ബീഫ് രാഷ്ട്രീയം

വ്യാജഫോട്ടോയുമായി വന്ന കെ സുരേന്ദ്രനെ കൈയോടെ പിടികൂടി സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശില്‍ പശുവിനെ അറുത്തിട്ടിരിക്കുന്ന ചിത്രം കേരളത്തിലേതെന്ന നിലയിലായിരുന്നു സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്

കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വന്‍പ്രതിഷേധം അരങ്ങേറുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബിജെപി-സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പലതരത്തിലുള്ള പ്രചരണങ്ങളാണു നടത്തിവരുന്നത്. സുപ്രിം കോടതിവിധിയാണു സര്‍ക്കാര്‍ നടപ്പിലാക്കിയെന്നതായിരുന്നു ആദ്യത്തെ പ്രചരണം. എന്നാല്‍ സുപ്രിം കോടതി കാലിചന്ത നിരോധിക്കണമെന്നോ കശാപ്പ് നിയന്ത്രിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും ഗോവധനിരോധനമെന്ന അജണ്ട നടപ്പാക്കാന്‍ സുപ്രിം കോടതിയെ മറയാക്കുകയാണ് സംഘപരിവാറും കേന്ദ്രസര്‍ക്കാരുമെന്നു തെളിവുകള്‍ സഹിതം സോഷ്യല്‍ മീഡിയ മറുപടി നല്‍കി. ഇതില്‍ തിരിച്ചടി നേരിട്ടിരിക്കുന്ന സമയത്താണു നിലമ്പൂരിലെ പൂക്കോട്ടുപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവം. ഇതിന്റെ പേരില്‍ ഒരു വര്‍ഗീയകലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമം ആരംഭിച്ചെങ്കിലും പൊലീസ് പ്രതിയെ പിടികൂടിയതോടെ ഈ ശ്രമവും തകര്‍ന്നു.

ഇതിനു പിന്നാലെയാണു കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പരസ്യമായി കന്നിനെ കശാപ്പ് ചെയ്ത വിഷയം കിട്ടുന്നത്. ഒരു തരത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെയാണ് ഇങ്ങനെയൊരു വടി സംഘപരിവാര്‍, ബിജെപി നേതാക്കളുടെ കൈയില്‍ കൊടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിയെ രാഹുല്‍ പരസ്യമായി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കണ്ണൂരിലെ കശാപ്പിനെതിരേ രംഗത്തു വന്നു. ഇതോടെ അവസരം സംഘപരിവാര്‍ ഏറ്റെടുത്തു. എന്നാല്‍ ഇവിടെയും അമിതാവേശം അവര്‍ക്കു തന്നെ തിരിച്ചടിയായി.

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇട്ട ഒരു ഫെയസ്ബുക്ക് പോസ്‌റ്റോടുകൂടിയാണു അവര്‍ വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയില്‍ എത്തിയത്. കണ്ണൂരിലെ പരസ്യമായ കശാപ്പ് തന്നെയായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിനു സുരേന്ദ്രന്‍ ആധാരമാക്കിയതെങ്കിലും അതിനൊപ്പം ചേര്‍ത്ത പടം ആകട്ടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതും.

ഇതു കൈയോടെ പിടികൂടിയ സോഷ്യല്‍ മീഡിയ സുരേന്ദ്രന്‍ വ്യാജപ്രചരണം നടത്തുകയാണെന്ന ആക്ഷേപവുമായി സജീവമായി.


ഇതിനൊപ്പം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, തോമസ് ഐസക്കും എല്ലാം സുരേന്ദ്രന്റെ വ്യാജപ്രചരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തു വന്നതോടെ ഒരിക്കല്‍ കൂടി തന്ത്രംപാളിയ അവസ്ഥയിലായി സുരേന്ദ്രനും സംഘപരിവാര്‍-ബിജെപി പ്രവര്‍ത്തകരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍