UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ സമൂഹത്തെ അനാചാരങ്ങളില്‍ നിന്നു മോചിപ്പിക്കേണ്ടതുണ്ട്

നമ്മുടെ സമൂഹ മനസ്, ചാരം മൂടിക്കിടക്കുന്ന അന്ധവിശ്വാസങ്ങള്‍ ഊതിത്തെളിച്ച് വൃത്തിയാക്കിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മന്ത്രവാദത്തിനിരയായി ഒരു ജീവന്‍ കൂടി പൊലിഞ്ഞു എന്ന വാര്‍ത്ത ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതെല്ലാം ഈ കേരളത്തിലാണെന്നു ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. സംസ്‌കാര സമ്പന്നമായ ഈ നാട്ടിലെ കാര്യം ഇങ്ങനെയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എന്തായിരിക്കും?

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എന്തുകൊണ്ട് പെരുകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം, അവ പ്രചരിപ്പിക്കുന്നവര്‍ മാത്രമല്ല, ഈ ദുരന്തങ്ങളിലേക്ക് കയറി ചെല്ലുന്ന സാധാരണക്കാരനും കൂടിയാണ്. എന്തുകൊണ്ട് ഒരുവന്‍ താന്‍ സമീപിക്കുന്നത് ആപത്തിനെയാണ് എന്നു മനസ്സിലാക്കുന്നില്ല? എനിക്ക് തോന്നുന്നത്, വിദ്യാഭ്യാസത്തിന്റെ പോരായ്മ തന്നെയാണ് പ്രധാന കാരണമെന്നാണ്. ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയാതെയും വായിക്കാതെയും പോകുന്നൊരാള്‍ക്ക് ഇവിടെയുള്ള ചതിക്കുഴികള്‍ കാണാന്‍ സാധിക്കണമെന്നില്ല. ഒരു ബോധവത്കരണം പോലും ഇങ്ങിനെയുള്ളവരുടെ കാര്യത്തില്‍ ഫലപ്രദമാകണമെന്നില്ല. അടിസ്ഥാന വിദ്യാഭ്യാസവും കൃത്യമായ സാമൂഹികവീക്ഷണവും വ്യക്തികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലൂടെയാണ് ഇത്തരം ‘ബാധ’കളില്‍ പോയി പെടുന്നതില്‍ നിന്ന് നമുക്ക് അവരെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. 

വിദ്യാഭ്യാസം എന്നത് കേവലം അക്കാദമിക് പരിജ്ഞാനം മാത്രമല്ല. അറിയാനും ആശയങ്ങള്‍ സൃഷ്ടിക്കാനുമുള്ള സ്വയം പരുവപ്പെടുത്തല്‍ കൂടി വിദ്യാഭ്യാസം എന്ന പ്രക്രിയയിലൂടെ സാധ്യമാകണം. ലോകത്തെ കാണാനും ലോകത്ത് നടക്കുന്ന തെന്തൊക്കെയെന്ന് വിശകലനം നടത്താനും കഴിയണം. സ്വയം ബോധവാനായ ഒരാളെ മറ്റൊരാള്‍ക്ക് കീഴ്‌പ്പെടുത്താന്‍ പ്രയാസമാണ്. വരുന്ന തലമുറയിലെങ്കിലും ഈ സാമൂഹികവീക്ഷണ സ്വഭാവം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും സാമൂഹികോപദ്രവമെന്നു വിളിക്കാവുന്ന മന്ത്രവാദങ്ങളെയും ആള്‍ദൈവങ്ങളെയും തുടച്ചുനീക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

മറ്റൊരു ചിന്തയിലേക്ക് എന്നെ തള്ളിയിട്ടത് സ്ത്രീകളാണ്. മന്ത്രവാദം നടത്തി ഒരു പുരുഷന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഞാന്‍ വായിച്ചിട്ടില്ല. എവിടെയും സ്ത്രീകളാണ് ഇര. എന്തുകൊണ്ട്? വൈകാരികമായി കീഴ്‌പ്പെടുത്താന്‍ വളരെ എളുപ്പമാണ് അവരെ. സ്ത്രീ ഏതുകാര്യത്തിലും വളരെ ആഴത്തില്‍ ഉള്‍ചേര്‍ന്നുപോകുന്നു. വിശ്വാസത്തിന്റെ കാര്യത്തില്‍ അതിന്റെ തീവ്രത വര്‍ദ്ധിക്കുന്നു. ഒരു പുരുഷന്‍ പ്രാര്‍തഥിക്കുന്നതോ ആരാധാനാലയങ്ങളില്‍ പോകുന്നതോ, ആചാരത്തിന്റെ, അല്ലെങ്കില്‍ ഒരു ദിനചര്യയുടെ ഭാഗമായിട്ടായിരിക്കും. എന്നാല്‍ സ്ത്രീകള്‍ അങ്ങനെയല്ല. അവര്‍ ഭക്തിയില്‍ അലിഞ്ഞു ചേര്‍ന്നുപോവുകയാണ്. അതിനാല്‍ തന്നെ ഇവരെ കീഴ്‌പ്പെടുത്താന്‍ ഭക്തി തന്നെ ഏറ്റവും മികച്ച ആയുധം.

ബെസ്റ്റ് ഓഫ് അഴിമുഖം 

സ്ത്രീയെ മാത്രം ബാധിക്കുന്ന ഈ ബാധ- പി ഇ ഉഷ എഴുതുന്നു
ഈ നാടിന് വീണ്ടും ഭ്രാന്ത് പിടിക്കുമ്പോള്‍ നമ്മുടെ മൌനവും കുറ്റകരമാണ്
വിദ്യാരംഭം: നടത്തുന്നവര്‍ക്ക് മാത്രം ലാഭം കിട്ടുന്ന കച്ചവടം- യു കലാനാഥന്‍ സംസാരിക്കുന്നു
ചൊവ്വ ഒരു ദോഷമല്ല; ചൊവ്വാകേണ്ടത് നമ്മുടെ മനോഗതികള്‍
പ്രകൃതിവിരുദ്ധ ലൈംഗികത- ഒരു പുനര്‍വായന

വീട്ടിലെ പ്രശ്‌നങ്ങള്‍, കുട്ടികളുടെ പഠിത്തം, ജോലി, വിവാഹം, സ്വസ്ഥത എന്നിങ്ങനെ പലപല കാരണങ്ങളാല്‍ പുരോഹിതരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ആരാധാനാലയങ്ങളില്‍ പൂജകളും വഴിപാടുകളും നടത്തുന്നതുമായ എത്രയോ സ്ത്രീകളുണ്ട്. ഇവര്‍ നമ്മുടെ അമ്മയാകാം, ഭാര്യയാകാം. കുടുംബമെന്നത് സ്ത്രീയെ സംബന്ധിച്ച് വൈകാരികമായൊരു ചുറ്റുപാടാണ്. ആ കുടുംബത്തിന്റെ കെട്ടുറപ്പ്, അതിലെ ഒരംഗം നേരിടുന്ന പ്രതിസന്ധി എന്നിവയെല്ലാം സ്ത്രീയെ വളരെ അസ്വസ്ഥയാക്കും. ഇവയ്‌ക്കെല്ലാം എന്തുപരിഹാരം കാണണമെന്നുള്ള അലച്ചിലുകള്‍ പലപ്പോഴും ഭക്തിയിലൂടെയായിരിക്കും. ഇന്നത്തെ തലമുറയെ ഉദ്ദേശിച്ചല്ലെങ്കില്‍ കൂടി ഒരു കാര്യം പറയാതെ വയ്യ- നമ്മുടെ കുടംബങ്ങളിലെ സ്ത്രീകളില്‍ ഭൂരിഭാഗത്തിനും ലോകപരിചയം കുറവാണ്. അവരുടേതായൊരു ഇടുങ്ങിയ ലോകമുണ്ട്. അവിടെ മന്ത്രവാദവും പൂജകളുമെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. എനിക്ക് പറയാനുള്ളത്, നമ്മുടെ അമ്മമാരും ഭാര്യമാരുമെല്ലാം ഈ സമൂഹത്തെ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കണം. എന്തൊക്കെ അപകടങ്ങളാണ് മനുഷ്യന്‍ സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് സ്വയം രക്ഷിക്കാന്‍ കഴിയും.

നിയമവും നിയമപാലകരും മാത്രം വിചാരിച്ചതുകൊണ്ട് ഈ സാമൂഹികപ്രശ്‌നം പരിഹരിക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഭരണകൂടത്തിന് ചെയ്യാന്‍ പലതുമുണ്ട്. ഇപ്പോള്‍ തന്നെ, മദ്യപാനത്തിനെതിരായും മറ്റും എത്രമാത്രം ബോധവവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ആതേ ദോഷം തന്നെ അനാചാരങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് അന്ധവിശ്വാസങ്ങള്‍ക്കെതിരായി പ്രചാരണം നടത്തണം. അതിനായി സോഷ്യല്‍ കമ്മിറ്റികളും സ്‌ക്വാഡുകളും ഉണ്ടാക്കണം. ജനങ്ങളില്‍ ശരിയായ ബോധം നിറയ്ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഈ മന്ത്രവാദ പ്രസ്ഥാനങ്ങളും ആള്‍ദൈവങ്ങളുമെല്ലാം അപ്രത്യക്ഷമായിക്കൊള്ളൂം. ഇതേ പ്രവര്‍ത്തനം തന്നെ നമ്മുടെ മതപുരോഹിതര്‍ക്കും നടത്താവുന്നതാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, അവര്‍ക്കതിനുള്ള അവകാശം ഇല്ലാതെ പോവുകയാണ്.അന്ധവിശ്വാസങ്ങളെന്നു വിളിക്കുന്ന അതേ പ്രക്രിയകളുടെ മിനിയേച്ചര്‍ രൂപങ്ങളാണല്ലോ നമ്മുടെ പള്ളികളിലും അമ്പലങ്ങളിലുമെല്ലാം പുരോഹിത സാന്നിധ്യത്തില്‍ നടക്കുന്നത്. വിശ്വാസവും അവിശ്വാസവും തമ്മില്‍ വളരെ നേര്‍ത്തൊരു വേര്‍തിരിവാണ്.

ഒരു മന്ത്രവാദം നടത്തുമ്പോള്‍ നിങ്ങള്‍ക്ക് അപകടമൊന്നും സംഭവിക്കുന്നില്ലെങ്കില്‍ അതൊരിക്കലും ദുര്‍മന്ത്രവാദമാകുന്നില്ല. ദുര്‍മന്ത്രവാദം എന്ന പ്രയോഗം തന്നെ മന്ത്രവാദത്തെ മഹത്വവത്കരിക്കുന്നതാണ്. നമ്മുടെ നാട്ടില്‍ ദിവസേന എത്രയോ മന്ത്രവാദങ്ങളും പൂജകളും മറ്റുമൊക്കെയാണ് നടക്കുന്നത്. എന്തെങ്കിലും പുറത്തറിയുന്നുണ്ടോ? എന്നാല്‍ ഈ ചെയ്തികളിലെതെങ്കിലുമൊന്നില്‍ ജീവഹാനിയോ മറ്റാപത്തുകളോ ഉണ്ടാകുമ്പോള്‍ മാത്രമാണ്, ആ കാര്യം പുറംലോകം അറിയുന്നത്. ആ ഒറ്റപ്പെട്ട സംഭവത്തെമാത്രം നമ്മളപ്പോള്‍ തള്ളിപ്പറയുകകയും ബാക്കി നടക്കുന്ന ഇതേ പ്രവര്‍ത്തികളെയെല്ലാം കാണാതെ പോവുകയും ചെയ്യുന്നൂ.

അവസാനമായി ഞാനിതിന്റെ മറ്റൊരു വശത്തെക്കുറിച്ചും ചിന്തിച്ചു. ഇത്ര ത്വരയോടെ മന്ത്രവാദികളെയും ആള്‍ദൈവങ്ങളെയും തേടിപ്പോകാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത് എന്താവും? കുറുക്കുവഴിയിലൂടെ കാര്യം നേടാനുള്ള വെപ്രാളം മാത്രമാണതിന് കാരണം. ഒരു രോഗം വന്നു, ഡോക്ടര്‍ ചികിത്സ നടത്തി ഒരാഴ്ച്ചത്തെ സമയം രോഗവിമുക്തിക്ക് എടുക്കുമെന്ന് അറിയിച്ചിട്ടുണ്ടാകും. നമ്മള്‍ അതില്‍ തൃപ്തനല്ല, ഒറ്റദിവസം കൊണ്ട് മാറണം. ഇന്നയാളുടെ സമീപം ചെന്ന് ഒരു പൂജ നടത്തിയാല്‍ രോഗം നിമിഷങ്ങള്‍ക്കകം മാറുമെന്ന് അറിയുന്നത് അപ്പോഴാണ്. നേരെ ആ ദിവ്യന്റെ സമീപം ചെല്ലുന്നു. ഇവിടെയാണ് അപകടം ഒരിക്കല്‍ ഇത്തരം സ്ഥലങ്ങളില്‍ ചെന്ന് പെട്ടുപോയാല്‍ കരകയറാനാകാത്ത വിധം നമ്മളെ പെടുത്തിക്കളയും. ചിലപ്പോള്‍ സൈക്കോളജിക്കലായി ചില ആശ്വാസങ്ങള്‍ ലഭിക്കുക കൂടി ചെയ്യുന്നെങ്കില്‍ അതോടെ നമ്മുടെ വിശ്വാസം അടിയുറയ്ക്കയാണ്. അതിനൊക്കെയുള്ള വിദ്യ ഈ മന്ത്രവാദികള്‍ക്കും മനുഷ്യദൈവങ്ങള്‍ക്കുമറിയാം. തന്നെ തേടിവരുന്നവനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബോധ്യപ്പെടുത്താന്‍ അവര്‍ക്കറിയാം.

പണ്ടൊരു കഥ കേട്ടിട്ടുണ്ട്. വലിയൊരു തറവാട്ടിലെ സ്ത്രീ പ്രസവിക്കാന്‍ പോവുകയാണ്. തറവാട്ടു കാരണവര്‍ ഉടനെ കണിയാനെ വിളിപ്പിച്ചു. പിറക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോ എന്നറിയണം. കണിയാന്‍ കവടി നിരത്തി പറഞ്ഞു- ആണ്‍കുട്ടിയാണ്. കാരണവര്‍ക്ക് സന്തോഷമായി. കണിയാന് വലിയൊരു ദക്ഷിണയൊക്കെ നല്‍കി തിരിച്ചയച്ചു. പ്രസവം നടന്നു, പെണ്‍കുട്ടി. കാരണവര്‍ ഉടനെ കണിയാനെ വിളിപ്പിച്ചു. കണിയാന്റെ ഗണനം തെറ്റിയതില്‍ കാരണവര്‍ ശകാരം തുടങ്ങിയപ്പോള്‍ ശാന്തനായി നിന്നുകൊണ്ട് കണിയാന്‍ പൂമുഖത്തെ തൂണിന്മേല്‍ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു- ‘അങ്ങോട്ട് നോക്കൂ, അന്നേ എനിക്കറിയാമായിരുന്നു ജനിക്കുന്നത് പെണ്‍കുട്ടിയാണെന്ന്. അതുപക്ഷേ നേരിട്ട് പറഞ്ഞാല്‍ ഇവിടുള്ളവര്‍ക്ക് സന്തോഷമാകണമെന്നില്ല. അതിനാല്‍ അപ്പോള്‍ അങ്ങിനെയൊരു കള്ളം പറഞ്ഞെങ്കിലും പോകുന്നതിന് മുമ്പ് സത്യം എന്തായിരിക്കുമെന്ന് ഞാനീ തൂണില്‍ എഴുതിയിട്ടിരുന്നു’. ഇതാണ് സകല കണിയാന്മാരുടെയും മന്ത്രവാദികളുടെയുമെല്ലാം ബുദ്ധി. ഒന്നു പിഴച്ചാല്‍ മറ്റൊന്നില്‍ തൂങ്ങിപ്പിടിച്ച് അവര്‍ രക്ഷപെടും. അപ്പോഴും വിഢികളാകുന്നത് മറ്റുള്ളവര്‍.

ഇവിടെ ഉണരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും സമൂഹമനസാണ്. ശക്തമായൊരു മുന്നേറ്റം ഈ ഘട്ടത്തില്‍ ആവശ്യമായി വന്നിരിക്കുകയാണ്. തട്ടിപ്പുകാരെയും ചൂഷകരെയും തിരഞ്ഞ് കണ്ടെത്തി അവരുടെ കൈകളില്‍ വിലങ്ങണിയിക്കാനുള്ള ബാധ്യത സമൂഹം ആദ്യം ഏറ്റെടുക്കണം. അതിനാവശ്യം അവനവന്‍ സ്വയം ബോധവത്കരണം നടത്തുകയെന്നതാണ്. പരസ്ത്രീയാകര്‍ഷണ യന്ത്രത്തിന്റെ പരസ്യങ്ങള്‍ പോലും നമ്മുടെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ കാലത്ത് ഒരു മനുഷ്യന്‍ വഴിതെറ്റിപ്പോകാന്‍ വളരെ എളുപ്പമാണ്. അതിനാല്‍ ഇനിയും മടിച്ചു നില്‍ക്കരുത്, ഒരു ജീവന്‍ കൂടി നഷ്ടമാകാന്‍ നമ്മള്‍ കാത്തിരിക്കുകയും അരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍