TopTop

ജനുവരി 22 വരെ ഉപവാസം തുടരുമെന്ന് ബിജെപി; ശബരിമലയില്‍ സുപ്രീം കോടതി തീരുമാനം എതിരായാലോ?

ജനുവരി 22 വരെ ഉപവാസം തുടരുമെന്ന് ബിജെപി; ശബരിമലയില്‍ സുപ്രീം കോടതി തീരുമാനം എതിരായാലോ?
ശബരിമല സമരം ശക്തമാക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് ബിജെപി ഇന്നലെ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കേന്ദ്ര നിര്‍വാഹക സമിതി അംഗം സി കെ പത്മനാഭനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെ ശോഭാ സുരേന്ദ്രന്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ ശോഭാ സുരേന്ദ്രന്‍ സമര നേതൃത്വം ഏറ്റെടുത്തതോടെ ബിജെപിയുടെ റിലേ നിരാഹാര സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. ഈമാസം 27ന് ശബരിമല നട അടയ്ക്കാനിരിക്കെ ബിജെപിയുടെ ശബരിമല സമരത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം ശബരിമല ഏതെല്ലാം വിധത്തില്‍ ശക്തമാക്കാമെന്ന് ബിജെപി തീരുമാനിച്ചിട്ടുണ്ടെന്നാണ് മനസിലാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ കേരള സന്ദര്‍ശനത്തോടെ സമരത്തിന്റെ മുഖഛായ തന്നെ മാറ്റി കൂടുതല്‍ ജനകീയമാക്കാനാണ് തീരുമാനം. ജനുവരി 22 വരെ സെക്രട്ടേറിയറ്റിന് മുന്നിലെ ഉപവാസ സമരം നീട്ടിക്കൊണ്ട് പോകാനാണ് ബിജെപി കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങള്‍ തീരുമാനിച്ചത്. കൂടാതെ സെക്രട്ടേറിയറ്റിന് മുന്നിലെ ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജില്ലാ ആസ്ഥാനങ്ങളിലും വരുംദിവസങ്ങളില്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കും. പഞ്ചായത്ത് തലത്തില്‍ കാല്‍നട ജാഥകളും ഉദ്ദേശിക്കുന്നുണ്ട്. ഈമാസം 28ന് മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നവരുടെ സംഗമവും സംഘടിപ്പിക്കും. ശബരിമലയാണ് കേരളത്തിലെ കച്ചിത്തുരുമ്പെന്ന് തിരിച്ചറിഞ്ഞുള്ള തീരുമാനങ്ങളാണ് പാര്‍ട്ടി നേതൃത്വം എടുത്തിരിക്കുന്നതും.

https://www.azhimukham.com/blog-shobha-surandran-take-over-the-leadership-of-bjp-relay-hunger-strike/

സമരം 16-ാം ദിവസത്തിലെത്തിയപ്പോഴാണ് ശോഭാ സുരേന്ദ്രന്‍ നേതൃത്വം ഏറ്റെടുത്തത്. ആദ്യം ഏഴ് ദിവസം നിരാഹാര സമരം നടത്തിയ എ എന്‍ രാധാകൃഷ്ണനും ഒമ്പത് ദിവസം നിരാഹാരം നടത്തിയ സി കെ പത്മനാഭനും അവശരായപ്പോഴാണ് ശോഭ കളത്തിലിറങ്ങിയത്. ശോഭയുടെ സമരം ഇന്നലെ രണ്ടാം ദിവസമായിരുന്നു. ബിജെപിയുടെ പ്രഖ്യാപനം അനുസരിച്ച് ഇനി 33 ദിവസങ്ങള്‍ കൂടി സമരം തുടരും. അപ്പോഴേക്കും ബാറ്റണ്‍ ആര്‍ക്കൊക്കെ കൈമാറുമെന്നാണ് ഇനി അറിയാനുള്ളത്. നിലവിലെ കണക്കനുസരിച്ച് ആറ് പേരെ കൂടി പാര്‍ട്ടി നിരാഹാരത്തിനായി കണ്ടുവയ്‌ക്കേണ്ടിയിരിക്കുന്നു. ശോഭാ സുരേന്ദ്രന്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നെങ്കിലും ഇന്നലെ ഡിസംബര്‍ 20നു രാവിലെ വരെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. നേരത്തെ തന്നെ അവശനിലയിലാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും സി കെ പത്മനാഭന്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്നത് പകരക്കാരനില്ലാത്തതിനാലാണെന്നും ആക്ഷേപമുണ്ടായിരുന്നു.

എന്തായാലും ഇപ്പോള്‍ ബിജെപി പറയുന്ന ജനുവരി 22ന്റെ കണക്കെന്താണെന്ന് പരിശോധിക്കാം. ജനുവരി 22നാണ് സുപ്രിംകോടതി ശബരിമല ഹര്‍ജികള്‍ പരിഗണിക്കുന്നത്. അതാണ് ബിജെപി ആ തിയതി തന്നെ പറയുന്നതും. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പുന:പരിശോധിക്കണമോ വേണ്ടയോ എന്ന് മാത്രമാണ് അന്ന് തീരുമാനിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഇതേ ബഞ്ച് മുമ്പ് പ്രഖ്യാപിച്ച വിധി പുനഃപരിശോധിക്കണമെന്ന് തീരുമാനിക്കാന്‍ സാധാരണഗതിയില്‍ സാധ്യതകളൊന്നുമില്ല. വിധി പ്രഖ്യാപിച്ചത് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ്. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചും. മറ്റ് അംഗങ്ങള്‍ക്കൊന്നും മാറ്റമില്ല.

സുപ്രിംകോടതി ഈ ഹര്‍ജികള്‍ തള്ളിക്കളയാന്‍ തീരുമാനിച്ചാല്‍ ബിജെപി തങ്ങളുടെ സമരം എന്ത് ചെയ്യുമെന്നാണ് ഇവിടെ ചോദ്യം. അതോടൊപ്പം ഇനി അഥവ ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിക്കുകയും വിചാരണ തുടരുകയും ചെയ്താല്‍ പുതിയ വിധി വരുന്നത് വരെ ബിജെപിയുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുമോയെന്നും അറിയേണ്ടതുണ്ട്. കാരണം മൂന്ന് ജഡ്ജിമാര്‍ നിലവിലെ വിധിയെ അനുകൂലിക്കുന്നവരായതിനാല്‍ വിധിയില്‍ മാറ്റം വരാന്‍ യാതൊരു സാധ്യതയുമില്ല. അതിനാല്‍ തന്നെ 22ന് ബിജെപി സമരം അവസാനിപ്പിച്ചാല്‍ വിധി അനുകൂലമാകുമെന്ന ഉറപ്പില്ലാതെയുള്ള അവസാനിപ്പിക്കലാകും അത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം നേരിടാനുള്ള ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടി നല്‍കുമെന്ന് മറ്റാരേക്കാളും ബിജെപി നേതാക്കള്‍ക്ക് അറിയുകയും ചെയ്യാം.

https://www.azhimukham.com/trending-sabarimala-will-close-within-9-days-where-is-trupti-desai/

Next Story

Related Stories