TopTop
Begin typing your search above and press return to search.

കറുത്തവരുടെ മരണങ്ങള്‍ വെറും രാഷ്ട്രീയ വര്‍ത്തമാനങ്ങളല്ല, ദുരന്തങ്ങളാണ്

കറുത്തവരുടെ മരണങ്ങള്‍ വെറും രാഷ്ട്രീയ വര്‍ത്തമാനങ്ങളല്ല, ദുരന്തങ്ങളാണ്

വനേസ വില്യംസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)
'നല്ലൊരുശതമാനം ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാരുള്ള ഡെമോക്രാറ്റിക് പ്രൈമറികളില്‍ പ്രത്യേകിച്ചും. പക്ഷേ ഈ പ്രസ്ഥാനത്തിനുവേണ്ടി ആയിരക്കണക്കിനു യുവ പ്രതിഷേധക്കാരെ തെരുവിലിറക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രശ്‌നം സജീവമാക്കുകയും ചെയ്ത പ്രമുഖ പ്രവര്‍ത്തകര്‍ ആരും തന്നെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കു പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.

എന്നാല്‍ മുന്‍നിരയിലുള്ള രണ്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളും വെളുത്ത പൊലീസുകാരാല്‍ കൊല്ലപ്പെട്ട നിരായുധരായ കറുത്ത വര്‍ഗക്കാരുടെ കുടുംബങ്ങളുടെ പിന്തുണ പിടിച്ചുപറ്റിക്കഴിഞ്ഞു.

2014ല്‍ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഓഫിസര്‍ കഴുത്തിനു കുത്തിപ്പിടിച്ചതിനെത്തുടര്‍ന്നു മരിച്ച എറിക് ഗാര്‍നറുടെ മകള്‍ എറിക്ക ഗാര്‍നറുടെ പിന്തുണ തനിക്കുണ്ടെന്ന് കഴിഞ്ഞയാഴ്ച ബെര്‍നി സാന്‍ഡേഴ്‌സ് പരസ്യപ്പെടുത്തി.

വെര്‍മോണ്ട് ഗവര്‍ണര്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വാഷിംഗ്ടണ്‍ ടൈംസില്‍ എറിക്ക ഇങ്ങനെ പറയുന്നു:' അദ്ദേഹം ഞങ്ങളുടെ മരണങ്ങളെ രാഷ്ട്രീയ വര്‍ത്തമാനങ്ങളായല്ല ദുരന്തങ്ങളായാണ് കാണുന്നത്. ഞങ്ങളുടെ സമൂഹത്തിനുനേരെ നടക്കുന്ന യുദ്ധങ്ങളെപ്പറ്റി ഉറക്കെ സംസാരിക്കുന്ന നേതാവാണ് അദ്ദേഹം.'

എറിക് ഗാര്‍നറുടെ അമ്മ ഗ്വെന്‍ കാറിന്റെ പിന്തുണ ഹിലരി ക്ലിന്റനാണ്. ഹിലരിയുടെ വെബ്‌സൈറ്റില്‍ രണ്ടാഴ്ച മുന്‍പ് ഗ്വെന്‍ ഇങ്ങനെ എഴുതി: 'ഞങ്ങള്‍ നേരിടേണ്ടിവരുന്ന അക്രമവും അനീതിയും വച്ചുനോക്കുമ്പോള്‍ മുന്നോട്ടു നയിക്കാന്‍ ശക്തിയുള്ള ഒരു നേതാവിനെയാണ് വേണ്ടത്. അത് ഹിലരിയാണ്.'

2012ല്‍ ഫ്‌ളോറിഡയില്‍ നിരായുധനായ ട്രേവോണ്‍ മാര്‍ട്ടിന്റെ കൊലപാതകമാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. മാര്‍ട്ടിന്റെ അമ്മ സെബ്രിന ഫുള്‍ട്ടന്റെ പിന്തുണയുണ്ടെന്ന് ഈ മാസം ആദ്യം ഹിലരിയുടെ പ്രചാരകര്‍ അറിയിച്ചിരുന്നു. കാറിലെ സംഗീതം ഉച്ചത്തിലായതിന്റെ പേരില്‍ 2012ല്‍ വെളുത്ത വര്‍ഗക്കാരന്‍ വെടിവച്ചുകൊന്ന ജോര്‍ദാന്‍ ഡേവിസിന്റെ അമ്മ ലുസിയ മാക്ബത്തിന്റെ പത്രപ്രസ്താവന ഹിലരിയുടെ പ്രചാരകര്‍ പരക്കെ ഇ മെയില്‍ ചെയ്തിരുന്നു.

മാര്‍ട്ടിന്‍ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷക നതാലി ജാക്‌സന്റെ പിന്തുണയും സാന്‍ഡേഴ്‌സിനുണ്ട്. സൗത്ത് കരോലിന സംസ്ഥാന പ്രതിനിധി ജസ്റ്റിന്‍ ബാംബര്‍ഗിന്റെ പിന്തുണ അറിയിക്കാന്‍ സാന്‍ഡേഴ്‌സിന്റെ പ്രചാരകര്‍ തിങ്കളാഴ്ച പത്രസമ്മേളനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വെളുത്തവര്‍ഗക്കാരനായ പൊലീസ് ഓഫിസര്‍ വെടിവച്ചുകൊന്ന നിരായുധനായ ബൈക്ക് യാത്രക്കാരന്‍ വാള്‍ട്ടര്‍ സ്‌കോട്ടിന്റെ കുടുംബത്തിനുവേണ്ടി ഹാജരായത് ബാംബര്‍ഗാണ്. തുടക്കത്തില്‍ ഹിലരിക്കാണ് ബംബര്‍ഗ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്.

വ്യവസ്ഥാപിത വംശീയതയ്‌ക്കെതിരെ ലക്ഷക്കണക്കിനാളുകള്‍ പൊരുതുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തില്‍ മാര്‍ട്ടിന്‍, ഡേവിസ്, ഗാര്‍നര്‍, സ്‌കോട്ട് തുടങ്ങി കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരെല്ലാം ആരാധനാവിഗ്രഹങ്ങളാണ്. മിക്ക സംഭവങ്ങളിലും പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചില്ല എന്ന തോന്നലുണ്ടാക്കുന്നു. നീതി ന്യായ വ്യവസ്ഥ വംശീയ പക്ഷപാതം കാണിക്കുന്നുവെന്നാണ് കറുത്ത വര്‍ഗക്കാരുടെ വിശ്വാസം.പിന്തുണ പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ പ്രചാരണങ്ങളിലെ സാധാരണ കാഴ്ചകളാണ്. ഇവയ്ക്ക് വോട്ടര്‍മാരിലുള്ള സ്വാധീനം പരിമിതമാണെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ക്കായി ശ്രമിക്കുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിനു കാരണമായ ദുരന്തത്തിനിരയായ കുടുംബങ്ങളുടെ പിന്തുണ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിര്‍ണായകഘടകമായ ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കുമോ?

ഹേവാഡ് യൂണിവേഴ്‌സിറ്റി രാഷ്ട്രമീമാംസ പ്രൊഫസര്‍ നിയാംബി കാര്‍ട്ടര്‍ അങ്ങനെ കരുതുന്നില്ല. അക്രമത്തിന് ഇരകളായവരെ തിരഞ്ഞെടുപ്പില്‍ വോട്ടു സമാഹരണത്തിനായി ഉപയോഗിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണെന്ന് നിയാംബി കരുതുന്നു.

' ഇത്തരം പിന്തുണ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനവും മറ്റുള്ളവരും ഉയര്‍ത്തിക്കാട്ടുന്ന നിര്‍ണായക പ്രശ്‌നങ്ങള്‍ക്ക് അവസാനമായെന്നൊരു തോന്നലുണ്ടാക്കുന്നു. മറ്റൊന്ന് ഇവരാരും രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ കഴിവുള്ളവരല്ല. സംഭവിച്ചുപോയ ദുരന്തം കൊണ്ടാണ് ഇവര്‍ നമ്മുടെ ഓര്‍മയിലും പൊതുചര്‍ച്ചകളിലുമുള്ളത്. ദുരന്തത്തിന് ഇരയായി എന്നത് കറുത്തവരുടെ സമൂഹം സ്ഥാനാര്‍ത്ഥികളോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കു മാധ്യസ്ഥം വഹിക്കാന്‍ അവരെ യോഗ്യരാക്കുന്നില്ല.'

വേനലിലും ശിശിരത്തിലും ചില ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രവര്‍ത്തകര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളോട്, പ്രത്യേകിച്ച് മൂന്ന് ഡമോക്രാറ്റുകളോട് ക്രിമിനല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വംശീയതയുണ്ടെന്നതു സമ്മതിക്കാനും പ്രതിവിധി നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിരുന്നു. മറ്റുചില ആക്ടിവിസ്റ്റുകള്‍ നടപ്പിലാക്കേണ്ട പരിഷ്‌ക്കാരങ്ങളെപ്പറ്റി സംസാരിക്കാന്‍ സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി.

ബ്ലാക്ക് ലൈവ്‌സ് മാറ്ററിന്റെ വാദങ്ങള്‍ വിഭജനാത്മകവും പൊലീസിന് എതിരുമാണെന്നു പറഞ്ഞ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ഇവയെ അവഗണിക്കുകയും തള്ളിക്കളയുകയുമാണ്. ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണറാലിയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാരനെ ട്രംപിന്റെ അനുയായികള്‍ അടിച്ചുപുറത്താക്കി. അയാളെ പുറത്താക്കൂ എന്ന് ട്രംപ് ആക്രോശിക്കുകയും ചെയ്തു.മൂന്ന് ഡമോക്രാറ്റുകളും - സാന്‍ഡേഴ്‌സ്, ഹിലരി ക്ലിന്റന്‍, മുന്‍ മേരിലാന്‍ഡ് ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒ മാലി - അവരുടെ പ്രചാരണങ്ങളില്‍ നീതിന്യായ വ്യവസ്ഥയുടെ പരിഷ്‌കരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രമുഖ ആക്ടിവിസ്റ്റുകളൊന്നും ഒരു സ്ഥാനാര്‍ത്ഥിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

ഒരു സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കാനില്ലെന്ന് ഷിക്കാഗോയിലും മിന്നെപോളിസിലുമുണ്ടായ പൊലീസ് വെടിവയ്പിന്റെ പേരില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത ബ്ലാക്ക് യൂത്ത് പ്രോജക്ട് 100ന്റെ നാഷനല്‍ ഡയറക്ടര്‍ ചാര്‍ലിനെ എ കാരുത്തേഴ്‌സ് പറഞ്ഞു.

വംശനീതി പൊതുവേദിയിലെത്തിച്ചതിനും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നത് ഉപയോഗിച്ചതിനും എറിക്ക ഗാര്‍നര്‍ സാന്‍ഡേഴ്‌സിനെ പ്രശംസിക്കുന്നു. പ്രവര്‍ത്തകര്‍ രണ്ടുതവണ സാന്‍ഡേഴ്‌സിനെ തടസപ്പെടുത്തിയിരുന്നു. ' അദ്ദേഹം ഞങ്ങളെ കേട്ടു. ഇനിയും ഞങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കുമെന്നു ഞാന്‍ കരുതുന്നു'.

ഗ്വെന്‍ ഹിലരിയുടെ വെബ്‌സൈറ്റില്‍ എഴുതി: നമ്മുടെ സമൂഹത്തിലുള്ള അക്രമത്തിനെതിരെയും - പ്രത്യേകിച്ച് തോക്കു കൊണ്ടുള്ള അക്രമത്തിനെതിരെ- അതുമായി ബന്ധപ്പെട്ട വംശീയവും സാമ്പത്തികവുമായ അനീതിക്കെതിരെയും എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ എങ്ങനെ നയപരമായി നീങ്ങാം എന്നതിനെപ്പറ്റി സംസാരിക്കുന്ന ഒരേയൊരു സ്ഥാനാര്‍ത്ഥി ഹിലരിയാണ്.'

സിഎന്‍എന്‍ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച കത്തില്‍ ഹിലരിയെ പിന്തുണയ്ക്കാനുള്ള കാരണം തോക്ക് നിയന്ത്രണത്തിലെ അവരുടെ നിലപാടാണെന്ന് സെബ്രിന ഫുള്‍ട്ടന്‍ പറയുന്നു. ' നമ്മുടെ ഇത്രയധികം കുട്ടികളുടെ ജീവന്‍ അപകടത്തിലായിരിക്കുമ്പോള്‍ തോക്കുകൊണ്ടുള്ള അക്രമം നിലനില്‍ക്കുന്നുവെന്നു പോലും അംഗീകരിക്കാത്ത ഒരു റിപ്പബ്ലിക്കനെ നമുക്കു തിരഞ്ഞെടുക്കാനാകില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിഷ്‌ക്രിയത്വത്തിനും നാഷനല്‍ റൈഫിള്‍ അസോസിയേഷന്റെ അവഗണനയ്ക്കുമെതിരെ നില്‍ക്കാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെയാണ് നമുക്കാവശ്യം. അത് ഹിലരിയാണെന്നു ഞാന്‍ കരുതുന്നു.'

നവംബറില്‍ ഹിലരി ഫുള്‍ട്ടണ്‍ ഉള്‍പ്പെടെ മക്കള്‍ പൊലീസുമായോ സിവിലിയന്മാരുമായോ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഏതാനും അമ്മമാരെ കണ്ടിരുന്നു.

ഫുള്‍ട്ടനെ ലാഗാര്‍ഡിയ വിമാനത്താവളത്തിലാണ് കണ്ടുമുട്ടിയതെന്ന് 'ആഫ്രിക്കന്‍ അമേരിക്കന്‍ ഔട്ട്‌റീച്ച് ഫോര്‍ ക്ലിന്റണ്‍' ഡയറക്ടര്‍ ലാഡാവിയ ഡ്രാനെ പറയുന്നു. മകന്റെ മരണം സംബന്ധിച്ച് ഫെഡറല്‍ ഉദ്യോഗസ്ഥരെ കാണാന്‍ പല തവണ വാഷിംഗ്ടണിലെത്തിയിരുന്നു. ഡ്രാനെ കോണ്‍ഗ്രഷെനല്‍ ബ്ലാക്ക് കോക്കസില്‍ ജോലി ചെയ്തിരുന്നു. സംസാരത്തിനിടെ ഹിലരിയും ഫുള്‍ട്ടണും ഫ്‌ളോറിഡ അര്‍ബന്‍ ലീഗിന്റെ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ' എനിക്ക് അവരോട് സംസാരിക്കണം. അവര്‍ പ്രസിഡന്റാകേണ്ടത് നമ്മുടെ ആവശ്യമാണ്,' ഫുള്‍ട്ടണ്‍ പറഞ്ഞതായി ഡ്രാനെ പറയുന്നു.

'എനിക്ക് 20 മാസം പ്രായമുള്ള മകനുണ്ട്. ഭാവിയില്‍ വിവേകമില്ലാത്തൊരു കുറ്റകൃത്യം കൊണ്ടോ പൊലീസ് നിഷ്ഠൂരത കൊണ്ടോ അവനെ എനിക്കു നഷ്ടമായേക്കാമെന്ന് ഓര്‍ക്കുമ്പോള്‍ത്തന്നെ ഞാന്‍ ഞെട്ടുന്നു,' ഡ്രാനെ പറയുന്നു. ' ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി നടപടിയെടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുക എന്നതാണ് ഞാന്‍ ചെയ്യുന്നത്'.ഫുള്‍ട്ടനും ട്രേവോണ്‍ മാര്‍ട്ടിന്റെ പിതാവ് ട്രേസി മാര്‍ട്ടിനും വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിലെ അംഗമായ നതാലി ജാക്‌സനുമായുള്ള ഫ്യൂഷന്‍ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് സാന്‍ഡേഴ്‌സിനെ പിന്താങ്ങുന്നതെന്ന് ജാക്‌സണ്‍ വിശദീകരിക്കുന്നു.

' ക്രിമിനല്‍ നീതിവ്യവസ്ഥ പരിഷ്‌കരണം നടപ്പാകണമെങ്കില്‍ കറുത്തവരുടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ഒരു പൊതുസമീപനം വേണം. സാന്‍ഡേഴ്‌സ് സാമ്പത്തിക അസമത്വത്തിലും സ്ഥാപന രാഷ്ട്രീയം പുനക്രമീകരിക്കുന്നതിലും ശ്രദ്ധിക്കുന്നു.

പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം വ്യവസ്ഥിതിയുടെ അടിച്ചമര്‍ത്തലും കറുത്തവരില്‍ ഭൂരിപക്ഷത്തിന്റെയും ദാരിദ്ര്യവുമാണ്. വീടുകളില്ല, ആരോഗ്യസുരക്ഷയില്ല, നല്ല സ്‌കൂളുകളില്ല. ബെര്‍നി സാന്‍ഡേഴ്‌സിന് യാഥാര്‍ത്ഥ്യബോധമുണ്ട്. നമുക്ക്, പ്രത്യേകിച്ച് കറുത്ത വര്‍ഗക്കാര്‍ക്ക് ആവശ്യമുള്ള കാര്യങ്ങളാണ് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. '

ഹിലരിയെ പിന്തുണയ്ക്കാനുള്ള ഫുള്‍ട്ടന്റെ തീരുമാനത്തെപ്പറ്റി ജാക്‌സണ്‍ ഇങ്ങനെ പറഞ്ഞു: 'ഹിലരി റോഥാം ക്ലിന്റന്‍ തീര്‍ച്ചയായും രണ്ടാമത്തെ മികച്ച സ്ഥാനാര്‍ത്ഥിയാണ്. അവരുമായി എനിക്കു പ്രശ്‌നമൊന്നുമില്ല. ഞാന്‍ ബെര്‍നിക്കു വോട്ട് ചെയ്യുന്നില്ലെങ്കില്‍ ഹിലരിക്കാകുമായിരുന്നു ചെയ്യുക. പ്രൈമറിയില്‍ ബെര്‍നി വിജയിച്ചില്ലെങ്കില്‍ ഹിലരിക്കാകും എന്റെ വോട്ട്. അതുകൊണ്ടുതന്നെ ഹിലരിയെ കുറ്റപ്പെടുത്തുന്നത് സൂക്ഷിച്ചുവേണമെന്നു ഞാന്‍ കരുതുന്നു.'


Next Story

Related Stories