TopTop
Begin typing your search above and press return to search.

അമൃത വര്‍ഷിണിയുടെ പോരാട്ടം തന്റെ ഭര്‍ത്താവിനെ കൊന്ന പിതാവിനെ ജയിലിലടയ്ക്കാന്‍ മാത്രമല്ല ജാതീയതയെ തൂത്തെറിയാന്‍ കൂടിയാണ്‌

അമൃത വര്‍ഷിണിയുടെ പോരാട്ടം തന്റെ ഭര്‍ത്താവിനെ കൊന്ന പിതാവിനെ ജയിലിലടയ്ക്കാന്‍ മാത്രമല്ല ജാതീയതയെ തൂത്തെറിയാന്‍ കൂടിയാണ്‌

'താന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മ മറ്റ് ജാതികളിലുള്ള കുട്ടികളോട് സംസാരിക്കാനോ കൂട്ടുകൂടാനോ സമ്മതിക്കാറില്ലായിരുന്നു. പ്രണോയിയുടെ കാര്യം വീട്ടില്‍ അറിഞ്ഞപ്പോഴും അവര്‍ ശക്തമായി എതിര്‍ത്തു. പക്ഷെ, അവന്റെ ജാതി ഏതാണെന്നോ, കുടുംബത്തിന് എത്ര പണമുണ്ടെന്നോ ഒന്നും ഞാന്‍ നോക്കിയില്ലായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം ഒരുപാടിഷ്ടമായിരുന്നു. അത് മതിയായിരുന്നു.' ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ദുരഭിമാനക്കൊലപാതകങ്ങളെ കുറിച്ച് ബിബിസി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഹൈദരാബാദില്‍ ദുരഭിമാന കൊലപാതകത്തിന് ഇരയായ അമൃത പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ സെപ്തംബര്‍ മാസമാണ്, ഗര്‍ഭിണിയായ അമൃത ഭര്‍ത്താവ് പ്രണോയിയോടൊപ്പം ഹോസ്പിറ്റലില്‍ പോയി വരുമ്പോള്‍ തന്റെ കണ്‍മുമ്പില്‍ വെച്ച് അച്ഛന്‍ പറഞ്ഞുവിട്ട വാടക ഗുണ്ടകളാല്‍ ഭര്‍ത്താവ് കൊലചെയ്യപ്പെടുന്നത് കാണേണ്ടി വന്നത്. ഇരുപത്തിയൊന്ന് വയസ്സ് മാത്രമേ പ്രായം ഉള്ളൂ അമൃത വര്‍ഷിണിക്ക്.

അമൃതയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ് : I am more concerned about my status in the society than my daughter. I am not worried killing Pranay, I was prepared to go to jail and planned the murder. ഈ ദുരഭിമാന ബോധത്തെ ഒക്കെയാണ് ബ്രാഹ്മണ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രണോയ്ക്ക് നീതി ലഭിക്കാനും പോരാട്ടങ്ങളെ ഏകോപിപ്പിക്കാനുമായി 'ജസ്റ്റിസ് ഫോര്‍ പ്രണോയ്'എന്ന പേരില്‍ അമൃത ഒരു ഫേസ്ബുക്ക് പേജ്/ഗ്രൂപ്പ് തുടങ്ങിയിരുന്നു.

തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അച്ഛനെതിരെ കഴിഞ്ഞ നാല് മാസക്കാലമായി അമൃത ക്യാമ്പെയിന്‍ നടത്തി വരുന്നു. ജസ്റ്റിസ് ഫോര്‍ പ്രണോയ് ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ് അമൃത ഇന്നലെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവച്ചത്.

എന്ത് സംഭവിച്ചാലും കുഞ്ഞിനെ വളര്‍ത്തുമെന്നും അച്ഛന്‍ ഉള്‍പ്പെടെ ജാതിഭ്രാന്ത് പിടിച്ചവര്‍ അഴിയെണ്ണുന്നത് തനിക്ക് കാണണമെന്നും അമൃത പറയുന്നു.

എനിക്ക് ജാതിയൊന്നുമില്ല ഞാന്‍ ജാതിയിലൊന്നും വിശ്വസിക്കുന്നുമില്ല എന്നൊക്കെ പറയാന്‍ വളരെ എളുപ്പമാണ് പക്ഷെ നമുക്ക് ജാതിയെ ഇല്ലാതാക്കണം, വേരോടെ പിഴുതെറിയണം, ഇവിടെ അതിരൂക്ഷമായ ജാതീയത നിലവിലുണ്ട് അത് മനുഷ്യനെ സ്വതന്ത്രനായി ജീവിക്കാന്‍ ഒരു തരത്തിലും അനുവദിക്കുന്നില്ല. എന്നൊക്കെ പറയണമെങ്കില്‍ തീര്‍ച്ചയായും ജാതിയുടെ തീവ്രത എന്തെന്ന് തിരിച്ചറിയാന്‍ കഴിയണം.

ജാതിശ്രേണിയില്‍ അതിന്റെ പ്രിവിലേജുകളില്‍ കഴിയുന്നയാള്‍ക്ക് ഒരിക്കലും അനുഭവിച്ചറിയാന്‍ കഴിയാത്തതാണ് അതിന്റെ ഇരകളുടെ അവസ്ഥ.

തനിക്ക് ജാതിയില്ല എന്ന് പുരോഗമനം പറയുന്നവര്‍ കുറഞ്ഞപക്ഷം ജാതിയില്‍ താഴ്ന്നവരെന്ന് പറയുന്ന ആളുകളെ വിവാഹം കഴിച്ച് വിപ്ലവം കാണിക്കാന്‍ തയ്യാറാകുമോ എന്നതാണ് തിരിച്ചുള്ള ചോദ്യം.

അവിടെയാണ് അമൃതയും കൗസല്യയും ആതിരയും നീനുവും പിന്നെ അനേകായിരം പേര്‍ കടന്നു പോയ തീവ്രമായ സാഹചര്യങ്ങള്‍ പതിയിരിക്കുന്നത്.

ജാതി പ്രിവിലേജുകളില്‍ ജീവിച്ച് പഴയതുപോലെ ഇവിടെ ജാതിയും, ജാതീയ പ്രശ്‌നങ്ങളും ഇല്ലെന്ന് പറയുന്നത്, ഒരു പുരുഷനായി ജീവിച്ച് അതില്‍ ലഭിക്കുന്ന എല്ലാത്തരം പ്രിവിലേജുകളിലും മുഴുകി പഴയതുപോലെ ഇവിടെ സ്ത്രീകള്‍ വലിയ പ്രശ്‌നങ്ങളൊന്നും അനുഭവിക്കുന്നില്ല എന്ന് അഭിപ്രായപ്പെടുന്നത് പോലെയാണ്.

ജാതീയതയ്‌ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് അമൃത പ്രഖ്യാപിച്ചു കഴിഞ്ഞു. ജാതീയതയാണ് പ്രണോയിയെ കൊന്നത് ജാതിയെ വേരോടെ പിഴുതെറിയണം. അംബേദ്കര്‍ മുന്‍പോട്ടുവച്ച പാതയിലൂടെയേ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ ജാതീയതയെ, അത്തരം മനോഭാവത്തെ നമുക്ക് തകര്‍ത്തെറിയാന്‍ കഴിയൂ എന്ന് അമൃത വര്‍ഷിണി പറയുന്നു.

അമൃതയ്ക്കും, കൗസല്യയ്ക്കും ഒക്കെ ഇങ്ങനെ പറയാന്‍ കഴിയുന്നത്, ഉയര്‍ന്ന സാമൂഹിക ചുറ്റുപാടില്‍ ജനിച്ചിട്ടും തങ്ങളുടെ ജീവിതത്തില്‍ ജാതീയതയുടെ തീവ്രത അടുത്തറിഞ്ഞത് കൊണ്ടാണ്. നമുക്ക് ജാതിയില്ല എന്ന കാപട്യത്തില്‍ നിന്ന് ജാതിയെ ഇല്ലാതാക്കണമെന്ന ആത്മാര്‍ത്ഥമായ ഇടപെടലുകളാണ് നമുക്ക് വേണ്ടത്, അവിടെ മാത്രമേ അമൃതയുടെയും, പ്രണോയിയുടെയും കുഞ്ഞ് ഉള്‍പ്പെടെ ഇനിയും ഈ ദേശത്ത് ജന്‍മം കൊള്ളുന്ന തലമുറകള്‍ക്ക് ഇവിടെ സ്വതന്ത്രമായ ജീവിതം സാധ്യമാകൂ..


Next Story

Related Stories