അമൃതാനന്ദമയി എന്ന ആള്‍ദൈവം വിമര്‍ശനങ്ങള്‍ക്ക് അതീതയല്ല. അവരെ വിമര്‍ശിക്കാന്‍ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട് താനും. അവരുടെ ആള്‍ദൈവ പരിവേഷത്തെയും ആശ്രമത്തിന്റെയും അതിന് കീഴിലെ സ്ഥാപനങ്ങളുടെയും മറവില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളുമെല്ലാം വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്. ആശുപത്രികളില്‍ മതിയായ വേതനമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാരും മറ്റ് ജീവനക്കാരുമെല്ലാം ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. സത്നാം സിംഗിന്റെ കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളും ഇവരെ വിമര്‍ശിക്കാനുള്ള മതിയായ കാരണങ്ങളാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അവര്‍ക്ക് താല്‍പര്യമുള്ള ഏതൊരു വേദിയില്‍ ചെന്നിരിക്കാനും പിന്തുണ പ്രഖ്യാപിക്കാനും അവകാശമുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ സമൂഹത്തിന് അവരുടെ ബിജെപി ചായ്വും ആത്മീയ ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ രാഷ്ട്രീയ വേദിയിലെ പങ്കാളിത്തവുമെല്ലാം വിമര്‍ശിക്കാവുന്നതാണ്. എന്നാല്‍ അവരെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ‘കടപ്പുറം സുധാമണി’ എന്ന പേരാണ്. ഈ പ്രയോഗം മുമ്പും അമൃതാനന്ദമയിയെ വിമര്‍ശിക്കാന്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
2019 ല്‍ പുത്തരിക്കണ്ടം മൈതാനത്തില്‍ അയ്യപ്പ കര്‍മ്മ സമിതി നടത്തിയ അയ്യപ്പ ഭക്ത സംഗമം ഒന്നാം പിണറായി സര്‍ക്കാരിനെതിരേ സംഘപരിവാര്‍ സംഘടിപ്പിച്ച വേദിയായിരുന്നു. ആ ചടങ്ങ് ഉദ്ഘാടനം ചെയ്ത അമൃതാനന്ദമയി സര്‍വവ്യാപിയായ ഈശ്വരനെയും ക്ഷേത്രത്തിനുള്ളിലെ ഈശ്വരനെയും മത്സ്യവുമായി താരതമ്യം ചെയ്തു സംസാരിച്ചിരുന്നു. സര്‍വവ്യാപിയായ ഈശ്വരന്‍ കടലിലെ മത്സ്യം പോലെയാണെന്നും ക്ഷേത്രത്തിനുള്ളിലെ ഈശ്വരന്‍ ടാങ്കിനുള്ളിലെ മത്സ്യം പോലെയാണെന്നും ടാങ്കിനുള്ളിലെ മത്സ്യത്തിന് ഭക്ഷണവും വെള്ളവും ഓക്സിജനും കൊടുത്ത് പരിപാലിക്കേണ്ടതുണ്ടെന്നും അവരുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനാണ് അവര്‍ ഇത്തരമൊരു ഉപമ സ്വീകരിച്ചതെന്ന് തോന്നുന്നു. ഈ പരാമര്‍ശങ്ങള്‍ ‘കടപ്പുറം സുധാമണി’ എന്ന പേരിനൊപ്പം ചേര്‍ത്ത് അവരെ പരിഹസിക്കാനുള്ള കാരണമാക്കിയിരുന്നു. അതില്‍ കടുത്ത ഇടതുപക്ഷ അനുഭാവികള്‍ പോലുമുണ്ടായിരുന്നു.
ഇപ്പോള്‍ മാതാ അമൃതാനന്ദമയി എന്ന് അറിയപ്പെടുന്ന സുധാമണി മുക്കുവ കുടുംബത്തില്‍ നിന്നും വരുന്ന സ്ത്രീയാണ്. കടപ്പുറം സുധാമണിയില്‍ നിന്നും മത്സ്യത്തെക്കുറിച്ചല്ലാതെ മറ്റെന്ത് കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത് എന്നൊക്കെയായിരുന്നു അന്നുയര്‍ന്ന ചോദ്യങ്ങള്‍. ചിലര്‍ സ്ത്രീവരുദ്ധത പറയുകയല്ല എന്നാല്‍ ഇവരെ അങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ലെന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് ഈ ‘വിശേഷണം’ ഉപയോഗിച്ചിരുന്നതെന്നതും കൗതുകകരമാണ്.
എന്നാല്‍ സ്ത്രീവിരുദ്ധത പറയുകയല്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ ഇവരെ ‘കടപ്പുറം സുധാമണി’ എന്ന് വിളിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത മാത്രമല്ല, പ്രാദേശികമായോ സാമുദായികമായോ തൊഴില്‍പരമായോ ഉള്ള വിരുദ്ധത കൂടി മനസിലാക്കേണ്ടതുണ്ട്. കാരണം ഇവിടെ അപമാനിക്കപ്പെടുന്നത് ഒരു സുധാമണി മാത്രമല്ല, പകരം കടല്‍തീരത്ത് ജീവിക്കുകയും കടലിനെ ഉപജീവന മാര്‍ഗ്ഗമാക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജനങ്ങള്‍ കൂടിയാണ്. കടപ്പുറത്ത് മീന്‍ പെറുക്കി ജീവിക്കുന്ന സ്ത്രീ ആത്മീയഗുരുവായാലും ആ കടലിന്റെ സ്വഭാവം വിട്ടുമാറില്ലെന്നാണ് ഈ വിമര്‍ശനങ്ങളുടെയെല്ലാം കാതല്‍. അത് സമൂഹത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ജാതി ബോധത്തിന്റെയും തൊഴില്‍ ബോധത്തിന്റെയും ഉള്ളില്‍ നിന്നും ഉയര്‍ന്നു വരുന്ന ചിന്തയാണ്. കടപ്പുറം ഭൂമിശാസ്ത്രപരമായ ഒരു പ്രദേശം മാത്രമല്ല, അത് ഒരു വിഭാഗം ജനങ്ങളുടെ തൊഴിലിടവും ആവാസ ഇടവും കൂടിയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടും ജാതിയുടെയും തൊഴിലിന്റെയും പേരില്‍ പൊതുസമൂഹത്തിനുള്ള അവജ്ഞയാണ് കടപ്പുറം സുധാമണി എന്ന വിളിയില്‍ പ്രതിഫലിക്കുന്നത്. പ്രളയമുണ്ടായപ്പോള്‍ കേരള ജനതയെ കൈപിടിച്ച് കയറ്റാന്‍ ഇതേ കടപ്പുറത്തുള്ളവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. സുധാമണി ഒരു സ്ത്രീയായതുകൊണ്ട് തന്നെ ആ വിളിയിലെ അര്‍ത്ഥം പലവിധത്തിലും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ജാതിയുടെയും ജീവിച്ച പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു സ്ത്രീയെയും അതിലൂടെ ആ വിഭാഗത്തെയും ഇത്തരത്തില്‍ അവഹേളിക്കുന്ന സമൂഹമാണ് നമ്മുടെതെങ്കില്‍ അതൊട്ടും നവോഥാനത്തിലൂന്നിയതല്ല.
(2019 ല്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനം മാറ്റങ്ങളോടെ പുനഃപ്രസിദ്ധീകരിക്കുന്നത്)
Content Summary; Mata Amritanandamayi called as ‘Kadappuram Sudhamani’ and casteist mentality of Kerala society
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.