TopTop
Begin typing your search above and press return to search.

സര്‍ക്കാരേ... ഈ താറാവ് കര്‍ഷകര്‍ മുഴുപ്പട്ടിണിയിലാണ് - അഴിമുഖം ഫോളോഅപ്

സര്‍ക്കാരേ... ഈ താറാവ് കര്‍ഷകര്‍ മുഴുപ്പട്ടിണിയിലാണ് - അഴിമുഖം ഫോളോഅപ്

കെ ആര്‍ ധന്യ

'പട്ടിണിയിലാണ് ഞങ്ങള്‍. കൊടും പട്ടിണി... ബ്ലേഡ് പലിശക്കാര്‍ പോലും കാശു തരുന്നില്ല. ക്രിസ്മസാണ് വരുന്നത്. സര്‍ക്കാര്‍ എന്തിനൊക്കെ കാശ് ചെലവാക്കുന്നു. ഞങ്ങള്‍ക്ക് കൂടുതലൊന്നും വേണ്ട. അവകാശപ്പെട്ടത് മാത്രം തന്നാ മതി. അതിനെന്തിനാണ് ഈ താമസം'- കുട്ടനാട്ടിലെ താറാവ് കര്‍ഷകനായ കുഞ്ഞുമോന്‍ ചോദിക്കുന്നു. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും പടര്‍ന്ന് പിടിച്ച പക്ഷിപ്പനിയില്‍ ഇയാള്‍ക്ക് അമ്പതിനായിരത്തോളം താറാവുകളെ നഷ്ടമായി. രണ്ട് മാസമായിട്ടും നഷ്ടപരിഹാരം കിട്ടിയിട്ടില്ല.

'കഴിഞ്ഞ തവണ പക്ഷിപ്പനി വന്നപ്പോള്‍ ചുട്ടുകൊന്നതിന് മാത്രമല്ല, ചത്ത താറാവുകള്‍ക്കും നഷ്ടപരിഹാരം തന്നിരുന്നു. അതുകൊണ്ടും വന്ന നഷ്ടം നികത്താനായില്ല. എന്നാലും ആശ്വാസമായിരുന്നു. ഇപ്പോ കൊന്നതിനെങ്കിലും കാശ് തന്നാ മതിയായിരുന്നു. വീടും പറമ്പും ജപ്തിയായി. സര്‍ക്കാര് കനിഞ്ഞ് കുറച്ചെങ്കിലും കാശ് തന്നാലേ ഇനി അടുപ്പ് പുകയൂ' ഇത് പറയുന്ന കുട്ടപ്പായിയുടെ ഒരു താറാവിനെ പോലും പക്ഷിപ്പനി അവശേഷിപ്പിച്ചില്ല.

ആലപ്പുഴ ജില്ലയിലെ താറാവ് കര്‍ഷകര്‍ക്ക് മാത്രം സര്‍ക്കാര്‍ നല്‍കേണ്ടത് എട്ട് കോടി രൂപ. എന്നാല്‍ ഇതില്‍ ഒരു രൂപ പോലും കര്‍ഷകന് ലഭിച്ചിട്ടില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കര്‍ഷകര്‍ക്ക് രണ്ട് കോടിയോളം രൂപയും വിതരണം ചെയ്യേണ്ടതുണ്ട്. നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇതേവരെ സര്‍ക്കാരില്‍ നിന്ന് തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ല.

ക്രിസ്മസ് വിപണി മുന്നില്‍ കണ്ട് താറാവുകളെ വളര്‍ത്തിയ കര്‍ഷകരെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഒക്ടോബര്‍ പകുതിയോടെ പക്ഷിപ്പനി എത്തിയത്. വീടും പുരയിടവും പണയപ്പെടുത്തിയും കൊള്ളപ്പലിശയ്ക്ക് പണം വായ്പവാങ്ങിയുമാണ് ഓരോ കര്‍ഷകനും താറാവിനെ നീറ്റിലിറക്കിയത്. ചത്ത താറാവുകളിലധികവും രണ്ട് മാസം വരെ മൂപ്പെത്തിയവയാണ്. ക്രിസ്മസ് സീസണില്‍ താറാവൊന്നിന് 250 മുതല്‍ 350 രൂപ വരെ ലഭിക്കാറുണ്ട്. പക്ഷിപ്പനി ബാധിച്ച് മരിച്ചതിന്റെ പതിന്‍മടങ്ങ് വരും പ്രതിരോധ നടപടികളുടെ ഭാഗമായി കൊന്നൊടുക്കിയ താറാവുകള്‍. ചെറിയ താറാവിന് 100ഉം, വലുതിന് 200 രൂപയും, താറാവ് കുഞ്ഞുങ്ങള്‍ക്കും മുട്ടയ്ക്കും അഞ്ച് രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനം നടന്ന് രണ്ട് മാസമായിട്ടും സര്‍ക്കാര്‍ വാക്കുപാലിക്കാത്തതിലാണ് കര്‍ഷകരുടെ പ്രതിഷേധം.2014-ലാണ് ആദ്യമായി ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാരകമായ എച്ച്5എന്‍1 വൈറസാണ് രോഗകാരിയായത്. അന്ന് ആലപ്പുഴ ജില്ലയില്‍ മാത്രം 2.74 ലക്ഷം പക്ഷികളെ കൊന്ന് സംസ്‌കരിച്ചിരുന്നു. 2.54 ലക്ഷം മുട്ടയും, 6895 കിലോ കോഴിത്തീറ്റയും നശിപ്പിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒരു ലക്ഷത്തോളം താറാവുകളെ കൊന്ന് നശിപ്പിച്ചതായാണ് കണക്ക്. മൂന്ന് ജില്ലകളിലുമായി അഞ്ച് കോടി രൂപയായിരുന്നു നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നത്. കള്ളിങ് നടത്തിയ അടുത്ത ദിവസം തന്നെ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക ചെക്കായി വിതരണം ചെയ്തത് കര്‍ഷകര്‍ക്ക് വലിയ തോതില്‍ ആശ്വാസവുമായി. പക്ഷികളെ കൊന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മൂന്ന് ജില്ലകളിലുമായി 3.34 കോടി രൂപ വിതരണം ചെയ്തതായി കണക്കുകള്‍ പറയുന്നു. മുഴുവന്‍ തുകയും കൊടുത്തു തീര്‍ത്തതായി ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഭീതിയൊഴിയാതെ താറാവ് കര്‍ഷകര്‍; വാഗ്ദാനങ്ങള്‍ ജലരേഖയായി


ഇത്തവണ താരതമ്യേന പ്രഹരശേഷി കുറഞ്ഞ എച്ച്5 എന്‍8 വൈറസുകളാണ് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പടര്‍ന്നു പിടിച്ചത്. എന്നാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥ മൂലം നഷ്ടം കഴിഞ്ഞ തവണത്തേതിലും ഇരട്ടിയിലേറെയായി. ആലപ്പുഴയില്‍ മാത്രം 4.98 ലക്ഷം താറാവുകളെ കൊന്നു നശിപ്പിച്ചു. 25,315 താറാവുകള്‍ പനി ബാധിച്ചും മരിച്ചു. 2014ല്‍ ആലപ്പുഴയില്‍ മൂന്നിടത്ത് മാത്രമാണ് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഇത്തവണ 12 ഇടത്ത് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. അതിന് കാരണം സര്‍ക്കാരിന്റെ നിലപാടും മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥയുമാണെന്ന് കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ തവണ ഭോപ്പാലിലെ ഹൈടെക്ക് ലാബില്‍ നിന്ന് പക്ഷിപ്പനി സ്ഥിരീകരണം വന്നയുടന്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മ്മ സേന നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. മനുഷ്യരിലേക്ക് വരെ പടരാന്‍ സാധ്യതയുണ്ടായിരുന്ന വൈറസിനെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കി. പക്ഷിപ്പനി ബാധിച്ച താറാവുകളെ കൂടാതെ പനി ബാധിത പ്രദേശത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ വളര്‍ത്തു പക്ഷികളേയും കള്ളിങ്ങിന് വിധേയമാക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അതേപടി പാലിച്ചു. എന്നാല്‍ ഇത്തവണ പക്ഷിപ്പനി ബാധിച്ചവയെ മാത്രം കൊന്നാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണമായി. കൂടുതല്‍ സ്ഥലത്തേക്ക് പനി പടരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും മാനദണ്ഡപ്രകാരമുള്ള കള്ളിങ്ങിന് മൃഗസംരക്ഷണ വകുപ്പും തയ്യാറായില്ല. ഇതോടെ ജില്ലയിലെ മിക്കയിടങ്ങളിലേക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കും പനി പടര്‍ന്നു. അങ്ങനെ നഷ്ടപരിഹാരം കുറയ്ക്കാനുള്ള നടപടികള്‍ ഒടുവില്‍ മൃഗസംരക്ഷണ വകുപ്പിന് തന്നെ തിരിച്ചടിയായി.

കള്ളിങ് നടത്തുമ്പോള്‍ മൃഗ സംരക്ഷണ വകുപ്പിന്റെ ഫണ്ടില്‍ പണമുണ്ടെന്നും ഇത് ഉടനെ വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നെങ്കിലും നടന്നില്ല. നഷ്ടപരിഹാരം എന്ന് ലഭിക്കുമെന്ന് പോലും അറിയാതെ കര്‍ഷകര്‍ കടംവീട്ടാനും ജീവിതച്ചെലവ് കണ്ടെത്താനും നെട്ടോട്ടമോടുകയാണ്. കണക്കുകളെല്ലാം എഴുതി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണെന്നും എന്നാല്‍ ഇതേവരെ ഫണ്ട് വന്നിട്ടില്ലെന്നും ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഗോപകുമാര്‍ പറയുന്നു. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.രാജു പറഞ്ഞു. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ടെന്നും അവിടെ നിന്നാണ് തീരുമാനം വരേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories