TopTop
Begin typing your search above and press return to search.

മുകുന്ദന്റെ തിരിച്ചു വരവ്: ബിജെപിക്കും നേട്ടമില്ല; അങ്ങേര്‍ക്കുമില്ല

മുകുന്ദന്റെ തിരിച്ചു വരവ്: ബിജെപിക്കും നേട്ടമില്ല; അങ്ങേര്‍ക്കുമില്ല

കെ എ ആന്റണി

'A cold coming we had of it,
Just the worst time of the year
For a journey, and such a long journey:
The ways deep and the weather sharp,
The very dead of winter'.

ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ബിജെപിയുടെ തിരുവനന്തപുരത്തെ ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ മടങ്ങിയെത്തിയ പി പി മുകുന്ദന്റെ അവസ്ഥ കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയത് പ്രശസ്ത ആംഗലേയ കവി ടി എസ് എലിയറ്റിന്റെ ജേര്‍ണി ഓഫ് ദി മാജി എന്ന കവിതയിലെ മുകളില്‍ കുറിച്ച ആദ്യ വരിയാണ്. ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മൂന്നു ജ്ഞാനികളിലൊരാള്‍ നടത്തുന്ന ഏകഭാഷണമാണ്‌ കവിത. കവിതയിലുടനീളം നിറഞ്ഞു നില്‍ക്കുന്നത് അന്യവല്‍ക്കരണത്തിന്റെ അഥവാ ഒറ്റപ്പെടലിന്റെ വേദനയും മാറുന്ന ലോകത്തിലെ അധികാരത്തിന്റെ കരുത്തുമാണ്.

കണ്ണൂര്‍ പേരാവൂരിന് അടുത്ത മണത്തണയില്‍ ജനിച്ച പി പി മുകുന്ദന്‍ ഒരു കാലത്ത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിനും ജനസംഘത്തിനും തുടര്‍ന്നങ്ങോട്ട് ഭാരതീയ ജനതാ പാര്‍ട്ടിക്കും എല്ലാമെല്ലാമായിരുന്നു. കേരളത്തിലെ ആര്‍ എസ് എസ്, ബിജെപി പ്രവര്‍ത്തകര്‍ തികഞ്ഞ ഭയഭക്തി ബഹുമാനത്തോടു കൂടി മുകുന്ദേട്ടന്‍ എന്ന് വിളിച്ചിരുന്ന ഒരാളാണ് ഇന്നലെ തറവാട്ടിലേക്ക് മടങ്ങിയെത്തിയ വേളയില്‍ സ്വീകരിക്കാന്‍ പോയിട്ട് തിരിഞ്ഞു നോക്കാന്‍ പോലും ആരുമില്ലാതെ തികച്ചും അനാഥനായി കാണപ്പെട്ടത്. പത്ത് വര്‍ഷം മുമ്പ് സംഘടനയിലും പാര്‍ട്ടിയിലും ഒതുക്കപ്പെടുന്ന വേളയില്‍ മുകുന്ദന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. കെ ജി മാരാരെ പോലെ മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തനത്തിനുവേണ്ടി വിവാഹം പോലും വേണ്ടെന്നു വച്ചയാള്‍ക്കാണ് ബിജെപി, ആര്‍എസ്എസിലെ ചില പുത്തന്‍കൂറ്റുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത്രകാലവും പുറത്തു നില്‍ക്കേണ്ടി വന്നതും ഒടുവില്‍ തിരിച്ചെടുക്കപ്പെട്ടപ്പോള്‍ കടുത്ത അവഗണനയും അപമാനവും സഹിക്കേണ്ടി വന്നതും. എല്ലാം തുലച്ച് പിതൃഭവനത്തില്‍ തിരിച്ചെത്തുന്ന ബൈബിള്‍ കഥയിലെ ധൂര്‍ത്ത പുത്രന് രാജകീയ വരവേല്‍പ്പാണ് ലഭിച്ചതെങ്കില്‍ മുകുന്ദന് കിട്ടിയത് തണുത്ത പ്രതികരണമായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുതല്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ ഒ രാജഗോപാല്‍, പികെ കൃഷ്ണദാസ്, വി മുരളീധരന്‍ എന്നിവര്‍ തലസ്ഥാന നഗരിയില്‍ തന്നെയുണ്ടായിരുന്നിട്ടും മുകുന്ദനെ സ്വീകരിക്കാന്‍ ഇവരാരും എത്തിയില്ലെന്നത് സംസ്ഥാന ഘടകം ഈ മുതിര്‍ന്ന നേതാവിന് എത്രമാത്രം അയിത്തം കല്‍പ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ് നല്‍കുന്നത്.

തറവാട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കാന്‍ ആളില്ലാതിരുന്നതില്‍ തെല്ലും പരിഭവം ഇല്ലെന്ന് മുകുന്ദന്‍ പറയുമ്പോഴും ഇന്നലെ നേരിട്ടും വാര്‍ത്ത ചാനലുകളിലൂടേയും അദ്ദേഹത്തിന്റെ മുഖം കണ്ടവര്‍ക്ക് ആ മനസ്സിലെ വേദന വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു.

പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട കെ രാമന്‍പിള്ള പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോഴും പാര്‍ട്ടിയുടേയും സംഘടനയുടേയും തലപ്പത്തു നിന്നുള്ള ഒരു തിരിച്ചു വിളിക്കായി കാത്തിരിക്കുകയായിരുന്നു ഇത്രയും കാലം. രണ്ട് മാസം മുമ്പ് അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ (കേരളത്തില്‍ മതാധിഷ്ഠിത കാഴ്ചപ്പാട് ബിജെപിക്ക് ഗുണം ചെയ്യില്ല; പി പി മുകുന്ദന്‍ സംസാരിക്കുന്നു) അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.


മിസ്ഡ് കോള്‍ അയച്ചിട്ടും പാര്‍ട്ടി പ്രവേശനം സാധ്യമാകാതെ വന്ന മുകുന്ദനെ ഒടുവില്‍ തിരിച്ചു വിളിച്ചത് നടന്‍ സുരേഷ് ഗോപി, അമിത് ഷായ്ക്കും കുമ്മനത്തിനും മേല്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ഒരു പിന്നാമ്പുറ കഥ ഡല്‍ഹിയില്‍ നിന്നു കേട്ടിരുന്നു.

തിരിച്ചെത്തിയ മുകുന്ദന്റെ പാര്‍ട്ടിയിലെ പദവി എന്തെന്ന് തീരുമാനമായിട്ടില്ലെന്ന് കുമ്മനവും അദ്ദേഹവും ആവര്‍ത്തിച്ചു പറയുമ്പോഴും ഒരു കാര്യം ഏതാണ്ട് ഉറപ്പാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ മുകുന്ദന് തല്‍ക്കാലം പദവികളൊന്നുമുണ്ടാകില്ല. ഏറി വന്നാല്‍ എന്‍എസ്എസ് നേതൃത്വവുമായി ചില ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ടേക്കാം. മുരളീധരപക്ഷം കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്ന ഈ വേളയില്‍ മുകുന്ദന്റെ തിരിച്ചു വരവു കൊണ്ട് പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ തല്‍ക്കാലം നേട്ടമൊന്നുമുണ്ടാകാന്‍ ഇടയില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories