Top

'മൂടി വെച്ച ഉടലിന്റെ അഴക് ഞാന്‍ ഊഹിച്ചെടുക്കാറുണ്ട്. എന്നെപ്പോലെ തന്നെ മോഹങ്ങളുള്ള ഒരു പെണ്ണ് അതിനുള്ളിലുള്ളത് തിരിച്ചറിയാറുണ്ട്'

Sumi Soudhabin എന്റെയഭിപ്രായം ചോദിച്ചതു കൊണ്ടു പറയുകയാണ്.

മനോഹരമായ കൈനഖവും സംവേദന ശേഷിയുള്ള കണ്ണുകളും മാത്രം പുറത്തു കാണിച്ചു നടക്കുന്ന മുസ്ലിം സ്ത്രീകളെ കാണുമ്പോള്‍ അവരുടെ മൂടി വെച്ച ഉടലിന്റെ അഴക് ഞാന്‍ ഊഹിച്ചെടുക്കാറുണ്ട്. എന്നെപ്പോലെ തന്നെ മോഹങ്ങളുള്ള ഒരു പെണ്ണ് അതിനുള്ളിലുള്ളത് തിരിച്ചറിയാറുണ്ട്. പുറത്തു കാണുന്ന ആ കണ്ണുകള്‍ എല്ലാം പറയുന്നതായി തോന്നിയിട്ടുണ്ട്.

കണ്ണുകളല്ലേ എല്ലാം പറയുന്നത്. കണ്ണുകളല്ലേ ക്ഷണിക്കുന്നതും തടയുന്നതും? കണ്ണുകളല്ലേ ഏറ്റവും ആകര്‍ഷണീയമായ, ലൈംഗികാവയവം? അതു മാത്രം പുറത്തേക്കു തുറന്നിരിക്കുന്നു.

ഏതൊരു സ്ത്രീയുടെയും വസ്ത്രധാരണം അവളുടെ മാത്രം തീരുമാനമായിരിക്കണം. സ്വന്തം തീരുമാനമെന്ന മട്ടില്‍ മത പൗരോഹിത്യം അടിച്ചേല്പിച്ചിട്ടാകരുത് അവര്‍ അത്തരം തീരുമാനങ്ങളിലേക്ക് എത്തേണ്ടത്.

അനുസരണ മാത്രം ശീലിച്ച ഒരുവള്‍ക്ക് താനാരെയാണ് എന്തിനെയാണ് അനുസരിക്കുന്നത്, താന്‍ അനുസരിക്കുകയാണോ അതോ സ്വന്തയിഷ്ടമാണോ എന്നു പോലും തിരിച്ചറിവുണ്ടാകില്ല. സംസ്‌കാരശീലങ്ങള്‍ക്ക് വിധേയപ്പെട്ടുപോയവര്‍ക്ക്, അതാണ് മാന്യത എന്നു ധരിച്ചു പോയവര്‍ക്ക് താനാരെന്ന ആലോചനപോലും ജീവിതത്തിലുണ്ടാവില്ല. മത പൗരോഹിത്യം അത്തരം അജ്ഞതയാണ് മുതലെടുക്കുന്നത്.

ഞാനണിഞ്ഞൊരുങ്ങുന്നതും ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതും എന്റെ സംതൃപ്തിക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ എന്നെ കാണണം എന്ന ആഗ്രഹം കൊണ്ടു കൂടിയാണ്. ഞാനറിയാതെ എവിടെയോ ഇരുന്ന് എന്നെ മോഹിക്കുന്ന 'മറ്റൊരാളെ'ക്കുറിച്ചുള്ള, മറ്റു പലരെ കുറിച്ചുള്ള കരുതലാണത്. അങ്ങനെയൊരാള്‍, അല്ലെങ്കില്‍ പലര്‍ ഉണ്ടെന്നുള്ള ഓര്‍മ്മ പോലും എന്നെ ആഹ്ലാദിപ്പിക്കുന്നുണ്ട്. പര്‍ദ്ദയിട്ടൊരു ചിത്രം വലിയ ആഗ്രഹമായിരുന്നു. അബുദാബി യാത്രയില്‍ അതു സാധിച്ചു. ഫോട്ടോയെടുത്ത് അതു നാട്ടാരെ കാണിക്കണമെന്നല്ലാതെ ആ വസ്ത്രത്തില്‍ മറ്റു കൗതുകമൊന്നുമില്ല. അതൊരു കൊതിയായിരുന്നു. അത്ര മാത്രം. തരം കിട്ടിയാല്‍ ഒരു കന്യാസ്ത്രീ വേഷത്തിലും ഫോട്ടോ എടുക്കണം.

ഒരിക്കല്‍ ശരീരം മുഴുവന്‍ മൂടിയ യുവതിയായ മെഡിക്കല്‍ സ്റ്റുഡന്റ് എന്റെ സംശയത്തിന് മറുപടിയായി പറഞ്ഞത്, 'പൊതുസ്ഥലങ്ങളില്‍ ഞങ്ങളെ മറ്റു പുരുഷന്മാര്‍ ഭയത്തോടെയാണ് നോക്കുന്നത്, ശല്യങ്ങളില്ല, അതൊരു സുരക്ഷയാണ്. അതു ഞങ്ങളുടെ മതത്തോടുള്ള ഭയമാണ്' എന്നാണ്.

മറ്റ് രണ്ടു പെണ്‍കുട്ടികള്‍ വീട്ടുകാര്‍ ട്രെയിനില്‍ കയറ്റി വിടുന്നതു വരെ മുഖം മൂടിയ വസ്ത്രത്തില്‍ ഒളിച്ചിരുന്നിട്ട് സ്റ്റേഷന്‍ വിട്ടയുടന്‍ അതൂരിക്കളഞ്ഞ് മനോഹരമായ മിഡി സ്‌കേര്‍ട്ടിലേക്കു മാറിയിട്ട് ആഹ്ലാദഭരിതരായി സ്വന്തം സ്വാതന്ത്ര്യത്തെ യഥേഷ്ടം ഉപയോഗിക്കുന്നതും കണ്ടു.

സ്വന്തം ജീവിതം യാഥാസ്ഥിതികത്വങ്ങളോട് രമ്യതപ്പെട്ട് വെറും പ്രായശ്ചിത്തങ്ങള്‍ മാത്രമായി മാറിപ്പോകരുതെന്നാഗ്രഹിക്കുന്ന ഒട്ടേറെ സ്ത്രീകളെ എനിക്കറിയാം. അവര്‍ ഒരിക്കല്‍ മത പൗരോഹിത്യങ്ങളുടെ കടുംപിടുത്തങ്ങളുടെ മേല്‍ എല്ലാ മുഖം മൂടികളും വലിച്ചെറിയുക തന്നെ ചെയ്യും. അവരുടേതാണ് ഞാന്‍ മുന്നില്‍ കാണുന്ന ലോകം. സ്വര്‍ഗ്ഗത്തില്‍ നിന്ന് നിഷ്‌കാസിതരാകുന്ന മനുഷ്യത്വമുള്ള ദൈവങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകും.

(ഫെയ്‌സ്ബുക്ക് പോസ്റ്റ്‌)


Next Story

Related Stories