TopTop

സ്ത്രീയെ മാത്രം ബാധിക്കുന്ന ഈ ബാധ- പി ഇ ഉഷ എഴുതുന്നു

സ്ത്രീയെ മാത്രം ബാധിക്കുന്ന ഈ ബാധ- പി ഇ ഉഷ എഴുതുന്നു

പി ഇ ഉഷ

അനാചാരങ്ങളുടെ ഇര എന്നും സ്ത്രീ തന്നെയാണ്. പണ്ടു മുതല്‍ക്കെ നാം അതു കണ്ടു വരുന്നുണ്ട്. സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളോടുപോലും സമൂഹം ഇടപെടുന്നത് അശാസ്ത്രീയവും യുക്തിരഹിതവുമായ സമീപനങ്ങളോടെയാണ്. അവളെ അലട്ടുന്ന ശാരീരിക രോഗങ്ങള്‍ പോലും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യുന്നത്. മാനസിക പ്രശ്‌നങ്ങളില്‍ സ്ത്രീ എളുപ്പത്തില്‍ കീഴ്‌പ്പെടാറുണ്ട്. എന്നാല്‍ ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെ അതിനു പരിഹാരം കാണാന്‍ അവള്‍ക്ക് കഴിയാതെ പോകുന്നു, അല്ലെങ്കില്‍ അതിന് അവളെ അനുവദിക്കുന്നില്ല. മാനസികവിഭ്രാന്തി ബാധിച്ചൊരു പെണ്‍കുട്ടി ചികിത്സ തേടിയാല്‍ അപരാധമായാണ് സമൂഹം ഇന്നത്തെ കാലത്തുപോലും കരുതുന്നത്. പുരുഷന്‍ ചികിത്സതേടുന്നതുപോലെയല്ല, സ്ത്രീ വേഗം ഒറ്റപ്പെടും. അവളുടെ ഭാവി അവിടെ ഇരുളടയുകയാണ്. വിവാഹം കഴിക്കാത്ത ഒരു കുട്ടിയാണെങ്കില്‍ ഇത്തരമൊരു പശ്ചാത്തലം അവളുടെ വിവാഹ ജീവിതത്തിന് തടസ്സം സൃഷ്ടിക്കും. വിവാഹിതയാണെങ്കില്‍ അവളുടെ കുടുംബജീവിതം അതോടെ അവസാനിക്കാനും കാരണമാകും. മാനസികരോഗിയായ ഭാര്യയെ വളരെ എളുപ്പത്തില്‍ ഒഴിവാക്കാമല്ലോ! ഇതെല്ലാം കാരണം പല സ്ത്രീകളും തനിക്ക് എന്തെങ്കിലും മാനസികപ്രശ്‌നം ഉണ്ടെന്നു തോന്നിയാല്‍ ഡോക്ടറെ കാണാനോ, ആശുപത്രികളില്‍ ചികിത്സ തേടാനോ തയ്യാറാകില്ല. അവളുടെ കുടുംബവും അതിനൊട്ടും തയ്യാറാകില്ല.

ഈ സാഹചര്യങ്ങളാണ്, പ്രശ്‌നങ്ങളില്‍ നിന്ന് വേഗം മുക്തി സാധ്യമാകുമെന്നു വിശ്വസിച്ച് മന്ത്രവാദങ്ങളിലേക്ക് തിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. വളരെ രഹസ്യമായും ഹ്രസ്വകാലം കൊണ്ടും രോഗം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. പലപ്പോഴും ഇത്തരം മന്ത്രവാദ കഥകള്‍ പുറം ലോകം അറിയുന്നത് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍,മരണം എന്നിവ സംഭവിക്കുമ്പോള്‍ മാത്രമാണ്. അതല്ലെങ്കില്‍ ആരും ഒന്നും അറിയാന്‍ പോകുന്നില്ല. നമ്മുടെ കേരളത്തില്‍ വര്‍ദ്ധിച്ച തോതില്‍ ഇത്തരം അനാചാരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. രഹസ്യാത്മക സ്വഭാവമാണ് ഇവയുടെ പ്രധാനാകര്‍ഷണം. ആരും തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയില്ലെന്നും,പുറംലോകം അറിയാതെ തന്നെ തന്റെ മകളുടെ/ഭാര്യയുടെ അസുഖം മാറ്റിയെടുക്കാമെന്നുമുള്ള ആശ്വാസം പലരിലും ഉണ്ട്.ഇത്തരം അസംബന്ധ ആചാരങ്ങള്‍ക്ക് സ്ത്രീകളെ വേഗം വിധേയയാക്കുകയും ചെയ്യാം. പണ്ടു കാലം തൊട്ട് അടിച്ചും ഉപദ്രവിച്ചും സ്ത്രീകളുടെ ശരീരത്തില്‍ നിന്ന് ബാധയൊഴിപ്പിക്കുന്ന കാഴ്ചകള്‍ നാം കണ്ടുവരുന്നുണ്ട്. സ്ത്രീയുടെ വിധേയത്വമാണ് ഇവിടെ ചൂഷണം ചെയ്യുന്നത്. അവളെ തെറ്റിദ്ധരിപ്പിക്കാന്‍ വേഗം കഴിയുന്നു. അവളുടെ അസുഖങ്ങള്‍ക്ക് ഒരു മിത്ത് പരിവേഷം നല്‍കും. ഇതിനു പരിഹാരം ഇത്തരം ആഭിചാരകര്‍മ്മങ്ങള്‍ മാത്രമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ചിലപ്പോള്‍ അത് ഭീഷണിയിലൂടെയുമാകാം. പലരും നിസ്സഹായരായാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് കീഴ്‌പ്പെടുന്നത്. കാലക്രമേണ സ്ത്രീകളില്‍ സ്വയം ഇത്തരം ചിന്തകള്‍ ദൃഢപ്പെട്ടു. തന്റെ പ്രശ്‌നങ്ങള്‍ക്ക് മന്ത്രവാദംപോലുള്ള മാര്‍ഗ്ഗമാണ് ഏറ്റവും നല്ലതെന്ന് തീരുമാനിക്കുന്നു. ശാസ്ത്രീയമായ ചികിത്സാമാര്‍ഗ്ഗങ്ങള്‍ തേടിപ്പോകാന്‍ സ്വയം വിസമ്മതിക്കുന്നു. അതിനൊരു പ്രധാന കാരണം,പുറംലോകം തന്റെ അസുഖത്തെക്കുറിച്ച് മനസ്സിലാക്കും എന്ന ഭയം തന്നെയാണ്. അതുവഴി ജീവിതത്തിന്റെ ഭാവി തകര്‍ന്നുപോകുമെന്നും താന്‍ ഒറ്റപ്പെടുമെന്നും വിശ്വസിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം


ഈ നാടിന് വീണ്ടും ഭ്രാന്ത് പിടിക്കുമ്പോള്‍ നമ്മുടെ മൌനവും കുറ്റകരമാണ്
നമ്മുടെ സ്ത്രീകള്‍ക്ക് അന്തസായി ജീവിക്കണം
മധുരിക്കില്ല പതിനാറ് - ഡോ. ഖദീജ മുംതാസുമായുള്ള അഭിമുഖം
എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട് : പരിവ്രാജിക എ കെ രാജമ്മ
നിങ്ങളോട് പെറ്റമ്മ പോലും ക്ഷമിക്കില്ലസ്ത്രീ ഒരിക്കലും സ്വയം പര്യാപ്തത നേടിക്കൂടാ, അവള്‍ സഹനത്തിലൂടെയാവണം മുന്നോട്ടു പോകേണ്ടതെന്നൊക്കെയാണല്ലോ നമ്മുടെ അടിസ്ഥാന നിയമങ്ങള്‍. അതിനാല്‍ തനിക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തനിയെ യുക്തിപൂര്‍വ്വമായ തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം പലപ്പോഴും അവള്‍ക്കില്ല. കുടുംബത്തിന്റെ ചൊല്‍പ്പടിക്കു നിന്നേ പറ്റൂ. മാനസികമായി തളര്‍ത്തിയും ഭയപ്പെടുത്തിയും കുടുംബവും സമൂഹവും അവളെ അവരുടെ വഴിയിലൂടെ കൊണ്ടുവരാന്‍ മത്സരിക്കുകയാണ്. മന്ത്രവാദിയുടെ മുന്നില്‍ പോയി ഇരിക്കാന്‍ താല്‍പര്യമില്ലാത്തവരായിരിക്കും പല സ്ത്രീകളും. എന്നാല്‍ എതിര്‍പ്പുകളുയര്‍ത്താന്‍ അവള്‍ അശക്തയായിപ്പോകുന്നു. മാതാപിതാക്കള്‍, ഭര്‍ത്താവ്, ബന്ധുക്കള്‍ എന്നിവരുടെ വലയത്തിലാണ് അവള്‍ കുരുങ്ങിക്കിടക്കുന്നത്. ആ വലയം പൊട്ടിച്ചെറിയുക എന്നത് സാധാരണ ഒരു സ്ത്രീക്ക് അപ്രാപ്യമാണ്. അനുസരിക്കുകയേ വഴിയുള്ളൂ.

മറ്റൊരുകാര്യം, നമ്മുടെ ആചാരങ്ങള്‍ക്കു അനാചാരങ്ങള്‍ക്കുമിടയില്‍ നേര്‍ത്തൊരു മറയേയുള്ളൂ. ഏതാണ് ആചാരം, അനാചാരം എന്ന് തിരിച്ചറിയാന്‍ കഴിയാതെയും വരുന്നുണ്ട്. താന്‍ വിധേയയാക്കപ്പെട്ടിരിക്കുന്നത് ആചാരത്തിനാണോ അനാചാരത്തിനാണോ എന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കിയെടുക്കാന്‍ പലപ്പോഴും ഒരു സ്ത്രീക്ക് കഴിയാറില്ല. ഇത് സ്ത്രീയുടെ മാത്രം കാര്യത്തിലല്ല, പൊതുവെ എല്ലാവര്‍ക്കും ഇത്തരം ചിന്താക്കുഴപ്പം സംഭവിക്കുന്നുണ്ട്. സ്വയമറിയാതെ പലരും അനാചാരങ്ങളുടെ കുഴിയില്‍ വീണുപോകുന്നത് ഇത്തരം തിരിച്ചറിവുകള്‍ക്ക് ഇടം കിട്ടാതെപോവുന്നതുകൊണ്ടാണ്.കുറെ തെറ്റിദ്ധാരണകള്‍ ജീവിതത്തില്‍ കൊണ്ടു നടക്കുന്നവരാണ് നമ്മുടെ സ്ത്രീകളില്‍ അധികവും. സമൂഹം എന്തുപറയും എന്ന ഭയമാണ് പലരിലും. സ്വന്തം ജീവിതം തന്റെ ഇഷ്ടത്തിന് കൊണ്ടുപോകാന്‍ ആധുനിക സമൂഹത്തിലെ സ്ത്രീകള്‍ക്ക് പോലും കഴിയുന്നില്ല. പൊതുസമൂഹം അടയാളപ്പെടുത്തിയിരിക്കുന്ന ലക്ഷണങ്ങള്‍ക്കൊത്ത് ജീവിച്ചില്ലെങ്കില്‍ താനെന്തോ വലിയ തെറ്റുകാരായിപ്പോകും എന്നാണ് പലരുടെയും ധാരണ. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടയില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തില്‍ പറഞ്ഞുകേട്ടത്, അവള്‍ വണ്ണം കുറയാനുള്ള ചികിത്സയാണ് തേടിയിരുന്നതെന്നാണ്. തന്റെ ശരീരത്തിന്റെ വണ്ണംപോലും അവള്‍ക്കൊരു ബാധ്യതയായി തീര്‍ന്നിരുന്നു. തീര്‍ച്ചയായും സമൂഹത്തിന്റെ നോട്ടത്തെ അവള്‍ ഭയപ്പെട്ടിരുന്നിരിക്കണം. ഒരു പെണ്ണിന് എന്തു വണ്ണം വേണം, എന്ത് പൊക്കം വേണമെന്നൊക്ക ഇവിടെ സോഷ്യല്‍ കോഡുകളുണ്ടല്ലോ. അത് ലംഘിച്ചു ജീവിക്കാന്‍ അവളെ സമൂഹം അനുവദിക്കാറുമില്ല. അങ്ങിനെ വരുമ്പോള്‍ സമൂഹത്തിന്റെ ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ വ്യഗ്രത കാണിക്കും. എവിടെ നിന്ന് തനിക്ക് രക്ഷകിട്ടും എന്ന അന്വേഷണം ഇത്തരം മന്ത്രവാദ കളങ്ങളിലേക്ക് അവളെ കൊണ്ടു ചെന്നെത്തിക്കും.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒരിക്കല്‍ പടികടന്നുപോയ നാട്ടിലേക്ക് തന്നെയാണ് അവ ശക്തമായി തിരിച്ചുവന്നിരിക്കുന്നതും. മുന്‍പത്തേക്കാള്‍ പ്രബലമാണിന്നവ. വന്‍പ്രചാരമാണ് ഇന്ന് കേരളത്തില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ നടത്തുന്നത്. സ്ത്രീകളെ തന്നെയാണ് പലരും ലക്ഷ്യം വയ്ക്കുന്നതും. കാരണം ഒരു സ്ത്രീയെ തങ്ങളുടെ സ്വാധീനത്തില്‍ കൊണ്ടുവരുകയാണെങ്കില്‍ അവളിലൂടെ ഒരു കുടുംബത്തെ തന്നെ തങ്ങളുടെ വരുതിയിലാക്കാമെന്ന് ഈ ആത്മീയതട്ടിപ്പുകാര്‍ക്കറിയാം. സ്ത്രീകളുടെ അസംതൃപ്തിയാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്. സ്വന്തം പ്രശ്‌നങ്ങള്‍ മാത്രമല്ലല്ലോ ഒരു സ്ത്രീ ചുമക്കുന്നത്. ഭര്‍ത്താവിന്റെ, കുട്ടികളുടെ, മാതാപിതാക്കളുടെ തുടങ്ങി തനിക്ക് ചുറ്റും കറങ്ങുന്ന സകല ബന്ധങ്ങളുടെയും ഭാരം സ്ത്രീ തലയിലേറ്റാറുണ്ട്. അതിനാല്‍ തന്നെ അവള്‍ എപ്പോഴും അസ്വസ്ഥയും അസംതൃപ്തയുമായിരിക്കും. ഇതില്‍ നിന്ന് എങ്ങിനെ മോചനം നേടാമെന്ന് കരുതിയിരിക്കുമ്പോഴായിരിക്കും വളരെ പെട്ടെന്ന് തന്നെ ആശ്വാസം പ്രദാനം ചെയ്യുമെന്ന് വാഗ്ദാനം നല്‍കി മന്ത്രവാദിസംഘങ്ങളും ആള്‍ദൈവങ്ങളും അവളെ തങ്ങള്‍ക്ക് കീഴ്‌പ്പെടുത്തുന്നത്.ഇത്തരം പ്രചരണങ്ങള്‍ക്ക് സ്ത്രീകളെതന്നെ ഉപയോഗിക്കുക എന്ന തന്ത്രവും അവര്‍ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ചാനലുകളില്‍ സ്‌പോണ്‍സേഡ് പ്രോഗ്രാമുകളായി സംപ്രേക്ഷണം ചെയ്യുന്ന ധനാഗമനയന്ത്രങ്ങളുടെയും ഏലസുകളുടെയുമെല്ലാം അവതാരകര്‍ സ്ത്രീകളാണെന്ന് കാണാം. ഒരു കുടുംബത്തിലേക്ക് വേഗം ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത കടത്തിവിടാന്‍ സ്ത്രീകളുടെ വാക്കുകള്‍ക്ക് കഴിയും. സാധാരണ ഈ പ്രോഗ്രാമുകള്‍ കാണുന്നതും നമ്മുടെ വീട്ടമ്മമാരായിരിക്കും. ഒരു പെണ്ണ് തന്നെ ഇതെല്ലാം ശരിക്കും സംഭവിക്കുന്ന കാര്യങ്ങളാണെന്നും പറയുമ്പോള്‍ അവര്‍ പറയുന്നതെല്ലാം വിശ്വസിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാവുകയാണ്.

പലപ്പോഴും സ്വന്തം കുടുംബത്തിലുള്ളവര്‍പോലും അറിയാതെയാകും അവള്‍ ഇത്തരം സങ്കേതങ്ങളിലേക്ക് എത്തപ്പെടുന്നതും. താന്‍ വീണിരിക്കുന്നത് ഒരു ചതിയിലാണെന്നുപോലും വളരെ വൈകി മാത്രമേ പല സ്ത്രീകളും തിരിച്ചറിയുന്നുള്ളൂ. പിന്നെ അതില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല. മന്ത്രവാദശാലകളിലും മറ്റും സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്നുണ്ട്. അതും വലിയ സാമൂഹികവിപത്ത് തന്നെയാണ്.

വിശ്വാസത്തെ ചോദ്യം ചെയ്യാനോ തടയാനോ കഴിയുന്നതല്ല. അതുകൊണ്ട് ഫലവുമില്ല. പ്രതിവിധി ഇത്തരം തട്ടിപ്പുനടത്തുന്നവരെ പിടികൂടി ശിക്ഷിക്കുക എന്നതാണ്. അതിന് നമ്മുടെ നിയമം ശക്തമാകാണം. ഇതിനോടൊപ്പം തന്നെ സമൂഹത്തില്‍ യുക്തി ചിന്തകള്‍ വികസിപ്പിക്കുകയും വേണം. അനാചാരങ്ങളെ ഇല്ലാതാക്കിയാലേ സ്ത്രീകള്‍ ഇരകളാകുന്നത് അവസാനിപ്പിക്കാന്‍ കഴിയൂ.


*Views are personal

(സാമൂഹ്യ പ്രവര്‍ത്തകയും കേരള മഹിളാ സമഖ്യ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുമാണ് പി ഇ ഉഷ)


Next Story

Related Stories