TopTop
Begin typing your search above and press return to search.

വീണ്ടും വോട്ടിംഗ് ശക്തി തെളിയിക്കാനുറച്ച് കറുത്ത വനിതകള്‍

വീണ്ടും വോട്ടിംഗ് ശക്തി തെളിയിക്കാനുറച്ച് കറുത്ത വനിതകള്‍

വനേസ വില്യംസ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ജാമിയ വില്‍സണ്‍ അതിയായി അഭിമാനിക്കുന്ന തെരഞ്ഞെടുപ്പു കാര്യം ഇതാണ് - 2008, 2012 തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്ത ഗ്രൂപ്പുകളില്‍ മുന്നില്‍ നിന്നത് കറുത്ത വര്‍ഗക്കാരായ വനിതകളാണ്. 2012ല്‍ ഇവരില്‍ 74 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ഇതില്‍ 96 ശതമാനം വോട്ടുകളും നേടിയത് പ്രസിഡന്റ് ബാരക് ഒബാമയാണ്.

ചരിത്രപ്രാധാന്യമുള്ള പ്രചാരണം കൊണ്ട് മുന്‍പെങ്ങുമില്ലാത്തവിധം കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാരെ ജ്വലിപ്പിച്ച ഒബാമ മത്സരരംഗത്തില്ല എന്നതിനാല്‍ ഇത്തവണ വോട്ടിങ് ശതമാനം മൂന്നിലൊന്നായി കുറയുമെന്നാണ് തിരഞ്ഞെടുപ്പു വിദഗ്ധരുടെ മതം. എന്നാല്‍ ഇതു ശരിയല്ലെന്നു തെളിയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജാമിയയും രാഷ്ട്രീയത്തില്‍ സജീവമായ മറ്റ് കറുത്ത വനിതകളും.

ഇത്തവണ വോട്ടു ചെയ്യാനുള്ള പ്രചോദനം സ്ഥാനാര്‍ത്ഥികളല്ല. മറിച്ച് വംശീയത, സാമ്പത്തിക, സാമൂഹിക അസമത്വം എന്നിവയ്‌ക്കെതിരെയാകും വോട്ട്. കറുത്ത വനിതകള്‍ കൂടുതലുള്ള വേതനം കുറഞ്ഞ തൊഴില്‍ മേഖലകളില്‍ വേതന വര്‍ദ്ധനയ്ക്കുവേണ്ടി വനിതകള്‍ തുടങ്ങിയ 'ദ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രചാരണത്തിലും വനിതകള്‍ അറിവുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്ന ഓണ്‍ലൈന്‍ ഫോറങ്ങളിലും രാഷ്ട്രീയ സ്വാധീനം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സജീവ ചര്‍ച്ചയാണ്.

'നാം അടിയന്തര കാലഘട്ടത്തിലാണ്. അതിനാല്‍ അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു', എഴുത്തുകാരിയും എന്‍ജിഒ പ്രവര്‍ത്തകയുമായ ജാമിയ വില്‍സണ്‍ പറയുന്നു.

ഡമോക്രാറ്റുകളുടെ വിജയത്തില്‍ കറുത്ത വനിതകള്‍ക്കുള്ള പങ്ക് സ്ഥാനാര്‍ത്ഥികളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിലരി ക്ലിന്റന്‍ ഈ വോട്ടര്‍മാരെ സ്വാധീനിക്കാനായി വോളന്റിയര്‍ ശൃംഖലയും ജീവനക്കാരെയും നിശ്ചയിച്ചുകഴിഞ്ഞു.

ഇരു വര്‍ഷങ്ങളിലും വനിതകളുടെ വോട്ട് നേടാന്‍ ഒബാമയെ സഹായിച്ചത് കറുത്ത വനിതകളാണ്. വെളുത്ത വര്‍ഗക്കാരായ വനിതകളും പുരുഷന്മാരും വോട്ട് ചെയ്തത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ ശ്രമങ്ങള്‍ വോട്ട് ചെയ്യാന്‍ പ്രേരകമാകുമോ എന്നു വ്യക്തമല്ല.ബ്ലാക്ക് എന്റര്‍ടെയിന്‍മെന്റ് ടെലിവിഷന്‍ സിഇഒ ദെബ്‌റ ലീ, മുന്‍ ലേബര്‍ സെക്രട്ടറി അലെക്‌സിസ് ഹെര്‍മന്‍ എന്നിവരുള്‍പ്പെടെ പന്ത്രണ്ടിലധികം കറുത്ത വനിതകള്‍ കഴിഞ്ഞ മാസം ഹിലരിക്കുവേണ്ടി ന്യൂയോര്‍ക്കില്‍ ഒരാള്‍ക്ക് 1000 ഡോളര്‍ നിരക്കില്‍ ഫണ്ട് റെയ്‌സര്‍ സംഘടിപ്പിച്ചു. ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകള്‍ ഉള്‍പ്പെടെ ഒബാമയ്ക്ക് വോട്ടു ചെയ്യാന്‍ കറുത്തവര്‍ഗക്കാരെ പ്രേരിപ്പിച്ച നിരവധി തന്ത്രജ്ഞര്‍ പ്രചാരണത്തിനായി ഒരുമിച്ചു. ലാ ഡേവിയ ഡ്രാനെ എന്ന 32കാരിയാണ് ഹിലരിയുടെ പ്രചാരണത്തില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരെ സ്വാധീനിക്കുന്നതിനു ചുക്കാന്‍ പിടിക്കുന്നത്.

'ആഫ്രിക്കന്‍ അമേരിക്കന്‍ വിമന്‍ ഫോര്‍ ഹിലരി' എന്ന ആദ്യത്തെ കോള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് ആയിരം വനിതകളാണ്. ഇതിനുവേണ്ടി ഡ്രാനെ തയാറാക്കിയ ക്ഷണപത്രം ഇങ്ങനെ പറയുന്നു, ' രാജ്യമെമ്പാടും നിന്നുള്ള ചില കറുത്ത വനിതാ നേതാക്കളുടെ അഭിപ്രായങ്ങള്‍ നാം കേള്‍ക്കും. ഇവരില്‍ വിശിഷ്ടാതിഥികളായ മാര്‍സിയ ഫഡ്ജ്, സിസിലി ടൈസന്‍, സ്റ്റാര്‍ ജോണ്‍സ്, ഗ്ലെന്‍ഡ് ഗ്ലോവര്‍ എന്നിവരും ഉണ്ടാകും. പിന്നീട് കൂടുതല്‍ കറുത്ത വനിതകളെ ഈ പ്രചാരണത്തില്‍ എങ്ങനെ പങ്കാളികളാക്കാം എന്നതിനെപ്പറ്റി നാം ചിന്തിക്കും.'

കറുത്ത വര്‍ഗക്കാര്‍ക്കു പ്രാമുഖ്യമുള്ള കോളജുകളിലും യൂണിവേഴ്‌സിറ്റികളിലുമായി ഹിലരി ആറ് ചടങ്ങുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞതായി ഡ്രാനെ പറയുന്നു. ക്ലാര്‍ക്ക് അറ്റ്‌ലാന്റ യൂണിവേഴ്‌സിറ്റിയിലെ ജനക്കൂട്ടത്തില്‍ ഏറെയും വനിതകളായിരുന്നു. സ്‌പെല്‍മാന്‍ കോളജിലും വനിതാ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി. 'ഹിലരിക്കുവേണ്ടി പോകുന്നിടത്തെല്ലാം ഞാന്‍ കറുത്ത വനിതകളുമായി കൂടിക്കാഴ്ച നടത്തുന്നു.'

വെര്‍മോണ്ട് സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്‌സിന് ഇത്തരമൊരു ശക്തമായ സ്വാധീന പരിപാടിയില്ല. എന്നിട്ടും കറുത്ത വനിതകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. ഹിലരിയുടെ അറ്റ്‌ലാന്റ റാലിയില്‍ സദസ്യരില്‍ ചിലര്‍ തുല്യവേതനം, ക്രിമിനല്‍ ജസ്റ്റീസ് പരിഷ്‌കരണം എന്നിവയില്‍ സാന്‍ഡേഴ്‌സിന്റെ പുരോഗമന നിലപാടിനെ പിന്തുണച്ചു.

ക്രിമിനല്‍ ജസ്റ്റീസ് പരിഷ്‌കരണത്തെപ്പറ്റിയുള്ള സാന്‍ഡേഴ്‌സിന്റെ പ്രസംഗം ബ്രയാന്റ മാക്‌സ്‌വെല്‍ കേള്‍ക്കുന്നത് '20/20 ലീഡേഴ്‌സ് ഓഫ് അമേരിക്ക' എന്ന കറുത്ത നേതാക്കളുടെ സംഘടനയുടെ ഫോറത്തിലാണ്. മകന് ഒന്‍പതു വയസേ ആയിട്ടുള്ളൂവെങ്കിലും കറുത്ത വര്‍ഗക്കാരായ പുരുഷന്മാരെ വെടിവയ്ക്കുന്ന യുഎസ് പൊലീസിന്റെ രീതിയെ നേരിടാനുറച്ച ഒരു നേതാവിനെയാണ് വേണ്ടതെന്ന് മാക്‌സ്‌വെല്‍ വിശ്വസിക്കുന്നു.

കൊളംബിയയില്‍ ഒരു പ്രാദേശിക ഭരണകൂടത്തിലെ ജീവനക്കാരിയായ മാക്‌സ്‌വെല്‍ ഇപ്പോള്‍ 'സൗത്ത് കരോളിന യങ് ലീഡേഴ്‌സ് ഫോര്‍ ബെര്‍നി'യുടെ കോ ചെയര്‍പേഴ്‌സനും സ്റ്റേറ്റ് യങ് ഡമോക്രാറ്റ്‌സ് പ്രസിഡന്റുമാണ്. 'ഹിലരിയോട് എനിക്ക് വിരോധമില്ല. ഹിലരി സുരക്ഷിതമായി കളിക്കുന്നു എന്നു പറയാന്‍ ആഗ്രഹിക്കുന്നുമില്ല. എന്നാല്‍ ബെര്‍നി സുരക്ഷിതമായി കളിക്കുന്നില്ല. എന്നെ ആശങ്കപ്പെടുത്തുന്ന ഒരുപാടുകാര്യങ്ങളില്‍ ശബ്ദമുയര്‍ത്തുന്നത് അദ്ദേഹമാണ്.'

1996 മുതല്‍ തെരഞ്ഞെടുപ്പുകളില്‍ കറുത്ത വര്‍ഗക്കാരുടെ പങ്കാളിത്തം കൂടിവരികയാണ്. ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി പൊളിറ്റിക്‌സ് പ്രഫസര്‍ മൈക്കല്‍ മക്‌ഡോണള്‍ഡിന്റെ പഠനം അനുസരിച്ച് 10വര്‍ഷം മുന്‍പ് കറുത്തവരുടെ വോട്ടിങ് ശതമാനം 47 ആയിരുന്നു. 2008ല്‍ ഇത് 69 ആയി. 2012ല്‍ 67 ശതമാനത്തിനു മുകളിലായിരുന്നു എണ്ണം.

ഇതില്‍ത്തന്നെ പുരുഷന്മാരെക്കാള്‍ വനിതകള്‍ മുന്നിലാണ്. 2012ല്‍ 74 ശതമാനം കറുത്ത വനിതകളാണ് വോട്ട് ചെയ്തത്. വെളുത്ത വനിതകളെക്കാള്‍ 10 ശതമാനം കൂടുതല്‍. കറുത്തവരും വെളുത്തവരുമായ പുരുഷന്മാരെക്കാള്‍ 14 ശതമാനം കൂടുതലാണ് കറുത്ത വനിതകളുടെ വോട്ടിങ് ശതമാനമെന്ന് മക്‌ഡോണള്‍ഡ് പറയുന്നു.

ഈ സംഖ്യകള്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കാരണം തിരഞ്ഞെടുപ്പില്‍ കറുത്തവരുടെ മിക്ക വോട്ടുകളും ഡമോക്രാറ്റുകള്‍ക്കാണ് ലഭിക്കുക. കറുത്തവര്‍ എത്ര കൂടുതല്‍ വോട്ട് ചെയ്യുന്നോ അത്രയധികം ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യത കൂടുമെന്നര്‍ത്ഥം. ഏതുപക്ഷത്തേക്കും ചായാവുന്ന ഓഹിയോ, ഫ്‌ളോറിഡ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ഈ വോട്ടുകള്‍ക്കു പ്രാധാന്യമേറും.

'നിങ്ങളിതുവരെ കണ്ടിട്ടില്ലാത്ത തലത്തിലേക്ക് ഈ വര്‍ഷം ഞങ്ങളുടെ ശക്തി ഉയരും, ' ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒരു മില്യണ്‍ ആളുകള്‍ അംഗങ്ങളായ സര്‍വീസ് എംപ്ലോയീസ് ഇന്റര്‍നാഷനല്‍ യൂണിയന്റെ എസ്ഇഐയു ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ടോണി ലൂയിസ് പറയുന്നു. ' ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ട്. ഞങ്ങള്‍ക്ക് സ്വന്തം മൂല്യം അറിയാം. 2008ലും 12ലും ഞങ്ങള്‍ എത്ര ശക്തരായിരുന്നുവെന്ന് ആളുകള്‍ ഇപ്പോഴും പറയുന്നു. അതുകൊണ്ട് ഇത്തവണ ശക്തി ഞങ്ങളുടേതാകും'.എമിലിസ് ലിസ്റ്റ് മുന്‍ മാനേജരും കണ്‍സള്‍ട്ടിങ് ഫേം ഉടമയുമായ ജെസിക്ക ബൈര്‍ഡും അതേ ഊര്‍ജം കാണുന്നു. 'രണ്ടുവര്‍ഷമായി വംശനീതിയിലുള്ള ഊന്നലും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രവര്‍ത്തനങ്ങളും വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നു.' കറുത്തവര്‍ ഇന്നും നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്കിനെ അംഗീകരിക്കുന്നുവെന്ന് ജെസിക്ക പറയുന്നു. 'രാഷ്ട്രീയ പ്രക്രിയ ഉപേക്ഷിക്കപ്പെടാന്‍ പാടില്ല. കാരണം അത് മാറ്റം കൊണ്ടുവരാനുള്ള ഒരു ഉപകരണമാണ്.'

'കറുത്ത വര്‍ഗക്കാര്‍ സര്‍ക്കാരിനെപ്പറ്റി ഹതാശരാണെന്നു പറയാന്‍ എളുപ്പമാണ്. പക്ഷേ, വംശീയതയെപ്പറ്റിയുള്ള അര്‍ത്ഥവത്തായ ചര്‍ച്ചകളാണ് ഞാന്‍ കാണുന്നത്. ഇതു തന്നെയാകും തിരഞ്ഞെടുപ്പിലും സംഭവിക്കുക,' ജെസിക്ക പറയുന്നു.

മക്‌ഡോണള്‍ഡിനെപ്പോലെ ചില നിരീക്ഷകര്‍ കറുത്ത വോട്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കുന്നില്ല. 'ഏതു മാനദണ്ഡം അനുസരിച്ചുനോക്കിയാലും കറുത്ത വനിതകള്‍ എന്നും വോട്ടര്‍മാരില്‍ മുന്നിലായിരുന്നു. 2004ല്‍പ്പോലും വെളുത്ത പുരുഷന്മാരില്‍നിന്ന് അല്‍പം മാത്രം പിന്നിലായിരുന്നു അവരുടെ എണ്ണം. അതുകൊണ്ടുതന്നെ ഈ വര്‍ഷം ഏറ്റവും പങ്കാളിത്തമുള്ള ഗ്രൂപ്പുകളില്‍ ഒന്നാകും അവര്‍.'

ഹിലരി ക്ലിന്റന്‍ ലക്ഷ്യമിടുന്നത് ഈ വോട്ടുകളാണ്.

'ഞങ്ങളുടെ ജനസംഖ്യ കുറവായ സംസ്ഥാനങ്ങളില്‍പലപ്പോഴും വാദങ്ങള്‍ കേള്‍ക്കപ്പെടുന്നില്ല,' ഹിലരിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വില്‍സണ്‍ എന്ന വോളന്റിയര്‍ പറയുന്നു. 'അത്തരം സ്ഥലങ്ങളില്‍ ചെറുപ്പക്കാരുമായി ബന്ധം സ്ഥാപിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്'.

സ്ഥാനാര്‍ത്ഥികള്‍ക്ക് ആകര്‍ഷിക്കാനാകാത്ത വോട്ടറെ ബൂത്തിലെത്തിക്കാന്‍ വഴികള്‍ പലതാണ്. ലേബര്‍ ഓര്‍ഗനൈസേഷനുകള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍, വനിതാ സംഘടനകള്‍, കമ്യൂണിറ്റി ഗ്രൂപ്പുകള്‍, സമ്പന്നമായ പ്രത്യേക താല്‍പര്യ പരിപാടികള്‍ എന്നിങ്ങനെ പലതും ആളുകളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും.

നിരായുധരായ കറുത്ത വര്‍ഗക്കാരെ വെടിവച്ചുകൊല്ലുന്ന പൊലീസിന്റെയും മറ്റ് നിയമപാലകരുടെയും നടപടി കറുത്ത വനിതകള്‍ക്കിടയില്‍ സജീവമാണ്. 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രസ്ഥാനത്തില്‍ സജീവമാണ് ഇവരെല്ലാം.

കഴിഞ്ഞ വേനല്‍ക്കാലത്ത് പൊലീസ് പരിഷ്‌ക്കരണത്തെ പിന്തുണയ്ക്കണമെന്ന് ഇവര്‍ ഡമോക്രാറ്റുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടും സ്ഥാനാര്‍ത്ഥികളെ പിന്താങ്ങിയും കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചില ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കുന്നു.

സ്‌പെല്‍മാന്‍ കോളജ് സീനിയര്‍ ലിന്‍ഡ്‌സേ ബര്‍ജസ് ഈ നയത്തില്‍ ആശങ്കപ്പെടുന്നവരില്‍ ഒരാളാണ്. 'രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നേണ്ട നിര്‍ണായക സമയമാണിതെന്ന് ഞാന്‍ കരുതുന്നു. പ്രതിഷേധിക്കാം. പക്ഷേ ഇത് ജനാധിപത്യമാണ്. ഉള്ളില്‍നിന്നു തന്നെ ഒരു പരിധിവരെ അത് പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചേ തീരൂ.'

സംശയാലുക്കളായ വിദ്യാര്‍ത്ഥികളെ ബെര്‍നി സാന്‍ഡേഴ്‌സിന്റെ വ്യവസ്ഥാപിത നിയമങ്ങള്‍ക്കെതിരെയുള്ള നിലപാടിലേക്ക് ആകര്‍ഷിക്കാനാണ് ബര്‍ജസിന്റെ ശ്രമം. ഹിസ്റ്ററി, ഇന്റര്‍നാഷനല്‍ സ്റ്റഡീസ് വിദ്യാര്‍ഥിയായ ബര്‍ജസ് സാന്‍ഡേഴ്‌സിനായി ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നു. സ്വന്തം ബ്ലോഗിലും ലക്ഷ്യം സാന്‍ഡേഴ്‌സിനു പിന്തുണ കൂട്ടല്‍ തന്നെ.

സമൂഹ മാധ്യമങ്ങളില്‍ ബര്‍ജസ് ഒറ്റയ്ക്കല്ല. 'ഫേസ്ബുക്ക് തുറക്കുമ്പോഴൊക്കെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനെപ്പറ്റിയും പൊതുരാഷ്ട്രീയത്തെപ്പറ്റിയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന കറുത്ത വനിതകളെ ഞാന്‍ കാണുന്നു. ഈ വര്‍ഷം പുതിയ ഉയരങ്ങളൊന്നും കീഴടക്കുന്നില്ലെങ്കില്‍പ്പോലും കൂടുതല്‍ വോട്ടിങ് ശതമാനം നേടുന്ന ഗ്രൂപ്പുകളില്‍ മുകളിലായിരിക്കും ഞങ്ങള്‍', ബര്‍ജസ് ഉറച്ചു വിശ്വസിക്കുന്നു.


Next Story

Related Stories