UPDATES

കേരളത്തില്‍ മാത്രം ഒന്നും നടക്കുന്നില്ലെന്ന് അമിത് ഷായ്ക്ക് പരാതി

സീറ്റ് കിട്ടാതെ അമിതമായി ഒന്നും ആഗ്രഹിക്കേണ്ടെന്ന് കേരള നേതാക്കള്‍ക്ക് മുന്നറിയിപ്പ്‌

കേരളത്തില്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് പ്രതികൂലമായി തന്നെ തുടരുകയാണെന്ന നിരാശ പ്രകടിപ്പിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങളെ തള്ളിയാണ് അമിത് ഷാ തന്റെ നിരാശ പ്രകടപ്പിച്ചതെന്നാണ് ഷായുടെ നേതൃത്വത്തില്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിക്ക് വോട്ട് ശതമാനം കൂടിയതിനെക്കുറിച്ച് കേരള നേതാക്കള്‍ വാചാലരായെങ്കിലും വോട്ടല്ല, സീറ്റിനെ കുറിച്ച് പറയൂ എന്നായിരുന്നു അമിത് ഷായുടെ ഇടപെടല്‍. കേരളത്തില്‍ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുന്നുവെന്നായിരുന്നു വോട്ടിന്റെ കണക്കുവച്ച് ഇവിടുത്തെ നേതാക്കള്‍ ഷായെ തൃപ്തിപ്പെടുത്താന്‍ നോക്കിയത്. എന്നാല്‍ വോട്ടുശതമാനം കൂടിയതിനെക്കുറിച്ചല്ല അടുത്ത തെരഞ്ഞെടുപ്പില്‍ എത്ര സീറ്റു കിട്ടുമെന്നാണ് തനിക്ക് അറിയേണ്ടതെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ തിരിച്ചുള്ള ചോദ്യം.

വോട്ടിംഗ് ശതമാനം കൂടിയതുകൊണ്ട് കാര്യമില്ലെന്നും കേരളത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പോരെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കിയതായി മാധ്യമ വാര്‍ത്തയില്‍ പറയുന്നു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നു സീറ്റ് കിട്ടണം, അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും ഷാ ഓര്‍മ്മിപ്പിച്ചു. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച ഷാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വേഗത കൈവരിക്കണമെന്നും ഉപദേശിച്ചു. എല്ലാ സംസ്ഥാനങ്ങളിലും എന്‍ഡിഎ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ അതിനനുസരിച്ചുള്ള മുന്നേറ്റം കേരളത്തില്‍ ഇല്ലെന്നുമുള്ള കേന്ദ്ര വിലയിരുത്തലാണ് അമിത് ഷാ അവതരിപ്പിച്ചതെന്നും പറയുന്നു.

കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു പ്രതിനിധി വേണമെന്ന ആവശ്യത്തോട് അമിത് ഷാ വിയോജിപ്പ് പ്രകടിപ്പിച്ചെന്നാണ് മാതൃഭൂമി പറയുന്നത്. 2019-ലെ തെരഞ്ഞെടുപ്പില്‍ സീറ്റുമായി വന്നിട്ട് അതെല്ലാം നോക്കാമെന്നായിരുന്ന് ബിജെപി ദേശീയാധ്യക്ഷന്റെ ഇക്കാര്യത്തിലുള്ള നിലപാടെന്നും പറയുന്നു. കേരളത്തില്‍ എന്‍ഡിഎ യില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും ബൂത്തു കമ്മിറ്റികള്‍ വിഭജിച്ചുകൊണ്ട് താഴെത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്തണമെന്നും അമിത് ഷാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നൊരുക്കമെന്ന നിലയില്‍ തയ്യാറാക്കിയിരിക്കുന്ന 90 ദിവസത്തെ ഭാരതപര്യടനത്തിന്റെ ഭാഗമായാണ് അമിത് ഷാ കേരളത്തില്‍ എത്തിയിരിക്കുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ കൊച്ചിയില്‍ എത്തിയ ഷാ ഇന്നു തിരുവനന്തപുരത്തേക്ക് പോകും.

കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജെപി സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനത്തിലും ഷാ അതൃപ്തിയാണ്‌ പ്രകടിപ്പിച്ചത്. സംസ്ഥാന നേതൃത്വത്തിന് പോരായ്മകള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. നിയമസഭയില്‍ പ്രാതിനിധ്യം ഉണ്ടായിട്ടും ന്യൂനപക്ഷ വിഭാഗങ്ങളെയോ പ്രമുഖ വ്യക്തികളെയോ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാതെ പോകുന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും നേതൃത്വത്തില്‍ വിഭാഗീയത നടക്കുന്നുണ്ടെന്നും അത് തടയണമെന്നും ഷാ താക്കീത് നല്‍കിയതായും അറിയുന്നു. സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കുറുക്കുവഴികളില്ലെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ നേതാക്കള്‍ നടത്തരുതെന്നും ഷാ ഓര്‍മപ്പെടുത്തി.

ഇന്ത്യയിലുടനീളം മോദി തരംഗം ആഞ്ഞടിച്ചിട്ടും കേരളത്തില്‍ മാത്രം ഒന്നും നടക്കുന്നില്ലെന്നായിരുന്നു ഷായുടെ പരാതി. ഇപ്പോഴത്തെ രീതിയില്‍ പോയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്നും ഒരു എംപിയെ കിട്ടാന്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞതായും മാധ്യമവാര്‍ത്തകള്‍ പറയുന്നു. നേതാക്കളുടെ തമ്മിലടി കാരണം പാര്‍ട്ടിപ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് അതിനു കാരണമെന്നും ഷാ ചൂണ്ടിക്കാട്ടി.

അതേസമയം ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം സംസ്ഥാന നേതൃത്വത്തിനു മറുപടി ഉണ്ടെങ്കിലും അത് ദേശീയനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നതാണു പ്രശ്‌നമെന്നു കേരള നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പറയുന്നു. പ്രമുഖരായ ആളുകളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാന്‍ സംസ്ഥന നേതൃത്വത്തിന് കഴിയും. പക്ഷേ വിളിച്ചുകൊണ്ടുവരുന്നവര്‍ക്ക് എന്തു കൊടുക്കും എന്നിടത്താണ് പ്രശ്‌നം. അര്‍ഹമായ സ്ഥാനങ്ങള്‍ പാര്‍ട്ടിയിലോ മറ്റേതെങ്കിലും പദവിയിലോ നല്‍കാതെ എങ്ങനെ ആളുകളെ ക്ഷണിക്കുമെന്നാണ് ഇവരുടെ ചോദ്യം. ഇക്കാര്യത്തില്‍ ദേശീയനേതൃത്വം ഒന്നും മിണ്ടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ചൊല്ലി ബിഡിജെഎസ് കലാപം മൂര്‍ച്ഛിപ്പിക്കുകയാണെന്നതു തന്നെ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇരിക്കാനൊരു നല്ല കസേരയില്ലാതെ ആളുകളെ എങ്ങനെ ക്ഷണിക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്.

അതേസമയം കേരളത്തില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിനു സഹായകമാകുന്ന നിര്‍ദേശങ്ങളും ഷാ മുന്നോട്ടുവച്ചിട്ടുണ്ട്. പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുക, എന്‍ഡിഎ വിപുലപ്പെടുത്തുക, പൊതുസ്വീകാര്യതയുള്ള വ്യക്തികളെ പാര്‍ട്ടിയുടെ മുഖമാക്കുക, ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കുക, ഘടകകക്ഷികളുടെ അസംതൃപ്തി അകറ്റുക എന്നിവയാണ് ഷാ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് നടപ്പാക്കേണ്ട ചുമതലയാണ് കേരള നേതൃത്വത്തിന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍