TopTop
Begin typing your search above and press return to search.

കൈരളി തിയേറ്ററിലെ 'അയ്യപ്പന്‍ പടി’യും ബീനാ പോളിന്റെ രാജിയും

കൈരളി തിയേറ്ററിലെ അയ്യപ്പന്‍ പടി’യും ബീനാ പോളിന്റെ രാജിയും

ശരത് കുമാര്‍

സിനിമ പോലെയുള്ള ഒരു കലാരൂപത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണോ എന്ന ചോദ്യം വളരെ കാലമായി ഉന്നയിക്കപ്പെടുന്നതാണ്. അടിമുടി സാമ്പത്തികാധിഷ്ടിതമായ ഒരു കലാരൂപം എന്ന നിലയില്‍ സിനിമ അത്തരത്തിലുള്ള ഒരു പിന്തുണ അര്‍ഹിക്കുന്നില്ല എന്ന വാദം ശക്തമാണ്. അതേ സമയം വെറും കച്ചവട ലാഭങ്ങള്‍ക്ക് അപ്പുറം സമൂഹവുമായി ഗൗരവത്തില്‍ സംവേദിക്കുന്ന സിനിമകള്‍ പിന്തുണയ്ക്കപ്പെടണം എന്ന മറുവാദവും പ്രസക്തമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ആത്മനിഷ്ടമായ സിനിമകളെ പ്രോത്സാഹിപ്പിക്കുകയും അന്ന് കോടമ്പാക്കത്ത് സ്ഥിര താമസമാക്കിയിരുന്ന മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചു നടുകയും ചെയ്യുക എന്ന പ്രധാന ഉദ്ദേശത്തോടെയാണ് 1975-ല്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് രൂപം കൊടുത്തത്. അതോടൊപ്പം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശവും ഇതിനുണ്ടായിരുന്നു.

ആദ്യകാലങ്ങളില്‍ കെഎസ്എഫ്ഡിസി അതിന്റെ ഉദ്ദേശത്തോട് ഒരു പരിധി വരെയെങ്കിലും നീതി പുലര്‍ത്തിയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. പല തരത്തിലുള്ള പാക്കേജുകളിലായി ഒട്ടേറെ പരീക്ഷണ ചിത്രങ്ങള്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ മലയാള സിനിമയില്‍ പിറവി എടുക്കുകയും ചെയ്തു. സിനിമയുടെ കച്ചവട താല്‍പര്യങ്ങളെ പൂര്‍ണമായും ഒഴിവാക്കുക എന്ന നയമായിരുന്നു അക്കാലത്ത് കെഎസ്എഫ്ഡിസിക്ക്.എന്നാല്‍ പില്‍ക്കാലത്ത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി സാമ്പത്തികാധിഷ്ടിതമാവുകയും തിയേറ്ററുകള്‍ ഉള്‍പ്പെടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുകയും ചെയ്തതോടെ നല്ല സിനിമയെ പിന്തുണയ്ക്കുക എന്ന വിശാലമായ ആശയവുമായി ചലച്ചിത്ര അക്കാഡമിക്ക് രൂപം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായി. കേരളത്തില്‍ അങ്ങോളമിങ്ങോളം ലോക നിലവാരമുള്ള സിനിമകളുടെ പ്രദര്‍ശനം, കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നടത്തിപ്പ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവും വിതരണവും തുടങ്ങിയവയായിരുന്നു മുഖ്യ ചുമതലകളായി നിര്‍ണയിക്കപ്പെട്ടിരുന്നത്.

ഇവയില്‍ മിക്കതും നടപ്പാക്കുന്നതില്‍ അക്കാദമി ചെറിയ കാലത്തിനുള്ളില്‍ വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. സമ്പുഷ്ടമായ ഒരു ലൈബ്രറിയും സമ്പന്നമായ ഡിവിഡി ശേഖരവും തിരുവനന്തപുരത്തെയെങ്കിലും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അനുഗ്രഹം തന്നെയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

മീരാ നായരുടെ ഉഴപ്പന്‍ സിനിമ

സേതുലക്ഷ്മി : ഒരു സിനിമ സമൂഹത്തോട് ചെയ്യുന്നത്

മലയാളസിനിമയുടെ ഇടതുപക്ഷാഘാതങ്ങള്‍

ഉച്ചപ്പടങ്ങളെക്കുറിച്ച് ഒരാസ്വാദനം

മഴയും ക്‌ളാരയും പിന്നെ തങ്ങളും


എന്നാല്‍ എടുത്ത് പറയേണ്ട നേട്ടം ചലച്ചിത്ര മേളയുടെ നടത്തിപ്പ് തന്നെയാണ്. 1996 ല്‍ രണ്ടാം ഐഎഫ്എഫ്‌കെ നടക്കുമ്പോള്‍ കലാഭവന്‍ തിയേറ്ററിലെ വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ ഒതുങ്ങിയിരുന്ന പ്രേക്ഷക സാന്നിധ്യമുള്ള ഒരു മേളയില്‍ ഇന്ന് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ കലാപ്രവര്‍ത്തനമായി ഐഎഫ്എഫ്‌കെയെ മാറ്റാന്‍ ചലച്ചിത്ര അക്കാദമിക്ക് സാധിച്ചു. നല്ല സിനിമയോട് ആത്മാര്‍ത്ഥയും പ്രതിജ്ഞാബദ്ധതയും ഉള്ള ഒരു ടീമിന്റെ പ്രവര്‍ത്തനം മൂലമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഇതില്‍ ബീനാ പോള്‍ വേണുഗോപാല്‍ എന്ന ഇപ്പോഴത്തെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ക്കുള്ള പങ്ക് നിസ്തുലമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മേളയുടെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത് അവരാണ്.

സിനിമ ചരിത്രത്തെക്കുറിച്ചുള്ള ജ്ഞാനം, നല്ല സിനിമയോടുള്ള പ്രതിബദ്ധത, അന്തരാഷ്ട്ര ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള വ്യക്തിബന്ധം സര്‍വോപരി പ്രവര്‍ത്തനത്തിലെ കാര്യക്ഷമത തുടങ്ങിയ നിരവധി കാര്യങ്ങള്‍ അവരുടെ ഈ നേട്ടത്തിന് പിന്നില്‍ ഉണ്ട്. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും സിനിമയെ ആഗാധമായി സ്‌നേഹിക്കുന്ന ഒരു ടീമിന്റെ സഹായവും ബീനയ്ക്ക് ലഭിച്ചിരുന്നു.ഇപ്പോഴത്തെ വാര്‍ത്ത അവര്‍ അക്കാദമിയുടെ പടിയിറങ്ങുന്നു എന്നതാണ്. സിനിമ തിരഞ്ഞെടുക്കുന്നതില്‍ പോലും ബാഹ്യ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നതായി ചാനലുകള്‍ പറയുന്നു. ഇത് വാസ്തവമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കഴിഞ്ഞ കുറച്ചു കാലങ്ങളായി കെഎസ്എഫ്ഡിസിയെയും അക്കാദമിയെയും ധനലാഭമോഹങ്ങള്‍ കീഴടക്കുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. കച്ചവട സിനിമയുടെ വക്താക്കള്‍ ഇരു സ്ഥാപനങ്ങളുടെയും തലപ്പത്ത് വരുന്നതിനെ പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. സ്വാഭാവികമായും സിനിമയ്ക്ക് ബാഹ്യമായ കാരണങ്ങള്‍ ഇവരുടെ തിരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും സ്വാധീനിക്കും. ഈ സ്വാധീനത്തിന്റെ പ്രതിഫലനമാണ് ബീനയുടെ രാജിയില്‍ കലാശിച്ചതെന്ന് വേണം അനുമാനിക്കാന്‍.

നല്ല സിനിമയുടെ പ്രോത്സാഹനത്തിനപ്പുറം സാമ്പത്തിക തീരുമാനങ്ങള്‍ കെഎസ്എഫ്ഡിസിയെ ബാധിക്കുന്നു എന്ന ആരോപണം ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. സംസ്ഥാന, ദേശീയ അവര്‍ഡുകള്‍ നേടിയ ചിത്രങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ കോര്‍പ്പറേഷന്റെ തിയേറ്ററുകള്‍ ഇപ്പോള്‍ വിട്ടുകൊടുക്കാറില്ല. ദേശീയ അവാര്‍ഡ് നേടിയ ഒരു ചിത്രത്തിന്റെ സംവിധായകനോട് അത്തരം ചിത്രങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ തിയേറ്ററുകള്‍ വിട്ടുകൊടുക്കാനാവില്ലെന്ന് വ്യവസായ സിനിമയുടെ വക്താവായ ഒരു കോര്‍പ്പറേഷന്‍ ഭാരവാഹി പറഞ്ഞത് അടുത്ത കാലത്ത് വിവാദമായിരുന്നു. ആ സ്ഥാപനം എന്തിന് തുടങ്ങിയോ ആ ലക്ഷ്യത്തെ തന്നെ വേരോട് അറുത്തെറിയുന്ന സംവിധാനമാണ് പുത്തന്‍ പരിഷ്‌കാരങ്ങളിലൂടെ നിലവിലെ ഭാരവാഹികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനും മറ്റ് ചലച്ചിത്രമേളകളിലേക്കുള്ള വഴി തുറക്കാനും ഐഎഫ്എഫ്‌കെ സഹായിക്കും എന്ന തിരിച്ചറിവാണ് നിലവാരം കുറഞ്ഞ കച്ചവട താല്‍പര്യങ്ങള്‍ മാത്രമുള്ള ചിത്രങ്ങളെ മേളയില്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കുന്നതിന് പിന്നിലുള്ളത്. സാമ്പത്തികമായും രാഷ്ട്രീയമായും ഇടപെടുലുകള്‍ നടത്താന്‍ ശേഷിയുള്ളവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ തകരുന്നത്, സാമൂഹിക പ്രതിബദ്ധത മാത്രം കൈമുതലാക്കി സാമ്പത്തിക, രാഷ്ട്രീയ പിന്തുണയില്ലാതെ നിര്‍മിക്കപ്പെടുന്ന കൊച്ചു ചിത്രങ്ങളാണ്. എല്ലാ കാലത്തും മലയാള സിനിമയുടെ അന്തസ് അന്താരാഷ്ട്ര തലത്തില്‍ നിലനിറുത്തുകയും നമ്മുടെ സിനിമയ്ക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കുകയും ചെയ്തത് ഇത്തരം കൊച്ചു ചിത്രങ്ങളായിരുന്നു. അവ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതകളും അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധിക്കപ്പെടാനുള്ള അവസരങ്ങളും ഒരേ രീതിയില്‍ നിഷേധിക്കുക എന്ന തന്ത്രം വഴി അത്തരം സിനിമകളെ തകര്‍ത്തെറിയുക എന്ന താല്‍പര്യം തന്നെയാണ് നടപ്പിലാക്കപ്പെടുന്നത്. ഈ താല്‍പര്യങ്ങളുടെ അഹങ്കാരമാണ് കൈരളി തിയേറ്ററിലെ 'അയ്യപ്പന്‍ പടി ഞാന്‍ അടച്ചു' എന്ന് ഒരു സാംസ്‌കാരിക മന്ത്രിയെ കൊണ്ട് പറയിച്ചതും.

ബീനാ പോളിന്റെ രാജിയോടെ പ്രവര്‍ത്തന പരിചയവും സംഘാടക ശേഷിയുമുള്ള ഒരാളെയാണ് ചലച്ചിത്ര അക്കാദമിക്കും ഐഎഫ്എഫ്‌കെയ്ക്കും നഷ്ടമാകുന്നത്. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരാളെയും. ഇനി അങ്ങനെ ഒരാളെ കണ്ടെത്തുക അക്കാദമിക്ക് എളുപ്പമാകില്ല. അതുകൊണ്ട് തന്നെ ഇനിയുള്ള ചലച്ചിത്ര മേളകളുടെ സംഘാടനം പുത്തന്‍ സാമ്പത്തിക താല്‍പര്യങ്ങളില്‍ അധിഷ്ടിതമായിരിക്കാനാണ് സാധ്യതയും.


Next Story

Related Stories