TopTop
Begin typing your search above and press return to search.

ആഭ്യന്തര സംഘര്‍ഷങ്ങള്‍, മാന്ദ്യം; കൂട്ടക്കുഴപ്പത്തിലായ നൈജീരിയ

ആഭ്യന്തര സംഘര്‍ഷങ്ങള്‍, മാന്ദ്യം; കൂട്ടക്കുഴപ്പത്തിലായ നൈജീരിയ

പോള്‍ വാലസ്, ഡേവിഡ് മലിംഗ ഡോയ
(ബ്ലൂംബെര്‍ഗ്)

നീഷര്‍ നദിയുടെ തീരത്താണ് മാന്‍ഹട്ടന്‍ നഗരത്തിന്‍റെ നാലിരട്ടിയോളം വലിപ്പമുള്ള അജൌക്യൂട്ട സ്റ്റീല്‍ പ്ലാന്‍റ് സൈറ്റ്. നൈജീരിയയുടെ പുരോഗതിയുടെയും സമ്പന്നതയുടെയും പ്രതീകമാകേണ്ടിയിരുന്ന ഈ പ്ലാന്‍റ് ഒരു പരാജയമായിരിക്കുകയാണ്.

റഷ്യന്‍ കോണ്‍ട്രാക്റ്റര്‍മാര്‍ 1979ലാണ് ഇതിന്‍റെ ജോലികള്‍ തുടങ്ങിയത്. നിര്‍മ്മാണത്തിനായി ചെലവഴിച്ചത് നാല് ബില്ല്യണ്‍ ഡോളര്‍ മുതല്‍ 10 ബില്ല്യണ്‍ ഡോളര്‍ വരെയാണെന്ന് കണക്കുകള്‍. ഉടമസ്ഥരായ ഗവണ്‍മെന്‍റ് കമ്പനി "നൈജീരിയയുടെ വ്യാവസായിക അടിത്തറ" എന്നു വിശേഷിപ്പിച്ച പ്ലാന്‍റില്‍, പക്ഷേ, ഇതുവരെ സ്റ്റീല്‍ ഉല്‍പ്പാദനം തുടങ്ങിയിട്ടില്ല.

"പുനരുജ്ജീവിപ്പിക്കുകയല്ല, പ്ലാന്‍റ് വികസിപ്പിക്കുകയാണ് വേണ്ടത്," നൈജീരിയയിലെ നിര്‍മ്മാതാക്കളുടെ പ്രധാന അസോസിയേഷന്‍റെ തലവനായ ഫ്രാങ്ക് ജേക്കബ്സ് ലേഗോസിലെ തന്‍റെ ഓഫീസിലിരുന്നുകൊണ്ട് പറഞ്ഞു. പൈനാപ്പിളില്‍ നിന്ന് വൈനുണ്ടാക്കുന്ന കമ്പനി നടത്തുകയാണ് ജേക്കബ്സ്. "പുനരുജ്ജീവനം എന്നു പറയണമെങ്കില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒന്നായിരിക്കണം. അവിടെ പ്രവര്‍ത്തനമേ തുടങ്ങിയിട്ടില്ല. സ്റ്റീല്‍ ഇല്ലാതെ ഒരു രാജ്യത്തിനും വ്യവസായവല്‍ക്കരണം സാധ്യമല്ല."

സ്വദേശികള്‍ക്കും വിദേശനിക്ഷേപകര്‍ക്കും ഒരുപോലെ വാഗ്ദാനം ചെയ്യപ്പെട്ട ഇടമായിരുന്നു ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയ. രാജ്യം ഇതുവരെ നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന കഴിഞ്ഞ മാസത്തെ വൈസ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയോടെ അവരുടെ നാശം പൂര്‍ണ്ണമായെന്ന് കരുതേണ്ടി വരും. കറന്‍സിയുടെ മൂല്യം ഇടിഞ്ഞു. കഴിഞ്ഞ ദശകത്തിന്‍റെ തുടക്കത്തില്‍ 8 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്. 1991നു ശേഷം ആദ്യമായാണ് ഇങ്ങനെ.

ഓയില്‍ ബൂം സമൃദ്ധി കൊണ്ടുവന്ന കാലത്ത് നടമാടിയിരുന്ന കെടുകാര്യസ്ഥതയും അഴിമതിയും എണ്ണ വിലയിടിഞ്ഞു പ്രതിസന്ധിയായതോടെ മറ നീക്കി പുറത്തു വന്നു. ഗതാഗത സംവിധാനം പലപ്പോഴും താറുമാറാണ്, വൈദ്യുതി നിലയ്ക്കുന്നത് സാധാരണമായിത്തീര്‍ന്നിരിക്കുന്നു. 18 കോടിയാണ് നൈജീരിയയിലെ ജനസംഖ്യ. അതിന്‍റെ മൂന്നിലൊന്നു ജനസംഖ്യയുള്ള സൌത്ത് ആഫ്രിക്കയുടെ വൈദ്യുതി ഉല്‍പ്പാദനത്തിന്‍റെ 10 ശതമാനം മാത്രമേ നൈജീരിയയ്ക്കു സാധിക്കുന്നുള്ളൂ.

ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പായ ബോകോ ഹറാം വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ പതിനായിരക്കണക്കിനുപേരെ കൊന്നൊടുക്കി നാശം വിതച്ചു. ഇവിടെ 250,000ലധികം കുട്ടികള്‍ക്ക് ഭക്ഷ്യ സഹായം ആവശ്യമാണ്. നീഷര്‍ നദിയുടെ തെക്കന്‍ ഡെല്‍റ്റയില്‍ മറ്റ് ഗ്രൂപ്പുകള്‍ എണ്ണ പൈപ്പ്ലൈനുകളും കയറ്റുമതി ടെര്‍മിനലുകളും തകര്‍ത്തു. അതോടെ ക്രൂഡോയില്‍ ഉല്‍പ്പാദനം കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ തോതിലെത്തി.

നൈജീരിയയിലെ 36 സംസ്ഥാനങ്ങളും സാമ്പത്തിക ഞെരുക്കത്തിലാണ്; ടീച്ചര്‍മാരും ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരും പെന്‍ഷനായവരുമൊക്കെ മാസങ്ങളായി വേതനമില്ലാതെ വിഷമിക്കുന്നു. 40 ലക്ഷത്തിലധികം ജനങ്ങളുള്ള തെക്കുകിഴക്കന്‍ സംസ്ഥാനമായ ഐമോയുടെ ഗവര്‍ണര്‍ ആഴ്ചയില്‍ മൂന്നു ദിവസങ്ങള്‍ മാത്രം പ്രവൃത്തിദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. മറ്റ് രണ്ടു ദിവസങ്ങളില്‍ കൃഷി ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഭക്ഷണത്തില്‍ ആവശ്യമുള്ള പ്രോട്ടീനിനു പോലും ആളുകള്‍ക്ക് പിശുക്കേണ്ടി വരുന്നു എന്നാണ് നെസ്ലെ സൌത്ത് ആഫ്രിക്കയുടെ ബിസിനസ്സ് ഹെഡ് ചൂണ്ടിക്കാണിക്കുന്നത്.ഫ്രെഞ്ച് നിര്‍മ്മാണ കമ്പനിയായ Bouygues നൈജീരിയയിലെ പല പ്രോജക്റ്റുകളും നിര്‍ത്തി വച്ചിരിക്കുകയാണ്; സമയത്തിന് പണം ലഭിക്കാന്‍ സാധ്യതയില്ലെന്നു കണ്ട് ഗവണ്‍മെന്‍റ് വക ജോലികള്‍ അധികം ഏറ്റെടുക്കേണ്ടത്തില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

"കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ വളരെ മോശമായിരുന്നു. ഇവിടെ ആകെ കുഴപ്പങ്ങളാണ്," കമ്പനി വൈസ് പ്രസിഡന്‍റ് ആന്ദ്രെ ഗീയു പറയുന്നു.

തലസ്ഥാനമായ അബൂജയില്‍ നിന്നു തെക്കു മൂന്നു മണിക്കൂര്‍ ദൂരമുണ്ട് അജൌക്യൂട്ട പ്ലാന്‍റിലേയ്ക്ക്. 240 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന സൈറ്റിലെ ഇരുമ്പയിരും കല്‍ക്കരിയും ചുണ്ണാമ്പുകല്ലുമൊക്കെ സംഭരിക്കേണ്ട ഇടങ്ങളില്‍ ഇപ്പോള്‍ കന്നുകാലികള്‍ മേഞ്ഞു നടക്കുന്നു. തൊഴിലാളികള്‍ക്കായി പണിത ആയിരക്കണക്കിന് വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നതു കാണാം. നദിക്കു കുറുകേയുള്ള റെയില്‍വേ പാലം തുറമുഖങ്ങളുമായോ മറ്റ് നിര്‍മ്മാണ മേഖലകളുമായോ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇടയ്ക്ക് പലപ്പോഴായി ഇവിടെ ഇരുമ്പു കമ്പികളും വയറുകളും ചില യന്ത്രഭാഗങ്ങളുമൊക്കെ നിര്‍മ്മിച്ചിട്ടുണ്ട്. പ്രാദേശികാവശ്യത്തിനായി നിര്‍മ്മിച്ച ബാങ്കുകളും സ്കൂളുകളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്.

"ഞാന്‍ പ്ലാന്‍റില്‍ പണിയെടുത്തിരുന്നു. പക്ഷേ ഇപ്പോള്‍ അവിടെ ഒന്നും കാര്യമായി ചെയ്യാനില്ല," 56കാരനായ സുലൈമാന്‍ അബൂബക്കര്‍ പറയുന്നു. അജൌക്യൂട്ടയ്ക്കു സമീപം താമസിക്കുന്ന ഇദ്ദേഹത്തിന് ഒന്‍പത് കുട്ടികളാണ്. പ്ലാന്‍റില്‍ ജോലി കിട്ടുമെന്നു കരുതി ചെറുപ്പത്തില്‍ മെറ്റലര്‍ജി പഠിച്ചു. ഇന്ന് ഉപജീവനത്തിനായി മോട്ടോര്‍ റിക്ഷയുടെ നൈജീരിയന്‍ രൂപമായ 'കീകി' ഓടിക്കുന്നു. അബൂബക്കറിന് മക്കളെ എഞ്ചിനിയര്‍മാരാക്കണമെന്നാണ് ആഗ്രഹം. "പ്ലാന്‍റ് ആരംഭിക്കുമ്പോള്‍ അവര്‍ക്കവിടെ ജോലി കിട്ടുമല്ലോ. പ്രവര്‍ത്തനം തുടങ്ങും എന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം; ഞങ്ങള്‍ക്കാകെ ഇതേയുള്ളൂ."

അവിടെ നിന്നുകൊണ്ട് ഒരുകാലത്ത് നിക്ഷേപകര്‍ കൊതിയോടെ എത്തിയ നൈജീരിയയെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പ്രയാസം തോന്നി.

2011 ഏപ്രിലില്‍ ഫിഡെലിറ്റി ഇന്‍വെസ്റ്റ്മെന്‍റ്സ് "MINTs"നെ പ്രോല്‍സാഹിപ്പിക്കുകയുണ്ടായി; നൈജീരിയ, മെക്സിക്കൊ, ഇന്തോനേഷ്യ, ടര്‍ക്കി ഇവയാണ് ഭാവിയിലേയ്ക്ക് ഉയര്‍ന്നുവരുന്ന മാര്‍ക്കറ്റുകള്‍ എന്നാണവര്‍ പറഞ്ഞത്. ഗോള്‍ഡ്മാന്‍ സാക്സിന്‍റെ മുന്‍ സാമ്പത്തിക വിദഗ്ദ്ധനായ ജിം ഒനീലും ഇതിനെ പിന്തുണയ്ക്കുകയുണ്ടായി. കണ്‍സല്‍റ്റിങ് സ്ഥാപനമായ മാക്കിന്‍സെ പറഞ്ഞത് 2030 വരെ വര്‍ഷം ഏഴു ശതമാനം വളര്‍ച്ച നേടി നെതര്‍ലാന്‍ഡ്സ്, തായ്ലാന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളേക്കാള്‍ മുന്നിലെത്താനുള്ള സാധ്യതകള്‍ നൈജീരിയയ്ക്കുണ്ട് എന്നായിരുന്നു.

അപ്പോഴാണ് 2014ലെ എണ്ണ വിലയിടിവ് ഉണ്ടായത്. വിദേശനിക്ഷേപകര്‍ പിന്‍വാങ്ങി, സമ്പദ് വ്യവസ്ഥ നിശ്ചലമായി. എണ്ണ വിലയിടിഞ്ഞതിന്‍റെ തിരിച്ചടികള്‍ നേരിടേണ്ടി വരുമായിരുന്നു എങ്കിലും ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകള്‍ സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നാണ് ഫ്രോണ്ടിയര്‍ സ്ട്രാറ്റെജി ഗ്രൂപ്പിന്‍റെ അനലിസ്റ്റായ മാര്‍ട്ടീന ബോയാഡ്സീവ പറയുന്നത്.

അഴിമതി ഇല്ലാതാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന ശുഭപ്രതീക്ഷയുടെ ബലത്തില്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി കഴിഞ്ഞ വര്‍ഷം ബാലറ്റ് പേപ്പറിലൂടെ വീണ്ടും അധികാരത്തിലെത്തിയിട്ടുണ്ട്. 1980കളിലെ പട്ടാള ഭരണാധികാരിയായിരുന്നു അദ്ദേഹം. ആറു മാസമെടുത്താണ് ബുഹാരി കാബിനറ്റ് രൂപീകരിച്ചത്; 2016ലെ ബഡ്ജറ്റ് അംഗീകരിച്ചതാവട്ടെ, മേയിലും.

നൈജീരിയന്‍ കറന്‍സിയായ നൈറയുടെ ഇടിവ് പിടിച്ചു നിര്‍ത്താന്‍ അദ്ദേഹം സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഗോഡ്വിന്‍ എമെഫീലിനെ ചുമതലപ്പെടുത്തി. ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഭക്ഷ്യ, ഗതാഗത ചെലവുകള്‍ നിയന്ത്രിക്കാനായിരുന്നു ഇത്. അതേസമയം പ്രാദേശികമായി ലഭ്യമല്ലാത്ത യന്ത്രങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വിതരണക്കാരായ വിദേശ വ്യാപാരികള്‍ക്ക് പണം നല്‍കാനുള്ള തത്രപ്പാടില്‍ നാണ്യപ്പെരുപ്പം 11 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന തോതായ 18 ശതമാനത്തിലെത്തി. ജൂണ്‍ മുതല്‍ നൈറയുടെ മൂല്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ എമെഫീല്‍ ഉപേക്ഷിച്ചതോടെ ഡോളറിനെതിരെ 40 ശതമാനം ഇടിവാണ് നൈജീരിയന്‍ കറന്‍സി നേരിട്ടത്. 2016 സെപ്തംബറില്‍ S&P ഗ്ലോബല്‍ റെറ്റിങ്സ് നൈജീരിയയെ അഞ്ചു ലെവലുകള്‍ താഴ്ത്തി ജങ്ക് വിഭാഗത്തിലാക്കി. ബുഹാരിയുടെ വിദേശ വിനിമയ നയങ്ങളും ഓയില്‍ മേഖലകളിലെ ആക്രമണങ്ങളും കാരണം സാമ്പത്തികരംഗം പ്രതീക്ഷിച്ചതിലും മോശമായി എന്നതായിരുന്നു കാരണം.

"ബുഹാരിയുടെ മേലുണ്ടായിരുന്ന വിശ്വാസം അതിവേഗം അപ്രത്യക്ഷമാവുകയാണ്," ബോയാഡ്സീവ പറഞ്ഞു. അവരുടെ സ്ഥാപനം കൊക്കക്കോള, ജനറല്‍ ഇലക്ട്രിക് തുടങ്ങിയ ആഗോള കമ്പനികള്‍ക്ക് ഉപദേശം നല്‍കി വരുന്നു. "ശരിയാണ് എണ്ണ വിലയിടിഞ്ഞു. എന്നാല്‍ ആ പ്രശ്നത്തെ ഇതിലും എത്രയോ മെച്ചമായി നേരിട്ട രാജ്യങ്ങളുണ്ട് എന്നു കമ്പനികള്‍ പറയുന്ന അവസ്ഥയാണ്."


Next Story

Related Stories