TopTop
Begin typing your search above and press return to search.

കേരളം ഭരിക്കേണ്ടത് പൊലീസ് അല്ല-ബിനോയ് വിശ്വം/ അഭിമുഖം

കേരളം ഭരിക്കേണ്ടത് പൊലീസ് അല്ല-ബിനോയ് വിശ്വം/ അഭിമുഖം

ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന സമയത്ത്, കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത പൊലീസ് വേട്ടയ്ക്കാണ് ഇപ്പോള്‍ മലയാളി സമൂഹം സാക്ഷ്യം വഹിക്കുന്നത്. സാമൂഹിക,സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പോലും യു.എ.പി.എ. പ്രയോഗിക്കുന്ന കേരള പോലീസിന്റെ നീതീകരണമില്ലാത്ത പ്രവര്‍ത്തിക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രതികരണങ്ങള്‍ ഉയരുകയാണ്. നവോഥാനപ്രസ്ഥാനങ്ങളുടെ ശക്തമായ പാരമ്പര്യമുള്ള കേരളത്തില്‍ ഇപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേല്‍ പൊലീസ് ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. ഇതിനൊപ്പം തന്നെയാണ് നിലമ്പൂര്‍ വനത്തില്‍ പൊലീസിനാല്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹത്തോട് നിയമപാലകര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവരുടെ ഭാഗത്തു നിന്നുണ്ടായ പൊറുക്കാനാവാത്ത നീതികേടും കേരളം ചര്‍ച്ച ചെയ്തതും വിമര്‍ശിച്ചതും. അടിയന്തിരാവസ്ഥക്കാലത്തെ വെല്ലുന്ന പോലീസ് ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കേരളത്തെ പിടിച്ചുലച്ച ഈ വിഷയങ്ങളില്‍ തങ്ങള്‍ക്കുള്ള നിലപാട് വ്യക്തമാക്കുകയാണ് സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം. ബിനോയ് വിശ്വവുമായി നടത്തിയ സംഭാഷണം:

ധന്യ: സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെപോലെ യുഎപിഎ ചുമത്തുകയാണ്. ഇടതുപക്ഷ ഭരണത്തില്‍ നിന്നും ജനങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്?

ബിനോയ് വിശ്വം: Unlawful Activities (prevention) Act ഉണ്ടായത് തന്നെ നല്ല ലക്ഷ്യത്തോടെയല്ല. Unlawful activities എന്നത് അതത് ഭരണകൂടം നിശ്ചയിക്കുന്ന കാര്യങ്ങള്‍ മാത്രമായി ഒതുങ്ങുകയാണ്. അടിച്ചമര്‍ത്തലുകള്‍ക്കായി മാത്രം ആ നിയമം ഉപയോഗിക്കുന്നതായാണ് കണ്ടുവരുന്നത്. അധോലോക പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയോ, അഴിഞ്ഞാടുന്ന സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയോ, സമാന്തര ഭരണകൂടം കെട്ടിപ്പടുക്കുന്നവര്‍ക്കെതിരെയോ ഇന്നേവരെ ഈ നിയമപ്രകാരം എത്ര കേസെടുത്തുവെന്ന് വ്യക്തമാക്കണം. ഭരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്ത സാംസ്‌കാരിക,രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെയാണ് യു.എ.പി.എ. പ്രയോഗിച്ച് കണ്ടിരിക്കുന്നത്. സര്‍ക്കാരിന് ഇഷ്ടമല്ലാത്തത് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് കൂച്ചുവിലങ്ങിടാന്‍, മര്‍ദ്ദന സംവിധാനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുള്ള ഉപാധിയായാണ് പലപ്പോഴും ഈ നിയമം വലതുപക്ഷ ഭരണകൂടങ്ങള്‍ ഉപയോഗിക്കുന്നത്.

ഇന്ത്യയിലെമ്പാടും വലതുപക്ഷ സര്‍ക്കാര്‍ ഇത് ഒരു ശീലമാക്കി മാറ്റിക്കഴിഞ്ഞു. ജനാധിപത്യം, പൗരാവകാശം, സ്വാതന്ത്ര്യം എന്നീ വാക്കുകളെ പണക്കാരുടേയും കൊള്ളക്കാരുടേയും കണ്ണുകളിലൂടെ കാണുന്ന വലതുപക്ഷ ഗവണ്‍മെന്റുകളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ കേരളാ പോലീസിന്റെ തലപ്പത്തുണ്ടെന്ന് വേണം കരുതാന്‍. ഇടതുപക്ഷ മുന്നണി ഭരിക്കുന്ന കേരളത്തിന്റെ നയങ്ങളില്‍ തെറ്റും ശരിയും തീരുമാനിക്കുന്നതിനുള്ള അവകാശം അത്തരക്കാരെ കണ്ണുമടച്ച് ഏല്‍പ്പിക്കുന്നത് അനുചിതമാണ്. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ കേരളം കാണുന്നത്. ആവശ്യമായ തിരുത്തലുകള്‍ വേണമെന്നാണ് സി.പി.ഐ. എന്നും ആവശ്യപ്പെട്ടത്. ആ നിലപാട് കേരള സമൂഹം പൊതുവില്‍ സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയും സ്വാഗതാര്‍ഹമായ നിലപാടാണ് ഈ വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷം ഇടതുപക്ഷമാവുന്നത് ഇത്തരം തിരിച്ചറിയലുകളിലൂടെയും തിരുത്തലുകളിലൂടെയുമാണ്.

ഇടതുപക്ഷവും വലതു പക്ഷവും ഒരു പോലെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ രണ്ട് പക്ഷങ്ങളും ഒരു പോലെയല്ല. സമീപനത്തിലും നിലപാടുകളിലും കാഴ്ചപ്പാടുകളിലും ഇവ രണ്ടും വ്യത്യസ്തമാണ്. ഇടതുപക്ഷത്തിന്റെ ഇടതുപക്ഷ വ്യക്തിത്വം സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്നാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്.

ധ: കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ രാജ്യവ്യാപകമായി സംഘപരിവാര്‍ അവരുടെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നത് നിര്‍ബാധം തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമായിരുന്നു നിര്‍ബന്ധിത ദേശീയത. ഈ നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കാം?

ബി: ദേശാഭിമാനം ദേശത്തിന്റേയും പൗരന്റേയും ചിന്തയുടേയും സംസ്‌കാരത്തിന്റേയും സ്വാഭാവിക ഘടകമായി ശക്തിപ്പെടേണ്ടതാണ്. അത് കൃത്രിമമായി അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ല. ദേശീയ പതാകയോട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തികഞ്ഞ സ്‌നേഹാദരങ്ങളാണുള്ളത്. എന്നാല്‍ യോഗാഭ്യാസത്തിന് ശേഷം മുഖത്തെ വിയര്‍പ്പൊപ്പാന്‍ മൂവര്‍ണ പതാക ഉപയോഗിച്ചവര്‍ ദേശസ്‌നേഹത്തെപ്പറ്റി പഠിപ്പിക്കാന്‍ പുറപ്പെടുന്നത് വിരോധാഭാസമാണ്. ദാദ്രി കൊലക്കേസില്‍ കുറ്റംചുമത്തപ്പെട്ടയാള്‍ പിന്നീട് മരണമടഞ്ഞപ്പോള്‍ ആ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചവര്‍ നടത്തിയ നിയമലംഘനം സംഘപരിവാര്‍ ശക്തികള്‍ കണ്ടില്ലേ? ദേശീയഗാനത്തോടുള്ള സ്‌നേഹമളക്കേണ്ടത് ഒരു സിനിമാ തിയേറ്ററില്‍ എത്ര തവണ എഴുന്നേറ്റു നിന്നു എന്ന് എണ്ണമെടുത്തുകൊണ്ടായിരിക്കരുത്. ആര്‍.എസ്.എസ്. ഒത്തുകൂടലുകളില്‍ ദേശീയഗാനം എന്നുമുതലാണ് കേട്ടുതുടങ്ങിയതെന്ന് സംഘ്പരിവാര്‍ വ്യക്തമാക്കേണ്ടതുണ്ട്.

binoy-viswam-2

ധ: കേരളം അതിന്റെ രൂപീകരണത്തിനുശേഷം സാക്ഷ്യം വഹിച്ച ഏറ്റവും ദാരുണമായ സംഭവമായിരുന്നു നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടല്‍ കൊലപാതകം. മാവോയിസത്തെ കൊന്നൊടുക്കുന്ന രാഷ്ട്രീയം ശരിയാണോ? മാവോയിസ്റ്റുകളുടെ മൃതദേഹത്തോട് ഇത്തരത്തില്‍ അനാദരവ് കാണിച്ചതും അംഗീകരിക്കാമോ?

ബി: മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സി.പി.ഐ.യ്ക്ക് യോജിപ്പില്ല. വഴിതെറ്റിയ രാഷ്ട്രീയമാണത്. എല്ലാക്കാലത്തും ഇന്ത്യന്‍ സാഹചര്യത്തോട് ഇണങ്ങാത്ത ആ നയത്തോട് സി.പി.ഐ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വഴിതെറ്റിപ്പോയവരെ വര്‍ഗശത്രുക്കളായി കാണാന്‍ സി.പി.ഐ. ഇല്ല.

മൃതദേഹത്തോട് ആദരവ് കാണിക്കേണ്ടത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ശത്രുസൈന്യത്തോട് പോലും ലോകത്തെവിടേയും ആ ആദരവ് കാണിച്ചിട്ടുണ്ട്. അത് കാണിക്കാത്തവരുടെ സംസ്ഥാനമായി കേരളം മാറുന്നതിന്റെ ആപത്ത് മനസ്സിലാക്കാന്‍ പോലീസ് നേതൃത്വത്തിനായില്ല. കുപ്പുദേവരാജിന്റെ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാന പ്രകാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഞാനെത്തുമ്പോള്‍ അവിടെയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ ബന്ധുക്കളടക്കം പരമാവധി അമ്പത് പേരായിരുന്നു. ആ മൃതദേഹം അല്‍പ്പസമയം പൊതുദര്‍ശനത്തിന് വച്ചാല്‍ ഒരുപക്ഷേ നൂറുപേര്‍ എത്തുമായിരുന്നേനെ. അത് തടയാന്‍ പോലീസ് കാണിച്ച അമിതാവേശത്തിന് നീതീകരണമില്ല. ആര്‍.എസ്.എസ്സുകാര്‍ എതിര്‍ക്കുമെന്നാണ് പോലീസ് പറഞ്ഞ ന്യായം. ആര്‍.എസ്.എസ്സിന്റെ ഇംഗിതം നോക്കി പ്രവര്‍ത്തിക്കുന്ന പോലീസ് മേധാവികള്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്റെ പോലീസ് സേനയ്ക്ക് കളങ്കം ചാര്‍ത്തുകയാണ്. 1957ല്‍ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചത് പൊതുസമരങ്ങളില്‍ പോലീസ് ഇടപെടില്ലെന്നും പാവങ്ങളെ കുടിയിറക്കാന്‍ ജന്മിമാര്‍ക്ക് പോലീസ് കൂട്ടുനില്‍ക്കില്ലെന്നുമാണ്. ആ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് സഖാവ് പിണറായി നയിക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാരെന്ന് സി.പി.ഐ. മനസ്സിലാക്കുന്നു.

ധ: കേരളം ഇപ്പോള്‍ ഏറ്റവും ഗൗരവമായി ചര്‍ച്ച ചെയ്യുന്നത് സംസ്ഥാനത്തെ വഴിവിട്ട പോലീസ് നിലപാടുകളാണ്. ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണിതെന്നോര്‍ക്കണം?

ബി: ഇന്ത്യയിലെവിടെയും വലതുപക്ഷ സര്‍ക്കാരിന് കീഴിലെ പോലീസ് ജനങ്ങളുടെയും, ജനാധിപത്യ അവകാശങ്ങളുടേയും നേരെ കടന്നുകയറ്റം പതിവാക്കിയിരിക്കുകയാണ്. അത്തരം വലതുപക്ഷ അതിക്രമങ്ങളില്‍ നിന്നും ബദലായ ഒരു സര്‍ക്കാര്‍ ആണ് കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അത് കേവലം മറ്റൊരു സര്‍ക്കാര്‍ അല്ല. ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയ വിഷയങ്ങളില്‍ എങ്ങനെ പ്രതികരിക്കും എന്നതില്‍ വേറിട്ട ഒരു കേരള മാതൃക ഇന്ത്യയ്ക്ക് മുന്നില്‍ ഉണ്ടാകണം. തണ്ടര്‍ബോള്‍ട്ട് നയിക്കുന്നവര്‍ക്കോ, പോലീസ് തലപ്പത്തുള്ളവര്‍ക്കോ അത് മനസ്സിലാവണമെന്നില്ല. എന്നാല്‍ അത് മനസ്സിലാക്കാന്‍ കഴിവുള്ള പ്രമുഖനായ ഒരു ഇടതുപക്ഷ നേതാവാണ് കേരള സര്‍ക്കാരിനെ നയിക്കുന്നത്. ആവശ്യമായ തിരുത്തലുകള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിയും.

police

ധ: 2000, 500 രൂപ നോട്ട് അസാധുവാക്കണമെന്ന ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നല്ലോ?

ബി: 2000,500 രൂപ നോട്ടുകള്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ നല്‍കിയ കേസ് സുപ്രീം കോടതി ഭരണഘടന ബഞ്ചിന് വിട്ടിരിക്കുകയാണ്. ഔദ്യോഗിക ഭാഷകളും സാര്‍വ്വദേശീയമായി അംഗീകരിക്കപ്പെട്ട അക്കങ്ങളും രേഖപ്പെടുത്തിയതാവണം നോട്ടുകളെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ സെക്ഷന്‍ 343(1)ല്‍ വ്യക്തമാക്കുന്നുണ്ട്. അതിനനുസരിച്ചുള്ള ലിപികളാണ് ഇത്രയും കാലം നോട്ടുകളില്‍ രേഖപ്പെടുത്തിയിരുന്നതും. എന്നാല്‍ പുതിയ 2000 ത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍ മാത്രം ദേവനാഗരി ലിപി ഉപയോഗിച്ചിരിക്കുന്നു. ഇതുവരെ കാണാത്ത അക്കങ്ങള്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്ക്് കാരണമാവാം. നോട്ടിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും ആശയക്കുഴപ്പങ്ങള്‍ എത്രമാത്രം കുറയ്ക്കാമോ അത്രയും കുറക്കുകയാണ് ചെയ്യേണ്ടത്. അതിന് പകരം ആശയക്കുഴപ്പം കൂട്ടാനാണ് ശ്രമിച്ചിരിക്കുന്നത്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories