TopTop
Begin typing your search above and press return to search.

ജൈവായുസ് വരുന്നു, വയസ് ഇനി വര്‍ഷം നോക്കിയല്ല

ജൈവായുസ് വരുന്നു, വയസ് ഇനി വര്‍ഷം നോക്കിയല്ല

എസ് രാധാകൃഷ്ണന്‍

ജനിച്ച വര്‍ഷമനുസരിച്ച് നിങ്ങളുടെ വയസ് 30 ആയിരിക്കാം. പക്ഷേ യഥാര്‍ഥ വയസ് അതായിരിക്കണമെന്നില്ല. മനുഷ്യശരീരത്തിലെ ജീനുകള്‍ പരിശോധിച്ച് യഥാര്‍ഥ വയസും ആയുസും നിശ്ചയിക്കുന്ന പ്രക്രിയ ഫലപ്രാപ്തിയിലേക്കെത്തുകയാണ്. ചികിത്സയിലും ഇന്‍ഷുറന്‍സിലും എന്തിന്, ജോലിയില്‍ വരെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോന്നതാണ് ഈ കണ്ടുപിടിത്തമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

ജൈവായുസ് യഥാര്‍ത്ഥ പ്രായത്തില്‍നിന്ന് വ്യത്യസ്തമാണെന്നത് സ്ഥിരീകരിക്കുകയാണ് ജീനോം ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ചെയ്തിരിക്കുന്നത്. 70 വയസുള്ള 700 പേരെയാണ് പഠനവിധേയരാക്കിയത്. ഇവരുടെ ജൈവായുസ് 60 മുതല്‍ 80 വരെയായിരുന്നു. ജൈവായുസിന് ആധാരമായി കണ്ടിട്ടുള്ളത് 150 ജീനുകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനം മറവി രോഗവുമായി ബന്ധപ്പെട്ടതാണ്. ഒരു രക്തപരിശോധനയിലൂടെ മറവിരോഗത്തിന് കാരണമായ ജീന്‍ കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. പെട്ടെന്ന് പ്രായം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മറവി രോഗമായതിനാല്‍ ഈ ജീന്‍ കണ്ടെത്തി ചികിത്സ നടത്തിയാല്‍ അമിതമായ പ്രായവര്‍ദ്ധന ഒഴിവാക്കാനാവും.

കഴിഞ്ഞ ജൂലൈയില്‍ 38 വയസുള്ള ആയിരം പേരുടെ ഗ്രൂപ്പ് ഉണ്ടാക്കി ശാസ്ത്രജ്ഞര്‍ പഠനം നടത്തിയപ്പോള്‍ ഇവരുടെ യഥാര്‍ഥ പ്രായം 28 മുതല്‍ 61 വരെയാണെന്ന് കണ്ടെത്തിയിരുന്നു. അതായത് 31 വയസുള്ള ഒരാളിന്റെ ശരീര പ്രകൃതി അറുപത്തൊന്നുകാരന്റേതായിരുന്നു. കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ഒരാളിന്റെ ശേഷി, രക്തസമ്മര്‍ദ്ദം, വൃക്ക, ശ്വാസകോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം, രോഗപ്രതിരോധ ശേഷി എന്നിവ അന്ന് പഠനവിധേയമാക്കി. ഒരു ചെറിയ ഗ്രൂപ്പില്‍ ഇത്രത്തോളം പ്രായവൈവിധ്യം കണ്ടത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആശുപത്രികളില്‍ നടക്കുന്ന പല തരത്തിലുള്ള ശരീര പരിശോധനകളിലൂടെ ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതി മനസിലാക്കുന്നതുപോലെയായിരിക്കും ഇനി ജൈവായുസ് നിര്‍ണയിക്കപ്പെടുക. ഇപ്പോഴുള്ള ചില പരിശോധനകള്‍ ഈ പഠനത്തിലും പ്രയോജനപ്പെട്ടു. ഉദാഹരണത്തിന് ഇടുപ്പുവണ്ണം, ബി.എം.ഐ (ബോഡി മാസ് ഇന്‍ഡക്‌സ്), ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം എന്നിവയായിരുന്നു അവ.

പെട്ടെന്ന് പ്രായം വര്‍ധിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ മൂന്നു വയസിന്റെ വരെ വര്‍ധനയുണ്ടാകുന്നതായാണ് കണ്ടെത്തിയത്. പ്രായം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അല്ലെങ്കില്‍ ജൈവ സൂചകങ്ങള്‍ (bio marker) നിര്‍ണയിക്കുന്നതിനുള്ള തിരക്കിലായിരുന്നു ഇതുവരെ ശാസ്ത്രജ്ഞര്‍. അതാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നത്. ജീനുകളെ കണ്ടെത്തുന്ന രക്തപരിശോധന അടുത്ത വര്‍ഷത്തോടെ ആശുപത്രികളില്‍ ചെയ്യാമെന്നാണ് കരുതപ്പെടുന്നത്. ലണ്ടനിലെ കിംഗ്‌സ് കോളജിലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടക്കുന്നത്.ഈ ജൈവ സൂചകങ്ങള്‍ ഏത് ജീനുകളിലാണെന്ന് കണ്ടെത്തിയാല്‍ ആ ജീനുകളില്‍ ചികിത്സ നടത്തി പ്രായം കുറയ്ക്കുന്നതിനുള്ള ചികിത്സകളിലേക്കും കാര്യങ്ങള്‍ നീങ്ങുന്ന കാലം വിദൂരമല്ല. ഇതൊക്കെയാണെങ്കിലും ജീനുകളെ അടച്ച് കുറ്റം പറയാന്‍ ശാസ്ത്രജ്ഞര്‍ തയാറല്ല. ജീവിതശൈലിയും സാഹചര്യവുമെല്ലാം ആയുസിനെ ബാധിക്കാമെന്ന് അവര്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ജപ്പാനിലെ മിസാവോ ഒകാവ മരിക്കുമ്പോള്‍ 117 ആയിരുന്നു പ്രായം. 1898 മാര്‍ച്ച് അഞ്ചിന് ജനിച്ച മിസാവോ 114 വയസുള്ളപ്പോഴാണ് 2013-ല്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായി നിര്‍ണയിക്കപ്പെട്ടത്. അമേരിക്കയില്‍ അര്‍ക്കന്‍സാസിലുള്ള ജര്‍ട്രൂഡ് വീവര്‍ (116) ആണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി.

നൂറു വയസ് കഴിയുന്നവരുടെ ജീവിതരീതി പഠിക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് ഇത്രയും കാലം ഇവര്‍ ജീവിച്ചിരിക്കുന്നതിന് പല കാരണങ്ങളുണ്ടെന്നാണ്. എന്നാലും പൊതുവില്‍ നിര്‍ണയിക്കപ്പെട്ട ഘടകങ്ങള്‍ സസ്യാഹാരം, നാരുകളുള്ള ഭക്ഷണം, നടത്ത തുടങ്ങിയവയാണ്. വൈകിയ പ്രായത്തില്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ ആയുസുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഊര്‍ജദായകമായ ഭക്ഷണം അല്ലെങ്കില്‍ calorie കുറയ്ക്കുന്നത് എന്തായാലൂം നല്ലതാണത്രെ. പരസ്പര വിരുദ്ധമായ പല അഭിപ്രായങ്ങളും പഠനങ്ങളും ആയുസ് നീട്ടുന്നതിനെക്കുറിച്ച് ഉയര്‍ന്നിട്ടുണ്ട്. നാനോ ടെക്‌നോളജിയുടെ പ്രയോഗം വരെ ഇതിലുണ്ട്. ആയുസ് കൂട്ടുന്നതുമാത്രമല്ല, മരിച്ചവരെ ജീവിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വന്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവരുമുണ്ട്. മരിച്ചാല്‍ ശരീരം മരവിപ്പിച്ചു സൂക്ഷിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്ന ക്രയോണിക്‌സ് എന്ന ശാസ്ത്രശാഖ കൂടുതല്‍ പ്രചാരം നേടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

(ശാസ്ത്ര ലേഖകനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories