TopTop
Begin typing your search above and press return to search.

ബിന്‍ ലാദന്‍ ദൌത്യത്തിലെ സി ഐ എ മേധാവിയെ പാക്കിസ്ഥാന്‍ വിഷം കയറ്റി കൊല്ലാന്‍ ശ്രമിച്ചു?

ബിന്‍ ലാദന്‍ ദൌത്യത്തിലെ സി ഐ എ മേധാവിയെ പാക്കിസ്ഥാന്‍ വിഷം കയറ്റി കൊല്ലാന്‍ ശ്രമിച്ചു?

ഗ്രെഗ് മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട് രണ്ടു മാസത്തിനുശേഷം പാകിസ്ഥാനിലെ സി ഐ എ പ്രവര്‍ത്തനങ്ങളുടെ തലവനെ ആരോഗ്യകാരണങ്ങളും ഇസ്ലാമാബാദുമായി അയാള്‍ക്കുള്ള മോശം ബന്ധവും കാണിച്ച് പാകിസ്ഥാനില്‍ നിന്നും പിന്‍വലിച്ചു.

വാസ്തവത്തില്‍ സി ഐ എ മേധാവി കടുത്ത വേദനയില്‍ പുളഞ്ഞിരുന്നു എന്നാണ് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ചികിത്സകളൊന്നും ഗുണം ചെയ്തില്ല. അയാളുടെ അസുഖകാരണം എന്താണെന്ന് അറിയാനായില്ല. തന്റെ ശരീരത്തില്‍ വിഷം കയറ്റിയിട്ടുണ്ടെന്ന് അയാളും സി ഐ എ യും കരുതുന്നു.

മാര്‍ക് കെല്‍ടോണ്‍ സി ഐ എയില്‍ നിന്നും വിരമിച്ചു. ആമാശയ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു. പക്ഷേ ഏജന്‍സി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത് കെല്‍ടോണിന്റെ പൊടുന്നനെയുള്ള അസുഖത്തിന് കാരണം പാകിസ്ഥാന്റെ Inter Service Intelligence (ഐ എസ് ഐ) ഏജന്‍സിയാണ് എന്നാണ്.

അഞ്ചുവര്‍ഷം മുമ്പ് നടന്ന ബിന്‍ ലാദന്‍ വധത്തിന് ചുറ്റുമുള്ള സംഭവപരമ്പരകളുമായി കൂട്ടിച്ചേര്‍ത്തുവേണം ഇതിനെ കാണാന്‍. ഭീകരവാദവിരുദ്ധ പങ്കാളിത്തത്തിനെയും ഇത് സംശയദൃഷ്ടിയില്‍ നിര്‍ത്തുന്നു.

2011-ലെ ആ കാലഘട്ടം യു.എസ് –പാകിസ്ഥാന്‍ ബന്ധത്തിലേ പ്രതിസന്ധികള്‍ നേരിട്ട ഒന്നായിരുന്നു. അബോട്ടാബാദിലെ ബിന്‍ ലാദന്റെ ഒളിത്താവളത്തില്‍ അമേരിക്കന്‍ നാവികഭടന്മാര്‍ ഇറങ്ങിയപ്പോള്‍ ആ ബന്ധം തകര്‍ച്ചയുടെ വക്കിലെത്തി.

ഇനിയിപ്പോള്‍ വിഷം കയറ്റിയ വാര്‍ത്ത അടിസ്ഥാനമില്ലാതായിരുന്നാല്‍ക്കൂടി അങ്ങനെ ഒരു തോന്നല്‍ സി ഐ എക്കും അതിന്റെ പാകിസ്ഥാനിലെ തലവനും ഉണ്ടാകണമെങ്കില്‍ വിശ്വാസതകര്‍ച്ചയുടെ ആഴം വ്യക്തമാണ്.

ഒരഭിമുഖം തരാന്‍ കെല്‍ടോണ്‍,59, വിസമ്മതിച്ചു. എന്നാലും ഫോണിലൂടെ അല്പനേരം സംസാരിച്ചപ്പോള്‍ തന്റെ അസുഖത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും തന്നെ വിഷം കയറ്റിയതാണെന്ന് കരുതുന്ന ആദ്യത്തെ ആള്‍ താനല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അസുഖത്തെപ്പറ്റിയോ പാകിസ്ഥാനില്‍ ജോലി ചെയ്തതിനെക്കുറിച്ചോ കൂടുതല്‍ പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. “വളരെ വിഷമം പിടിച്ച കാലത്ത് വിസ്മയകരായി രാജ്യത്തിനുവേണ്ടി എനിക്കൊപ്പം ജോലിചെയ്തവരെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ശരിക്കുള്ള കഥകള്‍ പറഞ്ഞാല്‍ രാജ്യം അവരെക്കുറിച്ച് അഭിമാനിക്കും.”

കെല്‍ടോണിനെ വിഷം കൊടുത്തെന്നോ അതില്‍ പാകിസ്ഥാന് പങ്കുണ്ടെന്നോ തെളിയിക്കാനുള്ള രേഖകളൊന്നും ഇതുവരെ സി ഐ എ കണ്ടിട്ടില്ലെന്ന് യു.എസ് അധികൃതര്‍ സമ്മതിക്കുന്നു. എന്നിരുന്നാലും നിരവധി പത്രക്കാര്‍, നയതന്ത്രപ്രതിനിധികള്‍, എതിരാളികളെന്ന് കരുതപ്പെടുന്നവര്‍ എന്നിവര്‍ക്കെതിരെ ഐ എസ് ഐ പല ഗൂഢാലോചനകളും നടപ്പാക്കിയിട്ടുണ്ട്. കെല്‍ടോണിനോടുള്ള അവരുടെ വിദ്വേഷവും രൂക്ഷമായിരുന്നു എന്നും യു.എസ് രഹസ്യാന്വേഷണ അധികൃതര്‍ പറയുന്നു.

അക്കാലത്തെ ഐ എസ് ഐ മേധാവി അഹമ്മദ് ഷൂജ പാഷ കെല്‍ടോണുമായി സംസാരിക്കാനോ അയാളുടെ പേര് പറയാനോ വരെ വിസമ്മതിച്ചിരുന്നു. സി ഐ എയുടെ പാകിസ്ഥാന്‍ മേധാവിയെ “ആ ശവം” എന്നാണ് പാഷ വിശേഷിപ്പിച്ചിരുന്നത്.


ബിന്‍ ലാദന്‍ മിഷന്‍ വിവരങ്ങള്‍ വീക്ഷിക്കുന്ന ബറാക്ക് ഒബാമ (ഒഫീഷ്യല്‍ വൈറ്റ് ഹൌസ് ഫോട്ടോ)

തുടക്കം മുതല്‍ സംഘര്‍ഷങ്ങള്‍

കെല്‍ടോണിന്റെ ജോലിക്കാലം പാകിസ്താനില്‍ 7 മാസമേ നീണ്ടുനിന്നുള്ളൂ എങ്കിലും അതയാളുടെ ആതിഥേയര്‍ക്ക് ആത്മനിന്ദയുടെ കാലംകൂടിയായിരുന്നു. കെല്‍ടോണ്‍ വന്നു ദിവസങ്ങള്‍ക്കുളില്‍ അയാളുടെ കീഴ് ജീവനക്കാരിലൊരാളായ സി ഐ എ കരാറുകാരന്‍ റെയ്മണ്ട് ഡേവിസ് ലാഹോറില്‍ ഒരു വെടിവെപ്പുസംഭവത്തില്‍ ഉള്‍പ്പെട്ടു. ബിന്‍ലാദനെ കൊന്ന അബോട്ടാബാദ് ദൌത്യത്തിന്റെ അവസാന ഒരുക്കങ്ങള്‍ നടത്തിയതും കെല്‍ടോണ്‍ ആയിരുന്നു. ഒപ്പം പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികളുടെ പിടിപ്പുകേട് തുറന്നുകാട്ടിയതും.

കെല്‍ടോണിനെ മുഴുവന്‍ പേരും വെച്ചു തിരിച്ചറിയരുതെന്ന് സി ഐ എ ശഠിച്ചു. പക്ഷേ വിരമിച്ചതിന് ശേഷം തന്റെ സി ഐ എ വ്യക്തിവിവരങ്ങള്‍ ഭാഗികമായി അയാള്‍ത്തന്നെ വെബ്സൈറ്റുകളില്‍ ഇട്ടു. പാകിസ്ഥാനിലെ തന്റെ ജോലിയുടെ വിവരങ്ങള്‍ അയാള്‍ പുറത്താക്കിയിട്ടില്ല. എന്നാല്‍ ബിന്‍ലാദന്‍ ദൌത്യത്തില്‍ ഉണ്ടായിരുന്ന മറ്റ് പ്രമുഖര്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ പരസ്യമായി രംഗത്തുവരികയും തിരിച്ചറിയപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഐ എസ് ഐക്കെതിരായ ആരോപണം സി ഐ എ നിഷേധിച്ചു.

“ഇത് കെട്ടിച്ചമച്ച കഥയാണെന്നത് വ്യക്തമാണ്, പരാമര്‍ശത്തിന്നുപോലും യോഗ്യമല്ല,” പാകിസ്ഥാന്‍ നയതന്ത്ര കാര്യാലയ വക്താവ് നദീം ഹുസൈന്‍ പറഞ്ഞു. “എല്ലാ ആരോപണങ്ങളും ഞങ്ങള്‍ നിഷേധിക്കുന്നു.”

കെല്‍ടോണ്‍ ഇസ്ലാമാബാദില്‍ എത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പാകിസ്ഥാനുമായുള്ള ബന്ധം മോശമായിക്കൊണ്ടിരുന്നു എന്നു യു.എസ് അധികൃതര്‍ ആവര്‍ത്തിക്കുന്നു.

മുംബൈ ആക്രമണത്തിന്റെ പിറകില്‍ ഐ എസ് ഐ ഉണ്ടായിരുന്നെന്നും സി ഐ എ ആളില്ലാപോര്‍വിമാനം ആക്രമണം നടത്തുന്നതിന് മുമ്പേ എതിരാളികള്‍ക്ക് വിവരം ചോര്‍ത്തുന്നെന്നും മറ്റും ഐ എസ് ഐക്കെതിരെ യു.എസ് ഏജന്‍സികളുടെ പക്കല്‍ 2009-ഓടെ തെളിവുകള്‍ ഉണ്ടായിരുന്നു.

സി ഐ എ ഡ്രോണ്‍ ആക്രമണങ്ങള്‍ കൂടുതലാക്കിയതും യു.എസില്‍ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട നിയമവ്യവഹാരത്തില്‍ പാഷയെ ചേര്‍ത്തതും 2010-ഓടെ ബന്ധത്തെ കൂടുതല്‍ വഷളാക്കി. ഇതിന് തിരിച്ചടിയായി ഒരു ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പാകിസ്താനില്‍ നല്കിയ കേസില്‍ അന്നത്തെ സി ഐ എ പാകിസ്ഥാന്‍ കേന്ദ്രത്തിന്റെ തലവന്‍ ജോനാഥന്‍ ബാങ്കിന്റെ പേര് വെളിപ്പെടുത്തേണ്ടിവന്നു.

ബാങ്കിന്റെ സുരക്ഷയില്‍ ആശങ്ക പൂണ്ട സി ഐ എ അയാളെ പാകിസ്ഥാന് പുറത്തെത്തിക്കാന്‍ ഒരു തന്ത്രം പ്രയോഗിച്ചു. അന്നത്തെ സി ഐ എ ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കല്‍ മോരേല്‍ ഇസ്ലാമാബാദില്‍ കുറേയേറെ കൂടിക്കാഴ്ച്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മടങ്ങിപ്പോകവേ ബാങ്ക് തന്റെ മേലുദ്യോഗസ്ഥനെ കാത്തുനിന്നിരുന്ന ഏജന്‍സിയുടെ വിമാനത്തിനടുത്തേക്ക് അനുഗമിച്ചു. എന്നിട്ട് പാകിസ്ഥാന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ, എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ട് ബാങ്ക് വിമാനത്തിനകത്തിരിന്നു. ജീവനക്കാര്‍ വാതിലുമടച്ചു.

അതിനുപിന്നാലെ വന്ന സി ഐ എയുടെ പാകിസ്ഥാന്‍ ചുമതലക്കാരന് സ്വാഭാവികമായും കടുത്ത പ്രതിസന്ധിയായിരുന്നു. ഐ എസ് ഐയുമായുള്ള ഉലഞ്ഞ ബന്ധം തകരാതെ നോക്കണം. അതോടൊപ്പം ഒരു പതിറ്റാണ്ടിനിടയില്‍ ബിന്‍ ലാദന്റെ ഒളിത്താവളത്തെക്കുറിച്ച് കിട്ടിയ ഏറ്റവും നിര്‍ണായകമായ വിവരത്തെ പിന്തുടരാന്‍ ശ്രമിക്കുകയും വേണം. ഒരു കര്‍ശനക്കാരനെന്ന് അറിയപ്പെട്ടിരുന്ന കെല്‍ടോണ്‍ ആ സാഹചര്യത്തിന് അത്ര പറ്റിയ ആളായിരുന്നില്ല. ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ അത്ര പരിചയം പോര. ഏറെക്കാലം ശീതയുദ്ധകാലത്ത് കെ ജി ബിയും അവരുടെ പിന്‍ഗാമിയുമായി മല്ലടിച്ചുകൊണ്ട് മോസ്കോ അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു.

പക്ഷേ ഇസ്ലാമാബാദിലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം കണക്കിലെടുത്തപ്പോള്‍ പ്രതികൂലമായ സാഹചര്യങ്ങളിലെ ചാരപ്രവര്‍ത്തനത്തിന്റെ അനുഭവപരിചയം ഗുണം ചെയ്യുമെന്ന് അന്നത്തെ സി ഐ എ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ അടക്കമുള്ളവര്‍ തീരുമാനിച്ചു.

കെല്‍ടോണോടൊപ്പം ജോലിചെയ്ത ഉദ്യോഗസ്ഥര്‍ പറയുന്നതു വന്നപ്പോള്‍ത്തന്നെ അയാള്‍ ‘മോസ്കോ നിയമങ്ങള്‍’ നടപ്പാക്കാന്‍ തുടങ്ങി എന്നാണ്. ഐ എസ് ഐയെ പ്രശ്നങ്ങളുള്ള പങ്കാളി എന്നല്ല നിശ്ചയിച്ചുറച്ച ഒരു ശത്രു എന്ന നിലയിലാണ് അയാള്‍ കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ ഒരേറ്റുമുട്ടല്‍ അനിവാര്യമായും പ്രതീക്ഷിച്ചിരുന്നു.

കെല്‍ടോണ്‍ വന്ന് 48 മണിക്കൂറിനുള്ളില്‍ സി ഐ എ കരാറുകാരനായ ഡേവിസിനെ ലാഹോറില്‍ വെടിയുതിര്‍ത്തതിന് പിടികൂടി. തന്നെ കൊള്ളയടിക്കാന്‍ ശ്രമിച്ച രണ്ടു പാകിസ്ഥാന്‍കാര്‍ക്കെതിരെയാണ് വെടിവെച്ചതെന്ന് ഡേവിസ് പറഞ്ഞു. എന്നാല്‍ ഡേവീസിന്റെ കാറിനുള്ളില്‍ നിന്നും ചാരപ്പണിക്കുള്ള സാധനങ്ങളാണ് അധികൃതര്‍ കണ്ടെടുത്തത്.


തോറാ ബോറാ മലനിരകളിലേക്കുള്ള രഹസ്യവഴി

ഡേവിസിനെ കുറിച്ചു നുണ പറയുന്നത് പാകിസ്ഥാന്‍കാരെ അപമാനിക്കാനെ ഉതകൂ എന്നും തങ്ങള്‍ക്ക് പറ്റിയ അബദ്ധം സമ്മതിച്ചാല്‍ അവരയാളെ വിട്ടുതരുമെന്നും യു.എസ് നയതന്ത്രകാര്യാലയത്തിലെ ചിലര്‍ വാദിച്ചു. പക്ഷേ കെല്‍ടോണും അമേരിക്കയിലെ അയാളുടെ മേധാവികളും അതിനെ ശക്തിയായി എതിര്‍ത്തു.

“അവരോട് ഒന്നും പറയരുത്,” കെല്‍ടോണ്‍ അന്നത്തെ യു.എസ് നയതന്ത്ര പ്രതിനിധി കാമെറോണ്‍ മാന്ററിനോട് ആവശ്യപ്പെട്ടു. പ്രതിസന്ധി ആഴ്ചകളോളം തുടര്‍ന്നു. ‘ഞങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥനെ’ വിട്ടുകിട്ടണമെന്ന് പ്രസിഡണ്ട് ഒബാമ വരെ ആവശ്യപ്പെട്ടു. ഒടുവില്‍ പാഷയുമായി നേരിട്ട് ഇടപെടാനുള്ള അനുമതി നേടിയ മാന്റര്‍ ഡേവിസിന് സി ഐ എയുമായുള്ള ബന്ധം സമ്മതിക്കും വരെയും അത് നീണ്ടു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2.4 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കിയ ഒരു രഹസ്യ കോടതി നടപടിയിലൂടെ ഡേവിസിനെ മോചിപ്പിച്ചു. ഡേവിസിന്റെ തടവുകാലത്ത് എണ്ണം കുറച്ച ഡ്രോണ്‍ ആക്രമണങ്ങള്‍ മോചനത്തിന് തൊട്ടടുത്ത ദിവസം ദത്താ ഖേലില്‍ ഒരു ഗോത്രസമിതി യോഗത്തിനിടയില്‍ ആക്രമണം നടത്തി 40 പേരെ കൊന്നു തങ്ങളുടെ മടങ്ങിവരവ് അറിയിച്ചു.

ഡേവിസ് ധാരണക്ക് ശേഷം ഈ ആക്രമണങ്ങള്‍ മുഖമടച്ചുനല്‍കിയ അടിയാണെന്ന് പാഷ മാന്ററെ വിളിച്ചുപറഞ്ഞു. കെല്‍ടോണുമായി പാഷയുടെ ബന്ധം പിന്നീട് ശരിയായതെ ഇല്ല. ഇരുവരും തുടര്‍ന്നുള്ള മാസങ്ങളില്‍ പരസ്പരം സംസാരിച്ചതുപോലും വിരളമായിരുന്നു.

അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ “എന്റെ വിദേശനയതന്ത്ര ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുനിറഞ്ഞ വര്‍ഷം,” എന്നാണ് 2011-നേ മാന്റര്‍ വിശേഷിപ്പിച്ചത്.

ബിന്‍ ലാദന്‍ വധം

മെയ് മാസത്തിലെ ആദ്യദിവസം അര്‍ദ്ധരാത്രിയാകവേ പാകിസ്ഥാനിലെ യു.എസ് നയതന്ത്ര കാര്യാലയത്തിലെ സി ഐ എ മുറിയില് കെല്‍ടോണ്‍, മാന്റര്‍, മറ്റൊരു മുതിര്‍ന്ന യു.എസ് സൈനികോദ്യഗസ്ഥന്‍ എന്നിവര്‍ അബോട്ടാബാദിലെ ബിന്‍ ലാദന്റെ ഒളിത്താവളത്തിന് ചുറ്റും വട്ടമിടുന്ന ഒരു ഡ്രോണില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരുന്നു.

പാകിസ്ഥാന്‍ മോശമായി പ്രതികരിച്ചാല്‍ ചെയ്യാനുള്ള പദ്ധതികളും അവര്‍ തയ്യാറാക്കിയിരുന്നു. പാകിസ്ഥാനിലെ വിവിധ യു.എസ് നയതന്ത്ര കേന്ദ്രങ്ങളിലുള്ള ഉദ്യോഗസ്ഥരെ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് കടത്താനും അല്ലെങ്കില്‍ യുഎസ് എസ് കാള്‍ വിന്‍സനിലേക്ക് കറാച്ചി തീരം വഴി കടത്താനും ആസൂത്രണം ചെയ്തിരുന്നു.

ആദ്യം, ലാദന്‍ ദൌത്യമറിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ പകച്ചുപോയി. പക്ഷേ പൊതുജനരോഷവും വിദേശത്തുനിന്നുള്ള കുറ്റപ്പെടുത്താലും-ബിന്‍ ലാദനെ ഒളിപ്പിച്ചതില്‍ കഴിവുകേടോ കൂട്ടുപ്രതിയോ ആണ് പാകിസ്ഥാനെന്ന് പനേറ്റ ആരോപിച്ചിരുന്നു-വര്‍ദ്ധിച്ചപ്പോള്‍ പാകിസ്ഥാന്‍ തിരിച്ചു പ്രതികരിക്കാന്‍ തുടങ്ങി.

ലാദന്റെ മരണത്തിന് ഒരാഴ്ച്ചക്കു ശേഷം പാഷ സി ഐ എയുടെ പാകിസ്ഥാന്‍ തലവനെ വിളിച്ച് ലാദനെ വധിച്ച ദൌത്യം തങ്ങളില്‍ നിന്നും മറച്ചുവെച്ചതിന് ക്ഷുഭിതനായി എന്നും പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. അതില്‍ അയാളുടെ പേര് അത്ര ശരിയല്ലാതെ പ്രത്യക്ഷപ്പെട്ടു,‘മാര്‍ക് കാല്‍റ്റന്‍'.

ബാങ്ക് സംഭവത്തിന് ശേഷം ആറുമാസത്തിനുള്ളില്‍ രണ്ടാം തവണയായിരുന്നു സി ഐ എയുടെ പ്രധാന ചുമതലക്കാരനെ പാകിസ്താനില്‍ നിന്നും പിന്‍വലിക്കുന്നത്. ചാരപ്പണിയിലെ അലിഖിത നിയമങ്ങളുടെ ഗുരുതരമായ ലംഘനം. പക്ഷേ ഇത്തവണ അബോട്ടാബാദില്‍ സി ഐ എയുടെ രഹസ്യകേന്ദ്രവും ദൌത്യത്തിന് ലാദന്റെ വീട്ടില്‍നിന്നും ഡി എന്‍ എ മാതൃക ശേഖരിക്കാന്‍ പാകിസ്ഥാന്‍ ഡോക്ടറെ ഉപയോഗിച്ചതുമൊക്കെയായ വാര്‍ത്തകള്‍ പാകിസ്ഥാന്റെ അസംതൃപ്തി കൂട്ടിയെകിലും ഏജന്‍സി കെല്‍ടോണെഅവിടെ നിര്‍ത്തി.

ഈ പ്രശ്നങ്ങള്‍ക്കിടയ്ക്ക് കെല്‍ടോണിന് വയറുവേദന അടിക്കടി വരാന്‍ തുടങ്ങി. ആദ്യമൊക്കെ പാകിസ്ഥാനിലെത്തിയ വിദേശീയര്‍ക്ക് വരുന്ന ദഹനക്കുഴപ്പമായേ അയാളതിനെ കരുതിയുള്ളൂ. പക്ഷേ അസുഖം തുടര്‍ച്ചയായപ്പോള്‍ അയാള്‍ പല തവണ ചികിത്സക്കായി നാട്ടില്‍ പോയി.

ജൂലായ് ആയതോടെ കെല്‍ടോണ്‍ കടുത്ത ആരോഗ്യ പ്രശ്നത്തിലായി എന്ന് ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടുവര്‍ഷമുള്ള ഔദ്യോഗിക കാലാവധി 7 മാസമായപ്പോഴേക്കും തനിക്ക് തുടരാനാവില്ലെന്ന് കെല്‍ടോണ്‍ കേന്ദ്രകാര്യാലയത്തെ അറിയിച്ചു.

ഉന്നത പദവിയിലുള്ള ഒരു യു.എസ് ഉദ്യോഗസ്ഥനെ വിഷം കയറ്റി യു.എസുമായുള്ള കോടിക്കണക്കിന് ഡോളറിന്റെ ആശ്രിതത്വം അപായപ്പെടുത്താന്‍ പാകിസ്ഥാന്‍ തയ്യാറാകുമോ എന്ന് കെല്‍ടോണിന്റെ സഹപ്രവര്‍ത്തകര്‍ പലരും സംശയിക്കുന്നു. പകരം അയാളുടെ ദീര്‍ഘകാല മോസ്കോ വാസത്തിലെ ആശങ്കകളാണ്, ഭക്ഷണത്തില്‍ നിന്നോ ജോലിഭാരം കൊണ്ടോ ഉണ്ടായ അസുഖത്തെ ഒരു ഗൂഢാലോചന സിദ്ധാന്തമായി മാറ്റിയതെന്ന് അവര്‍ കരുതുന്നു.ഇതിനെക്കുറിച്ച് വലിയ അന്വേഷണമൊന്നും ഏജന്‍സി നടത്തിയില്ല. എങ്കിലും കെല്‍ടോണിനെ ലക്ഷ്യം വെച്ചിരുന്നോ എന്നറിയാന്‍ അവര്‍ രേഖകളൊക്കെ പരിശോധിച്ചിരുന്നു.

തിരികെ യു.എസില്‍ കെല്‍ടോണിന് മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ ആമാശയ ശസ്ത്രക്രിയ വേണ്ടിവന്നു. അയാള്‍ അതിനെക്കുറിച്ച് വിശദാംശങ്ങള്‍ നല്കാന്‍ വിസമ്മതിച്ചു. അതിനുശേഷം വിദേശ ചാര സംഘടനകളില്‍ നിന്നും സി ഐ എയെ സംരക്ഷിക്കാനുള്ള വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായി കെല്‍ടോണ്‍ പ്രവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷം വിരമിച്ചതിന് ശേഷം the Cipher brief എന്ന വെബ്സൈറ്റില്‍ ദേശീയ സുരക്ഷ സംബന്ധിച്ച ലേഖനങ്ങള്‍ എഴുതുന്നു. പൊളോണിയം ഉപയോഗിച്ച് ലണ്ടനില്‍ വെച്ചു വിഷംകയറ്റി മുന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതില്‍ ക്രെംലിനുള്ള പങ്കിനെക്കുറിച്ചും ആരോപിച്ചിരുന്നു.

റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറയുന്ന ആ ലേഖനത്തില്‍ 1939-ലെ ഒരു ചാരക്കഥയില്‍ നിന്നുള്ള വരികള്‍ കെല്‍ടോണ്‍ എടുത്തെഴുതുന്നു,“ഒരു വധത്തെക്കുറിച്ചുള്ള നിര്‍ണായകമായ സംഗതി ആരാണ് വെടിവെച്ചത് എന്നല്ല, വെടിയുണ്ടക്ക് പണം നല്‍കിയത് ആരാണ് എന്നാണ്.”


Next Story

Related Stories