Top

ബി ജെ പി മാഞ്ചിയോട് ചെയ്തതും സി പി എം ആര്‍ എസ് പിയോട് കാണിച്ചതും

ബി ജെ പി മാഞ്ചിയോട് ചെയ്തതും സി പി എം ആര്‍ എസ് പിയോട് കാണിച്ചതും
ഡി. എസ്. പണിക്കര്‍

ബിഹാറിലെ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്. ബിജെപി ആസ്ഥാനമായ 11 നമ്പര്‍ അശോക റോഡില്‍ വൈകുന്നേരം 6.30 വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം പ്രത്യേകിച്ച് കാരണം ഒന്നും പറയാതെ നീട്ടിവച്ച് കൊണ്ടേയിരുന്നു. രാത്രി എട്ടു മണി ആയപ്പോഴേക്കും മാധ്യമ പ്രവര്‍ത്തകരെ ചായകുടിക്കുന്നതിനായി ക്ഷണിച്ചു. അപ്പോഴും പത്രസമ്മേളനം എപ്പോള്‍ ആരംഭിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ പിടി ഉണ്ടായില്ല. എട്ടരയോടെ വാര്‍ത്ത പതുക്കെ ലീക്ക് ചെയ്തു. 15 സീറ്റ് നല്‍കാം എന്ന ബിജെപിയുടെ ഓഫര്‍ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി അംഗീകരിക്കുന്നില്ല എന്നതായിരുന്നു പത്രസമ്മേളനം ആരംഭിക്കാന്‍ വൈകുന്നതിന്റെ കാരണം.

243 സീറ്റുകളില്‍ 162 സീറ്റുകളില്‍ ബിജെപി മത്സരിക്കും എന്ന് ഉറപ്പിച്ച രീതിയിലായിരുന്നു. മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച ചെറിയ പാര്‍ട്ടി ആണെങ്കിലും മഹാദലിത് വിഭാഗത്തിന്റെ പ്രതിനിധി ആണ്. ജെ.ഡി (യു) വില്‍ നിന്നും ഇറങ്ങി പോന്ന എം എല്‍ എ മാരെപോലും മാഞ്ചിക്ക് സ്വന്തം പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താനായില്ല. തോല്‍ക്കുന്ന പാര്‍ട്ടി എന്നാണ് എല്‍.ജെ.പി നേതാവ് മാഞ്ചിയുടെ പാര്‍ട്ടിയെ വിളിച്ചത്. എന്നിട്ടും ശനിയാഴ്ചയും ഞായറാഴ്ചയും മാഞ്ചിയുമായി ബിജെപി നേതാക്കളായ ധര്‍മേന്ദ്ര പ്രധാനും അനന്തകുമാറും ബിഹാറിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും മാറി മാറി സംസാരിച്ചു കൊണ്ടേയിരുന്നു. ഇതിനിടയിലാണ് മാഞ്ചിയുടെ മകന്‍ പ്രവീണ്‍ മാഞ്ചിയെ അനധികൃത പണവുമായി പോലീസ് പിടിച്ചത്. നിയമവിരുദ്ധമായി കൈവശം വച്ച 4.6 ലക്ഷം രൂപ പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെയാണ് തുക പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലനില്‍ക്കുകയാണ്. പരമാവധി കൈവശം വയ്ക്കാവുന്ന തുക അന്‍പതിനായിരം ആണെന്നിരിക്കെയാണ് ഈ സംഭവം നടക്കുന്നത്. എല്ലാം കൊണ്ടും മാഞ്ചിയെ കൈ ഒഴിയാവുന്ന സാഹചര്യം. മാഞ്ചി വഞ്ചന കാട്ടിയെന്ന് നിതീഷ് കുമാര്‍ വിശ്വസിക്കുന്നതിനാല്‍ എതിര്‍ പാളയത്തിലേക്ക് പോകാനാവില്ല.

തിങ്കളാഴ്ച രാവിലെ എല്ലാം കലങ്ങി തെളിഞ്ഞു. 15 സീറ്റില്‍ നിന്നും മാഞ്ചിക്ക് നല്‍കുന്ന സീറ്റുകളുടെ എണ്ണം 20 ആക്കി ബിജെപി ഉയര്‍ത്തി. മാഞ്ചിയുടെ അനുയായികള്‍ക്ക് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ അനുവാദവും നല്‍കി. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടി ആണ് ഈ മര്യാദ കൊച്ചു കക്ഷിയോടു ചെയ്തത്. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ആയ സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തെക്കുറിച്ച് ആലോചിക്കാവുന്ന സമയം കൂടി ആണിത്. ഏറ്റവും അവസാനത്തെ ഉദാഹരണം കൊല്ലം ലോകസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പാണ്.2014 മാര്‍ച്ച് 1,2 തീയതികളില്‍ ഡല്‍ഹിയില്‍ വച്ച് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയും ആര്‍ എസ് പി യുടെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റും നടക്കുകയാണ്. കൊല്ലം സീറ്റിനെ സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ച നടത്താം എന്ന് ആവശ്യപ്പെട്ടു എന്‍.കെ.പ്രേമചന്ദ്രന്‍ സിപിഎം നേതാക്കളെ പലതവണ ബന്ധപ്പെട്ടപ്പോഴും അവര്‍ ഒഴിഞ്ഞു മാറി കൊണ്ടേയിരുന്നു. മാര്‍ച്ച് 5,6 തീയതി ആയപ്പോള്‍ കൊല്ലം പട്ടണത്തിലും ശക്തികുളങ്ങരയിലും എം.എ.ബേബിയെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ടു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആര്‍.എസ് .പി അണികള്‍ കൊല്ലത്ത് പലയിടത്തും പ്രതിഷേധ പ്രകടനം ആരംഭിച്ചു. ഉഭയകക്ഷി ചര്‍ച്ചയ്ക്കു വീണ്ടും ആര്‍.എസ്.പി സമ്മര്‍ദ്ദം തുടങ്ങി. ഒടുവില്‍ മാര്‍ച്ച് ഏഴാം തീയതി രാവിലെ 11 മണിക്ക് എ.കെജി സെന്‍ററില്‍ ചര്‍ച്ച തീരുമാനിച്ചു. ചര്‍ച്ച എന്ന് പറയാനൊന്നും പറ്റില്ല പ്രേമചന്ദ്രനും അസീസും കൂടി ആര്‍.എസ്.പി ക്ക് മത്സരിക്കാന്‍ കൊല്ലം സീറ്റ് വേണം എന്ന് പറഞ്ഞു . പിണറായിയും കോടിയേരിയും വൈക്കം വിശ്വനും ചേര്‍ന്ന് നടക്കില്ലെന്നു പറഞ്ഞു. അത്ര തന്നെ. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് ഉച്ചയ്ക്ക് ചേര്‍ന്ന്, വൈകുന്നേരം നടക്കുന്ന എല്‍ ഡി എഫ് യോഗത്തിന് പോകണ്ട എന്ന് തീരുമാനിച്ചു. അടുത്ത ദിവസം ആര്‍ എസ് പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും യു. ഡി. എഫ് പിന്തുണച്ചതും ചരിത്രം. പ്രേമചന്ദ്രനെ എല്‍. ഡി. എഫ് സ്ഥാനാര്‍ഥി ആക്കിയിരുന്നെങ്കില്‍ ലോക്‌സഭയിലെ മികച്ച അഞ്ചു എംപി മാരില്‍ ഒരാള്‍ എല്‍.ഡി.എഫിന്റെ അകൗണ്ടില്‍ നിന്ന് ആകുമായിരുന്നു.
രാജ്യസഭ സീറ്റ് വച്ച് നീട്ടിയിട്ടും ഗ്രൂപ്പിസത്തിന്റെ ഭാഗമായി ആര്‍. എസ്. പി.ഏറ്റെടുത്തില്ല എന്ന സിപിഎമ്മിന്റെ വാദം അംഗീകരിക്കാം. കഴിഞ്ഞ തവണയും മത്സരിച്ചത് സിപിഎം സ്ഥാനാര്‍ഥി ആണെന്നതും ശരി തന്നെ. പക്ഷെ ഒരു ഘടക കക്ഷി മുന്‍കാല സീറ്റിനു വേണ്ടി ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് ആവശ്യം ഉയര്‍ത്തുമ്പോള്‍ അവരെ വിശ്വാസത്തില്‍ എടുക്കേണ്ടത് ജനാധിപത്യ വ്യവസ്ഥയില്‍ അനിവാര്യമാണ്.

പോസ്റ്റര്‍ അടിക്കുന്നതിനും മുന്‍പ് ആര്‍എസ്പിയെ വിശ്വാസത്തില്‍ എടുക്കാന്‍ സിപിഎം ശ്രമിച്ചില്ല എന്നതായിരുന്നു ഏറ്റവും വലിയ പിഴവ്. ചെറുകക്ഷി ആണെങ്കില്‍ അവരോടു പോലും കാണിക്കേണ്ട മര്യാദ ഉണ്ടായില്ല. വിഎസ് അച്യുതാനന്ദനെ പിന്തുണയ്ക്കുന്നു എന്ന കുറ്റത്തിനായിരുന്നു വീരേന്ദ്രകുമാറിനെ എല്‍.ഡി.എഫില്‍ നിന്നും പുകച്ചു ചാടിച്ചത്. മുന്നണിയ്ക്കുള്ളില്‍ പോലും സോഷ്യലിസം നടപ്പിലാക്കാന്‍ കഴിയാത്ത സിപിഎമ്മിന് ഇനി എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയും എന്നതാണ് പ്രസക്തമായ ചോദ്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍ )

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories