അഴിമുഖം പ്രതിനിധി
ട്രെയിനില്‍ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ബിജെപി എംഎല്‍എയെ സംസ്ഥാന ഘടകം സസ്പെന്‍ഡ് ചെയ്തു. ബീഹാറിലെ സിവാന്‍ മേഖലയില്‍ നിന്നുള്ള ബിജെപി നിയമസഭാംഗമായ ടുണ പാണ്ഡെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.
പൂര്‍വാഞ്ചല്‍ എക്സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്ന തന്നോട് എംഎല്‍എ അപമര്യാദയായി പെരുമാറുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു. ട്രെയിനിലെ ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നും കൂടാതെ ട്രെയിനില്‍ ബാത്ത്റൂമില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പം വരികയും ചെയ്തെന്നാണ് യുവതി നല്കിയ പരാതി.
എന്നാല്‍ ഇത് നിഷേധിച്ച എംഎല്‍എ താന്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കുകയായിരുന്നെന്നും അവിടെ ഉറങ്ങിയിരുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് മനസ്സിലായില്ല എന്നും പറഞ്ഞു.യുവതി ഗോരഖ്പൂരിലേക്കും ടുണ പാണ്ഡെ ദുര്‍ഗാപ്പൂരില്‍ നിന്നും ഹജിപ്പൂരിലേക്കും യാത്ര ചെയ്യുകയായിരുന്നു. പരാതി ലഭിച്ച സാഹചര്യത്തില്‍ പാണ്ഡെയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി പറഞ്ഞു.