TopTop
Begin typing your search above and press return to search.

അയ്യപ്പന് വേണ്ടി കാവിയുടുത്ത് പുതുതാരങ്ങള്‍: അമൃതാനന്ദമയി, സെന്‍കുമാര്‍, പ്രിയദര്‍ശന്‍..

അയ്യപ്പന് വേണ്ടി കാവിയുടുത്ത് പുതുതാരങ്ങള്‍: അമൃതാനന്ദമയി, സെന്‍കുമാര്‍, പ്രിയദര്‍ശന്‍..

ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് സംഘപരിവാറിന്റെ നീക്കം. അതിനായി വിഖ്യാത ആള്‍ദൈവം മാതാ അമൃതാനന്ദമയിയെയും മുന്‍ ഡിജിപി സെന്‍കുമാറിനെയം സംവിധായകന്‍ പ്രിയദര്‍ശനെയും കര്‍മ്മ സമിതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമൃതാന്ദമയിയെ സമിതിയുടെ രക്ഷാധികാരിയായും സെന്‍കുമാറും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസുകാരനുമായ കെ എസ് രാധാകൃഷ്ണന്‍ ഉപാധ്യക്ഷന്മാരാണ്. പ്രിയദര്‍ശന്‍ സമിതി അംഗവും. കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എന്‍ കുമാര്‍ ആണ് സമിതി അധ്യക്ഷന്‍. പന്തളം കൊട്ടാരം പ്രതിനിധി പിജി ശശികുമാര വര്‍മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി തുടങ്ങിയവരാണ് രക്ഷാധികാരികള്‍. മുന്‍ വനിതാകമ്മീഷന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജ്ജന്‍ മാര്‍ത്താണ്ഡന്‍ പിള്ള തുടങ്ങി ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരും സംഘപരിവാര്‍ അനുകൂലികളുമാണ് സമിതിയിലുള്ളത്.

ശബരിമലയുടെ പേരില്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന ബിജെപി വളരെ ആസൂത്രിതമായി നടത്തുന്ന ഒരു നീക്കമായാണ് ഇതിനെ കണക്കാക്കേണ്ടത്. ആത്മീയ വ്യവസായിയെന്നും ആള്‍ദൈവമെന്നുമെല്ലാം അറിയപ്പെടുന്നുണ്ടെങ്കിലും അമൃതാനന്ദമയിയും അവരുടെ ആശ്രമവും ഒരുകാലത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിറത്തിന് കീഴിലായിരുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവര്‍ അവരുടെ വിശ്വാസികളായുണ്ടായിരുന്നു. എന്നാല്‍ അമൃതാനന്ദമയിയെ കാവി പുതപ്പിക്കുന്നതിലൂടെ ലക്ഷക്കണക്കിന് വരുന്ന അവരുടെ ആരാധകര്‍ കൂടിയാണ് കാവിയണിയാന്‍ നിര്‍ബന്ധിതരാകുന്നത്. വിശ്വാസം ഒരു അന്ധമായ വികാരമായതിനാല്‍ തന്നെ 'അമ്മ'യുടെ നീക്കത്തിനൊപ്പമെന്ന ചിന്തയാകും വിശ്വാസികള്‍ക്ക് ഉണ്ടാകാനിടയുള്ളതും. അവര്‍ക്ക് അമൃതാനന്ദമയി ചെയ്യുന്നതാണ് ശരി എന്നതാണ് ഇവിടുത്തെ പ്രശ്‌നം.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കുന്നതിനെ എതിര്‍ക്കുന്നവരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ആദ്യം വിധി സ്വാഗതം ചെയ്ത നിലപാട് തിരുത്തി രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിത്തിരിച്ചത്. എന്‍എസ്എസ് നടത്തിയ നാമജപ സമരത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ഭക്തരിലാണ് അവരുടെ കണ്ണ്. ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യുന്നത് രാഷ്ട്രീയ ഭേദമന്യേ ഭക്തന്മാരാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു അവരുടെ തുടക്കം മുതലുള്ള സ്ട്രാറ്റജി. എന്നാല്‍ നാമജപ സമരത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചില്ലെന്ന് ബിജെപി നടത്തുന്ന ശബരിമല സമരങ്ങളില്‍ നിന്നു തന്നെ വ്യക്തമായതാണ്. ഇന്ന് പാര്‍ട്ടിയുടെ എംപിയായ സുരേഷ് ഗോപി ശോഭാ സുരേന്ദ്രന്‍ നിരാഹാരമിരിക്കുന്ന സമരപ്പന്തലില്‍ വന്നിട്ട് പോലും നൂറില്‍ താഴെ പേര്‍ മാത്രമാണ് സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നത്. പ്രതിദിനം മൂവായിരത്തിലധികം പേരെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തിക്കുമെന്നാണ് സമരം തുടങ്ങുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ശബരിമലയെ കേരളത്തിലെ അയോധ്യയാക്കി നേട്ടം കൊയ്യാമെന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടും സ്വന്തം അണികളെ പോലും സമരപ്പന്തലിലേക്ക് ആകര്‍ഷിക്കാനാകാത്തതിന്റെ ക്ഷീണം തീര്‍ക്കേണ്ടത് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ്.

https://www.azhimukham.com/blog-what-is-the-relation-between-b-gopalakrishnan-and-sasikumara-varma-on-accusation-about-manithi/

ടി പി സെന്‍കുമാര്‍ ഒരു ബിജെപി നേതാവ് എന്ന രീതിയില്‍ നിലവില്‍ അറിയപ്പെടുന്നില്ലെങ്കിലും ഏത് ദിവസവും ആ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നുവെന്നതിനാല്‍ സംഘപരിവാര്‍ അനുകൂലികള്‍ സെന്‍കുമാര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കാറുമുണ്ട്. സിനിമകളിലൂടെ വളരെ പരസ്യമായി തന്നെ തന്റെയുള്ളിലെ ഹിന്ദുത്വ മനസ് തുറന്ന് കാട്ടിയിട്ടുണ്ട് പ്രിയദര്‍ശന്‍. ഫ്യൂഡലിസത്തോടും ജാതിമേല്‍ക്കോയ്മയോടും പ്രയദര്‍ശനുള്ള വിധേയത്വം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകും. കോണ്‍ഗ്രസ് അനുകൂലിയാണെങ്കിലും ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നുവെന്നതാണ് കെ എസ് രാധാകൃഷ്ണനില്‍ ബിജെപി കാണുന്ന പ്രത്യേകത. അടുത്തുതന്നെ ബിജെപിയിലേക്ക് അംഗത്വം എടുക്കുമെന്നു കരുതപ്പെടുന്നയാളാണ് രാധാകൃഷ്ണന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഇവരൊന്നും ബിജെപി നേതാക്കളോ പ്രവര്‍ത്തകരോ അല്ല. ഇത് ബിജെപിയ്ക്ക് വേണ്ടിയല്ല ശബരിമലയ്ക്ക് വേണ്ടിയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ അതിനാല്‍ തന്നെ അവര്‍ക്ക് സാധിക്കുകയും ചെയ്യും. പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു രാഷ്ട്രീയ അജണ്ടയെ തന്ത്രപൂര്‍വം പ്രാവര്‍ത്തികമാക്കുകയാണ് ബിജെപി ശബരിമല കര്‍മ്മ സമിതിയിലൂടെ.

ശബരിമല വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുകയെന്നതാണ് കര്‍മ്മ സമിതിയെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത് കൊണ്ട് അവര്‍ ലക്ഷ്യമിടുന്നത്. രാജ്യവ്യാപകമായും അന്താരാഷ്ട്ര തലത്തിലും ആരാധകരുള്ള അമൃതാനന്ദമയി സമിതിയുടെ രക്ഷാധികാരിയാകുമ്പോള്‍ രാഷ്ട്രീയ ഭേദമന്യേ പലരും ഇതിലേക്ക് അറിയാതെ തന്നെ വരികയാണ്. മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പ് പോലെ മറ്റൊരു തന്ത്രമാണ് ഇത്. അമൃതാനന്ദമയിയെ പിന്തുടരുന്നവരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും അങ്ങനെ വരുമ്പോള്‍ ജനകീയ പിന്തുണ ഒറ്റയടിക്ക് ലക്ഷങ്ങള്‍ വര്‍ധിക്കുമെന്നതുമാണ് ആ തന്ത്രം. അമൃതാനന്ദമയിക്കാണെങ്കില്‍ തന്റെ ആത്മീയ വ്യവസായത്തിന് ചേരുന്ന ഏറ്റവും നല്ല കൂട്ട് ബിജെപിയാണ്. പിണറായി സര്‍ക്കാരിനെ പ്രീതിപ്പെടുത്താന്‍ അവര്‍ക്ക് ഒരുകാലത്തും സാധിക്കില്ലെന്നതാണ് അതിന് കാരണം. സത്‌നാം സിംഗിന്റെ മരണം പോലെ മഠത്തെ സംശയത്തില്‍ നിര്‍ത്തുന്ന നിരവധി കേസുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ പല ആള്‍ദൈവങ്ങളും നിയമക്കുരുക്കില്‍പ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ദൃഢമാക്കുകയാണ് അവരുടെ ലക്ഷ്യം. കൂടാതെ ഇവരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നികുതിക്കുരുക്കുകളും ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങളുമെല്ലാം ഇടയ്ക്കിടെ ഉയര്‍ന്നു വരുന്നുണ്ട്.

സ്വന്തം നിലനില്‍പ്പിനായി വെള്ളവസ്ത്രം ഊരിയെറിഞ്ഞ് കാവിയുടുക്കാമെന്ന രാഷ്ട്രീയം മാത്രമാണ് ഈ ആത്മീയ വ്യവസായിയുടേത്. ലാഭം നേടുകയെന്നത് മാത്രമാണല്ലോ ഏതൊരു വ്യവസായിയുടെയും ആത്യന്തിക ലക്ഷ്യം.

https://www.azhimukham.com/blog-ladies-who-tries-to-meet-chief-minister-attacked-in-railway-station-bjp-continues-their-vulgar-strike/

https://www.azhimukham.com/newswrap-bjp-to-appoint-tp-senkumar-as-governor-report-saju-komban/


Next Story

Related Stories