അഴിമുഖം പ്രതിനിധി
റിപ്പോര്‍ട്ടര്‍ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ കേരള കുരുക്ഷേത്ര പരിപാടിയുടെ റെക്കോര്‍ഡിങ്ങിനിടെ സിപിഐഎം നേതാവായ മുഹമ്മദ് റിയാസിനോട് പാകിസ്ഥാനില്‍ പോടാ എന്ന ആക്രോശവുമായി ബിജെപി പ്രവര്‍ത്തകരെത്തി. കോഴിക്കോട് ബീച്ചില്‍ ഇന്ന് രാവിലെയാണ് സംഭവം. കോലീബി എന്ന കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തെ കുറിച്ച് പരിപാടിയില്‍ പങ്കെടുത്ത റിയാസ് സംസാരിച്ചപ്പോഴാണ് പത്തോളം ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് എതിരെ തിരിഞ്ഞത്.
നീ പാകിസ്ഥാനില്‍ പോടാ എന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ബിജെപിയേയും ആര് എസ് എസിനേയും വിമര്‍ശിക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ കേന്ദ്ര മന്ത്രിമാരടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെടുന്നത് ദേശീയ തലത്തില്‍ വിവാദമാകുന്നത് പതിവാണ്. അതിനിടയിലാണ് സാധാരണ ബിജെപി പ്രവര്‍ത്തകര്‍ പോലും ഈ ആവശ്യവുമായി രംഗത്തെത്തുന്നത്.
റിയാസിനെ അനുകൂലിച്ച പരിപാടിയുടെ അവതാരകനായ നിഷാദിനെതിരെയും ബിജെപി പ്രവര്‍ത്തകര്‍ തിരിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ എല്ലാവര്ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗുജറാത്തിലേക്ക് പോകാമെന്നും റിയാസ് മറുപടി നല്കി.