TopTop
Begin typing your search above and press return to search.

യാതൊരു ഉളുപ്പുമില്ലാത്ത ഒറ്റക്കത്തുകൊണ്ട് ദേശീയ പാതയ്ക്ക് ബിജെപി തുരങ്കം വെച്ചത് ഇങ്ങനെയാണ്

യാതൊരു ഉളുപ്പുമില്ലാത്ത ഒറ്റക്കത്തുകൊണ്ട് ദേശീയ പാതയ്ക്ക് ബിജെപി തുരങ്കം വെച്ചത് ഇങ്ങനെയാണ്
2009. വി.എസ് സർക്കാരിന്റെ അവസാനപാദം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും സംസ്ഥാനത്ത് കൊടുമ്പിരികൊണ്ടത് അപ്പോഴാണ്. ദേശീയപാത വികസിപ്പിക്കണമെങ്കിൽ 60 മീറ്റർ വീതി വേണമെന്നതാണ് കേന്ദ്ര നിയമം. കേരളത്തിൽ 30 മീറ്ററിൽ വികസിപ്പിച്ചാൽ മതിയെന്ന് ഇടതും വലതും ഒരുപോലെ നിലപാടെടുക്കുന്നു. ഏറ്റവും കുറഞ്ഞത് 45 മീറ്ററെങ്കിലും വീതി വേണമെന്ന് ദേശീയപാത വികസനത്തിനായി വാദിക്കുന്നവരും ആവശ്യപ്പെട്ടു. ഇതിനിടയിൽകിടന്ന് പാതവികസനം വഴിമുട്ടുന്ന സ്ഥിതിയായി.

അന്ന് പി.ജെ.ജോസഫാണ് പൊതുമരാമത്തു മന്ത്രി. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും. 2010 ജനുവരി ഒന്നിനാണ് ഞാൻ കെഎസ്ടിപിക്കു കീഴിലുള്ള പബ്ലിക് ഇൻഫർമേഷൻ സെല്ലിൽ കമ്യൂണിക്കേഷൻ ഓഫീസറായി ജോലിക്കു കയറുന്നത്. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണകൾ മാറ്റുകയെന്ന ചുമതലയിലേക്ക് ഞങ്ങൾ നിയോഗിക്കപ്പെട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി പഠിക്കാനിടയായത് അങ്ങനെയാണ്. മന്ത്രിയും സെക്രട്ടറിയുമൊക്കെ 45 മീറ്റർ വീതി വേണമെന്ന ആവശ്യക്കാരായിരുന്നു.

1980കളുടെ ആദ്യ പാദത്തിലാണ് കേരളത്തിലെ ദേശീയപാത 30 മീറ്ററിൽ വികസിപ്പിക്കാൻ സ്ഥലം ഏറ്റെടുക്കുന്നത്. അന്ന് അതത്ര ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നില്ല. പക്ഷേ, എന്തുകൊണ്ടോ 30 മീറ്ററിലുള്ള ആ പാത വികസനം പൂർണമായും സാധ്യമായില്ല. കേരളത്തിൽ അതേ 30 മീറ്ററിൽ പാത വികസിപ്പിച്ചാൽ മതിയെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. ശാസ്ത്രസാഹിത്യപരിഷത്തൊക്കെ ഇക്കാര്യത്തിൽ മുൻനിരയിലുണ്ടായിരുന്നു. 80കളിലുണ്ടായിരുന്ന വാഹന സാന്ദ്രത അല്ല ഇന്ന് കേരളത്തിലേതെന്നും ഗതാഗതരംഗത്ത് ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അവരാരും ഓർത്തില്ല. വി.എസും വി.എം. സുധീരനും 30 മീറ്ററെന്ന ആവശ്യത്തിനൊപ്പമായിരുന്നു. കാനായി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സാംസ്‌കാരിക പ്രവർത്തകരേയും പാത വിരുദ്ധർ തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിറുത്തി. കാര്യേജ് വേയുടേയും സർവ്വീസ് റോഡിന്റേയും ഇടയിൽ ഒരു മീറ്റർ ഉയരത്തിൽ മതിലു പണിയുമെന്നും മറ്റുമുള്ള വിഡ്ഡിത്തങ്ങൾ ഒരു ലേഖനത്തിൽ അന്നു വായിക്കാനിടയായത് ഇപ്പോഴും ഓർക്കുന്നു.

30 മീറ്ററിൽ റോഡു വികസപ്പിക്കാനായി സ്ഥലമേറ്റെടുത്ത കാലത്തിനു ശേഷമാണ് കേരളത്തിൽ റിയൽ എസ്റ്റേറ്റ് ലോബി സജീവമായത്. ദേശീയപാതയോരത്ത് പലയിടത്തും അവർ വ്യാപകമായി സ്ഥലം വാങ്ങിക്കൂട്ടി. പാത 45 മീറ്ററിലേക്ക് വികസിപ്പിക്കുന്ന സ്ഥിതി വന്നാൽ ഇവർ ബിസിനസ് താൽപര്യങ്ങളിൽ വാങ്ങിയിട്ടിരിക്കുന്ന സ്ഥലത്തിൽ നല്ലൊരു പങ്കും പാതയ്ക്കായി എടുത്തുപോകുമെന്നതായിരുന്നു സ്ഥിതി. പാതയ്ക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്ന മറ്റുള്ളവരെ പ്രകോപിപ്പിച്ച് സമരരംഗത്തിറക്കുന്നതിൽ ഇവർക്കുള്ള പങ്ക് വളരെ വലുതായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നുഴഞ്ഞുകയറി മുതലെടുക്കാൻ പ്രത്യേക കഴിവുള്ള സോളിഡാരിറ്റി പോലുള്ള ചില സംഘടനകളും പാത വികസനത്തിനെതിരെ അന്ന് രംഗത്തുവന്നു.

ആ സമയത്താണ് ദേശീയ പാത അതോറിട്ടി അധികൃതരുമായി ഒരു മീറ്റിംഗിൽ ഞങ്ങൾ പങ്കെടുക്കുന്നത്. കേരളത്തിലെ പാത വികസനത്തിനെതിരായ സമരത്തിന് ശക്തിനൽകിയേക്കാവുന്ന ഒരു പഴുത് അപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. നാലുവരി പ്രധാന കാര്യേജ് വേയ്‌ക്കൊപ്പം ഇരുവശത്തും രണ്ടുവരി വീതം വരുന്ന സർവ്വീസ് റോഡുകൾ കൂടി ഉൾപ്പെട്ടതാണ് 45 മീറ്റർ പാതയുടെ രൂപം. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ചുരുക്കം ചില പ്രധാന കേന്ദ്രങ്ങളിൽ മാത്രം സർവ്വീസ് റോഡുകൾ പണിതാൽ മതിയെന്നായിരുന്നു അതോറിട്ടിയുടെ തീരുമാനം. കേരളംപോലെ ജനസാന്ദ്രവും വാഹനസാന്ദ്രവുമായ സംസ്ഥാനത്ത് അതു പോരെന്നും ഉടനീളം സർവ്വീസ് റോഡ് വേണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പും ആ തീരുമാനത്തിനൊപ്പമായിരുന്നു. അങ്ങനെ അതോറിട്ടി അവരുടെ തീരുമാനം മാറ്റാൻ നിർബന്ധിതരായി.

അങ്ങനെ ഞങ്ങൾ ക്യാംപെയ്ൻ തുടങ്ങി. പ്രമുഖരുടെ ലേഖനങ്ങളിലെ തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾക്കെതിരെ മറുപടിക്കുറിപ്പുകൾ പലതും തയ്യാറാക്കി. ബാറുകൾക്കായി അലൈൻമെന്റ് വളയ്ക്കുന്നു, തോന്നയ്ക്കൽ ആശാൻ സ്മാരകം പോലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളുടെ സ്ഥലം നഷ്ടമാകുന്നു, സ്‌കൂളുകളും വായനശാലകളും പൊളിക്കുന്നു, ബാറുകൾക്കായി അലൈൻമെന്റ് മാറ്റുന്നു, നിലവിലുള്ള റോഡിന്റെ ഒരുവശത്തുനിന്നുമാത്രം സ്ഥലമേറ്റെടുക്കുന്നു... ആരോപണങ്ങൾ പലതായിരുന്നു. അതിനെല്ലാം കൃത്യമായ വിശദീകരണങ്ങളുണ്ടായിരുന്നു. പലതും തെറ്റായ വിവരങ്ങളുമായിരുന്നുതാനും.

അങ്ങനെ ഒരു സർവ്വകക്ഷി യോഗത്തിലെത്തിയപ്പോഴേക്കും സർക്കാരിനേയും പ്രതിപക്ഷത്തേയും 45 മീറ്റർ എന്ന ആവശ്യത്തിലേക്കെത്തിക്കാൻ അന്നത്തെ ക്യാംപെയ്‌നിലൂടെ സാധിച്ചു. അതൊരു വലിയ വിജയവുമായിരുന്നു. അങ്ങനെയാണ് കേരളത്തിൽ 45 മീറ്റര്ഡ വീതിയിൽ പാത വികസിപ്പിക്കാമെന്ന സമ്മതം സംസ്ഥാന സർക്കാരും പ്രതിപക്ഷവും ചേർന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചത്. കേന്ദ്രം ഭരിക്കുന്നത് യുപിഎ ആയിരുന്നതിനാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ നിലപാടിനും പ്രസക്തി ഏറെയായിരുന്നു.

എതിർപ്പുകളില്ലാതെ പാത വികസനത്തിന് സ്ഥലമേറ്റെടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. നിലവിലുള്ള നഷ്ടപരിഹാര പാക്കേജുകളും പുനരധിവാസ പാക്കേജുകളും അതിന് അനുയോജ്യമല്ലെന്ന് വ്യക്തമായപ്പോൾ അതിൽ ആവശ്യമായ മാറ്റം വരുത്തണമെന്നായി സംസ്ഥാനം. കെഎസ്ടിപി സ്ഥലമേറ്റെടുക്കുന്ന മാതൃകയാണ് അന്ന് ഞങ്ങൾ മുന്നോട്ടുവച്ചത്. വഴിയോരത്തെ പുറമ്പോക്കുവാസികൾക്കു വരെ ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പാക്കേജ്. സ്ഥലം ഏറ്റെടുത്തു നൽകേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനാണ്. കേന്ദ്രം ആ പാക്കേജിന് അനുമതി നൽകുകയാണ് വേണ്ടത്. നഷ്ടപരിഹാരമുൾപ്പെടെയുള്ള തുക പാത നിർമാണത്തിന്റെ ചെലവിൽ ഉൾപ്പെടും. (ചുങ്കം പിരിക്കുമ്പോൾ അതുകൂടി ദേശീയ പത അതോറിട്ടി കണക്കാക്കും. സംസ്ഥാനത്തിന് വേണമെങ്കിൽ ചുങ്കം വേണ്ടെന്നു വയ്ക്കാം. അതിലുണ്ടാകുന്ന നഷ്ടം സംസ്ഥാനം നികത്തണം. ഇതായിരുന്നു രീതി.) എന്തായാലും പുനരധിവാസ പാക്കേജുകളെപ്പറ്റി പലവിധ നിർദ്ദേശങ്ങളെത്തി.

ആ സമയത്ത് പി.ജെ.ജോസഫ് മന്ത്രിസ്ഥാനം രാജിവയ്ക്കുകയും മുന്നണി വിടുകയും ചെയ്തു. 2010ൽ തോമസ് ഐസക്കും എം. വിജയകുമാറും ജോസഫിനു പിന്നാലെ പൊതുമരാമത്തിന്റെ ചുമതലക്കാരായി. അതിനുശേഷം സുരേന്ദ്രൻ പിള്ള വകുപ്പു മന്ത്രിയായി. വകുപ്പിന് നാഥനില്ലാതായതോടെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പരിപാടികൾ മന്ദഗതിയിലായി. 2010 ഡിസംബറില്‍ കരാർ അവസാനിച്ച ഞങ്ങൾ പടിയിറങ്ങി. 2011ൽ സർക്കാർ മാറി. പിന്നെ അഞ്ചു വർഷക്കാലം ഒന്നും സംഭവിച്ചില്ല!

ഈ സർക്കാർ അധികാരത്തിലെത്തിയശേഷമാണ് ദേശീയപാത വികസനത്തിന് പിന്നീട് ചൂടുപിടിച്ചത്. സ്ഥലമേറ്റെടുപ്പിന് കൃത്യമായ പാക്കേജുകൾ നിർണയിച്ചു വേഗംകൂട്ടി. പഴയ എതിർപ്പുകൾ പലയിടത്തുനിന്നും ഉണ്ടായതേയില്ല. ഭൂമി ഏറ്റെടുത്ത് നിർമാണം വേഗത്തിലാക്കാനായി നീക്കം. കാരണം ഓരോ നടപടിക്രമങ്ങളും വൈകിയാൽ കോടികളുടെ നഷ്ടമാണ് വരിക. പൊന്നും വിലയ്ക്കല്ല, വിപണി വിലയ്ക്കാണ് സർക്കാർ മിക്കയിടത്തും സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലമേറ്റെടുക്കൽ വൈകുന്നത് ഈ ഇനത്തിലൊക്കെ അധികച്ചെലവുണ്ടാക്കും.

ദേശീയപാത 45 മീറ്ററാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുത്തുകൊണ്ടിരിക്കുമ്പോഴാണ് ബിജെപി യാതൊരു ഉളുപ്പുമില്ലാത്ത ഒറ്റക്കത്തുകൊണ്ട് (അതോ കുത്തു കൊണ്ടോ?) അതിന് തുരങ്കം വയ്ക്കുന്നത്. പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിൽ എതിർപ്പുള്ള ആരോ നൽകിയ കത്ത് ബിജെപിക്കാർ ആയുധമാക്കി. ശ്രീധരൻ പിള്ള കേന്ദ്രത്തിനു കത്തു നൽകി. അതു കണ്ടപാടെ കേന്ദ്രം കേരളത്തിലെ പാത വികസനം പതിയെ മതിയെന്ന് അങ്ങു തീരുമാനിക്കുകയും ചെയ്തു. ആ കത്തിന്റെ പകർപ്പാണ് ഇതോടൊപ്പം. കൂടുതലൊന്നും പറയുന്നില്ല. രാജ്യവികസനത്തിന്റെ അപ്പോസ്തലന്മാർ ഇനിയും വരണം ഇതുവഴി, പശുക്കളേയും മേച്ചുകൊണ്ട്...


Next Story

Related Stories