TopTop
Begin typing your search above and press return to search.

ചികിത്സ തുടങ്ങും മുമ്പ് എന്തുകൊണ്ട് സെക്കന്റ് ഒപ്പീനിയന്‍ തേടണം? ഈ അനുഭവം വായിക്കൂ

ചികിത്സ തുടങ്ങും മുമ്പ് എന്തുകൊണ്ട് സെക്കന്റ് ഒപ്പീനിയന്‍ തേടണം? ഈ അനുഭവം വായിക്കൂ

ജീവിതത്തിലെ ഏതെങ്കിലും ഒരു പോയിന്റില്‍ വെച്ച് നിങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ പ്രിയപ്പെട്ടവർക്ക് വേണ്ടിയോ നിങ്ങൾ നേരിടാൻ സാധ്യതയുള്ള ഒരു വാക്കാണ് 'ബയോപ്സി' അഥവാ കുത്തിയെടുത്ത് പരിശോധിക്കൽ... അതുകൊണ്ട് തന്നെ കഴിയാവുന്ന എല്ലാവരും ഇനി പറയാൻ പോകുന്ന അനുഭവം ഒന്ന് വായിക്കാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രമിക്കുക...

2010-11 കാലഘട്ടത്തിലാണിത് നടന്നത്.

മുപ്പത് വർഷത്തിൽ കൂടുതലായി തൈറോയിഡ് രോഗത്തിന് ഇലക്ട്രോക്സിൻ കഴിക്കുന്ന ആളാണ് എന്റെ ഉപ്പ. പ്രത്യേകിച്ച് വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്ന ഒരാൾ. ഒരു ദിവസം അതിരാവിലെ റേഡിയോയിൽ വന്ന സൗജന്യ തൈറോയിഡ് പരിശോധന ക്യാമ്പിന്റെ പരസ്യം കേട്ടാണ് തൃശ്ശൂരിലെ ആ വലിയ ആശുപത്രിയിലേക്ക് ഉപ്പ തനിയെ പോയത്.

ആദ്യ രണ്ട് ആഴ്ചകളിൽ രക്ത പരിശോധനകൾ നടത്തിയ ശേഷം ഡോക്ടർ പറഞ്ഞു, തൈറോയിഡ് അൽപ്പം വീർമ്മത ഉണ്ട്. ഒന്ന് കുത്തിയെടുത്ത് പരിശോധിക്കണം. അതിനായി അടുത്ത ആഴ്ച കൂടെ ഒരാളുമായി വരണമെന്ന്....

ആ സമയം ഞാൻ പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിലായിരുന്നു ജോലി ചെയ്തിരുന്നത്. പറഞ്ഞത് പോലെ പിറ്റേ ആഴ്ചയിൽ ഉപ്പയുടെ കൂടെ ലീവെടുത്ത് ഞാനും പോയി. അകത്ത് ലാബിലേക്ക് കൊണ്ടു പോയ ഉപ്പ അൽപ്പ നേരം കഴിഞ്ഞ് തിരികെ വന്നു. കുത്തിയത് ഒരു ലേഡീ ഡോക്ടറായിരുന്നു എന്നും തൊണ്ടയിലെ വേദന അസഹ്യമായിരുന്നു എന്നും എന്നോട് പറഞ്ഞെങ്കിലും അത് സ്വാഭാവികമാണെന്ന് പറഞ്ഞ് ഉപ്പയെ ഞാൻ ആശ്വസിപ്പിച്ചു.

അങ്ങനെ പത്ത് ദിവസം കഴിഞ്ഞ് റിസൾട്ടിനായി സർജറി ഡിപ്പാർട്ട്മെന്റ് ഡോക്ടറുടെ ഓപിയിലെത്തിയ ഞങ്ങളോടെ ഡോക്ടർ പറഞ്ഞു...

"ഉപ്പയുടെ തൈറോയിഡിലെ സെൽ ഘടനയിൽ ഒരു മാറ്റമുണ്ട്, അതിനാൽ തൈറോയിഡ് ഗ്രന്ഥി ഉടനെ എടുത്ത് മാറ്റണം".

ആകെ അന്തം വിട്ടു നിൽക്കുന്ന ഞങ്ങളോട് അദ്ദേഹം സർജ്ജറിയെ പറ്റി ബാക്കി കാര്യങ്ങൾ വിശദീകരിച്ചു. അൽപ്പം കൂടെ വിശദമായി അദ്ദേഹത്തിന്റെ അടുത്ത സീറ്റിലിരിക്കുന്ന പ്രൊഫസർ ആയ‌ സീനിയർ ഡോക്ടറും പറഞ്ഞു തന്നു. എല്ലാം ആ പാതി കിളി പോയ അവസ്ഥയിൽ ഞങ്ങൾ കേട്ട് മടങ്ങി. വീട്ടിലെത്തും വരെ ഞങ്ങൾ രണ്ടാളും മൗനത്തിലായിരുന്നു. എന്തായാലും ഒരു മേജർ സർജ്ജറിക്ക് വിധേയനാവാനുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇപ്പൊ എനിക്കില്ല എന്ന് മാത്രം ഉപ്പ പറഞ്ഞു......

വീട്ടിലെത്തിയിട്ടും ആകെ സമാധാനമില്ലാത്ത അവസ്ഥ. എന്ത് ചെയ്യും എന്ന ധർമ്മസങ്കടത്തിൽ ഞങ്ങൾ കുഴഞ്ഞു. ഞാൻ എന്തായാലും ഒരു സെക്കന്റ് ഒപ്പീനിയൻ എടുക്കാൻ തീരുമാനിച്ചു. പിറ്റേ ദിവസം തന്നെ എം ഇ എസിലേക്ക് ഡ്യൂട്ടിക്ക് പോകുമ്പോൾ ഈ റിസൾട്ടെല്ലാം കൊണ്ടു പോയി അവിടെ സർജ്ജനെ കാണിച്ചു. അദ്ദേഹം എല്ലാം പരിശോധിച്ച ശേഷം ചൊവ്വാഴ്ചകളിൽ വിസിറ്റിനു വരുന്ന ഗ്രന്ഥികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർ രഞ്ജിത്തിനെ ഉപ്പയേയും കൂട്ടി വന്ന് കാണിക്കാൻ നിർദേശിച്ചു.

അങ്ങനെ പിറ്റേ ചൊവ്വാഴ്ച ഉപ്പയേയും കൊണ്ടുവന്ന് ഡോക്ടർ രഞ്ജിത്തിനെ കാണിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം ഒരു അൾട്രാ സൗണ്ട് ഗൈഡഡ് നീഡിൽ ബയോപ്സി(തൈറോയിഡ് സ്കാൻ ചെയ്ത് മാർക്ക് ചെയ്ത ശേഷം കുത്തിയെടുത്ത് പരിശോധിക്കൽ) നടത്താൻ നിർദ്ദേശിച്ചു. അത് പ്രകാരം സ്കാൻ ചെയ്ത് കുത്തിയെടുത്ത് ടെസ്റ്റ് നടത്തി. ലാബിൽ നിന്ന് വെളിയിൽ വന്നപ്പോഴെ ഉപ്പ കഴിഞ്ഞ തവണത്തെ പോലെ അസഹ്യമായ വേദന ഉണ്ടായില്ല എന്ന് പ്രത്യേകം പറയുന്നുണ്ടായിരുന്നു.

എന്തായാലും കിട്ടിയ റിസൾട്ട് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. തൈറോയിഡിൽ യാതൊരു തകരാറും ഇല്ല. കഴുത്തിനു സൈഡിൽ ചെറിയൊരു കഴലയുണ്ട്. അത് മാറാൻ ഒരാഴ്ച ഒരു ആന്റി ബയോട്ടിക് കഴിക്കാനും പറഞ്ഞു. ടെൻഷൻ ഒഴിവാക്കാൻ ആറ് മാസം കഴിഞ്ഞ് ഒരിക്കൽ കൂടെ പരിശോധിക്കാനും പറഞ്ഞു. അതിനു ശേഷം ഇത്രയും കാലത്തിനിടയിൽ മൂന്ന് തവണ ടെസ്റ്റ് ആവർത്തിച്ചിരുന്നു. എല്ലായ്പ്പോഴും റിസൾട്ട് നോർമലായിരുന്നു. 6-7 വർഷങ്ങൾക്കിപ്പുറം ഇന്നും അങ്ങനെ പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഉപ്പ വീട്ടിലുണ്ട്...

പിന്നെ എന്തുകൊണ്ട് തൃശ്ശൂരിൽ അങ്ങനൊരു റിസൾട്ട് കിട്ടി എന്നതിനെ പറ്റി ഡോക്ടർ പറഞ്ഞ സംശയം, അവിടെ കുത്തിയെടുത്ത ഡോക്ടർക്ക് പറ്റിയ പിഴവായിരിക്കാം എന്നാണ്. ഒരു പക്ഷേ തൈറോയിഡിനു വെളിയിലുള്ള സെൽ ആയിരിക്കും അവർ കുത്തിയെടുത്തതും ടെസ്റ്റ് ചെയ്തതും. ആ റിസൾട്ട് വെച്ചുള്ള ചികിത്സയാണ് അവിടുന്ന് ഡോക്ടർ നിർദ്ദേശിച്ചതും.

അതിനു കുറച്ചു നാൾ മുൻപ് ഇതേ പോലൊരു അവസ്ഥ ഉണ്ടായ വയനാട് എംപിയായ എംഐ ഷാനവാസിനെ കുറിച്ച് പത്രത്തിൽ വന്ന ഫീച്ചർ ആണ് അപ്പൊ ഓർമ്മ വന്നത്. ഇത് വായിക്കുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് ഒരു ചികിത്സാ നിർദ്ദേശം ഫോളോ ചെയ്ത് മുന്നോട്ട് പോകും മുൻപ് പരമാവധി ഒരു സെക്കന്റ് ഒപ്പീനിയൻ എടുക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് ബയോപ്സിയും ക്യാൻസർ ചികിത്സയുമെല്ലാം.

ഈ അടുത്ത് കണ്ട ഒരു സിനിമയിൽ റഹ്മാൻ പറയുന്ന ഡയലോഗ് ഇപ്പൊ ഓർക്കുന്നു. നമ്മൾ ഇമോഷണൽ ടൈമിൽ എടുക്കുന്ന തീരുമാനങ്ങളെല്ലാം ഒരുപാട് വിലപ്പെട്ടതാണ്. ഒരു പക്ഷെ അത്ര വലിയ ഒരു ആശുപത്രയിൽ നിന്ന് കിട്ടിയ നിർദ്ദേശം അതേപടി അനുസരിച്ചിരുന്നെങ്കിൽ, സെക്കന്റ് ഒപ്പീനിയൻ എടുക്കാൻ തോന്നാതെ ഒരു മേജർ ഓപ്പറേഷനു നിന്ന് കൊടുത്തിരുന്നെങ്കിൽ എന്റെ ഉപ്പയുടെ ജീവിതം വേറൊന്നാകുമായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories