TopTop
Begin typing your search above and press return to search.

'മല്ലു പുരുഷന്മാര്‍ ഭോഗിക്കാന്‍ ആഗ്രഹിക്കുന്നത് തടിച്ച സ്ത്രീകളെയാണെന്ന് ഏതു സര്‍വേയുടെ അടിസ്ഥാനത്തിലാണ് രഞ്ജിനി മേനോന്‍ കണ്ടെത്തിയത്?'

മല്ലു പുരുഷന്മാര്‍ ഭോഗിക്കാന്‍ ആഗ്രഹിക്കുന്നത് തടിച്ച സ്ത്രീകളെയാണെന്ന് ഏതു സര്‍വേയുടെ അടിസ്ഥാനത്തിലാണ് രഞ്ജിനി മേനോന്‍ കണ്ടെത്തിയത്?

ഷക്കീല..

ഈ പേര് കേള്‍ക്കുമ്പോഴേ ഒരു പ്രത്യേകതരം ചിരിയും മനോഭാവവും നിങ്ങള്‍ക്ക് വരുന്നുണ്ടോ. ഉണ്ടാവും, ഉണ്ടാവണം. കാരണമെന്തെന്നാല്‍ ഷക്കീല ഒരു സോഫ്റ്റ് പോണ്‍ നായിക ആയിരുന്നു ഒരു കാലത്ത്. പൊതുസമൂഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തിലെ വെറുക്കപ്പെട്ടവള്‍, വഴിപിഴച്ചവള്‍. 24 ന്യൂസിന്റെ ജനകീയ കോടതിയില്‍ ഷക്കീലയെ വിചാരണ ചെയ്യാനെത്തിയ സമൂഹ്യപ്രവര്‍ത്തക രഞ്ജിനി മേനോന്റെ കാഴ്ചപ്പാടും ഇത് തന്നെ.

പ്രസ്തുത പ്രോഗ്രാമില്‍ തന്റെ നഗ്‌നത കാണിക്കേണ്ടി വന്ന സാഹചര്യവും കാണിയ്ക്കാത്തിടത്തും അത് ഉപയോഗിക്കപ്പെട്ടതും എങ്ങനെ എന്നൊക്കെ ഷക്കീല വിവരിക്കുന്നുണ്ട്. പക്ഷെ രഞ്ജിനി മേനോന്‍ പ്രോഗ്രാമിലേക്ക് വന്നത് കുടുംബത്തിലെ പുരുഷന്മാരുടെ മേല്‍പ്പറഞ്ഞ ചിരിയും മറ്റും കണ്ടിട്ടാണ് എന്നാണ് അവര്‍ തന്നെ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ വളരെ കൗതുകത്തോടെ ആണ് ഞാനീ പരിപാടിക്ക് ചെവി കൊടുത്തത്.

കോടതിയില്‍ ഇരിക്കുന്നത് ഷക്കീല ആയത് കൊണ്ടാവാം, പ്രോഗ്രാമിന്റെ അവതാരകന്‍ തന്നെ ഷക്കീലയോട് ചെറുപ്പത്തില്‍ സ്‌കൂളില്‍ നിന്ന് നേരിട്ട അബ്യൂസിങ് ചോദിച്ചു മനസിലാക്കുന്നുണ്ട്. വെറുതെ ചോദിക്കുകയല്ല, അത് എങ്ങനെയാണെന്ന് വ്യക്തമായി പറയാനാണ് ആവശ്യപ്പെടുന്നത്. ഷക്കീലയുടെ സ്ഥാനത്ത് മറ്റേതെങ്കിലും വ്യക്തി ആയിരുന്നെങ്കില്‍ അദ്ദേഹം ഇത്രയ്ക്ക് ചുഴിഞ്ഞു ചോദിക്കുമോ എന്നെനിക്കുറപ്പില്ല. ഷക്കീല ആയതുകൊണ്ട് ഈ ചോദ്യം ചോദിക്കാം എന്നൊരു രീതിയിലാണ് അദ്ദേഹം അത് പോര്‍ട്രെ ചെയ്യുന്നത്. നന്നേ ചെറുപ്പത്തില്‍ നേരിട്ടൊരു ദുരനുഭവത്തെ, ആ വൃണത്തെ വീണ്ടും കുത്തി മുറിവേല്പിക്കുന്നൊരു ലൈന്‍. എങ്കിലും ഷക്കീല അതിനൊക്കെ മറുപടിയും നല്‍കുന്നുണ്ട്. പുള്ളിക്കാരിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഒരുപക്ഷേ സീന്‍ മാറിപ്പോയേനെ.

രഞ്ജിനി മേനോനിലേക്ക് തിരിച്ചുവരാം. പുള്ളിക്കാരി പ്രോഗ്രാമിലേക്ക് എത്തിയത് തന്നെ വിചിത്രമായ ചില വാദങ്ങളും ആയിട്ടാണ്. പുള്ളിക്കാരിയുടെ അഭിപ്രായത്തില്‍ കേരളത്തിലെ പുരുഷന്മാര്‍ എല്ലാം മെലിഞ്ഞ ശാലീന സുന്ദരികളെ പ്രേമിക്കാനും വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നു. അതേ സമയം പുരുഷന്മാര്‍ ഭോഗിക്കാന്‍ ആഗ്രഹിക്കുന്നത് തടിച്ച സ്ത്രീകളെ ആണത്രേ. അത് ഷക്കീലയുടെ സ്വാധീനം എന്നാണ് ചേച്ചിയുടെ കണ്ടുപിടുത്തം.

കേരളത്തിലെ പുരുഷന്മാര്‍ ഒക്കെ ശാലീന സുന്ദരികളെ കെട്ടാനും പ്രേമിക്കാനും തയ്യാറായി നില്‍ക്കുന്നു, തടിച്ച സ്ത്രീകളെ ഭോഗിക്കാന്‍ നിക്കുന്നു എന്ന് എന്താടിസ്ഥാനത്തില്‍ ആണ് ഇവര്‍ കണ്ടെത്തിയതെന്ന് എനിക്ക് വ്യക്തമല്ല. അങ്ങനെ ഒരു സര്‍വേ വല്ലതും പുള്ളിക്കാരി നടത്തിയോ എന്നാണ് ഇനി അറിയാനുള്ളത്. ഞങ്ങള്‍ ആണുങ്ങളെ എന്തടിസ്ഥാനത്തിലാണിവര്‍ ജനറലൈസ് ചെയ്യുന്നത്. അങ്ങനെ ഒരു വാദമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഫുഡ് കഴിച്ചു വണ്ണം വെക്കാമല്ലോ എന്നു കളിയായി ഷക്കീല ചോദിക്കുന്നുമുണ്ട്.

അടുത്ത വാദം ഷക്കീല സമൂഹത്തിന് നല്‍കുന്ന സന്ദേശം വെറും മോശമാണ്, ഷക്കീലയ്ക്ക് ഇപ്പോഴും തന്റെ തെറ്റുകള്‍ തിരുത്താന്‍ കഴിയുന്നില്ല എന്നൊക്കെയാണ്. ഏത്, പേരിനൊപ്പം മേനോന്‍ എന്ന ജാതിവാലിന്റെ പ്രിവിലേജ് തൂക്കിയിട്ടിട്ടാണ് സമൂഹത്തോടുള്ള സന്ദേശത്തെ ഇവര്‍ ചോദ്യം ചെയ്യുന്നത് എന്നതാണ് വലിയ കോമഡി. സ്വന്തം കണ്ണിലെ തടി എടുത്തിട്ട് വേണം അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍ എന്നോ മറ്റോ ബൈബിളില്‍ യേശുക്രിസ്തുവോ മറ്റോ പറഞ്ഞതാണ് ഓര്‍മ വരുന്നത്.

അടുത്തത് ഷക്കീലയുടെ തെറ്റുകള്‍ ആണ്. പോണ്‍ സിനിമയില്‍ അഭിനയിച്ചു എന്നതാണ് തെറ്റ്, നിയമം അനുശാസിക്കുന്ന തരത്തിലുള്ള സിനിമകള്‍ ആണ് അവര്‍ അഭിനയിച്ചത് എന്നതൊരു വശം, എന്നാലും പോണ്‍ മൂവീസ് എന്ന വസ്തുത അവിടെ നില്‍പ്പുണ്ട്.

എന്റെ ചോദ്യം ഇതാണ്, ഇതില്‍ ഷക്കീല മാത്രം തെറ്റ് ആയത് എങ്ങനെയാണ്. ഷക്കീല ദുര്‍നടപ്പുകാരിയും വേശ്യയും ആണെങ്കില്‍ അത് കാണാന്‍ തലയില്‍ മുണ്ടുമിട്ട് പോയവരൊക്കെ ഏത് ഗണത്തില്‍ ആണ് ഉള്‍പ്പെടുക. പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നവര്‍ വേശ്യയും മോശക്കാരിയും കാണുന്നവര്‍ പുണ്യാളന്മാരും എന്ന ലൈന്‍. കാണാന്‍ ആളുള്ളത് കൊണ്ടാണല്ലോ ഇത്തരം സിനിമകള്‍ ഉണ്ടാകുന്നത്? അത്തരം സിനിമകളുടെ യുഗം അവസാനിച്ചത് കൊണ്ട് ഇപ്പോള്‍ മെയിന്‍ സ്ട്രീം സിനിമകളിലും സെക്സ് പലരീതിയില്‍ കടന്നു വരുന്നുണ്ട് എന്നതാണ് സത്യം. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലുള്ള സെക്സ് സീനുകള്‍ അല്ല ഞാന്‍ ഉദ്ദേശിച്ചത്.

ഷക്കീല എന്തോ വലിയ പാതകി എന്ന രീതിയിലുള്ള മുന്‍വിധി വെച്ചുകൊണ്ട് പരിഹാസത്തിന്റെ ചുവയില്‍ മാത്രമെത്തിയ ഒരു ഷോ ഓഫ് എന്നല്ലാതെ രഞ്ജിനി മേനോന്റെ ചോദ്യങ്ങളെ കണക്കാക്കാന്‍ പോലും കഴിയില്ല. 2001ല്‍ പോണ്‍ മേഖല വിട്ട ഷക്കീലയെ ഇപ്പോഴും തുണ്ട് നടി എന്ന നിലയില്‍ വിലയിരുത്തിക്കൊണ്ടുള്ള, സമൂഹത്തിന്റെ പ്രതിനിധി ആയി സ്വയം ചമഞ്ഞുള്ള പ്രസ്തുത വ്യക്തിയുടെ സമൂഹത്തോടുള്ള സന്ദേശത്തേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങിയത് ഷക്കീലയുടെ ഈ വാക്കുകള്‍ ആയിരുന്നു.

"ഏതാണ്ട് 1500-ഓളം ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്, എനിക്ക് ഭര്‍ത്താവ് ഇല്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം, പക്ഷെ ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞത് 1500-ഓളം ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ ഉണ്ടാവും. എനിക്ക് അത് മതി". രഞ്ജിനി മേനോന്‍ എന്ന കപട സദാചാരത്തിന്റെ പൊതുബോധ മുഖത്തിന്റെ വാഗ്വാദങ്ങളെക്കാള്‍ ഉച്ചത്തില്‍ അലയടിക്കുന്നത് ഷക്കീലയുടെ ഈ വാക്കുകള്‍ ആവും.

പ്രതിപക്ഷ ബഹുമാനം എന്നൊരു സംഗതിയുണ്ട്, നമ്മളെന്തൊ വലിയ ആളാണ് എന്നു ചിന്തിച്ച് വെറുതെ ഛര്‍ദ്ദിച്ചു വെക്കുന്നത് മുന്നില്‍ ഇരിക്കുന്ന ആളുടെ അന്നത്തിലേക്കാണോ എന്ന് നോക്കാനുള്ള മിനിമം മര്യാദ എങ്കിലും ആളുകള്‍ പരസ്പരം കാണിക്കണമെന്നാണ് എന്റെ പക്ഷം.

ഏതായാലും സമീപകാലത്ത് കണ്ട ഏറ്റവും മികച്ചൊരു ടോക് ഷോ ആയി ഞാനിതിനെ വിലയിരുത്തുന്നത് ഷക്കീലയുടെ വളരെ ഓപ്പണ്‍ ആയിട്ടുള്ള സംസാരം കൊണ്ടാണ്. അവരുടെ സിനിമയും കുടുംബവും പ്രണയവും മദ്യപാനവും എല്ലാം ഈ പ്രോഗ്രാമില്‍ ചര്‍ച്ച ആവുന്നതിനൊപ്പം രഞ്ജിനി മേനോനെ പോലുള്ള ആളുകളുടെ മുന്‍വിധികളും നമുക്ക് മനസിലാക്കാന്‍ സാധിക്കും. നമ്മള്‍ കാണാത്ത, നമ്മള്‍ അറിയാത്ത, ഞാന്‍ പ്രതിപാദിക്കാത്ത ഒത്തിരി കാര്യങ്ങള്‍ രണ്ട് എപ്പിസോഡുകളില്‍ ആയി ഈ പ്രോഗ്രാമില്‍ കാണാവുന്നതാണ്.

ഷക്കീലയെ നാളെ തന്നെ ചില്ല് കൂട്ടിലേക്ക് എടുത്ത് വെച്ചു വാഴ്ത്തണം എന്നൊന്നും അഭിപ്രായമില്ലെങ്കിലും ഈ പ്രോഗ്രം കണ്ടാല്‍ നിങ്ങള്‍ക്കും ഒരു സെക്കന്‍ഡ് എങ്കിലും ഷക്കീലയെ മറ്റൊരു കണ്ണിലൂടെ കാണാന്‍ സാധിച്ചേക്കും. സമയമുള്ളവര്‍ ചുമ്മാ കണ്ടു നോക്കു.

(ലേഖകന്‍ MOVIE STREET https://www.facebook.com/groups/moviestreetlive/ എന്ന ഫേസ്ബുക്ക് പേജില്‍ എഴുതിയത്)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories