TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസുകാരേ, നിങ്ങള്‍ക്ക് ഫിറോസ്‌ ഗാന്ധി എന്നയാളെപ്പറ്റി കേട്ടുകേള്‍വിയെങ്കിലുമുണ്ടോ?

കോണ്‍ഗ്രസുകാരേ, നിങ്ങള്‍ക്ക്  ഫിറോസ്‌ ഗാന്ധി എന്നയാളെപ്പറ്റി കേട്ടുകേള്‍വിയെങ്കിലുമുണ്ടോ?

രാജ്യം അടുത്തൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്‌ അപകടകരമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇതിനോടകം നിരവധിപേര്‍ ബി. ജെ. പിയിലേക്ക് ചേക്കേറിയിരിക്കുന്നു. ദേശീയ പ്രാദേശിക നേതാക്കളുണ്ടതില്‍. നെഹ്രുവിന്റെ രാഷ്ട്രീയ ചരിത്രം പേറുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെതന്നെ നേതാക്കന്മാരുടെയും പ്രസ്ഥാനത്തിന്റെയും ചരിത്രം ഒരു ആവര്‍ത്തി കൂടി വായിക്കേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്. അങ്ങനെയൊരു ചരിത്രം തിരയുമ്പോള്‍ അറിയാതെ പോലും മുന്നിലേക്ക് വരാത്ത ഒരു കോണ്‍ഗ്രസ്‌ നേതാവുണ്ടായിരുന്നു. ഫിറോസ് ജഹാൻഗീർ ഗാന്ധി എന്നാണയാളുടെ പേര്. വ്യക്തമായി പറഞ്ഞാല്‍ ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവ്.

ഈ ജനുവരിയിലാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ്സിന്റെ ഒരു ഔദ്യോഗിക പദവിയിലേക്ക് എത്തുന്നത്. ഉത്തർപ്രദേശിന്റെ ചില പ്രദേശങ്ങളുടെ ചുമതലയാണ് നിലവിൽ പ്രിയങ്കക്കുള്ളത്. അവരുടെ രാഷ്ട്രീയ പ്രവേശം വൻ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ദേശിയ പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. ചർച്ചകളും തുടർചർച്ചകളും കൊണ്ട് അത്ര ചെറുതല്ലാത്ത ആ ചെറിയ അധികാര ആരോഹണം ഇന്ത്യൻ മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു. അപ്പോഴെല്ലാം പറഞ്ഞുകേട്ടത് പ്രിയങ്കയ്ക്ക് മുത്തശ്ശി ഇന്ദിര ഗാന്ധിയോടുള്ള രൂപ സദൃശ്യത്തെ പറ്റിയാണ്. അത് അവരെ അനിതര സാധാരണമാകും വിധം കരുത്തുറ്റ ഒരു നേതാവ് എന്ന പ്രതീതി സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇതിനു മുൻപും ഇത്തരം മാജിക്കലായ പ്രതീതികൾ നെഹ്‌റു കുടുംബത്തെ തുണച്ചിട്ടുണ്ട്. അതിൽ പ്രധാനം ഇന്ദിരയുടെ ഭർത്താവിന്റെ പേരു തന്നെയാണ്. ആരും അത്ര ചികയാത്ത ചരിത്രവും, ഓർമ്മിക്കാത്ത ലഗസിയുമാണ് പ്രിയങ്കയുടെ മുത്തച്ഛനുള്ളത്. എന്തുകൊണ്ടാകും കോൺഗ്രസ് ഫിറോസിനെ മനപ്പൂർവം മറക്കുന്നത്?

ഫിറോസ് ജഹാൻഗീർ ഗാൻഡി അഥവാ ഗാന്ധി എന്ന് തെറ്റായി ഉച്ചരിക്കപ്പെട്ട പേരിന്റെ ഉടമ. നെഹ്രുവിന്റെ മരുമകൻ, ചിലർ പറയും പോലെ സൺ-ഇൻ-ലോ ഓഫ് ദി നേഷൻ, മാത്രമല്ല പേരിനൊപ്പമുള്ള ഇന്ദ്രജാലത്താൽ ഇന്ത്യയിലെ ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് ഒരു രാജവംശത്തെ സന്നിവേശിപ്പിച്ച മനുഷ്യൻ. ഇതൊക്കെയാണെങ്കിലും പക്ഷെ ആരും അയാളെ ഓർക്കാറില്ല. ഇന്ദിര പോലും ഫിറോസിന്റെ മരണ ശേഷം അദ്ദേഹത്തെപ്പറ്റി സംസാരിച്ചത് അപൂർവമായിട്ടായിരുന്നു.

'ഇന്ദു യു ആർ എ ഫാഷിസ്റ്റ്' എന്ന് ഇന്ദിരയുടെ മുഖത്തുനോക്കി ഫിറോസ് പറഞ്ഞിട്ടുണ്ട്. പക്ഷെ ആ വാക്കിന്റെ അർഥ൦ മനസിലാക്കുവാൻ നാം 1975 വരെ കാത്തിരിക്കേണ്ടി വന്നു. ഒരുപക്ഷെ അടിയന്തരാവസ്ഥക്കാലത്ത് ഫിറോസ് ഉണ്ടായിരുന്നേൽ ആദ്യം ജയിലിൽ പോയവരുടെ ഒപ്പം അദ്ദേഹത്തെയും കാണാമായിരുന്നു. അങ്ങനെയുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം.

1952 ൽ റായ്ബറേലിയിൽ നിന്നും ഫിറോസ് പാർലമെൻറിൽ എത്തി. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഭൂപേഷ് ഗുപ്ത ആയിരുന്നു. അദ്ദേഹം ഗുരുവായി സ്വീകരിച്ചത് കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയുടെ വക്താക്കളിൽ ഒരാളായിരുന്ന കേശവദേവ് മാളവ്യയെയുമായിരുന്നു. ഇരുവരുമായുള്ള ചങ്ങാത്തവും വൈകുന്നേരങ്ങളിലെ ദർബാറുകളും ബൗദ്ധീക ചർച്ചകൾകൊണ്ടും സർക്കാർ വിമർശനങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു. ഈ ചർച്ചകൾ കോൺഗ്രസിലെ യുവ എംപിമാരെ ആകർഷിക്കുകയും അവർ ചേർന്നൊരു 'ജിഞ്ചർ ഗ്രൂപ്പ്' രൂപീകൃതമാവുകയും ചെയ്തു.

1954 ൽ ഫിറോസ് ഇന്ത്യൻ പാർലമെൻറിൽ നടത്തിയ തന്റെ കന്നി പ്രസംഗ൦ രാജ്യത്തെ ഇൻഷുറൻസ് കമ്പനികളും വൻകിടവ്യവസായികളും തമ്മിൽ രൂപപ്പെട്ടുവന്ന അവിഹിത ബന്ധത്തെപ്പറ്റിയുള്ളതായിരുന്നു. തുടർന്ന് സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് അന്വേഷണ൦ നടത്തുകയും രാമകൃഷ്ണ ഡാൽമിയ എന്ന വ്യവസായിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശേഷം, സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ കുംഭകോണമായി അറിയപ്പെട്ട മുണ്ഡ്രാ ഇടപാട് വെളിച്ചത്തു കൊണ്ടുവന്നത് ഫിറോസ് ഗാന്ധി ആയിരുന്നു. നെഹ്‌റുവിന്റെ വിശ്വസ്തനും നെഹ്‌റു മന്ത്രിസഭയിലെ സമർത്ഥനുമായിരുന്ന ടി. ടി കൃഷ്ണമാചാരിക്ക് പരോക്ഷമായി പങ്കുള്ള ഈ അഴിമതിക്കഥ തുറന്നുകാട്ടികൊണ്ട് ഫിറോസ് നടത്തിയ പ്രസംഗം പാർലമെന്റിനെ അക്ഷരാർഥത്തിൽ പിടിച്ചു കുലുക്കി. ഇതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് അവസാനം കൃഷ്ണമാചാരി രാജി സന്നദ്ധത പ്രകടിപ്പിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ ചെന്നെത്തി. ഫിറോസിന്‍റെ അടുത്ത ആരോപണം ചെന്നുപതിച്ചത് സാക്ഷാൽ നെഹ്രുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഓ മത്തായിക്ക് മേലായിരുന്നു. ആ ആരോപണങ്ങളെ മാധ്യമങ്ങൾ വാൻ പ്രചാരത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി.

ടിബറ്റിനുമേൽ ആധിപത്യം സ്ഥാപിച്ച ചൈനയുടെ നടപടിയെ അംഗീകരിച്ച 'ജനാധിപത്യവാദിയായ' നെഹ്രുവിന്റെ നിലപാടിനെ ഫിറോസ് പരസ്യമായി വിമർശിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെ ഇറക്കുവാൻ സാമുദായിക ശക്തികൾ നടത്തിയ വിമോചന സമരത്തിൽ കോൺഗ്രസ് പങ്കാളിയാകരുതെന്ന് ഫിറോസ് വാദിച്ചു. ഇ എം എസ് സർക്കാരിനെ താഴെയിറക്കുവാൻ ഇന്ദിര മുൻകൈ എടുത്തു നടത്തിയ ശ്രമങ്ങളെ ഫിറോസ് ശക്തിയായി എതിർത്തു. ഇത് അവരുടെ ദാമ്പത്യ ബന്ധത്തെ പോലും കാര്യമായി ബാധിച്ചുവെന്ന് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കേണ്ട കാര്യം നെഹ്രുവിന് ഫിറോസിനോടുള്ള നിലപാടാണ്. ഒരു പക്ഷെ ജന്മാവകാശമായി നേടിയെടുത്ത ഇന്ത്യ മഹാരാജ്യത്തിന്‍റെ പരമാധികാര പദവിയും ആഗോള ഭൂപടത്തിലെ ഇന്ത്യന്‍ പ്രധിനിധിയുമായി തിളങ്ങുന്ന കാലത്താണ് സ്വന്തം മരുമകന്‍ തന്റെ സാമ്രാജ്യത്തെ വെല്ലുവിളിക്കുന്നത്. എന്നാല്‍ നെഹ്‌റു തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളെയും സമചിത്തതയോടെയാണ് കണ്ടത്. ഫിറോസ്‌ പ്രസംഗിക്കുമ്പോള്‍ നെഹ്‌റു ശ്രദ്ധാപൂര്‍വ്വം കേട്ടിരിക്കുകയും കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഒരു പക്ഷെ പട്ടേലിന്‍റെ മരണത്തിനു ശേഷം പ്രതിയോഗികളില്ലാതെ വിരാജിക്കുകയായിരുന്ന നെഹ്രുവിനു കോണ്‍ഗ്രസ്സിനകത്ത് നിന്നു തന്നെ ഉയര്‍ന്ന ഈ എതിര്‍ ശബ്ദത്തോട് തെല്ലും വെറുപ്പ് തോന്നിയിരുന്നില്ല. ഫിറോസിനെതിരെ നടപടി എടുക്കുന്നതിനോ പുറത്താക്കുന്നതിനോ പോലും നെഹ്‌റു തുനിഞ്ഞിരുന്നില്ല. കാരണം നെഹ്‌റു പുലര്‍ത്തിയ രാഷ്ട്രീയ അന്തസ്സ് അത്രകണ്ട് കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ അംഗീകരിച്ചിരുന്നു.

നെഹ്രുവിനു ശേഷം കോണ്‍ഗ്രസ്‌ തലപ്പത്ത് എത്തിയ ഇന്ദിര ഗാന്ധി ആദ്യം ചെയ്തത് ഈ ആന്തരിക ജനാധിപത്യത്തെ റദ്ദു ചെയ്യുക എന്നതായിരുന്നു. 1971 ലെ യുദ്ധാനന്തരം സ്വയം ഒരു ദുര്‍ഗയായി വിചാരിച്ചു തുടങ്ങിയ ഇന്ദിരയെയാണ് പിന്നീട് ഇന്ത്യ കണ്ടത്. ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഭൂമികയായിരുന്ന കോണ്‍ഗ്രസ്സിനെ കേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന ഗോളമായി അധഃപതിപ്പിച്ചത് ഇന്ദിരഗാന്ധിയാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. അതില്‍ നിന്നും കോണ്‍ഗ്രസ്‌ ഇനിയും കരകയറിയിട്ടില്ല. ദേശിയ തലത്തില്‍ കോണ്‍ഗ്രസ്‌ മരിക്കുകയെന്നാല്‍ ബി.ജെ.പി വളരുന്നു എന്നുകൂടി അര്‍ഥമുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്‌ മരിക്കരുത്. ആന്തരികമായി തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ഒരു ഫിറോസ്‌ ഇല്ലതെപോയതാണ് കോണ്‍ഗ്രസ്‌ നേരിട്ട അപചയ കാരണം. അവസാനമായി AICC വക്താവ് ടോം വടക്കനാണ് ബി ജെ പി യിലേക്ക് കാലുമാറിയത്. അത് ഇനിയും നിര്‍ബാധം തുടര്‍ന്നുകൊണ്ട് ഇരിക്കും. ഒരു പ്രസ്ഥാനം നശിച്ച് ഇല്ലതവുന്നതിലും അപകടകരമാണ് അത് ജീര്‍ണ്ണിച്ച് നിലനില്‍ക്കുന്നത്. പ്രിയപ്പെട്ട കോണ്‍ഗ്രസ്സുകാരെ നിങ്ങള്‍ ഇനി എന്നാണ് പാഠം പഠിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories