TopTop
Begin typing your search above and press return to search.

സൈബര്‍ സ്വയം സേവകരേ, ഈ ഉഡായിപ്പുകള്‍ നിര്‍ത്തിക്കൂടേ...?

സൈബര്‍ സ്വയം സേവകരേ, ഈ ഉഡായിപ്പുകള്‍ നിര്‍ത്തിക്കൂടേ...?

ഒരാള്‍ വീട്ടില്‍ കയറി വരുമ്പോള്‍, ശത്രുവോ, മിത്രമോ അപരിചിതനോ പരിചിതനോ എന്നു നോക്കാതെ കൈകൂപ്പി സ്വീകരിക്കുക എന്നത് ആതിഥേയ മര്യാദയാണ്. നടന്‍ നെടുമുടി വേണുവും അതേ ചെയ്തുള്ളൂ. പക്ഷേ അതിന്റെ ഫലം, വേണു പോലും അറിയാതെ അദ്ദേഹം ബിജെപിക്കാരന്‍ ആയി മാറി എന്നതാണ്!

തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലാണ് നെടുമുടി താമസിക്കുന്നത്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വോട്ടഭ്യര്‍ത്ഥിച്ച് വേണുവിന്റെ വീട്ടിലെത്തി. കുമ്മനം വെറും സ്ഥാനാര്‍ത്ഥി മാത്രമല്ല, ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്, തികഞ്ഞ മാന്യനും വാഗ്മിയും. ആ ബഹുമാനങ്ങളെല്ലാം നല്‍കിയാണ് വേണുവും കുടുംബവും കുമ്മനത്തെ വീട്ടിനുള്ളിലേക്ക് സ്വീകരിച്ചത്. അല്‍പ്പസ്വല്‍പ്പം കുശുമ്പും കുമന്നായ്മകളുമൊക്കെയുണ്ടെങ്കിലും വേണു സംസ്‌കാരം കാത്തുസൂക്ഷിക്കുന്നൊരാളായതുകൊണ്ട്, കുമ്മനത്തെ കൈകൂപ്പിയാണ് സ്വീകരിച്ചത്. കുമ്മനത്തെ നോക്കിയുള്ള വേണുവിന്റെ കൈകൂപ്പല്‍ ഏതെങ്കിലും പത്രഫോട്ടോഗ്രാഫര്‍മാരാണോ, അതോ കൂടെ വന്ന പാര്‍ട്ടിക്കാരാരെങ്കിലുമാണോ പകര്‍ത്തിയതെന്ന് അറിയില്ല. എന്തായാലും നിമിഷങ്ങള്‍ക്കകം വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമൊക്കെ ഈ ചിത്രം ഓടിനടക്കാന്‍ തുടങ്ങി. വെറുതെ ഓടിനടക്കുകയല്ല, ഉഗ്രനൊരു അടിക്കുറിപ്പുമായി, 'ഇനി വിശ്വാസം ബിജെപിയില്‍...നെടുമുടി വേണു'. അതായത് രമണാ...ആ വേണുവിന്റെ ആ കൈമുദ്രകള്‍ ശ്രദ്ധിച്ചോ, വയ്യാ...മടുത്തു, എങ്ങനെയെങ്കിലും ഈ കേരളത്തെ രക്ഷപ്പെടുത്തി തരണം, ഇതൊരപേക്ഷയാണ് എന്ന ലൈനിലായി ആ കൈകൂപ്പല്‍. ഇതാ ഒരു സിനിമാനടന്‍ കൂടി ബിജെപിയില്‍ വിശ്വസിക്കുന്നു എന്നു സംഘികള്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ഈ ഞെട്ടിക്കുന്ന സത്യം വേണു അറിയുന്നത് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ്. നിങ്ങളെന്തിനെന്നെ ബിജെപിയാക്കി എന്നാരോടും ചോദിക്കാന്‍ പോയില്ല, ആരോടാണ് ചോദിക്കേണ്ടത്? കുമ്മനത്തോടോ? അതുകൊണ്ട് സ്വയം ഒരു വിശദീകരണം നടത്തി; അറിഞ്ഞോ അറിയാതെയോ ഞാന്‍ ബിജെപിയായിട്ടില്ല.അംബുജാക്ഷന്റെ അറിവില്‍ ബിജെപിയുടെ ഫോട്ടോഷോപ്പ് മെംബര്‍ഷിപ്പ് കിട്ടിയ ആദ്യത്തെയാളല്ല നെടുമുടി വേണു. ചെറുതല്ലാത്ത നത്തോലികള്‍ തൊട്ട് തിമിംഗലങ്ങള്‍ വരെ ഇത്തരത്തില്‍ ബിജെപിക്കാരായിട്ടുണ്ട്. അവര്‍ക്കെല്ലാം തന്റെ അറിവിലോ സമ്മതത്തിലോ താനൊരു ബിജെപിക്കാരനല്ല എന്ന സത്യവാങ്മൂലം പൊതുജനസമക്ഷം വയ്‌ക്കേണ്ട ഗതികേടും ഉണ്ടായിട്ടുണ്ട്. അല്ലാ... അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുകയാ, നിങ്ങളെന്തിനാണു ബിജെപിക്കാരെ ഇങ്ങനെ മനുഷ്യന്മാരെ മക്കാറക്കണത്? ഒരാള്‍ക്ക് താത്പര്യമുണ്ടെങ്കിലല്ലേ അയാള്‍ ബിജെപിയോ കോണ്‍ഗ്രസോ കമ്യൂണിസ്‌റ്റോ ആകൂ, അതല്ലാതെ അവര്‍ പോലുമറിയാതെ അവരെ പാര്‍ട്ടിക്കാരും പാര്‍ട്ടി വിശ്വസികളുമാക്കാന്‍ നിങ്ങക്കാരാ അനുവാദം തന്നേക്കണത്?

രാഷ്ട്രീയക്കാര്‍ക്ക് ഈയടുത്തായി തുടങ്ങിയൊരു അസുഖമാണ് കൂടെ നാലഞ്ച് സിനിമാക്കാരെ കൂട്ടുകയെന്നത്. എന്തിനാണോ എന്തോ? തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ ഈ പരിപാടി നേരത്തെയുണ്ടായിരുന്നതാണ്. അവിടെ സൂപ്പര്‍ സ്റ്റാറുകള്‍ സീന്‍ വിടേണ്ട കാലമായെന്നു തോന്നിയാല്‍ നേരെ രാഷ്ട്രീയത്തിലിറങ്ങും. സ്വന്തമായൊരു പാര്‍ട്ടിയും രൂപീകരിക്കും. എംജിആര്‍, എന്‍ടിആര്‍ തൊട്ട് ഇപ്പോള്‍ സാക്ഷാല്‍ കറുത്ത എംജിആര്‍ വിജയകാന്ത് വരെ അതാതു സംസ്ഥാനങ്ങളില്‍ കൊടികെട്ടിയ നേതാക്കന്മാരായി. ഭരിക്കാനും ഭരിപ്പിക്കാനും കഴിവുള്ളവരാണ് ഇവിടങ്ങളിലെ സിനിമാക്കാര്‍. പക്ഷേ അതുപോലെയാണോ കേരളം. നമ്മള്‍ പയറും മുതിരയും തിരിച്ചറിയാന്‍ കഴിവുള്ളവരല്ലേ. സാക്ഷാല്‍ പ്രേംനസീറിനെ പോലും കുറേ വെയിലു കൊള്ളിച്ചിട്ട് തിരിച്ചയച്ചവരാണ്. പിന്നെയെപ്പോഴാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് മേക്കപ്പിട്ടവരെക്കണ്ടാല്‍ ഇളക്കം തട്ടാന്‍ തുടങ്ങിയത്. സ്വയം വിശ്വാസം ഇല്ലാതായതു മുതല്‍. എല്ലാവരെയും എല്ലാക്കാലത്തേക്കും മണ്ടന്മാരാക്കാന്‍ കഴിയില്ലെന്നാണല്ലോ പറയുന്നത്. അതുകൊണ്ട് രാഷ്ട്രീയത്തിലെ പല മുഖങ്ങളോടും ജനങ്ങള്‍ക്ക് വലിയ മതിപ്പൊന്നും ഇപ്പോള്‍ ഇല്ല. വിശ്വാസം ആണല്ലോ രാഷ്ട്രീയത്തിലെ ഇന്‍വെസ്റ്റ്‌മെന്റ്. അതുപോയാല്‍ ബിസിനസ് പൊളിയും. രാഷ്ട്രീയക്കാരേക്കാള്‍ ഡിങ്കനെ വിശ്വസിക്കുന്ന ഈക്കാലത്ത് ജനങ്ങളെ സുഖിപ്പിക്കാനാണത്രേ സിനിമാക്കാരെ കൂടെകൂട്ടുന്നതെന്നാണ് അംബുജാക്ഷനു തോന്നുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു യോഗത്തിന് ആള്‍ക്കൊന്നിന് ആയിരവും ഭക്ഷണവും കള്ളും കൊടുക്കണം, എന്നാലോ ഒരു സൂപ്പര്‍ താരത്തിന്റെ സിനിമ കാണാന്‍ കാശങ്ങോട്ടു കൊടുത്ത് തിക്കിതിരക്കും. അപ്പോള്‍ ഈ സിനിമാക്കാരെ തങ്ങളുടെ കൂടെക്കൂട്ടിയാല്‍ ആളുകള്‍ ഇതുപോലെ തിക്കിതിരിക്കി വരുമല്ലോ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തോന്നിക്കാണും. എന്തൊരു ബുദ്ധി!

അങ്ങോട്ടു ചെന്നു ക്ഷണിക്കാതെ തന്നെ ഇങ്ങോട്ടു വന്ന സിനിമാക്കാരും മറ്റു കലാകാരന്മാരുമുണ്ട് രാഷ്ട്രീയത്തില്‍. അവരൊന്നും അറിയാതെയൊരു മിസ്‌കോള്‍ അടിച്ചതുകൊണ്ടോ വീട്ടില്‍ വന്നവനെ തൊഴുതു സ്വീകരിച്ചതുകൊണ്ടോ അകപ്പെട്ടുപോയവരല്ല. സ്വമനസാലെ വന്നവരാണ്. അതിനൊരു അന്തസ്സുണ്ട്. പക്ഷേ ഇപ്പോഴത്തെ പരിപാടിയുണ്ടല്ലോ അതു വെറും ബോറാണ്. സംഭവം ഇന്ത്യ ഭരിക്കുന്നവരൊക്കെയാണെങ്കിലും കേരളത്തില്‍ ഒരു പേരില്ല എന്നതാണ് ഭ.ജ.പ ക്കാര്‍ നേരിടുന്ന സ്വത്വപ്രതിസന്ധി. എത്രയൊക്കെ പറഞ്ഞിട്ടും ആര്‍ക്കുമങ്ങോട്ടൊരു വിശ്വാസം വരുന്നില്ല. അതൊന്നു മാറ്റിയെടുക്കാന്‍ എന്താണു പുണ്യാളാ എന്നാലോചിച്ചു നടന്ന ആര്‍ക്കെങ്കിലുമായിരിക്കണം സിനിമാക്കാര്‍ക്ക് ഫോട്ടോഷോപ്പ് മെംബര്‍ഷിപ്പ് കൊടുക്കാന്‍ തോന്നിയത്. കുറ്റം പറയാന്‍ പറ്റില്ല. വിശ്വാസം എള്ളിന്‍വിത്തുപോലെയല്ല, അതു മുളച്ചുപൊന്തണമെങ്കില്‍ കുറച്ചു പാടുണ്ട്. അത്രയ്‌ക്കൊന്നും കാത്തിരിക്കാന്‍ വയ്യാത്തോണ്ട് ചെയ്‌തൊരു സൂത്രപ്പണി. ആരൊക്കെയാണ് ആ പണിയില്‍ വീണതെന്നു നോക്കണം, സാക്ഷാല്‍ പൃഥ്വിരാജ് (കേരളത്തിലെ നല്ലൊരു പങ്ക് യുവാക്കളുടെ പിന്തുണ അതുവഴി ഉറപ്പിച്ചു), സത്യന്‍ അന്തിക്കാട് (അന്തിക്കാട് ട്രാവല്‍സിലെ സ്ഥിരം യാത്രക്കാരുടെ വോട്ട് ഷുവര്‍), ബാലചന്ദ്ര മേനോന്‍ (ഇനിയാളുകള്‍ ബജെപിയെക്കുറിച്ച് ഗൗരവത്തില്‍ സംസാരിക്കും) നീരജ് മാധവ് (ഫ്രീക്കന്‍മാര്‍ പിന്നാലെ വരും) ഗൗതമി നായര്‍ (ആരാധകര്‍ ആരെങ്കിലുമൊക്കെ കാണുമല്ലോ) പിന്നെയുമാരെല്ലാമോ ഉണ്ടെന്നു തോന്നുന്നു. ഈ വിധമെല്ലാം കുറെ വിശ്വാസികളെയും അവരുടെ വോട്ടും ഉറപ്പിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് മേല്‍പ്പറഞ്ഞവരെല്ലാം കോഴി കൂവാന്‍ കാത്തുനില്‍ക്കാതെ തള്ളിപ്പറഞ്ഞത്. അതിലൊരാള്‍ ക്ലോസറ്റ് പാര്‍ട്ടിയെന്നു വരെ അധിക്ഷേപിച്ചു. ആ നിരയില്‍ ഒടുവിലത്തെ(?) ആളാണ് നെടുമുടി വേണു.അംബുജാക്ഷന്‍ ഒരു ബിജെപി വിരോധിയൊന്നുമല്ല (വിശ്വാസിയുമല്ല), അതുകൊണ്ട് ഈ പറയുന്ന് കൊതിക്കെറുവാണെന്നു പറഞ്ഞേക്കരുത്. മൂന്ന് എംപിമാരൊള്ളൊരു പാര്‍ട്ടിയില്‍ നിന്ന് രണ്ടു തവണ ഇന്ത്യ ഭരിക്കുന്നവരായി മാറാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കില്‍ അത് ഇതുപോലുള്ള ചവറു പരിപാടി കൊണ്ടല്ലെന്നു (അതുക്കും മേലെ) കേരളത്തിലെ സംഘികള്‍ മനസിലാക്കണം. ഒരു പൃഥ്വിരാജോ നെടുമുടി വേണുവോ ഇനി തങ്ങളുടെ വിശ്വാസം ബിജെപിയില്‍ ആണെന്നു പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങളു മുഴുവന്‍ മാറി ചിന്തിക്കുമെന്നാണോ? അതോ ഇവിടുത്തെ കോമണ്‍മാനെക്കാള്‍ ഔന്നത്യത്തില്‍ ചിന്തിക്കുന്നവരാണ് സെലിബ്രിറ്റികളെന്ന ധാരണയോ? സിനിമാക്കാരുടെ രാഷ്ട്രീയബോധമൊക്കെ ഇവിടെയെല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ളപ്പോള്‍ ഈ സെലിബ്രിറ്റി ഞങ്ങളുടെ കൂടെയാണെന്നു പറഞ്ഞാല്‍ ബാക്കിയുള്ളവരും ബിജെപിക്കു വേണ്ടി കൈപൊക്കുമെന്നൊക്കെ വിശ്വസിക്കുന്നതു തന്നെയാണ് നിങ്ങള്‍ രക്ഷപ്പെടാത്തതിനു കാരണം.

അല്ലെങ്കില്‍ തന്നെ ബിജെപിയില്‍ സ്വയമേവ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന താരങ്ങളുണ്ടല്ലോ. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഒരു ഫോട്ടോഷോപ്പും നടത്താതെ തന്നെ ബിജെപി വിശ്വാസിയായില്ലേ. വിശ്വസിക്കുന്നവരില്‍ അത്ഭുതം പ്രവര്‍ത്തിക്കുന്നു എന്ന വചനബോര്‍ഡ് വയ്ക്കാന്‍ ഇത്രയും മികച്ചൊരാളെ തന്നെ നിങ്ങള്‍ക്ക് കിട്ടിയില്ലേ. സാക്ഷാല്‍ ഭീമന്‍ രഘു നിങ്ങള്‍ക്കു വേണ്ടി സ്ഥനാര്‍ത്ഥിയാകാന്‍ വരെ ധൈര്യം കാണിച്ചില്ലേ. കവിയൂര്‍ പൊന്നമ്മ തനിക്ക് മോദിയിലുള്ള വിശ്വാസം അടിവരയിട്ടു വിളിച്ചു പറഞ്ഞില്ലേ, കൊല്ലം തുളസി, പ്രവീണ, സംവിധായകന്‍ രാജസേനന്‍ അങ്ങനെ എത്രപേര്‍. ഇതൊന്നും വേണ്ട, കേരള രാഷ്ട്രീയ ചരിത്രത്തില്‍ സ്വന്തമായി അന്തരാഷ്ട്ര ക്രിക്കറ്റ് താരമുള്ള മറ്റേതു പാര്‍ട്ടിയുണ്ട്. ഇതൊന്നും പോരാഞ്ഞിട്ടാണോ നിങ്ങളിങ്ങനെ ഉഡായിപ്പുമായി നടക്കുന്നത്. കോണ്‍ഗ്രസിനും സിപിഎമ്മിനും സിനിമാക്കരുടെ പിന്തുണയുണ്ടല്ലോ അതുകൊണ്ട് ഞങ്ങള്‍ക്കും വേണം കുറച്ചുപേരെ എന്നാണെങ്കില്‍ അതിനു നേരായ വഴി നോക്കണം. പത്തായത്തില്‍ നെല്ലുണ്ടെന്നു കണ്ടാല്‍ എലി മൂന്നാറില്‍ നിന്നും വരുമെന്നു കേട്ടിട്ടില്ലേ. അതുകൊണ്ട് ഇമ്മാതിരി ഫോട്ടോഷോപ്പ് പരിപാടി നിര്‍ത്തി വെറുതെ നാണംകെടാന്‍ നില്‍ക്കാതെ നല്ലതാണെന്നു നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ നോക്കണം, സിനിമാക്കാര്‍ ഇനിയും ബാക്കിയുണ്ടല്ലോ...

സത്യവാങ്മൂലം; സ്വന്തം അറിവിലോ സമ്മതത്തിലോ അംബുജാക്ഷന്‍ ഇതുവരെ ഒരു ബിജെപി വിശ്വാസി അല്ല എന്ന കാര്യം ബോധ്യപ്പെടുത്തിക്കൊള്ളുന്നു...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories