TopTop
Begin typing your search above and press return to search.

കണ്ണന്താനം സാര്‍, സെന്‍കുമാറിന്റെ ഡി എന്‍ എയെ കുറിച്ചറിയാന്‍ അമിത് ഷായോട് ചോദിക്കൂ, എന്തിന് മലയാളിയുടെ നെഞ്ചത്ത് കയറുന്നൂ...

കണ്ണന്താനം സാര്‍, സെന്‍കുമാറിന്റെ ഡി എന്‍ എയെ കുറിച്ചറിയാന്‍ അമിത് ഷായോട് ചോദിക്കൂ, എന്തിന് മലയാളിയുടെ നെഞ്ചത്ത് കയറുന്നൂ...

അംഗീകാരം ലഭിക്കുന്നവരെ അപമാനിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്‌നമാണെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരിക്കുന്നത്. നമ്പി നാരായണന് ലഭിച്ച പത്മഭൂഷണ്‍ മലയാളിക്കുള്ള അംഗീകാരമായി കാണണമെന്നും കണ്ണന്താനം പറയുന്നു. മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെ ലക്ഷ്യമിട്ടാണ് കണ്ണന്താനത്തിന്റെ ഈ പ്രസ്താവനയെന്ന് വ്യക്തം. സെന്‍കുമാറിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ബിജെപി അംഗമല്ലാത്തതിനാല്‍ അത് ബിജെപിയുടെ അഭിപ്രായമായി കണക്കാക്കരുതെന്നുമാണ് മന്ത്രിക്ക് പറയാനുള്ളത്. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അമൃതില്‍ വിഷം കലക്കിയതുപോലെയാണ് നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ ബിജെപി ടിക്കറ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സെന്‍കുമാര്‍ പരിഹസിച്ചത്. ഇങ്ങനെ പോയാല്‍ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കും ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാം എന്നിവര്‍ക്കും വധശിക്ഷ ലഭിക്കോമോയെന്ന് തനിക്ക ആശങ്കയുണ്ടെന്നാണ് സെന്‍കുമാര്‍ പറയുന്നത്. സെന്‍കുമാര്‍ പറയുന്നത് അബദ്ധമാണെന്നായിരുന്നു ഇതേക്കുറിച്ച് നമ്പി നാരായണന്‍ പ്രതികരിച്ചത്. താന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിയാണ് സെന്‍കുമാറെന്നും നമ്പി ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപിയുടെ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറാണ് നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്. ഇതിന്റെ രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് കണ്ണന്താനം സെന്‍കുമാറിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

ഇനി കണ്ണന്താനത്തിന്റെ പ്രസ്താവനയിലേക്ക് നമുക്ക് മടങ്ങിവരാം. മലയാളികള്‍ക്ക് ജനിതകത്തകരാറുണ്ടെന്നാണ് കണ്ണന്താനത്തിന്റെ കണ്ടെത്തല്‍. സെന്‍കുമാര്‍ പറഞ്ഞ അബദ്ധത്തെ മൊത്തം മലയാളി സമൂഹത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ് കണ്ണന്താനം ചെയ്തിരിക്കുന്നത്. കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നെങ്കിലും സമ്പൂര്‍ണ സാക്ഷരത എന്ന സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിലേക്ക് മലയാളികളെ കൈപിടിച്ച് നടത്തിച്ചത് കണ്ണന്താനമാണെങ്കിലും അദ്ദേഹത്തിന് കുറച്ചുകാലമായി മലയാളികളോട് വലിയ താല്‍പര്യമൊന്നുമില്ല. പ്രത്യേകിച്ചും ബിജെപിയില്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയായതിനെ ഏറ്റവുമധികം വിമര്‍ശിച്ചും പരിഹസിച്ചതും മലയാളികളാണെന്നതിനാല്‍. ബിജെപി നേതാക്കള്‍ അനങ്ങുന്നത് പോലും മലയാളികള്‍ ട്രോളാക്കുന്ന സാഹചര്യത്തിലാണ് നമുക്ക് പുതിയൊരു ഇരയെ വീണുകിട്ടിയത്. ഡല്‍ഹിയില്‍ നിന്നും മടങ്ങിവന്ന് കണ്ണന്താനത്തിന്റെ മലയാളികള്‍ക്ക് അത്യാവശ്യം റിലാക്‌സേഷനൊക്കെ നല്‍കിയപ്പോള്‍ ഇവിടെ അതും ട്രോളായി.

മുമ്പ് ബിഹാറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ബിഹാറികള്‍ക്ക് ജനിതക തകരാറുണ്ടെന്നാണ് അന്ന് മോദി പരിഹസിച്ചത്. അന്ന് എന്‍ഡിഎയെ മഹസഖ്യത്തിലൂടെ നേരിട്ട ലാലുപ്രസാദ് യാദവും നിതിഷ് കുമാറും ബിഹാര്‍ ജനതയ്ക്ക് നേരെയുള്ള പ്രധാനമന്ത്രിയുടെ ഈ അധിക്ഷേപ വാക്കുകളാണ് മുഖ്യ ആയുധമാക്കിയത്. തെരഞ്ഞെടുപ്പ് ഫലത്തിലും അത് പ്രതിഫലിച്ചു. 2010ലേതില്‍ നിന്നും 59 സീറ്റുകള്‍ അധികമായി ലാലുവിന്റെ രാഷ്ട്രീയ ജനതാദള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് 45 സീറ്റ് കുറഞ്ഞ് 70 സീറ്റുകള്‍ മാത്രമാണ് നേടിയതെങ്കിലും മഹാസഖ്യത്തിന്റെ ധാരണപ്രകാരം മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ സുശീല്‍ മോദി നേതൃത്വം നല്‍കിയ ബിജെപിയുടെ നേതൃത്വത്തിലെ എന്‍ഡിഎയ്ക്ക് 53 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2000ലെ തെരഞ്ഞെടുപ്പില്‍ നിന്നും 38 സീറ്റുകള്‍ കുറവ്.

ഇപ്പോള്‍ അല്‍ഫോണ്‍സ് കണ്ണന്താനം മലയാളികള്‍ക്ക് ജനിതക പ്രശ്‌നമുണ്ടെന്ന് പറയുന്നതിനെ ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. മുമ്പ് തനിക്കെതിരെ തുടര്‍ച്ചയായി ട്രോളുകള്‍ ഇറങ്ങിയപ്പോള്‍ കണ്ണന്താനത്തിന് മലയാളികള്‍ വിവരമില്ലാത്തവരും അലസന്മാരും വെറുതെയിരുന്ന് ട്രോളുകളുണ്ടാക്കുന്നവരുമായിരുന്നു. ഇപ്പോഴിതാ ജനിതക തകരാര്‍ ഉള്ളവരായി മാറിയിരിക്കുന്നു. നമ്പി നരായണനെതിരായ സെന്‍കുമാറിന്റെ പ്രസ്താവനയെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ല എന്നിരിക്കെ തന്നെ സെന്‍കുമാറിന്റെ ചിന്തയെ മുഴുവന്‍ മലയാളികളുടെയും തലയില്‍ കെട്ടിവയ്ക്കുന്ന കണ്ണന്താനത്തെയും അംഗീകരിക്കാനാകില്ല. രാഷ്ട്രീയ കേരളം നമ്പി നാരായണനോട് ചെയ്തതിനെ കുറ്റബോധത്തോടെ നോക്കിക്കാണുകയും ഇപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച നീതിയില്‍ സന്തോഷിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹം കേരളത്തിലുണ്ടെന്ന് കണ്ണന്താനം മറക്കരുത്. മോദിയുടെ ജനിതക തകരാര്‍ പരാമര്‍ശം ബിഹാറില്‍ ബിജെപിയ്ക്ക് തിരിച്ചടിയായെങ്കില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് പ്രതീക്ഷിക്കുന്ന ഒരു പൊതുതെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. മലയാളികള്‍ക്ക് ജനിതക തകരാറുണ്ടോ ഇല്ലയോയെന്ന് ബിജിപിക്ക് ഈ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും.


Next Story

Related Stories