വണ്ടിയിടിച്ച് കൊന്നതിനു ജാമ്യമില്ലാത്ത വകുപ്പില്‍ ഒരു ഐ എ എസ്സുകാരനെതിരെ കേസെടുക്കുന്നത് ഇത് കേരളമായതുകൊണ്ടാണ്
കെ എം ബഷീറിനെ എനിക്ക് പരിചയമില്ല, പക്ഷെ ബഷീറിന്റെ ജീവിതം എനിക്ക് നല്ല പരിചയമുണ്ട്.
ഒന്നര-രണ്ടു മണിയ്ക്ക് ജോലി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്കു പോകുന്ന പത്രക്കാരന്‍റെ ജീവിതമായിരുന്നു ആദ്യം ഒരെട്ടുകൊല്ലം എന്റെയും. അപൂര്‍വ്വം ചില ദിവസങ്ങളില്‍ ഭാര്യയേയും കൂട്ടും. യാത്രയുടെ പകുതിയോളം കന്റോണ്‍മെന്റ് ഏരിയ. കള്ളുകുടിച്ചു വണ്ടിയോടിച്ചാല്‍ പട്ടാളക്കാരനായാലും ഐ എ എസ്സുകാരനായാലും രക്ഷിക്കാന്‍ ആരും കാണില്ല.
പിന്നെയൊരു ഇടവേള. ഇപ്പോഴും അങ്ങിനെത്തന്നെ. ചില വ്യത്യാസങ്ങള്‍ .. സമയം ഒരിത്തിരി നേരത്തെ, ബൈക്കിനു പകരം എയര്‍ബാഗുള്ള കാറില്‍. ഒരിടിയ്ക്കു ചാകാന്‍ വഴിയില്ല.
ഇടിച്ചുകൊല്ലാന്‍ രാജാക്കന്മാരില്ലാത്തതുകൊണ്ടു ജീവിതം നീണ്ടുകിട്ടിയ ഒരു സഹപ്രവര്‍ത്തകന്റെ ആദരാഞ്ജലികള്‍.
പ്രതി വിസമ്മതം പ്രകടിപ്പിച്ചല് രക്തപരിശോധനയ്ക്കു നിയമപരമായ ചില ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്നു നാട്ടുകാരോട് പറഞ്ഞു പ്രതിരോധിക്കാന്‍ പോലീസ് കമ്മീഷണര്‍ ഉള്ള മനുഷ്യര്‍ ഇന്ത്യയില്‍ ഏതാനും ചില ആയിരങ്ങളെ ഉണ്ടാകൂ. പരീക്ഷയെഴുതി ജനാധിപത്യത്തില്‍ രാജാക്കന്മാര് ആകുന്ന ജന്മങ്ങള്.
എന്താണ് പോലീസുകാരന് പറഞ്ഞത്? എന്താണ് ഹേ, നിയമം?
മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്. വകുപ്പുകള്‍ 203, 204
പൊതുസ്‌ഥലത്തു വാഹന അപകടമുണ്ടായാല്‍ അവിടെയെത്തുന്ന യൂണിഫോമിലുള്ള ഉദ്യോഗസ്‌ഥന് സംശയം തോന്നിയാല്‍ ശ്വാസ പരിശോധന നടത്തണം. മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ആളെ അറസ്റ്റ് ചെയ്യണം. അയാളുടെ രക്ത പരിശോധന നടത്തണം. ചിലര്‍ സംശയം പ്രകടിപ്പിച്ചതുപോലെ, കമ്മീഷണര്‍ പറഞ്ഞതുപോലെ അവിടെ രക്തപരിശോധനയ്ക്കു വിസമ്മതം പറയാന്‍ പ്രതിക്കവകാശമില്ല.
എന്തുകൊണ്ട് സിവില്‍ സര്‍വീസ് അഭികാമ്യമാണ് എന്ന് മുന്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണത്തില്‍ പറയുന്നുണ്ട്. ശമ്ബളവും മറ്റാനുകൂല്യങ്ങളും കൂട്ടിയാല്‍ സ്വകാര്യമേഖലയ്ക്ക് കിടപിടിയ്ക്കും എന്ന് അദ്ദേഹം പറയുന്നുണ്ട്.
കള്ളുകുടിച്ചു അര്‍ദ്ധരാത്രിയില്‍ അമിതവേഗതയില്‍ വണ്ടിയോടിച്ചു ഒരു പാവപ്പെട്ട മനുഷ്യനെ ഇടിച്ചുകൊന്നാലും ഭരണ ഘടനയിലെ വകുപ്പുകള്‍ വച്ച് നിങ്ങളെ പ്രതിരോധിക്കാന്‍ സ്‌ഥലത്തെ പോലീസ് മേധാവി വരണമെങ്കില്‍ ഈ കേരളത്തില്‍ ആ ആനുകൂല്യം ഈ രാജാക്കന്മാര്ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണ്. (അക്കാര്യം അലക്സാണ്ടര്‍ ജേക്കബ് സാര്‍ മറന്നുപോയി.) അല്ലെങ്കില്പിന്നെ നിങ്ങള്‍ കണക്കില്ലാത്ത കള്ളപ്പണത്തിന്റെ അധിപതി ആയിരിക്കണം.
വണ്ടിയിടിച്ച് കൊന്നതിനു ജാമ്യമില്ലാത്ത വകുപ്പില്‍ ഒരു ഐ എ എസ്സുകാരനെതിരെ കേസെടുക്കുന്നത് ഇത് കേരളമായതുകൊണ്ടാണ്. തങ്ങള്ക്കെന്തുവരും എന്നാലോചിക്കാതെ അടിമത്തത്തിനെതിരെ പൊരുതിമരിച്ച, തോക്കിനെ വാരിക്കുന്തങ്ങള്‍കൊണ്ട് നേരിട്ട മനുഷ്യരുടെ നാടായത്‌കൊണ്ടു മാത്രം. അവര്‍ വരച്ച വരയ്ക്കപ്പുറം പോകാന്‍ ഭരണാധികാരികള്‍ ധൈര്യപ്പെടാത്തതുകൊണ്ടുമാത്രം.
വിട, ബഷീര്‍.
*ഫേസ്ബുക്ക് പോസ്റ്റ്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍