TopTop
Begin typing your search above and press return to search.

കറുപ്പിനെ കാഴ്ചവസ്തുവാക്കിയപ്പോള്‍ നമുക്ക് കിട്ടിയത് ജയ എന്ന സെലിബ്രിറ്റിയെ

കറുപ്പിനെ കാഴ്ചവസ്തുവാക്കിയപ്പോള്‍ നമുക്ക് കിട്ടിയത് ജയ എന്ന സെലിബ്രിറ്റിയെ

വി കെ അജിത്‌ കുമാര്‍

കറുപ്പ് പ്രതിനിധാനം ചെയ്യുന്ന അധമ പ്രരൂപം കേരളത്തില്‍ കൂടുതല്‍ ശക്തമാകുകയാണോ? ദേഹം മുഴുവന്‍ കറുത്ത ചായത്തിന്‍റെ കാന്‍വാസാക്കി അലഞ്ഞ ഒരു ദേഹി യാത്ര നിര്‍ത്തിയതിന്‍റെ ചര്‍ച്ച നവമാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. കറുത്ത പെണ്‍ ഉടലിന്‍റെ ജീവിതം എത്രമാത്രം യാതനകള്‍ നിറഞ്ഞതാണെന്ന അന്വേഷണം ഒരുപക്ഷെ അതിന്‍റെ ആദ്യ പത്ര വാര്‍ത്ത വന്നപ്പോള്‍ അവസാനിക്കുകയായിരുന്നു. അതിനു ശേഷമുള്ള യാത്രകള്‍ അനുഭവങ്ങള്‍ അതിലെല്ലാം അവര്‍ ഒരു കാഴ്ച വസ്തുവായി മാത്രം മാറുകയായിരുന്നു.

1959ല്‍ ജോണ്‍ ഹോവാര്‍ഡ് ഗ്രിഫിന്‍ എന്ന വെളുത്ത വര്‍ഗ്ഗക്കാരനായ പത്രപ്രവര്‍ത്തകന്‍ തലമുടി വടിച്ച്‌ അള്‍ട്രാവയലറ്റ് പ്രകാശം കൊണ്ട് ശരിരം കറുപ്പിക്കാനുള്ള മരുന്നും കഴിച്ചുകൊണ്ട് ആറാഴ്ച അമേരിക്കയിലെ പ്രശസ്തങ്ങളായ പല നഗരങ്ങളും അലഞ്ഞുതിരിഞ്ഞതിന്‍റെ അനുഭവം ഒടുവില്‍ Black Like Me എന്ന പുസ്തകത്തില്‍ എഴുതുകയുണ്ടായി. ഒരു പുസ്തകം എഴുതുന്നതിനുപരി അമേരിക്കയുടെ വര്‍ഗ്ഗീയ മനസ്സറിയുക എന്നതായിരുന്നു ഗ്രിഫിന്‍റെ ലക്ഷ്യം വെളുത്തവനു കറുത്തവനോടുള്ള അസഹിഷ്ണുത പോലെ തന്നെ കറുത്തവന് വെളുത്തവനോടുള്ള ഈര്‍ഷ്യയും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കറുത്തവനെ നിയമപരമായിത്തന്നെ അകറ്റിനിര്‍ത്തുന്ന റെയില്‍, റോഡുകള്‍ ഉള്‍പ്പെടുന്ന ഗതാഗത സംവിധാനങ്ങള്‍ മുതല്‍ പണമിടപാട് കേന്ദ്രങ്ങളില്‍ ഉണ്ടായ അനുഭവങ്ങള്‍ വരെ ഗ്രിഫിന്‍ വിവരിക്കുന്നത് കറുത്തവന്റെ പക്ഷത്ത് നിന്നാണ്. ഗ്രിഫിന്‍ നടത്തിയത് അയാളുടെ ജിവിതം കൊണ്ടുള്ള ഒരു കളിയായിരുന്നു. നിരന്തരമായി തൊലി കറുപ്പിക്കാനുള്ള മരുന്നും മറ്റും ഉപയോഗിച്ചുള്ള ഈ ജിവിതം അദ്ദേഹത്തേ ഒടുവില്‍ സ്കിന്‍ കാന്‍സറില്‍ കൊണ്ട് ചെന്നെത്തിച്ചുവെന്നതും ഒരു മറുവശം.

അയാള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ വെളുത്തവന്‍റെ ക്രൂരതകള്‍ അതിന്‍റെ എല്ലാവിധ നിയമപിന്തുണയുമായി തൊലി കറുത്തവനെ നേരിടുന്ന ഇടങ്ങളായിരുന്നു. 1954 ല്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ പതിനാലു വയസുകാരനുണ്ടായ അനുഭവം ഇതിന്‍റെ ഏറ്റവും ചെറിയ ഉദാഹരണമാണ്. സ്വാഭാവികമായി ഉണ്ടാക്കിയ വിസില്‍ ശബ്ദം അയാള്‍ക്ക് മുന്‍പില്‍ നിന്ന വെളുത്ത വര്‍ഗ്ഗക്കാരിയായ ഒരു സ്ത്രീയെ അപമാനിച്ചതായി കണ്ടുകൊണ്ടുള്ള പ്രശ്നങ്ങള്‍, ഒടുവില്‍ ആ കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു. ഇത്തരം ഭീകരാവസ്ഥയിലൂടെയായിരുന്നു. കറുത്തവേഷം കെട്ടിയ ഗ്രിഫിന്‍ യാത്ര ചെയ്തത്.ജോണ്‍ ഹോവാഡ് ഗ്രിഫിന്‍ നടത്തിയ യാത്ര ഒരിക്കലും അയാള്‍ പൊതു സമക്ഷത്തില്‍ അറിയിച്ചിരുന്നില്ല. അത് ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാവുന്ന ഒരു വേഷം മാറല്‍ രഹസ്യം മാത്രമായിരുന്നു. ഇവിടെയാണ് പി എസ് ജയ എന്ന പെണ്‍കുട്ടി നടത്തിയ യാത്ര വ്യത്യാസപ്പെടുന്നത്. പൊതുവേ ഇത്തരം പ്രതിരൂപാത്മക സമരങ്ങളെല്ലാം തന്നെ ഒടുവില്‍ കാഴ്ചകളില്‍ തന്നെയാണ് അതിന്‍റെ അസ്തിത്വം തെളിയിക്കുന്നത്. അതൊഴിവാക്കാന്‍ ഗ്രിഫിന് കഴിഞ്ഞപ്പോള്‍ അതും മാധ്യമങ്ങളും നല്‍കിയ കരുതല്‍ മുതലാക്കാന്‍ ജയയ്ക്ക് സാധിച്ചു.

ഫാസിസത്തിനും മോറല്‍ പോലിസിംഗിനും എതിരെ നടന്ന ചുംബന സമരവും ഇത്തരം കാഴ്ച സമരങ്ങളുടെ ശ്രേണിയില്‍ മാത്രം നിലനില്‍ക്കുന്നു. സഹനീയതയും അടിച്ചമര്‍ത്തലും ഒഴിവാക്കലും എല്ലാ അര്‍ത്ഥത്തിലും അനുഭവിച്ചവരുടെ പ്രതികരണമാണ് യഥാര്‍ത്ഥ സമരങ്ങള്‍. അവര്‍ക്ക് മാത്രമേ പ്രതികരണത്തിന്‍റെ സമരമുഖങ്ങള്‍ അതിന്‍റെ എല്ലാവിധ ഭാവങ്ങളോടും കൂടി പുറംലോകമെന്ന കെട്ടുപാടില്‍ അവതരിപ്പിക്കാന്‍ സാധിക്കൂ.
ചായം പൂശിയ ഐക്യദാര്‍ഢ്യത്തിന്റെ ചെമ്പ് തെളിയുമ്പോള്‍പുതിയ കേരളത്തില്‍ ജയയെന്ന പെണ്‍കുട്ടി അവളുടെ ജീവിതവും ശരീരവും കൊണ്ട് നടത്തിയ സാമൂഹികാനുഭവ പഠനത്തെ ഒരിക്കലും കുറച്ചു കാണുന്നില്ല. മറിച്ചു സവര്‍ണ്ണ സ്വത്വബോധം നിലനിര്‍ത്തി കറുപ്പ് മാത്രമാണ് ഇവിടത്തെ പ്രശ്നങ്ങള്‍ക്ക് – അവഹേളനങ്ങള്‍ക്ക് -കാരണമെന്ന സാമാന്യ വല്‍ക്കരണമോ ലളിതവല്ക്കരണമോ ആണ് പൊതു ബോധത്തില്‍ ഒരു പരിധിവരെയെങ്കിലും അതുണ്ടാക്കിയെടുത്തത്. കറുത്തവര്‍-അവര്‍ണര്‍ (നിറമില്ലാത്തവര്‍) എന്ന് പൊതുവേ വിളിക്കുന്ന ദളിത്‌ വിഭാഗത്തിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ചിന്തയെ വ്യതിചലിപ്പിക്കുവാന്‍ കാരണമാകുന്നു. കറുപ്പ് എന്നതിന് ദളിതരുടെ നിറം എന്ന അര്‍ത്ഥം നല്‍കരുത്. ദൌര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു ലേബലാണ് ജയയുടെ യാത്രയുടെ ഹൈലൈറ്റായി കണ്ടത്. തൊട്ടടുത്ത് സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് പോകുമ്പോള്‍ തന്നെ ഈ ആശയം തിരുത്തിയെഴുതേണ്ടിവരുന്നു. തൊലിയുടെ നിറം അവിടെ പ്രശ്നങ്ങള്‍ക്ക് കരണമാകുന്നില്ല. വെറും കാലാവസ്ഥ സൂചകം മാത്രമായി കറുപ്പ് അവിടെ അവശേഷിക്കുന്നു. അതിനുപരി നില്‍ക്കുന്ന ചില വര്‍ഗ്ഗ ബോധവും മേലാള മനോഗതിയുമാണ് അവിടെ പ്രശ്നങ്ങള്‍ക്ക് കാരണമായി തീരുന്നത്. വണ്ണിയരും പറയനും തമ്മില്‍ നിറത്തില്‍ അവിടെ വ്യത്യാസം രേഖപ്പെടുത്തുന്നില്ല. ഇനി കേരളത്തില്‍ തന്നെ നരവംശ ശാസ്ത്രപരമായ പ്രത്യേകതകള്‍ നോക്കുമ്പോള്‍ ആദിവാസികള്‍ക്കിടയിലും ദളിതര്‍ക്കിടയിലുള്ള പല വിഭാഗത്തിലും വെളുപ്പ് കറുപ്പുപോലെ നിലനില്‍ക്കുന്നതായി കാണാം.

അങ്ങനെ ചിന്തിക്കുമ്പോള്‍ ദളിത്‌ പ്രതിരോധം എന്ന നിലയില്‍ ഈ പ്രതികരണം എത്രമാത്രം സത്യസന്ധത കൈയാളുന്നു എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കറുത്തവള്‍-ഇരുണ്ടവന്‍-എന്നൊക്കെ വിളിക്കുമ്പോള്‍ ഒരാള്‍ക്ക് തോന്നുന്ന അപകര്‍ഷതയില്‍ അധികമായി ഒന്നും അതിലില്ല. അത്തരത്തിലുള്ള മനോഗതികളെ നിസാരവല്‍ക്കരിക്കാന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നുമുണ്ട്. അതിനപ്പുറമുള്ള, നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അറിയുവാന്‍ ഒരു വേഷം കെട്ടല്‍ കൊണ്ടും സാധ്യമല്ല.അതുതന്നെയാണ് ദളിതരല്ലാത്ത ദളിത്‌ അക്ടിവിസ്റ്റുകള്‍ നേരിടുന്ന പ്രശ്നവും. നിറം കറുത്തതിന്‍റെ പേരില്‍ ഒരു ദളിതനും ഒരു സമരവും നടത്തിയിട്ടില്ല. വര്‍ണ്ണവെറിയെന്ന ആശയം ഇന്ത്യയെ സംബന്ധിച്ച് ഒരു സംജ്ഞ മാത്രമാണ്. വര്‍ണ്ണ വ്യത്യാസം മാത്രമാണ് ഈ അടിച്ചമര്‍ത്തലിന് കാരണമെന്ന ചിന്തയില്‍ ഒതുക്കുക മാത്രമാണ് കറുപ്പടിച്ചുള്ള ഇത്തരം സമരങ്ങള്‍. ഇനി തൊലി കറുത്തതുകൊണ്ട് ആണ്‍ നോട്ടങ്ങള്‍ ഉണ്ടാകുന്നില്ല എന്ന വ്യഥയാണെങ്കില്‍ അത് തികച്ചും ആണ്‍ മേല്‍കോയ്മയെ അംഗീകരിച്ചു കൊടുക്കലുമാണ്. പൂതനയെന്നു ഒരു യാത്രയ്ക്കിടയില്‍ ഒരു സ്ത്രീ വിളിച്ചെങ്കില്‍ അതില്‍ വ്യാകുലപ്പെടുന്നിടത്താണ് ജയയുടെ യാത്രയുടെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗത്തിന്‍റെയും യഥാര്‍ത്ഥ മനോഗതി നിലനില്‍ക്കുന്നത്. ഒരു നിമിഷമെങ്കിലും തന്‍റെ ചായത്തിന് പിന്നിലുള്ള യാഥാര്‍ത്ഥ്യം തുറന്നു കാട്ടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നിരിക്കാം. അതുതന്നെയാണ് ഇത്തരം അക്ടിവിസ്റ്റുകളുടെ പൊള്ളത്തരവും. ‘അവര്‍ക്ക് വേണ്ടി സംസാരിക്കാം’ ‘അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം’ എന്നൊക്കെ പറയുന്നിടത്തുനിന്നുള്ള ഒരു ഔട്ട്‌സൈഡര്‍ കാഴ്ച.

ഓംപ്രകാശ് വല്മികിയും മുല്‍ക്ക് രാജ് ആനന്ദും തമ്മിലുള്ള വ്യത്യാസം പോലെ കേശവദേവും എം ബി മനോജും തമ്മിലുള്ള വ്യത്യാസം പോലെ ഗാന്ധിജിയും അംബേദ്‌കറും തമ്മിലുള്ള വ്യത്യാസം പോലെയുമാണത്. തീയില്‍ അറിയാതെ വീണവന്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തീയുടെ ചൂടറിയാന്‍ ചാടുന്നത് പൊലെയാണ് ഈ സമരം.
സ്വത്വവാദം ജനാധിപത്യത്തെ നിഷേധിക്കുന്നതെന്തിന്? ജയയുടേത് വെറുതെ ഒരു ചായം പൂശലല്ല


കേരളത്തിലെ ദളിതുകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തൊലി കറുത്തതുകൊണ്ട് ഉണ്ടായതല്ല. അതില്‍ നിന്നുള്ള അസഹിഷ്ണുതയില്‍ നിന്നും ഉണ്ടായതല്ല. അത്തരം ലഘുവായ കടമ്പകളെല്ലാം വിദ്യാഭ്യാസത്തിലൂടെ കടന്നു പോകാമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. ഇവിടെ അവശേഷിക്കുന്നത് മറ്റ് പലതരം ഒഴിവാക്കലുകളാണ്. തൊഴില്‍ മേഖലകളില്‍ നിന്നും പല സാമൂഹികമായ ഇടപെടലുകളില്‍ നിന്നും അവര്‍ ഒഴിച്ചുനിര്‍ത്തപ്പെടുന്നു. സ്വകാര്യ മേഖലകളിലേക്ക് അനുദിനം പടര്‍ന്നു കൊണ്ടിരിക്കുന്ന തൊഴില്‍ രംഗത്ത് എത്ര ദളിതര്‍ ജോലിചെയ്യുന്നുണ്ട് എന്ന് പരിശോധിച്ചാല്‍ മനസിലാകും പുതിയ ദളിതുകള്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍‍ മനസിലാക്കാന്‍. ഇത് ജാതിക്കോളം ഒഴിവാക്കിയുള്ള പുതു വിപ്ലവചിന്ത വ്യാപരിപ്പിക്കുന്നവര്‍ മറുപടി പറയേണ്ട ചോദ്യമാണ്. അനുവദനീയമായ സംവരണത്തിനു വേണ്ടിയാണ് ജാതിയെന്ന കോളം പൂരിപ്പിക്കുന്നത്. അതൊഴിവാക്കുക വഴി അത്തരം ഒരു സാധ്യത കൂടി ഇല്ലാതെയാകുന്നു. തികച്ചും ഉപരിപ്ലവമായ മറ്റൊരു ചിന്തയാണ് ഈ ജാതിക്കോളം ഒഴിവാക്കല്‍. കേള്‍ക്കുമ്പോള്‍ സുഖമുണ്ട് എന്ന് മാത്രം. അത് ആത്യന്തികമായി ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും ഒരു കാലത്ത് കവര്‍ന്നെടുക്കുവാന്‍ കാരണമാകും.

കൊട്ടിഘോഷിക്കുന്ന പന്തിഭോജനം പോലെയും ക്ഷേത്ര പ്രവേശനം പോലെയും മാത്രമാണ് അതെല്ലാം. ദളിതരല്ലാത്തവര്‍ നടത്തിയ ഇത്തരം സമരങ്ങള്‍ ചരിത്ര താളുകളില്‍ ഇടം പിടിക്കുമ്പോള്‍ ഭൂപരിഷ്കരണ നിയമം തൊഴില്‍ സംവരണം എന്നിവ പോലുള്ള സമൂല പ്രായോഗിക മാറ്റത്തിന് കാരണമായ നിയമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇന്നും വിധേയമാകുന്നു എന്നതാണ് ഇത്തരം ദളിത്‌ സ്നേഹം ആത്യന്തികമായി തരുന്ന ഫലം. കറുത്തചായം പൂശിയെത്തുന്ന ഉപരിപ്ലവമായ ഒരു ചിന്തയാണ് ഇനി വരാന്‍ പോകുന്ന ദളിത്‌ ജിവിത വ്യാഖ്യാനമെങ്കില്‍ അതിനെ ഏറെ ഭയപ്പെടേണ്ടതുണ്ട്.

ജയയുടെ പ്രതികരണത്തിലൂടെ നമുക്ക് ആകെ ലഭിച്ചത് ഇനി ദളിത്‌ വേദികള്‍ പങ്കിടാനുള്ള ഒരു സെലിബ്രിറ്റി ആക്ടിവിസ്റ്റിനെ മാത്രമാണെന്ന് ഖേദപൂര്‍വം പറയേണ്ടതായി വരുന്നു. അതിനപ്പുറം ഇതുകൊണ്ടെന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് വളരെ സൂക്ഷ്മ തലത്തിലുള്ള എന്തെങ്കിലും ആയിരിക്കാം.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories