TopTop
Begin typing your search above and press return to search.

ഈ നാടിന് വീണ്ടും ഭ്രാന്ത് പിടിക്കുമ്പോള്‍ നമ്മുടെ മൌനവും കുറ്റകരമാണ്

ഈ നാടിന് വീണ്ടും ഭ്രാന്ത് പിടിക്കുമ്പോള്‍ നമ്മുടെ മൌനവും കുറ്റകരമാണ്

വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക് തിരിച്ചുപോകുന്നൊരു ജനതയായി മാറുകയാണോ മലയാളികള്‍? ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിളികേട്ട നാടാണിത്. അവിടെ നിന്ന് കഠിനമായ സാമൂഹിക പരിവര്‍ത്തന ശ്രമങ്ങളിലൂടെയാണ് അഭിമാനകരമായൊരു ഉണര്‍വ് നേടിയെടുത്ത്, മറ്റുള്ളവര്‍ക്ക് മാതൃകയായി മാറിയത്. വീണ്ടും ഈ നാടിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണോ? നവോഥാന പ്രസ്ഥാനങ്ങളും സാമൂഹിക നായകന്മാരും കേരളത്തിന്റെ ബോധമണ്ഡലത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാറാലകള്‍ തൂത്തുതുടച്ച് വൃത്തിയാക്കിയത് ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ്. എന്നാല്‍ ചരിത്രത്തോട് നീതികേട് പ്രവര്‍ത്തിക്കുന്ന ആധുനിക തലമുറ മണ്ണടിഞ്ഞെന്നു കരുതിയ കറുത്ത സമ്പ്രദായങ്ങളെ തിരിച്ചുവിളിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മന്ത്രവാദത്തിന്റെ ഇരകളായി ജീവന്‍ പിടഞ്ഞുതീര്‍ന്നത് മൂന്നു സ്ത്രീകള്‍ക്കാണ്. ഇന്നലെ പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ മൃതപ്രായയാവുകയും പിന്നീട് ആശുപത്രിയില്‍വച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തത് ഒരു പതിനെട്ടുകാരിയാണ്. സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയാണ് ഇവരെ മരണത്തിന്റെ പൂജക്കളങ്ങളിലേക്ക് എറിഞ്ഞുകൊടുക്കുന്നതും! എന്തുപറ്റി ഈ നാടിന്? പ്രമുഖര്‍ പ്രതികരിക്കുന്നു. (തയ്യാറാക്കിയത്- രാകേഷ് നായര്‍)

യു. കലാനാഥന്‍, കേരള യുക്തിവാദി സംഘം മുന്‍ പ്രസിഡന്റ്
കേരളം പോലൊരു സംസ്ഥാനത്ത് നിന്ന് ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത വാര്‍ത്തയാണ് കേള്‍ക്കേണ്ടി വരുന്നത്. ഒരുകാലത്ത് ഇവിടെ നിന്ന് തൂത്തെറിഞ്ഞ അനാചരങ്ങള്‍ വീണ്ടും വരികയാണോ? കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ അനാചാരങ്ങളുടെ ഇരകളായി കൊല്ലപ്പെട്ടത് മൂന്നു പേരാണ്. എത്ര ഭയാനകമാണിത്. കേരളം നവോത്ഥാന പ്രസ്ഥാനങ്ങളുടെ വളരെ ശക്തമായ വേലിയേറ്റങ്ങളില്‍ നിന്ന് പുരോഗതിയുണ്ടാക്കിയെടുത്ത സംസ്ഥാനമാണ്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പാരമ്പര്യങ്ങളില്‍ തൊട്ട് തുടങ്ങിവച്ച ദീപശിഖ ഇടതുപക്ഷമായിരുന്നു വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടിരുന്നത്. ഇടതുപക്ഷം മുപ്പതുകളില്‍ തുടങ്ങിയ മുന്നേറ്റം 60-70 കള്‍ വരെ ശക്തമായി നിലനിന്നിരുന്നു. എന്നാല്‍ അതിനുശേഷം തങ്ങളുടെ ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കാന് അവര്‍ക്കായില്ല. അപ്പോഴേക്കും മതരാഷ്ട്രീയം ഇവിടെ വേരുറച്ചു തുടങ്ങിയിരുന്നു.വിമോചനസമരത്തിലൂടെ വലതുപക്ഷമാണ് മത രാഷ്ട്രീയം കേരളത്തില്‍ വിതച്ചത്. അതൊടൊപ്പം ജാതി രാഷ്ട്രീയത്തിനും അവര്‍ പരമാവധി പിന്തുണ നല്‍കി. അക്കാലത്ത് ഇതിനെ എതിര്‍ത്ത ഇടതുപക്ഷം അറുപത്തിയേഴോടുകൂടി മതരാഷ്ട്രീയത്തെ ആലിംഗനം ചെയ്യുകയായിരുന്നു. എണ്‍പത്തിനാലില്‍ അവര്‍ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്നും മതത്തിന്റെയും ജാതിയുടെയും സ്വാധീനം ഇടതുപക്ഷത്ത് സജീവമാണ്. ഇടതിനും വലതിനും മതരാഷ്ട്രീയം അനിവാര്യമായ രാഷ്ട്രീയോപാധിയായി മാറിയിരിക്കുന്നു. ഈ സാഹചര്യം മുതലെടുത്താണ് കേരളത്തില്‍ വീണ്ടും അന്ധവിശ്വാസങ്ങളും മന്ത്രവാദങ്ങളും വളരുന്നതും ആള്‍ദൈവങ്ങള്‍ ശക്തി പ്രാപിക്കുന്നതും.

കൃത്യമായ ശാസ്ത്രീയബോധം ജനങ്ങള്‍ക്കു പകരാന്‍പോലും നമ്മുടെ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. രോഗമുക്തിക്കായാണ് പലരും മന്ത്രവാദികളെ തേടിപ്പോകുന്നത്. നിസ്സാരമായ മാനസിക പ്രശ്‌നങ്ങളായിരിക്കും വലിയ മഹാവ്യാധിയായി കരുതി മന്ത്രവാദിയെ സമീപിപ്പിക്കാന്‍ ഇടയാക്കുന്നത്. ഒരു സൈക്കോളജി പ്രൊഫസര്‍ക്ക് ഉപദേശങ്ങളിലൂടെ മാറ്റിയെടുക്കാവുന്ന മാനസിക അപഭ്രംശങ്ങള്‍ മാത്രമായിരിക്കും ഈ 'ബാധ'കള്‍. കൗണ്‍സിലിംഗ് പൂര്‍ണ്ണമായി ഫലിക്കുന്നില്ലെങ്കില്‍ യാതൊരു ദോഷം വരുത്താത്ത ചികിത്സകളുണ്ട്. എന്നാല്‍ ഈ സഹായം പലപ്പോഴും നമ്മള്‍ തേടുന്നില്ല, അല്ലെങ്കില്‍ അതിനുള്ള സൗകര്യം ലഭിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറെയുമുള്ളത്. കേരളത്തിലെ ഒരൊറ്റ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പോലും മനഃശാസ്ത്ര ചികിത്സാ സംവിധാനങ്ങളില്ല. എല്ലാ ഹെല്‍ത്ത് സെന്ററുകളിലും ആഴ്ചയിലൊരിക്കലെങ്കിലും ഒരു മനഃശാസ്ത്രജ്ഞന്റെ സേവനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൃത്യമായ ചികിത്സ കിട്ടാതെ വരുമ്പോഴാണ് പലരും മന്ത്രവാദികളുടെ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതും ജിവിതം നഷ്ടപ്പെടുത്തുന്നതും.ഡോ: ബി ഇക്ബാല്‍, ജനകീയാരോഗ്യ പ്രവര്‍ത്തകന്‍
പത്തനംതിട്ടയില്‍ മരണപ്പെട്ട കുട്ടിയുടെ കാര്യത്തില്‍ പറഞ്ഞുകേട്ടത് പല ആശുപത്രികളിലും കാണിച്ചിട്ടും രോഗം ഭേദമാകാത്തതുകൊണ്ടാണ് ഒടുവില്‍ മന്ത്രവാദത്തിലൂടെ രോഗം ഭേദമാക്കാന്‍ ശ്രമിച്ചതെന്നാണ്. ഇവിടെ മെഡിക്കല്‍ സയന്‍സ് പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഏറ്റവും കുറവ് മാതൃമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. അതെങ്ങിനെ സാധ്യമായി? നമ്മുടെ ചികിത്സാരംഗം മികച്ചതായതുകൊണ്ടല്ലേ. ഇടപ്പാളില്‍ സംഭവിച്ചതെന്താണ്? അവിടെ ആ സ്ത്രീയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് വാങ്ങി മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോവുകയായിരുന്നു. സ്ത്രീകളുടെ ആരോഗ്യനിലവാരം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത് നമ്മുടെ കേരളത്തില്‍ തന്നെയാണ്. അതിവിടുത്തെ ചികിത്സാ സംവിധാനത്തിന്റെ നേട്ടം തന്നെയാണ്. പത്തനംതിട്ടയിലെ സംഭവത്തില്‍ തന്നെ പല ഡോക്ടര്‍മാരെ കാണിച്ചു എന്നാണ് പറയുന്നത്. അവിടെ തന്നെയാണ് പ്രശ്‌നം. ഇന്ന് കേരളത്തില്‍ കാണുന്നത് മെഡിക്കല്‍ ഷോപ്പിംഗ് ആണ്. ആദ്യം ഒരു ഡോക്ടറെ സമീപിക്കുന്നു. അസുഖം കുറഞ്ഞില്ലെങ്കില്‍, അല്ലെങ്കില്‍ വീണ്ടും വന്നെങ്കില്‍ ഉടനെ മറ്റൊരു ഡോക്ടറുടെ സമീപത്തേക്കാണ് പോകുന്നത്. അലോപ്പതിയില്‍ ആദ്യം പരീക്ഷിക്കും പിന്നെ ആയുര്‍വേദത്തിലേക്ക് മാറും, അവിടെ നിന്ന് ഹോമിയോപ്പതി, ഒറ്റമൂലി അങ്ങിനെ തുടങ്ങി മന്ത്രവാദത്തില്‍വരെയെത്തുകയാണ്. നിങ്ങള്‍ എന്തുകൊണ്ട് ഒരു ഡോക്ടറില്‍ തന്നെ വിശ്വാസം അര്‍പ്പിക്കുന്നില്ല? ഡോക്ടറില്‍ അല്ലെങ്കില്‍ വൈദ്യശാസ്ത്രത്തിലെങ്കിലും വിശ്വസിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ നമുക്ക് പല അപകടങ്ങളും ഒഴിവാക്കാവുന്നതാണ്. എല്ലാ രോഗങ്ങള്‍ക്കും വൈദ്യശാസ്ത്രത്തില്‍ പ്രതിവിധിയുണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ അതിന്റെ പ്രതിവിധി ഒരിക്കലും മന്ത്രവാദങ്ങളാകുന്നില്ല.

ഇനി ഈ സംഭവത്തിന്റെ ധാര്‍മ്മിക വശം നോക്കുകയാണെങ്കില്‍, കുറ്റപ്പെടുത്തേണ്ടി വരുന്നത് പൊതുസമൂഹത്തെ തന്നെയാണ്. ഈ അരുംകൊലകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും കുറ്റകരമായ മൗനം അവലംബിക്കുകയല്ലേ സമൂഹം ചെയ്യുന്നത്? നമ്മുടെ സാമൂഹിക പ്രസ്ഥാനങ്ങള്‍ പലതും നിശബ്ദമാവുകയും പിന്നോട്ട് വലിഞ്ഞിരിക്കുകയുമാണ്. നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്ന് യുക്തിവാദത്തിന്റെതായ ഒരു സരണി ഇവിടെയുണ്ടായിരുന്നു. ആ സരണി തകര്‍ന്നുപോയി. യുക്തിവാദി പ്രസ്ഥാനങ്ങള്‍ നിലനിന്നെങ്കിലും ഇന്നവ പലതായി ചിതറിയിരിക്കുന്നു. നമ്മുടെ ശാസ്ത്രപാരമ്പര്യം പാടെ അവഗണിക്കപ്പെട്ടിരിക്കുകയാണ്. നിരവധി ശാസ്ത്രസാങ്കേതിക ഗവേഷണകേന്ദ്രങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ ശാസ്ത്ര മനോനില നമുക്കില്ല. ശാസ്ത്രചിന്തകള്‍ പ്രചരിപ്പിക്കണമെന്ന് ഭരണഘടനപോലും ആവശ്യപ്പെടുന്നുണ്ട്. സാംസ്‌കാരിക സംഘടനകള്‍ ഉണരുന്നതിനൊപ്പം സമൂഹത്തില്‍ ശാസ്ത്രപരത വളര്‍ത്തുകയും അതേടൊപ്പം വിശ്വാസികള്‍ക്കിടയില്‍ നിന്നു തന്നെ അനാചാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്യുമ്പോള്‍ മാത്രമെ അനാചാര കൊലപാതകള്‍ക്ക് അവസാനം കാണാന്‍ കഴിയൂ.കെ അജിത, സാമൂഹിക പ്രവര്‍ത്തക
വീണ്ടും വീണ്ടും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ലജ്ജതോന്നുകയാണ്. കേരളത്തില്‍ തന്നെയാണല്ലോ ഇതെല്ലാം നടക്കുന്നത്! മന്ത്രവാദം നടത്തുന്ന സകലതിനെയും തിരഞ്ഞുപിടിച്ച് ജയിലടയ്ക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇവര്‍ക്കെല്ലാമെതിരെ ക്രമിനല്‍കുറ്റം ചുമത്തണം. ഇതൊക്കെ നടക്കണമെങ്കില്‍ ഭരണകൂടത്തിന് ഇച്ഛാശക്തിവേണം. നിര്‍ഭാഗ്യമെന്നു പറയട്ടെ അത്തരത്തിലൊരു നീക്കവും കാണുന്നില്ല. കേരളത്തിന്റെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയെങ്കിലും ഇതിനായി ശ്രമിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഭരണകൂടത്തിനൊപ്പം തന്നെ സോഷ്യല്‍ മൂവ്‌മെന്റുകളുടെ ദുര്‍ബലമായ ഇടപെടലുകളും പല നീചപ്രവര്‍ത്തികളും ഈ സംസ്ഥാനത്ത് നടക്കുന്നതിന് കാരണമാകുന്നുണ്ട്. എല്ലാ സംഘടനകള്‍ക്കും വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യമാകണമെന്നില്ല. പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള മഹിളാ സംഘടനകളും യുവജന സംഘടനകളും ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങണം. അവര്‍ക്ക് പിന്തുണയുമായി മറ്റു സംഘടനകളും മുന്നോട്ടുവരും. ഇത്തരം കേസുകള്‍ പ്രാദേശികവത്കരിച്ച് ഒതുക്കരുത്. എല്ലാവരും ഈ വാര്‍ത്തകള്‍ അറിയണം. അതിന് മാധ്യമങ്ങളാണ് സഹായിക്കേണ്ടത്. വിഷയങ്ങള്‍ അറിഞ്ഞ് അവയില്‍ നിന്ന് അവബോധം ഉണ്ടാക്കിയെടുക്കയാണ് ജനങ്ങള്‍ ചെയ്യണ്ടത്. എന്തുതന്നെയായാലും ഇനിയും ഇതുപോലൊരു വാര്‍ത്ത നമുക്ക് കേള്‍ക്കാന്‍ ഇടവരരുത്. എനിക്കുനേരെയുള്ള ആക്രമണമാണെന്ന് ഓരോരുത്തരും കരുതണം.

അഡ്വ. ബിന്ദു കൃഷ്ണ, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ്
സത്യം പറഞ്ഞാല്‍ വീണ്ടുമൊരു മന്ത്രവാദ കൊലപാതകം കേട്ടപ്പോള്‍ മനസ്സ് വിറച്ചുപോയി. സാംസ്‌കാരിക കേരളത്തിന് താങ്ങാവുന്നതിനുമപ്പുറമാണ് ആവര്‍ത്തിക്കപ്പെടുന്ന ഈ നരഹത്യകള്‍. ഒരുകാലത്ത് നമ്മളെ ബാധിച്ചിരുന്ന ശാപമായിരുന്നു മന്ത്രവാദവും അതിനോടനുബന്ധിച്ചുള്ള അനാചാരങ്ങളും. നാമത് പുറംതള്ളിയതുമാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടുമതു തിരികെയെത്തുമ്പോള്‍ തളര്‍ന്നുപോവുകയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം


അദിതിയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ധനലക്ഷ്മി, അതിഥി, ഷഫീക്... മലയാളിക്ക് മസ്തിഷ്ക മരണമോ?
എന്താണ് മലയാളിയുടെ പ്രശ്നം? ഡോ. എന്‍.എം മുഹമ്മദലി സംസാരിക്കുന്നു
ചൊവ്വ ഒരു ദോഷമല്ല; ചൊവ്വാകേണ്ടത് നമ്മുടെ മനോഗതികള്‍
ചൂരല്‍ വടികളില്‍ നിന്ന് അദ്ധ്യാപക കാടത്തം പട്ടിക്കൂടുകളിലേക്ക്മനുഷ്യര്‍ക്കെല്ലാം ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാറുണ്ട്. എന്നാല്‍ അതിനെ നിര്‍ഭയമായി നേരിടാന്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമെ സാധിക്കുന്നുള്ളൂ. ഭൂരിഭാഗവും കുറുക്കുവഴികളിലൂടെ തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നോക്കുകയാണ്. സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു മലയാളിക്ക്. പ്രശ്‌നങ്ങള്‍ മൂടിവച്ച് വലുതാക്കി ഒടുവില്‍ ഏറ്റവും മോശമായ പരിഹാരം അതിന് കണ്ടെത്തുകയും ചെയ്യുന്നു. സ്വന്തം കുഞ്ഞിനെ കൊല്ലാക്കൊല ചെയ്യുന്നതു നോക്കിനില്‍ക്കാന്‍ തയ്യാറാകുന്ന മാതാപിതാക്കളും നമ്മളെ ഒരുപോലെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ്. ഇനിയും ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞൊഴിയാന്‍ നമുക്കാവില്ല. കര്‍ശനമായ നിയമനിര്‍മ്മാണം ആവശ്യമായി വന്നിരിക്കുകയാണ്. നിലവിലെ നിയമസംവിധാനങ്ങള്‍പോലും ഒരുപരിധിവരെ കുറ്റകരമായ അനാസ്ഥ കാണിക്കുന്നുണ്ട്. കുറ്റവാളികളെ ഒട്ടും സമയം പാഴാക്കാതെ ശിക്ഷിക്കണം. മറ്റുള്ളവര്‍ക്ക് അതിലൂടെ മുന്നറിയിപ്പു നല്‍കണം. നിയമത്തിന്റെ ഇടപെടലുകള്‍പോലെ തന്നെ ആവശ്യമാണ് ജനങ്ങളുടെ ഇടപെടലുകളും. എല്ലാവരും ഇതു തന്റെനേരെയുള്ള ആക്രമണമായി കാണണം. വിശ്വാസങ്ങളെ എതിര്‍ക്കണമെന്നല്ല, പ്രാര്‍ത്ഥനകളും പൂജകളും ചിലപ്പോള്‍ നമ്മുടെ ആത്മവിശ്വാസം കൂട്ടും. എന്നാല്‍ അവിടം കടന്നു കപട സ്വാമിമാരുടെയും ആള്‍ദൈവങ്ങളുടെയും അടിമകളായി തീരുമ്പോഴാണ് അപകടമാകുന്നത്.വി എസ് സുനില്‍കുമാര്‍ എംഎല്‍എ
ആള്‍ദൈവങ്ങളെയും കാലഹരണപ്പെട്ട ആചാരങ്ങളെയും പൊക്കികൊണ്ടുവരുന്ന പ്രവണതയാണ് ഇന്ന് കേരളത്തിലുള്ളത്. ഇക്കാര്യത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും വളരെ വലുതാണ്. ധനാഗമയന്ത്രങ്ങളുടെയും ഐശ്വര്യസിദ്ധി ശംഖുകളുടെയുമെല്ലാം പരസ്യങ്ങള്‍ നമ്മുടെ ചാനലുകളില്‍ മണിക്കൂറുകളോളമാണ് കാണിക്കുന്നത്. കൈരളി ചാനലില്‍പോലും ഇത്തരം പരസ്യങ്ങള്‍ കാണാം. അതുപോലെ തന്നെയാണ് പ്രേതസീരിയലുകളുടെയും മറ്റു സംപ്രേക്ഷണം. ബാധയൊഴിപ്പിക്കലും മന്ത്രവാദങ്ങളുമെല്ലാം ഇതിലൂടെ വീണ്ടും ജനങ്ങളുടെ മനസ്സില്‍ പതിയുകയാണ്. മാധ്യമങ്ങള്‍ക്ക് വളരെ ആഴത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയും. റിപ്പോര്‍ട്ടര്‍ ടിവിയെയും ഇന്ത്യാവിഷനെയും ഏഷ്യാനെറ്റിനേയുമൊക്കെപോലുള്ള ചാനലുകളെ അവര്‍ വിശ്വസിക്കുകയാണ്. അതില്‍ വരുന്നതെല്ലാം സത്യമാണെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നതുമാണെന്നും കരുതും. മന്ത്രവാദിക്ക് ബാധയൊഴിപ്പിക്കാന്‍ കഴിയുമെന്നും ഹനുമാന്‍ ഏലസ് വാങ്ങി വീട്ടില്‍വച്ചാല്‍ പെട്ടെന്ന് പണക്കാരനാകുമെന്നും പലരും വിശ്വസിക്കും. മാധ്യമങ്ങള്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം പുലര്‍ത്തേണ്ടതാണ്. ഏതു ചാനലാണ് ശാസ്ത്രബോധം വളര്‍ത്താനായി അവരുടെ സമയം മാറ്റിവയ്ക്കുന്നത്? എല്ലാം ബിസ്സിനസാണ്, സമ്മതിക്കുന്നു. എങ്കിലും തങ്ങള്‍ക്കും സമൂഹത്തോട് പല കടമകളുമുണ്ടെന്ന് ആരും മറക്കരുത്. ഇവിടെ ശാസ്ത്രജ്ഞന്മാര്‍പോലും വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗുരുവായൂരപ്പന്റെ സഹായം കൊണ്ടാണ് മംഗള്‍യാന്‍ ചൊവ്വയില്‍ ചെന്നതെന്ന് ഐഎസ്ആര്‍ഒ തലവന്‍ തന്നെ പറയുന്നത് കേള്‍ക്കേണ്ടി വരുകയാണ്. സ്വകാര്യവിശ്വാസങ്ങള്‍ കൊണ്ടുനടന്നോട്ടെ, അത് പ്രചരിപ്പിക്കുന്നതാണ് തെറ്റ്. സംഘടനകളുടെ ദൗര്‍ബല്യവും മറ്റൊരു തിരിച്ചടിയാണ്. ഇടതുപക്ഷത്തുനിന്നുപോലും ഈ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകുന്നില്ല. രാഷ്ട്രീയക്കാരും മന്ത്രിമാരുമെല്ലാം ആള്‍ദൈവങ്ങളെ തലയിലേറ്റുകയാണ്. മാറ്റങ്ങള്‍ സമൂഹത്തിനാകമാനം ആവശ്യമായിരിക്കുകയാണ്. അത്തരമൊരു മാറ്റത്തിലൂടെമാത്രമെ വേരുപിടിച്ച ഈ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമുക്ക് അറുത്തുമാറ്റാന്‍ സാധിക്കൂ.


Next Story

Related Stories