TopTop
Begin typing your search above and press return to search.

സുധീരനും ചെന്നിത്തലയും കിടക്കേണ്ടിടത്ത് കുമ്മനം നിരാഹാരം കിടക്കുന്നത് ഒരു മുന്നറിയിപ്പാണ്; കോണ്‍ഗ്രസിനെങ്കിലും

സുധീരനും ചെന്നിത്തലയും കിടക്കേണ്ടിടത്ത് കുമ്മനം നിരാഹാരം കിടക്കുന്നത് ഒരു മുന്നറിയിപ്പാണ്; കോണ്‍ഗ്രസിനെങ്കിലും

കേരളത്തില്‍ പച്ചപിടിക്കാനുള്ള ബിജെപി ശ്രമം അതിന്റെ തീവ്രതയിലാണ് ഇപ്പോള്‍. നേമത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ഒരു താമര വിരിഞ്ഞതു തൊട്ട് ആവേശത്തിലായ കുമ്മനവും സംഘവും ആ ആവേശം കൈവിടാതെ കളിച്ചു മുന്നേറുകയാണെന്നതു വ്യക്തമാണ്. ഇതിനെല്ലാം ബിജെപി നന്ദി പറയേണ്ടത് കേരളത്തിലെ കോണ്‍ഗ്രസുകാരോടാണ്. കോണ്‍ഗ്രസും അവര്‍ നയിക്കുന്ന യുഡിഎഫും ചേര്‍ന്ന് ഒരുക്കിക്കൊടുത്ത കളിക്കളത്തിലാണ് തങ്ങളെക്കൊണ്ട് കഴിയുന്ന തരത്തില്‍ ബിജെപിക്കാര്‍ പയറ്റു നടത്തുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എല്ലാ ശരിയാക്കാം എന്ന വാഗ്ദാനം ജനത്തിനു നല്‍കിയാണ്. മാസം എട്ടു കഴിയാറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട്. എന്തൊക്കെ കാര്യങ്ങള്‍ ശരിയാക്കി, ഏതെല്ലാം കുഴപ്പത്തിലാക്കി എന്നൊക്കെ കല്ലും മണ്ണും വേര്‍തിരിച്ചു മനസിലാക്കാനുള്ള കാലവുമായി. പക്ഷേ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനോ അവരുടെ ഘടകകക്ഷികള്‍ക്കോ സര്‍ക്കാരിനെ കുറിച്ച് ഒരു കുറ്റവും പറയാനില്ലെന്ന സ്ഥിതിയാണ് ഇപ്പോള്‍. കെ മുരളീധരന്‍ എന്തു ലക്ഷ്യംവച്ചു പറഞ്ഞതാണെങ്കിലും കേരളത്തില്‍ ഒരു പ്രതിപക്ഷമില്ലെന്നുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം നൂറുശതമാനവും വാസ്തവമാണെന്നതില്‍ സംശയമില്ല.

സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം നടത്തേണ്ട ഒട്ടനവധി സാഹചര്യങ്ങള്‍ മുന്നില്‍ ഉണ്ടായിരുന്നിട്ടു പോലും ഇതാണ് അവസ്ഥ. പത്രത്തിലും ചാനലിലും വരാനെന്ന വണ്ണം മാത്രം എന്തൊക്കെയോ പറഞ്ഞ്, അവിടംകൊണ്ടു തീരുന്നു പ്രതിപക്ഷനേതാവിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പ്രതിഷേധം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയാല്‍ യുഡിഎഫിലെ രണ്ടാമന്‍ മുസ്ലിംലീഗ് ആണ്. ലീഗിന്റെ ഭാവം തങ്ങള്‍ ഇപ്പോഴും ഭരണത്തില്‍ ഉണ്ടെന്നതുപോലെയാണ്. മറ്റ് ചെറുപാര്‍ട്ടികളുടെ കാര്യം പറയാനുമില്ല. കെഎം മാണിയും കൂട്ടരുമാകട്ടെ പ്രത്യേക ബ്ലോക്കായി മാറിയിട്ടും പരിഭവം മാറാത്ത അവസ്ഥയിലാണ്. പിന്നെയുള്ളത് പ്രവചനാതീതനായ പിസി ജോര്‍ജ് ആണ്.

എട്ടുമാസത്തിനിടയില്‍ സര്‍ക്കാരിനെതിരേ ജനശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ എന്ത് പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയതെന്നു ചോദിച്ചാല്‍ ചെന്നിത്തലയും സുധീരനുമൊക്കൈ ചാടിയെഴുന്നേറ്റ് പറയാന്‍ പോകുന്നത് സ്വാശ്രയസമരമാണ്. പക്ഷേ ജനത്തിന് അതെക്കുറിച്ചോര്‍ത്താല്‍ ചിരിയാണ് വരുന്നത്. ആ നിരാഹരസമരമൊക്കെ അത്രയ്ക്കു കോമഡി ആയിരുന്നല്ലോ! പക്ഷെ ഒന്നുണ്ട്, നാട്ടുകാര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരെ കുറിച്ച് സംസാരിക്കാറുണ്ട്. അതിനു നന്ദി പറയേണ്ടത് രാജ്മോഹന്‍ ഉണ്ണിത്താനോടും മുരളീധരനോടുമൊക്കെയാണ്. കേരളത്തിന്റെ രാഷ്ട്രീയസ്വഭാവം വച്ച് ഇടതു-വലുത് ഭരണകൈമാറ്റമാണ് നടക്കുക. അതുകൊണ്ട് ഈ അഞ്ചുവര്‍ഷം ഒന്നും ചെയ്തില്ലെങ്കിലും പിണറായി കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഭരണം തങ്ങള്‍ക്കു തിരിച്ചുവരുമെന്ന അമിതവിശ്വാസം കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടെന്നു തോന്നുന്നു. പിന്നെയെന്തിനു മേലനങ്ങാന്‍ പോണം എന്നാണ് അവരുടെ ചിന്ത.

ഇവിടെയാണ് കുമ്മനം രാജശേഖരനും ടീമും കളം പിടിക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസുകാര്‍ തമ്മിലടിക്കുമ്പോള്‍ ബിജെപി യുവമോര്‍ച്ചക്കാരെയും എബിവിപിക്കാരെയുമൊക്കെ നിരത്തിലിറക്കി. പൊലീസിനെ വെല്ലുവിളിച്ചും കല്ലെറിഞ്ഞും തല്ലുവാങ്ങി അവര്‍ കാര്യം കാണുന്നു. സഭയില്‍ ശ്രീമാന്‍ രാജഗോപാല്‍ജി മാത്രമാണ് പാര്‍ട്ടി പ്രതിനിധിയായി ഉള്ളതെങ്കിലും ആ ഒന്നിനെ ഒമ്പതാക്കി മാറ്റാനുള്ള വിദ്യകളാണ് അവര്‍ പുറത്തു കളിക്കുന്നത്. പിണറായി സര്‍ക്കാരിനെതിരേ എന്തെങ്കിലുമൊക്കെ പറയുന്നതും ചെയ്യുന്നതും ബിജെപിക്കാര്‍ ആണെന്നു നാട്ടുകാര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. സെക്രട്ടേറിയേറ്റ് പടിക്കല്‍ ബിജെപിക്കാര്‍ ആളൊഴിയാതെ നില്‍ക്കുന്നുണ്ട്.

ഇന്നലെ സെക്രട്ടേറിയേറ്റിനു മുന്നില്‍ കുമ്മനം രാജശേഖരന്റെ വക 24 മണിക്കൂര്‍ നിരാഹാര സമരം ഉണ്ടായിരുന്നു. റേഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, പിഎഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, ദളിത് പീഢനങ്ങള്‍ അവസാനിപ്പിക്കുന്ന തുടങ്ങി ആവശ്യങ്ങളുമായാണ് കുമ്മനം നിരാഹാരം കിടന്നത്. കുറ്റം പറയരുതല്ലോ, കോണ്‍ഗ്രസുകാരുടെ നിരാഹാരസമരം പോലെയായിരുന്നില്ല. അത്യാവശ്യം വൃത്തിക്കും വെടിപ്പിനും സംഗതി തുടങ്ങി അവസാനിപ്പിച്ചു. നോട്ട് പ്രതിസന്ധിയുണ്ടെങ്കില്‍ കൊച്ചിയില്‍ ഫുട്‌ബോള്‍ കളി കാണാന്‍ ആളുവന്നതെങ്ങനെ എന്ന തരത്തില്‍ തമാശകളൊക്കെ പൊട്ടിച്ചതുകൊണ്ട് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെ കുമ്മനത്തിന്റെ പട്ടിണി കിടക്കല്‍ ശ്രദ്ധിച്ചു. കുമ്മനം ഇനിയും നിരാഹാരം കിടക്കും, കുമ്മനം മാത്രമല്ല സുരേന്ദ്രനും കിടക്കും വേണമെങ്കില്‍ വെള്ളാപ്പള്ളിയെ കൊണ്ടുവരെ ഒരു ദിവസം ഉണ്ണാസമരം നടത്തിക്കും ബിജെപി. അവരുടെ കൈയിലാണോ തന്ത്രങ്ങള്‍ക്ക് പഞ്ഞം.

കേരളത്തിലെ സംഘികളെ പോലെയല്ല, ഗോസായിമാരായ സംഘപരിവാറുകാര്‍. അവര്‍ക്ക് തല ഉപയോഗിക്കാന്‍ അറിയാം. കേരളം ബിജെപിയുടെ പ്രധാന ടാര്‍ഗറ്റുകളില്‍ ഒന്നാണ്. കേരളം പിടിച്ചാല്‍ ബിജെപിക്ക് അതൊരു നേട്ടമാണ്. പെട്ടെന്നു സാധിക്കില്ലെങ്കിലും അസാധ്യം എന്ന് ഇനി പറയാനാവാത്ത വിധം അവര്‍ ഇവിടെ ഇടം നേടിക്കഴിഞ്ഞു.

ഇത്രയൊക്കെ കണ്‍മുന്നില്‍ കണ്ടിട്ടും ഈ കോണ്‍ഗ്രസുകാര്‍ക്ക് ഒരു കുലുക്കവും ഇല്ലാ എന്നതാണു അതിലേറെ വിചിത്രം. ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ എന്ന് ഏതു മുരളീധരനും ചോദിച്ചുപോകുന്നത് അതുകൊണ്ടാണ്. കുമ്മനത്തെക്കാള്‍ മുന്നേ നിരാഹാര സമരം കിടക്കേണ്ടതു ചെന്നിത്തലയോ സുധീരനോ ആയിരുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ട്. അവര്‍ എവിടെപ്പോയി? പാര്‍ട്ടിയിലെ പ്രശ്‌നം തീര്‍ന്നിട്ടു വേണ്ടേ നാട്ടുകാരുടെ പ്രശ്‌നം കാണാന്‍. പരസ്പരം പഴി പറച്ചില്‍ നടത്തുന്ന തിരക്കില്‍ സര്‍ക്കാരിന്റെ കുറ്റം കണ്ടുപിടിക്കാനോ പ്രതിഷേധിക്കാനോ എവിടെ സമയം?

കേരളത്തില്‍ പ്രതിപക്ഷത്തിന്റെ കളം ഒഴിഞ്ഞു കിടക്കുകയാണ്. കളത്തിനു പുറത്തെ കളിയില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ തത്കാലം കോണ്‍ഗ്രസുകാര്‍ക്ക് കളത്തില്‍ ഇറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ട്. ആ അവസരം മുതലെടുക്കുന്ന ബിജെപിക്ക് കേരളത്തില്‍ സിപിഎം-ബിജെപി മത്സരമാണ് നടക്കുന്നതെന്ന പ്രതീതി ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാം. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസുകാരുടെ കാര്യത്തില്‍ ഒരു തീരുമാനമാകും; ഒപ്പം കേരളത്തിന്റെ കാര്യത്തിലും.


Next Story

Related Stories