സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയെ ഷൂ കൊണ്ടടിക്കുന്നവര്‍ 10,000 രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രംഗത്ത്. മദ്ധ്യപ്രദേശിലെ ബിജെപി നേതാവായ അഖിലേഷ് ഖണ്ഡേവാലാണ് ഈ വാഗ്ദാനവുമായി രംഗത്തെത്തിയത്. ഹൊസംഗബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് ചെയര്‍മാനാണ് അഖിലേഷ് ഖണ്ഡേവാല്‍. പുതിയ ചിത്രമായ പദ്മാവതിയില്‍ ചരിത്രം വളച്ചൊടിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്ത്തകന് ഇക്കാര്യം പറഞ്ഞത്.
നേരത്ത ഇതേ ആരോപണമുന്നയിച്ച് ജയ്പൂരിലെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് കര്‍ണിക് സേന എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ ബന്‍സാലിയെ ആക്രമിച്ചിരുന്നു. ബന്സസാലി അടക്കമുള്ളവരെ മര്‍ദ്ദിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ചരിത്രം വളച്ചൊടിച്ച് ഞങ്ങളെ അപമാനിക്കുകയാണ്. ഇതിനി പൊറുക്കാനാവില്ല - അഖിലേഷ് ഖണ്ഡേവാല്‍ പറയുന്നു. രജപുത്ര ഹിന്ദു രാജകുമാരിയായ പദ്മാവതിയും (ദീപിക പദുക്കോണ്‍), ഡല്‍ഹിയിലെ മുസ്ലീം ഭരണാധികാരിയായ അലാവുദീന്‍ ഖില്‍ജിയും (രണ്‍വീര്‍ സിംഗ്) തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇത് ചരിത്രത്തിന്റെ വളച്ചൊടിക്കലാണെന്നാണ് ഹിന്ദുത്വ തീവ്രവാദികളുടെ ആരോപണം.
പദ്മാവതിയോടുള്ള പ്രണയവും കാമവും മൂലം ചിത്തോര്‍ രാജ്യം ആക്രമിക്കുകയാണ് അലാവുദീന്‍ ഖില്‍ജി. എന്നാല്‍ ഖില്‍ജിയില്‍ നിന്ന് രക്ഷപ്പെടാനായി പദ്മാവതി ജീവനൊടുക്കി എന്നാണ് പറയപ്പെടുന്നത്. യുദ്ധത്തില്‍ ശത്രു സൈനികരാല്‍ പിടിക്കപ്പെടുന്നതില്‍ നിന്നും ബലാത്സംഗം ചെയ്യപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി സ്ത്രീകള്‍ ജീവനൊടുക്കുന്നത് പതിവാണ്. ജോഹര്‍ എന്നാണ് ഇതിന് പേര് പറയുന്നത്. 16ാം നൂറ്റാണ്ടില്‍ സൂഫി കവി മാലിക് മുഹമ്മദ് ജയസി എഴുതിയ പദ്മാവത് എന്ന കവിതയാണ് ബന്‍സാലിയുടെ ചിത്രത്തിന്റെ പ്രചോദനം. റാണി പദ്മിനി എന്നും അറിയപ്പെടുന്ന പദ്മിനി യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നോ എന്ന കാര്യത്തില്‍ തന്നെ ചരിത്രകാരന്മാര്ക്കിടയില് തര്‍ക്കം നിലനില്‍ക്കുകയാണ്.