TopTop
Begin typing your search above and press return to search.

ബിഷപ്പ് ആനിക്കുഴിയുടെ നിയമലംഘന ആഹ്വാനം കണ്ടില്ലെന്ന് നടിക്കുന്നവരോട്

ബിഷപ്പ് ആനിക്കുഴിയുടെ നിയമലംഘന ആഹ്വാനം കണ്ടില്ലെന്ന് നടിക്കുന്നവരോട്

ബിഷപ്പ് ആനിക്കുഴി നടത്തിയത് നിയമലംഘനത്തിനുള്ള ആഹ്വാനമാണ്. മന്ത്രി പി.ജെ. ജോസഫിനെ മുന്നിലിരുത്തിക്കൊണ്ടാണ് മന്ത്രിസഭ നിയമലംഘനം നടത്താത്തതിന് ബിഷപ്പ് മന്ത്രിയേയും എം.എല്‍.എയേയും പൊതുവേദിയില്‍ വീണ്ടും ശകാരിച്ചത്. വാസ്തവത്തില്‍ ബിഷപ്പിനു നേരെ നിയമ നടപടി തുടങ്ങുന്നതിനുള്ള പരാതി മന്ത്രി തന്നെ നല്‍കുകയായിരുന്നു വേണ്ടത്. അല്ലെങ്കില്‍ പരാതിക്കാരനായ വി.എം.സുധീരനോ ടി.എന്‍.പ്രതാപനോ നല്‍കണമായിരുന്നു. അല്ലെങ്കില്‍, ജേക്കബ് തോമസിനെതിരെ പരാതി കൊടുത്ത നിയമ ക്വട്ടേഷന്‍ സംഘത്തിലെ ആരെങ്കിലും. ഒന്നുമില്ലെങ്കില്‍, ഒബാമ വായിച്ചറിയാന്‍ വേണ്ടി എഡിറ്റോറിയല്‍ എഴുതുന്ന മലയാള പത്രങ്ങളിലേതെങ്കിലും ഒന്ന്. അതുമല്ലെങ്കില്‍, ആധുനികോത്തര പത്രപ്രവര്‍ത്തനവും സാമൂഹിക പ്രതിബദ്ധതയും ഇന്റര്‍നെറ്റിലൂടെ നടപ്പാക്കുന്ന ഫേസ്ബുക്ക് വിപ്ലവകാരികളെങ്കിലും. ഒന്നും ഉണ്ടായില്ല.

പക്ഷെ, കാന്തപുരം സ്ത്രീകളെക്കുറിച്ച് പറയുന്നത് വന്‍വിവാദമാകുന്നു. അതില്‍കയറിപ്പിടിക്കാത്തവര്‍ കാന്തപുരമൊഴിച്ച് മറ്റാരുമില്ല. ക്ഷേത്രഭരണം ഹിന്ദുക്കള്‍ക്കു വേണമെന്ന് ബി.ജെ.പിയുടെ പുതിയ അവതാരം കുമ്മനം പറഞ്ഞപ്പോഴും പ്രസ്താവന വിവാദമാകുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കിട്ടിയാല്‍ അവര്‍ കാന്തപുരത്തെപ്പോലെയുള്ളവരെ പട്ടം പറത്തുമെന്ന് കാന്തപുരത്തിന് നല്ലവണ്ണം അറിയാം. അതുകൊണ്ടാണ് കാന്തപുരം സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നതും സ്ത്രീകള്‍ പ്രസവിക്കാനുള്ള യന്ത്രമാണെന്നുമൊക്കെ തട്ടിവിടുന്നതും.

ബി.ജെ.പി - ആര്‍.എസ്.എസിനാണെങ്കില്‍ ക്ഷേത്രത്തോടോ ഹിന്ദുമതത്തോടോ ഉള്ള കരുതല്‍ കൊണ്ടല്ല, മറിച്ച് ക്ഷേത്രസ്വത്ത് കൈയ്യിട്ടുവാരാനുള്ള വ്യഗ്രതയാണ്. ക്രിക്കറ്റ് അസോസിയേഷനും ക്ഷേത്രവുമൊക്കെ അവര്‍ക്കൊരുപോലെയാണ്. യഥേഷ്ടം കൈയ്യിട്ടുവാരാം. ഇടയ്ക്കിടയ്ക്ക് 'അഖണ്ഡഭാരതം', 'ഭാരതാംബ' എന്നൊക്കെ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതി. സര്‍ക്കാര് പണമാണെങ്കിലേ നിയമനടപടി വരികയുള്ളു. മറ്റിടങ്ങളില്‍ സ്ഥാനം പോവുകയേ ഉള്ളൂ. ആവശ്യം കഴിഞ്ഞ് സ്ഥാനം പോയാല്‍ ആര്‍ക്കുചേതം? നമ്മുടെ തന്നെ അടുത്തിരുന്നയാള്‍ നമുക്കുവേണ്ടി തന്നെ കൈയ്യിട്ടുവാരിക്കൊള്ളും. കൂട്ടുത്തരവാദിത്തമാണല്ലോ. (ദില്ലി ക്രിക്കറ്റ് അസോസിയേഷന്റെ പണം കൈയ്യിട്ടുവാരി എന്ന ആരോപണം നേരിടുമ്പോഴും ധനമന്ത്രിയായി അരുണ്‍ ജെയ്റ്റ്‌ലി ഞെളിഞ്ഞിരിക്കുന്നത് കണ്ടില്ലേ? ബാര്‍ കോഴക്കേസില്‍ മാണി രാജിവയ്ക്കണമെന്ന് മുറവിളി കൂട്ടിയ സുരേന്ദ്രനും സംഘവും ഇക്കാര്യത്തില്‍ ജെയ്റ്റ്‌ലിയെ ന്യായീകരിക്കുന്നത് കണ്ടില്ലേ?)പക്ഷെ, ആനിക്കുഴിയെക്കുറിച്ച് വലിയ ചര്‍ച്ചകളൊന്നും വരുന്നില്ല. കാരണം, ആനിക്കുഴി മതപരമായ കാര്യം പറഞ്ഞത് സാമ്പത്തിക-സാമൂഹിക സൂചികകള്‍ ഉപയോഗിച്ചുകൊണ്ടാണ്. കോട്ടയം ഇടുക്കി മേഖലകളിലെ സത്യക്രിസ്ത്യാനികള്‍ക്ക് ആ കലയില്‍ നല്ല നൈപുണ്യമാണ്.

കസ്തൂരിരംഗന്‍ കമ്മിറ്റി കണ്ടെത്തിയ പരിസ്ഥിതി ലോലപ്രദേശം അളന്നുതിട്ടപ്പെടുത്താനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. കമ്മിറ്റി കണ്ടെത്തിയത് 123 ഗ്രാമങ്ങളിലായി13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ്. ഇവയില്‍ ഭൂരിഭാഗവും ഇടുക്കിയിലാണ്. എന്നാല്‍, ഉമ്മന്‍ വി.ഉമ്മന്‍ കമ്മിറ്റി 2014 ജനുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് 8016 ച.കിലോമീറ്റര്‍ മാത്രമേ പരിസ്ഥിതി ലോല പ്രദേശമായുള്ളു. ഇത് അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ 2015 ജൂലൈ 23 ന് തുടങ്ങി. ഇതിന് അംഗീകാരം കിട്ടിയാല്‍ ഈ പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും. വാസ്തവത്തില്‍ ബിഷപ്പിനെ ചൊടിപ്പിക്കുന്നത് ഇതാണ്.

എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതില്‍ വെള്ളം ചേര്‍ത്ത ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടും നിലവിലുള്ള വന-പരിസ്ഥിതി നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ്. അതുപോലും നടപ്പിലാക്കേണ്ട എന്നാണ് ബിഷപ്പിന്റെ ആവശ്യം. വനംവകുപ്പിന്റെ കീഴില്‍ വരുന്ന വനപ്രദേശത്തിനുള്ളില്‍ മാത്രമേ പരിസ്ഥിതി ലോല പ്രദേശം നിര്‍ണ്ണയിച്ചു തിട്ടപ്പെടുത്താന്‍ കഴിയുകയുള്ളു എന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. കൃഷിയിടങ്ങള്‍ പരിസ്ഥിതി ലോലപ്രദേശമായി കണക്കാക്കാന്‍ കഴിയില്ല എന്നതാണ് ഇതിനര്‍ത്ഥം. കാരണം, അവിടങ്ങളില്‍ ധാരാളം പേര്‍ താമസിക്കുന്നുണ്ടത്രെ!

പ്രത്യക്ഷത്തില്‍ മനുഷ്യത്വപരമായി തോന്നാവുന്ന ഈ സമീപനം, വാസ്തവത്തില്‍, അനധികൃതമായി കൈയ്യേറിയ വനഭൂമിയിന്മേല്‍ വനം കയ്യേറിയവര്‍ക്ക് നിയമപരിരക്ഷം നല്‍കുന്നതിനുവേണ്ടിയാണ്.

ഇതാകട്ടെ, കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി തുടര്‍ന്നുപോകുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്. അതായത്. വനഭൂമി കൈയ്യേറുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്നിരിക്കെ അതിന് നിര്‍ബാധം അനുമതി നല്‍കുക. പിന്നീട്, ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് നിയമപരിരക്ഷ നല്‍കുക. വനംവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും നിയമവിരുദ്ധമായി കയ്യേറിയ വനഭൂമിയുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ മുന്നിലെത്തുന്നു. എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും നിയമവിരുദ്ധമായി കയ്യേറിയ ഭൂമിക്ക് പട്ടയം കൊടുക്കാനും തുടര്‍ന്ന് വനഭൂമി കയ്യേറ്റം തടയാനുമുള്ള ശക്തമായ നടപടികള്‍ എടുക്കാനും ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവ് ഇറക്കുന്നു. ഉത്തരവ് ഇറങ്ങി അടുത്ത ദിവസം മുതല്‍ വനംകയ്യേറ്റം വീണ്ടും തുടങ്ങുന്നു. അടുത്ത പത്തുവര്‍ഷം കൊണ്ട് നിയമവിരുദ്ധമായി കൈയ്യേറിയ ഭൂമി നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങുന്നു.ഈ നിയമലംഘനവും നിയമലംഘനത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള നിയമത്തിന്റെ പേരിലുള്ള കള്ളക്കളികളും 2002 വരെ, ആന്റണി സര്‍ക്കാരിന്റെ കാലം വരെ, നിര്‍ബാധം തുടര്‍ന്നു. 1980 ലെ കേന്ദ്ര വനം-പരിസ്ഥിതി നിയമം നിലവില്‍ വന്നശേഷവും നിയമലംഘന പ്രവര്‍ത്തനങ്ങളെ നിയമാനുസൃതമാക്കി മാറ്റിക്കൊണ്ടുള്ള ചെപ്പടിവിദ്യ മാറിമാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്നു. 1977 നു മുമ്പു നടന്ന എല്ലാ വനം കയ്യേറ്റങ്ങളും നിയമാനുസൃതമാക്കിക്കൊണ്ടുള്ളതായിരുന്നു 2002 ലെ ഉത്തരവ്. ഇതനുസരിച്ച് 20,000 ഹെക്ടര്‍ കയ്യേറ്റത്തിന് നിയമപ്രാബല്യം ലഭിച്ചു. (1 ഹെക്ടര്‍ = 2.45 ഏക്കര്‍)

1822 ല്‍ ഏലംകൃഷി വികസിപ്പിക്കാന്‍ വേണ്ടി തിരുവിതാംകൂര്‍ രാജാവാണ് ഇടുക്കി മേഖലയിലെ 15,721 ഏക്കര്‍ വനഭൂമി റവന്യൂഭൂമിയായി നോട്ടിഫൈ ചെയ്യുന്നത്. കിഴക്ക് തമിഴ്‌നാടും തെക്ക് പെരിയാര്‍ വന്യമൃഗസങ്കേതവും പടിഞ്ഞാറ് പെരിയാറും വടക്ക് മുതിരപ്പുഴയുമായുള്ളതാണ് ഈ പ്രദേശം. എന്നാല്‍, ഇന്ന് ഈ പ്രദേശത്തിന്റെ വിസ്തൃതി 2,64,885 ഏക്കറില്‍ അധികമാണ്. 15,721 ല്‍ നിന്ന് 2,64,885 ലേക്കുള്ള ദൂരമാണ് അനധികൃത കയ്യേറ്റത്തിന്റെ അളവ്. (ഇത് ഏറ്റവും പുതിയ കണക്കല്ല). ഈ കയ്യേറ്റത്തിന്റെ 90 ശതമാനവും നടന്നത് കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളിലാണ്.

നിയമവിരുദ്ധമായി വനം കയ്യേറിയവരെയാണ് നാമിന്ന് മലയോര കര്‍ഷകര്‍ എന്നു പേരിട്ടുവിളിക്കുന്നത്. അവരുടെ പാര്‍ട്ടിയാണ് പല കേരള കോണ്‍ഗ്രസ്സുകള്‍. അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അവരുടെ മതനേതാവാണ് ബിഷപ്പ് ആനിക്കുഴി. ആ ബിഷപ്പാണ് ഒരു ജനപ്രതിനിധിയോടും ഒരു മന്ത്രിയോടും ചോദിക്കുന്നത് ''കര്‍ഷകരുടെ പാര്‍ട്ടിയാണെന്ന് പറയുന്ന കേരള കോണ്‍ഗ്രസ് നേതാക്കളായ നിങ്ങളുടെ തല മരിച്ചുപോയോ'' എന്ന്. അതായത്, വനം കയ്യേറിയവര്‍ക്ക് വേണ്ടി ഇനിയും ഇനിയും, നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ, നിയമസംരക്ഷണം നല്‍കണം എന്ന്. നിയമലംഘനം നടത്താന്‍ ഒരു മന്ത്രിയോട് ആഹ്വാനം നല്‍കുകയാണ് ബിഷപ്പ് ചെയ്യുന്നത്. പക്ഷെ, അത് കര്‍ഷകരുടെ പേരിലാണ്. കര്‍ഷകരായ ക്രിസ്ത്യാനികള്‍ എന്ന് ബിഷപ്പോ കോണ്‍ഗ്രസ്സോ മാധ്യമങ്ങളോ പറയുന്നില്ല. (കൃഷിഭൂമിയ്ക്കുവേണ്ടി അരിപ്പയില്‍ മൂന്നുകൊല്ലമായി സമരം ചെയ്യുന്ന കര്‍ഷകരുടെ കാര്യം ബിഷപ്പ് പറയുന്നതേയില്ല.) ഇതാണ് ക്രിസ്ത്യന്‍ സഭ നേടിയെടുത്ത രാഷ്ട്രീയ നൈപുണി. ഇതാണ് കാന്തപുരത്തിനും കുമ്മനത്തിനും ഇല്ലാതെ പോയത്.

ബിഷപ്പിന്റെ മലയോര കര്‍ഷകര്‍ കൈയ്യേറിയത് വനഭൂമി മാത്രമല്ല. ആദിവാസികളുടെ ഭൂമി കൂടിയാണ്. 1975 ല്‍ കേരള നിയമസഭ പാസ്സാക്കിയ Sheduled Tribes Restruction of Transfer and Alientied Lands Act അനുസരിച്ച് ഭൂമി അന്യാധീനപ്പെട്ട ആദിവാസിയോ അയാള്‍ക്കുവേണ്ടി മറ്റാരെങ്കിലുമോ റവന്യൂവകുപ്പില്‍ പരാതി കൊടുത്താല്‍ ആ ഭൂമി ആദിവാസിക്ക് തിരികെ പിടിച്ചുനല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. നിയമം പാസ്സാക്കി 10 വര്‍ഷം കഴിഞ്ഞിട്ടാണ് അതിന്റെ ചട്ടങ്ങള്‍ ഉണ്ടാക്കിയത്. എന്നിട്ടും, നിയമം നടപ്പിലാക്കാത്തതിനെതിരെ ഡോ. നല്ലതമ്പി തേര എന്ന സാമൂഹിക പ്രവര്‍ത്തകന്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ Quo Warranto ഹര്‍ജി സമര്‍പ്പിച്ചു. നിയമം നടപ്പിലാക്കാത്ത സര്‍ക്കാരിന് ഭരണം തുടരാന്‍ എന്തവകാശമാണെന്ന് കോടതിയ്ക്ക് മുന്നിലെത്തിയ ചോദ്യം. പല ഒഴിവുകഴിവുകള്‍ പറഞ്ഞിട്ടും നില്‍ക്കക്കള്ളിയില്ലാതായ സര്‍ക്കാര്‍ എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞപ്പോഴാണ് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ചുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്.ആദിവാസികളുടെ ഭൂമി ഏറ്റവും കൂടുതല്‍ അന്യാധീനപ്പെട്ടത് വയനാട്ടിലാണ്. നല്ല തമ്പിതേര സാമൂഹ്യപ്രവര്‍ത്തനം നടത്തിയതും വയനാട്ടിലാണ്. എന്നാല്‍, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത സ്ഥലം ഇടുക്കിയിലെ കട്ടപ്പനയായിരുന്നു. ഇത് വളരെ ബോധപൂര്‍വ്വമായിരുന്നു. കാരണം, വനം കയ്യേറിയവരുടെ സംഘടിതശക്തി ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് കട്ടപ്പന. കോടതി ഉത്തരവു നടപ്പിലാക്കാന്‍ ചെന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമവിരുദ്ധപ്രവര്‍ത്തനത്തിലൂടെ ഭൂമി കയ്യേറിയശേഷം മലയോരകര്‍ഷകര്‍ കത്തിച്ചു. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. ജനരോഷം കാരണം ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ഇതിലൂടെ മൂന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് മലയോര കര്‍ഷകര്‍ ചെയ്തത്. ഒന്ന്, നിയമവിരുദ്ധമായി ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുത്തി. രണ്ട്, കോടതിവിധിക്ക് പുല്ലുവില കൊടുത്തു. മൂന്ന്, വിധി നടപ്പിലാക്കാന്‍ വന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. സര്‍ക്കാര്‍ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. എന്നാല്‍, നാളിതുവരെ ഈ പ്രവൃത്തികള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ആര്‍ക്കെങ്കിലും എതിരെ നിയമനടപടി എടുത്തതായി അറിയില്ല. (സമാനമായ സംഭവവികാസങ്ങളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയും ഇടുക്കിയില്‍ നടന്നത്. അന്നും ഇന്നും നേതൃത്വം കൊടുത്തത് പാതിരിമാരായിരുന്നു.

ഇതേ സംസ്ഥാന സര്‍ക്കാരാണ് മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ ഒഴിപ്പിക്കല്‍ നടപടി എടുത്തതും എതിര്‍ത്തവരെ വെടിവച്ചതും. 1975 ല്‍ നിയമസഭ പാസ്സാക്കിയ നിയമമനുസരിച്ച് ആദിവാസികളുടെ ഭൂമി തിരിച്ചുപിടിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരാണ് അതു ചെയ്യാതെ, 1980 ലെ കേന്ദ്രവനം പരിസ്ഥിതി നിയമത്തിന്റെ അന്തസത്തയെപ്പോലും ചോദ്യം ചെയ്തുകൊണ്ട് പരിസ്ഥിതി ലോലപ്രദേശപരിധിയില്‍ വനഭൂമി മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്ന നിലപാടെടുക്കുന്നത്. എന്നിട്ടും, തൃപ്തിവരാതെയാണ് ബിഷപ്പ് സ്വന്തം കുഞ്ഞാടുകള്‍ക്കുവേണ്ടി മന്ത്രിയോട് കയര്‍ക്കുന്നത്. ''പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'' എന്ന ക്രിസ്തുവചനത്തിന് പാപം ചെയ്യുന്ന കുഞ്ഞാടുകളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കു വേണ്ടരീതിയില്‍ പാപം ചെയ്യാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്നും അതിനു തയ്യാറായില്ലെങ്കില്‍ ആ മന്ത്രിമാര്‍ പാപം ചെയ്യുകയാണെന്നും അങ്ങനെ പാപം ചെയ്യുന്ന മന്ത്രിമാരെ ശാസിക്കാനും ശിക്ഷിക്കാനും അപമാനിക്കാനും ക്രിസ്തുവിന്റെ പ്രതിപുരുഷന്‍മാരിലൊരാളായ തനിയ്ക്ക് അവകാശമുണ്ടെന്നു കൂടി അര്‍ത്ഥമുണ്ടെന്നാണ് ബിഷപ്പ് അര്‍ത്ഥമാക്കുന്നത്. (പാപം എന്ന വാക്കിന് തെറ്റ് എന്ന അര്‍ത്ഥം കൂടിയുണ്ട്.)

തല മരിച്ച രാഷ്ട്രീയക്കാരെ നീക്കം ചെയ്യാന്‍ ജനത്തിന് അവകാശമുണ്ട്. അവര്‍ക്കത് തിരഞ്ഞെടുപ്പില്‍ കാണിക്കാം. ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനെയും തോല്‍പ്പിച്ച് അവര്‍ അത് കാട്ടിയിട്ടുമുണ്ട്. പക്ഷേ, തല മരിച്ച ബിഷപ്പുമാരെയോ? കാലം ചെയ്യുന്നതുവരെ അവരെ നമ്മള്‍ സഹിക്കണം. അതാണ് രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories