Top

സമഗ്രാധിപത്യ (ഭൂരിപക്ഷ) ജനാധിപത്യത്തിന് തയ്യാറെടുത്തോളൂ

സമഗ്രാധിപത്യ (ഭൂരിപക്ഷ) ജനാധിപത്യത്തിന് തയ്യാറെടുത്തോളൂ
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വമ്പന്‍ വിജയം അപ്രതീക്ഷിതമായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ കക്ഷികളുടെ കടുത്ത പോരാട്ടം കാരണം ഒരു തൂക്കുസഭയായിരുന്നു കൂടുതല്‍ പേരും പ്രതീക്ഷിച്ചിരുന്നത്.

2014-ലേതുപോലെ ബിജെപി വിജയത്തേക്കാളേറെ ഇതൊരു മോദി വിജയമാണ്. യു പിയില്‍ ശക്തരായ ബിജെപി നേതാക്കളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഇല്ലാതിരുന്നതൊന്നും നരേന്ദ്ര മോദി മുഖ്യ പ്രചാരക വേഷത്തിലെത്തിയപ്പോള്‍ പ്രശ്‌നമായില്ല. ഒപ്പം, ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കീഴില്‍ അച്ചടക്കമുള്ള, സജീവ പ്രവര്‍ത്തകരുള്ള ഒരു കക്ഷിയായി. മികച്ച രീതിയില്‍ സംഘടിപ്പിച്ച പ്രചാരണമാണ് ഷാ നടത്തിയത്.

മോദിയുടെ ആകര്‍ഷകത്വത്തെക്കുറിച്ച് ഏറെ പറഞ്ഞെങ്കിലും, ബിജെപിയുടെ വിജയത്തിന്റെ അടിസ്ഥാന കാരണം, സമാജ് വാദി പാര്‍ട്ടിയിലും അതിലുമേറെ കോണ്‍ഗ്രസിലും ബഹുജനനേതാക്കള്‍ ഇല്ലാതെ പോയതാണ്. യുവാവായ, വികസന നായകന്‍ എന്നീ നിലയ്ക്കുള്ള അഖിലേഷ് യാദവിന്റെ വരവ് വൈകിയാണ് ഉണ്ടായത്. എസ് പിയുടെ ഒരു നാടുവാഴിത്ത സ്വഭാവമുള്ള, അഴിമതി കക്ഷി എന്ന, 2012ലെ കലാപങ്ങള്‍ കണ്ടുനിന്ന, മാഫിയ തലവന്‍മാരുമായി ബന്ധമുള്ള ഒരു പാര്‍ട്ടി എന്ന പ്രതിച്ഛായയുടെ ഭാരം കളയാന്‍ അത് മതിയാകുമായിരുന്നില്ല. കോണ്‍ഗ്രസിനാണെങ്കില്‍ കുടുംബ വാഴ്ച്ച ഒട്ടും ഗുണം ചെയ്തില്ല. തുടര്‍ച്ചയായ പല തെരഞ്ഞെടുപ്പുകളിലും രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. പാര്‍ട്ടിയില്‍ കഴിവുള്ള പല രണ്ടാം നിര നേതാക്കന്മാരും തഴയപ്പെട്ടു. അതേസമയം പ്രാദേശിക നേതാക്കന്‍മാര്‍ക്ക് സ്ഥാനം കിട്ടിയ പഞ്ചാബ് പോലുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ച്ചവെച്ചു.
അതുകൊണ്ടുതന്നെ എസ് പി കോണ്‍ഗ്രസ് സഖ്യം ഒരു പരാജയമായിരുന്നു. എസ് പി, യാദവ്- മുസ്ലീം വോട്ടുകളും കോണ്‍ഗ്രസ് സവര്‍ണ വോട്ടുകളും ആകര്‍ഷിക്കും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ സവര്‍ണ വോട്ടുകള്‍ ബിജെപിക്കും, മുസ്ലീം വോട്ടുകള്‍ സഖ്യത്തിനും ബിഎസ്പിക്കുമായി വീതംവച്ചു പോയതോടെ ബിജെപിക്ക് നേട്ടമുണ്ടാക്കാനായി. ഇതുമാത്രമല്ല, സഖ്യത്തിന്റെ നേതാക്കള്‍ ജാതി/സമുദായ അടിസ്ഥാനത്തില്‍ മാത്രമാണ് ചിന്തിച്ചത്. അവര്‍ ജനത്തിന് മുന്നില്‍ ബദലുകളൊന്നും വെക്കാതെ മോദിയെ ആക്രമിച്ചുകൊണ്ടിരുന്നു.ഇതിന് വിരുദ്ധമായി, ബിജെപി അതിന്റെ വല വ്യാപകമായി വിരിച്ചു. 1990-കളുടെ അവസാനം മുതല്‍ ആര്‍എസ്എസും യോഗി ആദിത്യ നാഥിനെ പോലുള്ള പ്രാദേശിക നേതാക്കളെയും വെച്ച് ബിജെപി കൂടുതല്‍ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള 'ബ്രാഹ്മിണിക് ഇതര ഹിന്ദുത്വ' സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. മോദിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരായിരുന്നില്ല, മറിച്ച് ഈ വര്‍ഗീയ വോട്ടുബാങ്കിനെ ഉറപ്പിച്ചുനിര്‍ത്താനായിരുന്നു. അത് വലിയ നേട്ടം നല്‍കി. പശ്ചിമ യുപിയിലെ ജാട്ടുകള്‍, കിഴക്കന്‍ യുപിയിലെ ഒ ബി സികള്‍, ജാദവേതര ദളിതുകള്‍ എന്നുള്ളവര്‍ ബിജെപിയെ പിന്തുണച്ചു. ഇതിനോടൊപ്പം മോദിയുടെ വികസന വാഗ്ദാനവും ധനികരില്‍ നിന്നും കള്ളപ്പണം പിടിച്ചെടുക്കുമെന്ന തരത്തില്‍, നോട്ട് പിന്‍വലിക്കലിനെ ഒരു വര്‍ഗ പ്രശ്‌നമാക്കി വളച്ചൊടിച്ചതും പ്രധാനമന്ത്രിയെ പാവങ്ങളുടെ മിശിഹായാക്കി മാറ്റി.

ഉത്തര്‍പ്രദേശിലും ദേശീയ രാഷ്ട്രീയത്തിലും ഈ തെരഞ്ഞെടുപ്പ് ഫലം വമ്പന്‍ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ബിജെപി 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വഴിത്തിരിവാകുന്ന മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നു. ഒരു സ്വത്വാനന്തര, ആഗോളീകരണാനന്തര രാഷ്ട്രീയത്തിന്റെ ഉദയമാണ് നാം കാണുന്നത്. ജീവിതാഭിവൃദ്ധിയുടെ അഭിലാഷങ്ങള്‍ മാത്രമുള്ള ഒരു ഹിന്ദു ഉപഭോക്തൃ മധ്യവര്‍ഗ സമൂഹത്തെ ഭൂരിപക്ഷ സമഗ്രാധിപത്യത്തിന്റെ വളര്‍ച്ച ഒട്ടും അസ്വസ്ഥരാക്കുന്നില്ല. യു പി പോലൊരു നിര്‍ണായക സംസ്ഥാനത്ത്, കോണ്‍ഗ്രസിന്റെയും മറ്റ് 'സാമൂഹ്യ നീതീ' കക്ഷികളുടെയും തകര്‍ച്ച ഒരു പക്ഷേ രാജ്യത്തെ വലതുപക്ഷ ശക്തികളുടെ ഏകീകരണം ഉറപ്പിക്കുകയും 2019ല്‍ ഒരു വിജയത്തിന്റെ സാധ്യതയിലേക്കുള്ള വാതില്‍ തുറക്കുകയുമാണെന്ന് കരുതാവുന്ന രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Next Story

Related Stories