബിജു രമേശ് പറഞ്ഞു. മൊത്തം പതിനാറ് മണിക്കൂര്‍ നീളുന്ന സംഭാഷണങ്ങള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ 26 മിനിട്ടുള്ള സംഭാഷണ ശകലങ്ങളാണ് ബിജു രമേശ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ പൂര്‍ണ രൂപം നാളെ വിജിലന്‍സിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലജ്ജാകരമായ ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരള രാഷ്ട്രീയത്തില്‍ അഭൂതപൂര്‍വമായ ഒരു സംഭവവികാസത്തിനാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുറത്ത് വരുന്ന തെളിവുകള്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുമായും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജുമായും ബിജു രമേശ് നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. അതിന് പിറകെയാണ് ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ വന്നിരിക്കുന്നത്. കെ എം മാണി അഞ്ച് കോടി ചോദിച്ച് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും തന്റെ പക്കലുണ്ടെന്നും അത് താമസിയാതെ പുറത്ത് വിടുമെന്നും ബിജു രമേശ് അറിയിച്ചു.

Next Story

Related Stories