TopTop
Begin typing your search above and press return to search.

സുരക്ഷ ഏജന്‍സികള്‍ക്ക് എന്തുകൊണ്ട് പാര്‍ലമെന്റിന്റെ മേല്‍നോട്ടം അത്യാവശ്യമാണ്?

സുരക്ഷ ഏജന്‍സികള്‍ക്ക് എന്തുകൊണ്ട് പാര്‍ലമെന്റിന്റെ മേല്‍നോട്ടം അത്യാവശ്യമാണ്?
വ്യാഴാഴ്ച രാജ്യസഭയില്‍ ബി.ജെ.പി-കോണ്‍ഗ്രസ് തമ്മിലുള്ള കൊമ്പുകോര്‍ക്കലിനെ വേണമെങ്കില്‍ നാടകം എന്നു വിളിക്കാം. എന്നാല്‍ അതിനെല്ലാം അപ്പുറം, 2007-ലുണ്ടായ സംഝോത എക്‌സ്പ്രസ് എക്‌സ്പ്രസ് സ്‌ഫോടനം ആരു നടത്തിയതാണ് എന്ന കാര്യത്തെ വളരെ ബുദ്ധിപൂര്‍വം വളച്ചൊടിക്കുന്നതിനുള്ള തന്ത്രപരമായ ഇടപെടലും അവിടെയുണ്ടായിരുന്നു.

ഇസ്ലാമിക് ഭീകരതയെ നേരിടാന്‍ ഹിന്ദു ഭീകര ഗ്രൂപ്പിന് രൂപം കൊടുത്തതിനു പിന്നില്‍ വളരെ കൃത്യമായ ധാരണയുള്ളവരുണ്ട് എന്നതിന് ആവശ്യമായ തെളിവുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അവര്‍ തന്നെയാകാം ഇപ്പോള്‍ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിക്കുന്നതിനു പിന്നിലുമുള്ളത്. ഒരു കാര്യം നിങ്ങളോട് ഉറപ്പിച്ചു പറയാം, അത്രയേറെ വക്രബുദ്ധിയായ അയാള്‍ ഇന്ന് വളരെ അധികാരമുള്ള സ്ഥാനത്താണ്. അതുകൊണ്ട് ഞങ്ങള്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്, നമ്മുടെ ഇന്റലീജന്‍സ് ഏജന്‍സികളെ പാര്‍ലമെന്റിന്റെ മേല്‍നോട്ടമുള്ള, പാര്ലമെന്റിനോട് ഉത്തരവാദിത്തമുള്ള സ്ഥാപനമാക്കി മാറ്റണമെന്ന്.

വ്യാഴാഴ്ച നടന്നത്
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെ മൂന്ന് ബി.ജെ.പി അംഗങ്ങള്‍ സംഝോത എക്‌സ്പ്രസ് സ്‌ഫോടന വിഷയം രാജ്യസഭയില്‍ ഉന്നയിച്ചതോടെയാണ് ഭരണപക്ഷവും കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ആരംഭിക്കുന്നത്.

ഒരു ടി.വി ചാനല്‍ സംപ്രേക്ഷണം ചെയ്ത, സ്‌ഫോടനവുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന നാര്‍ക്കോ ടെസ്റ്റ് വീഡിയോ മുന്‍നിര്‍ത്തി ബി.ജെ.പി എം.പി ശിവ് പ്രതാപ് ശുക്ല ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നും ലാഹോറിലേക്ക് പോകുന്ന ട്രെയിനില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ കേന്ദ്രമായ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്കും സിമിക്കുമാണ് എന്നായിരുന്നു ശുക്ലയുടെ ആരോപണം.

എന്നാല്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സി (എന്‍.ഐ.എ)യും യു.പി.എ സര്‍ക്കാരും 'ഹിന്ദു ഭീകരവാദം' എന്ന കാര്യം സൃഷ്ടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ഒരിക്കലും ഭീകരവാദികളാകില്ല എന്നവകാശപ്പെട്ട ശുക്ല, യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.

അത്തരത്തില്‍ ഒരു വീഡിയോ ഉണ്ടോ എന്ന കാര്യം അറിയാന്‍ സഭയ്ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് ചര്‍ച്ചയില്‍ പങ്കുചേര്‍ന്ന സുബ്രഹ്മണ്യം സ്വാമി ഇക്കാര്യത്തിില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ഇടപെട്ട കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ചു. ഇത് ഇരു പക്ഷവും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റത്തിനാണ് വഴിവച്ചത്. ഹിന്ദു ഭീകരവാദം എന്ന പ്രയോഗം ഉണ്ടാക്കിയതിന് കോണ്‍ഗ്രസ് പരസ്യമായി മാപ്പു പറയണമെന്നായിരുന്നു ബി.ജെ.പി അംഗം ലാ ഗണേശന്റെ ആവശ്യം. ഗണേശന്‍ സംസാരിച്ചു കൊണ്ടിരിക്കെ, താന്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ദിഗ്‌വിജയ് സിംഗ് ശ്രമിച്ചു. 'എന്തിനാണ് നിങ്ങള്‍ ഇത്ര ആശങ്കപ്പെടുന്നത്? ഞാന്‍ സംസാരിക്കുന്നത് സിമിയെ കുറിച്ചാണ്'- എന്നായിരുന്നു ഗണേശന്റെ മറുപടി.

സര്‍ക്കാരും പ്രസ്തുത വീഡിയോ പ്രദര്‍ശിപ്പിച്ച ടി.വി ചാനലും തമ്മില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി അംഗങ്ങള്‍ ഉന്നയിച്ച കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തേണ്ടതുണ്ടെന്നും ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ചയില്‍ ഇടപെട്ട ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ താന്‍ രേഖകള്‍ പരിശോധിക്കാമെന്നും സഭയില്‍ ഉന്നയിച്ച കാര്യങ്ങളുടെ നിജസ്ഥിതി ഉറപ്പു വരുത്താമെന്നും വ്യക്തമാക്കി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് ഇതിനിടെ കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മയും സഭാ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ സഭയില്‍ ഉന്നയിക്കുന്ന ഒരു വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണോ അല്ലയോ എന്ന് പരിശോധിക്കുക രാജ്യസഭാ ഓഫീസിന് സാധ്യമാകുന്ന കാര്യമല്ല എന്ന് കുര്യനും വ്യക്തമാക്കി.

എന്താണ് 2007-ല്‍ സംഭവിച്ചത്?
2007 ഫെബ്രുവരി 18-ന് സംഝോത എക്‌സ്പ്രസ് ഡല്‍ഹിയില്‍ നിന്ന് 80 കിലോമീറ്റററോളം അകലെയുള്ള പാനിപ്പത്തിലെ ദീവാന സ്‌റ്റേഷന്‍ കടക്കുമ്പോഴായിരുന്നു യാത്രക്കാര്‍ നിറഞ്ഞിരുന്ന അതിന്റെ രണ്ടു ബോഗികളില്‍ സ്‌ഫോടനമുണ്ടാകുന്നത്. 68 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലാഹോറിലേക്ക് മടങ്ങിയ പാക്കിസ്ഥാനികളായിരുന്നു കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.

മൂന്ന് പൊട്ടാത്ത ബോംബുകള്‍, സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്യൂട്ട്‌കേസ് ഉള്‍പ്പെടെയുള്ള മറ്റു വസ്തുക്കള്‍ തുടങ്ങിയവ അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. തീപിടിക്കുന്ന ഇന്ധനങ്ങളും കെമിക്കലുകളും നിറച്ച ഒരു ഡസനോളം പ്ലാസ്റ്റിക് കുപ്പികളും ഒരു ഡിജിറ്റല്‍ ടൈമറും ഉള്‍പ്പെടെയായിരുന്നു ബോംബ് സജ്ജീകരിച്ചിരുന്നതെന്ന് പൊട്ടാതെ വന്ന ഒരു സ്യൂട്ട്‌കേസില്‍ നിന്ന് അന്വേഷണ സംഘത്തിന് മനസിലായി.

സംഭവത്തെ ഇന്ത്യയും പാക്കിസ്ഥാനും ഒരുപോലെ അപലപിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ മെച്ചപ്പെട്ടു വരുന്ന ബന്ധത്തെ അട്ടിമറിക്കാനാണ് സ്‌ഫോടനം നടത്തിയവര്‍ ശ്രമിച്ചതെന്ന് ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുകയും ചെയ്തു. കാരണം, ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി ന്യൂഡല്‍ഹിയില്‍ എത്തുന്നതിന് തലേന്നായിരുന്നു ഈ സ്‌ഫോടനം.

സ്‌ഫോടനം നടന്നതിനു പിന്നാലെ പതിവു പോലെ ഇന്ത്യന്‍ അന്വേഷണ സംഘം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ഭീകരവാദികള്‍ക്കാണെന്ന് വ്യക്തമാക്കി. എന്നാല്‍ അതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവന്നില്ല.

2010-ഓടെ ഹിന്ദുത്വ ഭീകരതയെ കുറിച്ചുള്ള വിവരങ്ങള്‍ ചുരുളഴിഞ്ഞു തുടങ്ങി. സ്‌ഫോടനത്തിനുപയോഗിച്ച സ്യൂട്ട്‌കേസിന്റെ ഉറവിടം മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആണെന്ന് അന്വേഷക സംഘം കണ്ടെത്തി. ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുളള സ്ഥലവുമായിരുന്നു ഇവിടമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

സ്വാമീ അസീമാനന്ദ് ആണ് സ്‌ഫോടനത്തിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് തങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി 2010 ഡിസംബര്‍ 30-ന്, കേസന്വേഷിച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അവകാശപ്പെട്ടു. എഞ്ചിനീയറിംഗ് ബിരുദധാരിയായ സന്ദീപ് ഡാംഗെ, ഇലക്ട്രീഷ്യനായ റാംജി കല്‍സംഗ്ര എന്നിവരാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതെന്ന് അവര്‍ വ്യക്തമാക്കി. മിലിട്ടറി ഇന്റലീജന്‍സിലെ ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതും ഈ സംഘത്തില്‍ ഉള്‍പ്പെട്ടതായി സംശയമുയര്‍ന്നെങ്കിലും താന്‍ തന്റെ ജോലി ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നായിരുന്നു പുരോഹിതിന്റെ അവകാശവാദം.

സ്വാമി അസീമാനന്ദിന്റെ കുറ്റസമ്മത മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ച് ആര്‍.എസ്.എസ് പിന്നീട്  സി.ബി.ഐക്ക് ലീഗല്‍ നോട്ടീസയച്ചു. ആര്‍.എസ്.എസിനെയും അതിലെ അംഗങ്ങളെയും മോശമാക്കാനുള്ള പദ്ധതിയാണ് അന്വേഷണമെന്ന് സംഘടനാ വക്താവ് റാം മാധവ് ആരോപിക്കുകയും ചെയ്തു.

കേസില്‍ നിരവധി ട്വിസ്റ്റുകളും മാറ്റങ്ങളുമൊക്കെ ഇതിനിടയിലുണ്ടായി. ഒരിക്കല്‍ ഹൈദരാബാദ് ജയിലില്‍ വച്ച് അസീമാനന്ദ് വികാരാധീനനായി. മെക്ക മസ്ജിദ് കേസില്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ അസീമാനന്ദിനെ പരിചരിച്ചത് തീവ്രവാദവുമായി ബന്ധപ്പെട്ട് തെറ്റായി കസ്റ്റഡിയില്‍ എടുക്കപ്പെട്ട ഒരു മുസ്ലീം പയ്യനായിരുന്നു എന്നതായിരുന്നു അയാളെ സങ്കടപ്പെടുത്തിയത്.

ട്രെയിന്‍ സ്ഫോടന കേസിലും പിന്നീട് മെക്ക മസ്ജിദ്, മലെഗാവ് സ്ഫോടന കേസിലും എന്‍.ഐ.എ പ്രതി ചേര്‍ത്തിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷി ദുരൂഹ സാഹചര്യത്തില്‍ മധ്യപ്രദേശിലെ ഒളിവിടത്തില്‍ വച്ച് അതേവര്‍ഷം ഡിസംബറില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഝോത, മലേഗാവ് കേസുകളില്‍ പ്രതിയായ ലോകേഷ് ശര്‍മയുടെ കസിനും മധ്യപ്രദേശിലെ മൌവയിലുള്ള ബി.ജെ.പി നേതാവുമായ ജിതേന്ദ്ര ശര്‍മയുടെ വീട്ടില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കപ്പെടുന്ന തോക്കും എന്‍.ഐ.എ കണ്ടെത്തുകയുണ്ടായി.

അതിനൊപ്പം തന്നെ, സിമി പ്രവര്‍ത്തകരാണ് സ്‌ഫോടനത്തിനു പിന്നിലെന്നുള്ള അവകാശവാദങ്ങളും പ്രചരിച്ചിരുന്നു. അതായത്, സ്‌ഫോടനം നടക്കുമ്പോള്‍ മധ്യപ്രദേശ് പോലീസിന്റെ കസ്റ്റഡിയിലായിരുന്ന സഫ്ദര്‍ നഗോറിയുടെ നാര്‍ക്കോ ടെസ്റ്റിലാണ് ലഷ്‌കര്‍-ഇ-തൊയ്ബയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന അവകാശവാദമുളളത്. അതാണ് ബി.ജെ.പി അംഗങ്ങള്‍ രാജ്യസഭയില്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതും.

ഇതിന്റെ പിന്നിലുള്ള കഥകള്‍ നിങ്ങള്‍ അറിയുന്നതിന് അവര്‍ക്ക് താത്പര്യമില്ല എന്നതാണ് കാര്യം.നിങ്ങള്‍ക്ക് നമ്മുടെ സുരക്ഷാ ഏജന്‍സികളില്‍ കൃത്യവും ശക്തവുമായ സോഴ്‌സുകള്‍ ഉണ്ടെങ്കില്‍ അവര്‍ ഒരു കാര്യം പറഞ്ഞു തരും. എല്‍.കെ അദ്വാനി ആഭ്യന്തര മന്ത്രിയായിരുന്ന ആദ്യ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്തു നടക്കുന്ന ഇസ്ലാമിക് ബോംബ് സ്‌ഫോടനങ്ങളെ പ്രതിരോധിക്കാന്‍ ഹിന്ദു തീവ്രവാദ സംഘടനകള്‍ രൂപപ്പെടുന്നത് എന്നതാണ് അത്. അങ്ങനെയാണ് അഭിനവ് ഭാരത് എന്ന സംഘടന രൂപം കൊള്ളുന്നത്. അന്ന് അഭിനവ് ഭാരതിന്റെ പങ്കാളിത്തം കണ്ടെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്റെ പങ്കാളിത്തം സംബന്ധിച്ചും ചില കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. അയാള്‍ ഇന്ന് കേന്ദ്ര സര്‍ക്കാരില്‍ വളരെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാളാണ്.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഈ സംഭവങ്ങളെയെല്ലാം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിരുന്നെങ്കിലും പി. ചിദംബരത്തിന്റെ പിടിപ്പുകെട്ട സമീപനമാണ് കാര്യങ്ങള്‍ ഇവിടെ വരെയെത്തി നില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കില്ല സംഭവിക്കുക. ഒരു തീവ്രവാദി, അയാള്‍ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ ആരുമായിക്കൊള്ളട്ടെ, രാജ്യത്തെ നിയമം കൃത്യമായി അവിടെ നടപ്പാക്കിയിരിക്കണം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുന്നതിന് നാം ഏറെനാളായി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്: ഒരു ബനാന റിപ്പബ്ലിക് എന്ന വിശേഷണമായിരിക്കും ഇപ്പോള്‍ കൂടുതല്‍ ചേരുക.

Next Story

Related Stories