UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം: ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ധര്‍മ്മടം സ്വദേശികളായ രോഹില്‍, പ്രജ്വല്‍, മിധുല്‍, ഷമില്‍, റിജേഷ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂരില്‍ ധര്‍മ്മടത്തിന് സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ധര്‍മ്മടം സ്വദേശികളായ രോഹില്‍, പ്രജ്വല്‍, മിധുല്‍, ഷമില്‍, റിജേഷ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. മുല്ലപ്രം ചോമന്റവിട എഴുത്താന്‍ വീട്ടില്‍ സന്തോഷ് കുമാറാണ് (52) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമി സംഘം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം നേരത്തേ തന്നെ ആരോപിച്ചിരുന്നു. അതേസമയം, കുടുംബവഴക്കിനെ തുടര്‍ന്നാണ് സന്തോഷ് കുമാര്‍ കൊല്ലപ്പെട്ടതെന്നാണ് സിപിഎമ്മിന്റെ നിലപാട്. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ ബന്ധുക്കള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ബിജെപി അണ്ടല്ലൂര്‍ ബൂത്ത് പ്രസിഡന്റായിരുന്നു സന്തോഷ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധര്‍മടം അണ്ടല്ലൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കലോത്സവ വേദിക്ക് മുന്നിലൂടെ മൃതദേഹവുമായി വിലാപയാത്ര നടത്തണമെന്ന ആവശ്യവുമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം നഗരത്തില്‍ സംഘര്‍ഷത്തിന് കാരണവുമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍