TopTop

അന്ന് സിങ്കൂരും നന്ദിഗ്രാമും, ഇന്ന് സന്ദേശ്ഖാലി; ബംഗാളില്‍ 2009 ന്റെ ചരിത്രം ആവര്‍ത്തിക്കുന്നോ?

അന്ന് സിങ്കൂരും നന്ദിഗ്രാമും, ഇന്ന് സന്ദേശ്ഖാലി; ബംഗാളില്‍ 2009 ന്റെ ചരിത്രം ആവര്‍ത്തിക്കുന്നോ?
ബംഗാളില്‍ ഒരു ദശാബ്ദത്തിനുശേഷം ചരിത്രം മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുകയാണോ? സംസ്ഥാനത്ത് വ്യാപകമായ തൃണമൂല്‍- ബിജെപി സംഘര്‍ഷം വലിയ പ്രത്യാഘാതമുള്ള രാഷ്ട്രീയ സംഭവമാക്കി മാറ്റാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുമ്പോള്‍, അക്രമത്തെ അധികാരവും, അക്രമവും കൊണ്ട് പ്രതിരോധിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ തങ്ങളുടെ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് ബിജെപിയും തൃണമൂലും ആരോപിക്കുകയും ചെയ്യുന്നു. അതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബംഗാള്‍ സംബന്ധിച്ച പ്രസ്താവന പുറത്തുവരുന്നത്.

'കഴിഞ്ഞയാഴ്ചകളില്‍ സംസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുന്ന തരത്തില്‍ ക്രമസമാധാനം പരിപാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ്. ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ ആവശ്യമായ നടപടികള്‍ എടുക്കാനും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയും ശുപാര്‍ശ ചെയ്യുന്നു'. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശമാണിത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം രാഷ്ട്രീയ ഗൂഢാലോചനയാണ് കാണിക്കുന്നതെന്നും ഇതിന് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും പ്രതികരിച്ചു കഴിഞ്ഞു.

ബംഗാളില്‍ നടന്നത് ചെറിയ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ മാത്രമാണെന്ന് കേന്ദ്രത്തിന് നല്‍കിയ മറുപടിയില്‍ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബംഗാള്‍ ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രി മമതാ ബാനാര്‍ജിയാണെന്ന് സംസ്ഥാന ബിജെപി നേതൃത്വവും ആരോപിച്ചു.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും. ഇന്നലെ മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി വലിയ തര്‍ക്കമാണ് ബിജെപി നേതാക്കാള്‍ ഉണ്ടാക്കിയത്. മൃതദേഹങ്ങള്‍ പിന്നീട് കൊല്‍ക്കത്തയില്‍നിന്ന് അറുപത് കിലോമീറ്റര്‍ അകലെയുള്ള നാസാത്ത് ഗ്രാമത്തിലെ സന്ദേശ്ഖാലിയെന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. സന്ദേശ്ഖാലിയില്‍ നടന്ന സംഘര്‍ഷത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിന് ശേഷം ചില പ്രവര്‍ത്തകരെ കാണാനില്ലെന്നാണ് ബിജെപിയും തൃണമൂലും ആരോപിക്കുന്നത്.

മമതാ ബാനര്‍ജിക്കെതിരായ രാഷ്ട്രീയ നീക്കത്തിന്റെ പ്രഭവ കേന്ദ്രമാക്കി സന്ദേശ്ഖാലിയെ മാറ്റിയെടുക്കാനാണ് ബിജെപിയ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. ഈ ഭാഗത്ത് ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. ഇന്ന് പ്രദേശത്ത് ബന്ദിന് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതൊടൊപ്പം സംസ്ഥാനത്ത് മുഴുവന്‍ കരിദിനമായി ആചരിക്കാനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കൊല്‍ക്കത്തയില്‍ തൃണമുൂല്‍ സര്‍ക്കാരിനെതിരെ ബുധനാഴ്ച വലിയ റാലി നടത്താനും പാര്‍ട്ടി തീരുമാനിച്ചു.

ബംഗാളില്‍ ക്രമസമാധാന നില പെട്ടന്ന് വഷളായതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും 2009 ലെ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. 2009 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് സിപിഎമ്മിന് ആദ്യമായി ബംഗാളില്‍ തിരിച്ചടി ഏല്‍ക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചത്. അന്ന്‌ തൃണമൂലിന് 19 എംപിമാരെയാണ് ലഭിച്ചത്. ഇത്രയും സീറ്റുകള്‍ തൃണമൂലിന് ലഭിച്ചത് ആദ്യമായിട്ടായിരുന്നു. ഇതിന് ശേഷമാണ് ഇടതുപക്ഷത്തിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ തൃണമൂല്‍ ശക്തമാക്കിയത്.

2019 ല്‍ ഇടതുപക്ഷം കളത്തിലില്ലെങ്കിലും ബിജെപിയും തൃണമൂലിന്റെ പാതയിലാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. 18 എംപിമാരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിച്ചത്. തുടര്‍ന്നാണ് ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതും കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. രാഷ്ട്രീയ സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സന്ദേശ്ഖാലി കേന്ദ്രീകരിച്ച് വലിയ പ്രതിഷേധത്തിനാണ് ബിജെപി കോപ്പുകൂട്ടുന്നതെന്നാണ് സൂചന.

സിംഗൂരിനെയും നന്ദിഗ്രാമിനെയും ഉപയോഗപ്പെടുത്തിയാണ് മമത അധികാരത്തിലേക്ക് നടന്നുകയറിയതെങ്കില്‍, ബിജെപി ലക്ഷ്യമിടുന്നത് ക്രമസമാധാന തകര്‍ച്ചയെ ആയുധമാക്കാനാണ്. ഇതിന്റെ ഭാഗമാണ് സന്ദേശ്ഖാലി കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read More: ഗിരീഷ്‌ കര്‍ണാട്: മി ടു അര്‍ബന്‍ നക്‌സല്‍, കലാകാരന്‍ എന്ന നിലയില്‍ ഒരു സംഘ്പരിവാര്‍ വിരുദ്ധ ആക്ടിവിസ്റ്റിന്റെ ജീവിതം

Next Story

Related Stories